Follow Us On

20

January

2025

Monday

തിരഞ്ഞെടുപ്പില്‍ നവാല്‍നി ക്രൈസ്തവരെ പഠിപ്പിക്കുന്നത്‌

തിരഞ്ഞെടുപ്പില്‍ നവാല്‍നി  ക്രൈസ്തവരെ പഠിപ്പിക്കുന്നത്‌

ഫെബ്രുവരി 16-നാണ് റഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവായ അലക്‌സി നവാല്‍നിയുടെ മരണം റഷ്യന്‍ ഗവണ്‍മെന്റ് സ്ഥിരീകരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ്‌വഌഡിമിര്‍ പുട്ടിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നടത്തിവന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് തീവ്രവാദപ്രവര്‍ത്തനം നടത്തി എന്ന കുറ്റം ചുമത്തപ്പെട്ട് ആര്‍ട്ടിക്ക് പ്രദേശത്തുള്ള ജയിലില്‍ കഴിയവേയായിരുന്നു നവാല്‍നിയുടെ അന്ത്യം. റഷ്യയില്‍ ജനാധിപത്യം സ്ഥാപിക്കുവാനായി അദ്ദേഹം നടത്തിയ നിരന്തരപോരാട്ടത്തിന്റെ പരിസമാപ്തിയില്‍ സംഭവിച്ച അകാലമരണമായിരുന്നു അത്.

നിരീശ്വരവാദിയായിരുന്ന നവാല്‍നി താന്‍ കടന്നുപോയ കഠിനമായ പ്രതിസന്ധികള്‍ക്കിടയില്‍ എവിടെയോ വച്ചാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നത്. 2021-ല്‍ വിചാരണ വേളയില്‍ കോടതിക്ക് നല്‍കിയ മറുപടിയില്‍ നവാല്‍നി ഇപ്രകാരം പറഞ്ഞു -”ഇപ്പോള്‍ ഞാനൊരു വിശ്വാസിയാണ്. അത് എന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം സഹായിക്കുന്നു. ”നീതിക്ക് വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍. അവര്‍ സംതൃപ്തരാകും.” എന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. ഇത് നീതിക്ക് വേണ്ടി പ്രവൃത്തിക്കാനുള്ള ആഹ്വാനമായാണ് ഞാന്‍ എപ്പോഴും മനസിലാക്കിയിട്ടുള്ളത്. തടവറയിലായിരിക്കുന്നത് ഇഷ്ടമില്ലാത്ത കാര്യമാണെങ്കിലും എനിക്ക് പരാതിയില്ല. കാരണം ശരിയായിട്ടുള്ള കാര്യമാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. വാസ്തവത്തില്‍, അതിന്റെ വലിയ സംതൃപ്തി ഞാനിന്ന് അനുഭവിക്കുന്നു. തീരുമാനമെടുക്കാന്‍ ക്ലേശകരമായ നിമിഷത്തില്‍ ഞാന്‍ ബൈബിളില്‍ പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചു. അങ്ങനെ ദൈവവചനത്തെ വഞ്ചിക്കാതെ ദൈവത്തോട് വിശ്വസ്തത പുലര്‍ത്തി.’ 2021-ല്‍ മാധ്യമപ്രവര്‍ത്തകനായ യെവ്‌ജെനിയ അല്‍ബാറ്റ്‌സിനയച്ച കത്തില്‍ അദ്ദേഹം ഇപ്രകാരം കുറിച്ചു-” എല്ലാം ശരിയാകും. ഇനി ശരിയായില്ലെങ്കിലും സത്യസന്ധമായി ജീവിച്ചു എന്നെങ്കിലും നമുക്ക് ആശ്വസിക്കാം.”

വേനല്‍ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടിന്റെയും പാരമ്യത്തിലേക്ക് നമ്മുടെ നാടും രാജ്യവും കടന്നിരിക്കുകയാണ്. ഒരുപക്ഷേ സ്വാതന്ത്രാനന്തരഭാരതവും കേരളവും ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ഈ തിരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിര്‍ണായകമാകുമെന്ന കാര്യത്തില്‍ സംശയത്തിന് ഇടമില്ല. അതുകൊണ്ട് തന്നെ എല്ലാവരും, വിശിഷ്യാ ക്രൈസ്തവസഭ വളരെ ഗൗരവത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. ഭാരതസഭയുടെ നേതൃത്വത്തില്‍ ഈ മാസം 22-ന് രാജ്യമെമ്പാടും പ്രാര്‍ത്ഥനാദിനമായി ആചരിക്കുകയാണ്. കൂടാതെ കേരളത്തിലെ പല വചനപ്രഘോഷകരുടെയും നേതൃത്വത്തില്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ മാറിപ്പോകുന്നതിനും മികച്ച ഭരണാധികാരികളെ ലഭിക്കുന്നതിനുമായി ശക്തമായ പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നു. നമ്മുടെ രാജ്യത്തിനും ദേശത്തിനും വേണ്ടി പ്രാര്‍ത്ഥനയുടെ ശക്തമായ കോട്ട തീര്‍ക്കുന്നതിനൊപ്പം നവാല്‍നി പ്രകടിപ്പിച്ചതുപോലെ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള തീക്ഷ്ണമായ ദാഹവും നമ്മുടെ ഉള്ളിലുണ്ടാകണം.

സ്വാതന്ത്ര്യത്തോടെ ജീവിക്കാനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനും നമ്മുടെ ആശയങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുവാനുമുള്ള ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശം ഇന്ന് ഭാരതത്തില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. നമ്മുടെ മറ്റേത് ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഉപരിയായി ഇത്തരത്തില്‍ അവകാശങ്ങള്‍ ലംഘിക്കപ്പെട്ട്, പോലീസ് കേസുകളെയും ആള്‍ക്കൂട്ട ആക്രമണങ്ങളെയും ഒരുപോലെ ഭയപ്പെട്ട് കഴിയുന്ന ക്രൈസ്തവ സഹോദരങ്ങളുടെ നിലവിളികള്‍ക്ക് പ്രാധാന്യം കൊടുക്കാനുള്ള ബാധ്യത നമുക്കുണ്ട്. മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങളില്‍ അന്യായമായി പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങളുടെ നിലവിളി മുതല്‍, നമ്മുടെ നാട്ടില്‍ ഇന്ന് അനുദിനമെന്നവണ്ണം മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെയും ‘മനുഷ്യ മൃഗങ്ങളുടെ’ വേട്ടയാടലുകളില്‍ കൊല്ലപ്പെടുന്നവരുടെയും നിലവിളികള്‍ അവഗണിച്ചുകൊണ്ട് സംതൃപ്തമായ ജീവിതം നമുക്ക് അസാധ്യമാണെന്ന കാര്യം മറക്കരുത്. ഈ നിലവിളികള്‍ അവഗണിച്ചുകൊണ്ട് സങ്കുചിതവും താല്‍ക്കാലികവുമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ഒരിക്കലും ക്രിസ്തുവിശ്വാസിക്ക് നിരക്കുന്നതല്ല.

രണ്ടാമതായി നവാല്‍നി പുലര്‍ത്തുന്ന എല്ലാം ശരിയാകുമെന്ന ശുഭാപ്തി വിശ്വാസം നമുക്ക് മാതൃകയാണ്. ഏത് രാഷ്ട്രീയപാര്‍ട്ടികളിലൂടെയും നേതാക്കളിലൂടെയും ദൈവത്തിന് നന്മ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവില്‍ മുന്‍വിധിയില്ലാതെ തുറന്ന മനസോടെ ഈ തിരഞ്ഞെടുപ്പിനെ സമീപിക്കുവാന്‍ നമുക്ക് സാധിക്കണം. കേരളവും ഭാരതവും ഇന്ന് കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തില്‍ ക്രൈസ്തവവിശ്വാസികള്‍ കേരളത്തിലും ഭാരതത്തിലും നേരിടുന്ന വെല്ലുവിളികളോടുള്ള സമീപനം എന്താണെന്ന് വ്യക്തമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും പ്രേരിപ്പിക്കുവാന്‍ സമുദായ നേതാക്കള്‍ മുമ്പോട്ട് വരണം. തിരഞ്ഞെടുപ്പെന്ന പാലം കടക്കാന്‍ മാത്രമുള്ള ചെപ്പടിവിദ്യകളുമായി വരുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും അകറ്റി നിര്‍ത്തുവാനും എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന മൂല്യബോധമുള്ള നേതാക്കള്‍ തിരഞ്ഞെടുക്കപ്പെടുവാനും വോട്ടവകാശം ഉപയോഗിക്കപ്പെടണം. ഇവിടെ നാം പുലര്‍ത്തേണ്ട വിവേകത്തെയും ജാഗ്രതയെയും കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. സ്ഥാനാര്‍ത്ഥികളുടെ സ്വഭാവവും കഴിവും വ്യക്തിത്വവും പോലെയോ അതിലും പ്രധാനപ്പെട്ടതോ ആണ് അവര്‍ പിന്തുടരുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആശയസംഹിതകള്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ മെച്ചമായതിനെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൂടുതല്‍ ഭേദമായതിനെ(‘Lesser evil’) തിരഞ്ഞെടുക്കാനുള്ള ജാഗ്രത കാണിക്കേണ്ടതുണ്ട്.

നവാല്‍നിയെപ്പോലെ സുവിശേഷത്തോട് അന്ത്യം വരെ വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് എല്ലാ ശരിയാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് ഈ തിരഞ്ഞെടുപ്പിനെ സമീപിക്കാം. അപ്പോള്‍ പ്രതിസന്ധികളുണ്ടായാലും സത്യസന്ധമായി ജീവിച്ചു എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ നമുക്ക് സാധിക്കും. അല്ലെങ്കില്‍, പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ പരസ്യവിചാരണക്ക് മൂകസാക്ഷികളായി നിന്ന സഹവിദ്യാര്‍ത്ഥികള്‍ ചെയ്ത അതേ കുറ്റത്തിന്, മറ്റുള്ളവരുടെ നിലവിളിയെ നിസംഗതയോടെ അവഗണിച്ച കുറ്റത്തിന്, ദൈവവും കാലവും നമ്മെ വിധിക്കുമെന്നതില്‍ സംശയമില്ല.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?