ഡോ. സിബി മാത്യൂസ്
(ലേഖകന്‍ മുന്‍ ഡിജിപിയാണ്).
ചില വസ്തുക്കളും ചില പ്രത്യേക സ്ഥലങ്ങളുമൊക്കെ ‘വിശുദ്ധ’മെന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നതായി ബൈബിള്‍ ഒരാവര്‍ത്തിയെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് അറിവുള്ളതാണല്ലോ.
”നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്” എന്ന് ദൈവം മോശയോട് (പുറപ്പാട് 3:5) അരുളിച്ചെയ്തു. വാഗ്ദാനപേടകം കൈകൊണ്ടു സ്പര്‍ശിച്ചമാത്രയില്‍ അബിനാദാബിന്റെ പുത്രന്‍ ഉസാ വധിക്കപ്പെട്ടതായി 2 സാമുവല്‍ 6:7-ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. അഹറോന്റെ പുത്രന്മാര്‍ ധൂപകലശങ്ങളില്‍ കുന്തുരുക്കമിട്ട് കര്‍ത്താവിന്റെ മുമ്പില്‍ അര്‍ച്ചന ചെയ്തപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങിക്കളഞ്ഞു (ലേവ്യര്‍ 10:2). മഹാപുരോഹിതനായ അഹറോന്‍ ഒരു വാക്കുപോലും ദൈവത്തോട് പരിഭവം പറഞ്ഞില്ല.
യറുശലേം ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്ത് വര്‍ഷംതോറും ഒരിക്കല്‍മാത്രം പാപപരിഹാരബലി അഥവാ Yim Kippua എന്ന തിരുനാള്‍ ദിവസം – മാത്രമാണ് പ്രധാന പുരോഹിതനുപോലും പ്രവേശിക്കുവാന്‍ അനുവാദമുണ്ടായിരുന്നത്. മറ്റു ദിവസങ്ങളില്‍ അത് തിരശീലയാല്‍ മറയ്ക്കപ്പെട്ടിരുന്നു.
അത്യുന്നതന്റെ തിരുനാമംപോലും ഉച്ചരിക്കുന്നത് യഹൂദരുടെയിടയില്‍ നിഷിദ്ധമായിരുന്നു. പ്രവാചകനായ മോശയ്ക്ക് ദൈവം വെളിപ്പെടുത്തിയത് തന്റെ നാമം ‘ആയിരിക്കുന്നവന്‍’ എന്നാണ്. ‘യഹോവ’ എന്ന വാക്കിന്റെ അര്‍ത്ഥവും അതുതന്നെ. ആ ദൈവം തന്റെ പുത്രനെ, കാലസമ്പൂര്‍ണതയില്‍ ഭൂമിയിലേക്ക് മനുഷ്യനായി അയച്ചു (ഗലാ. 4:4). യേശു അഥവാ രക്ഷകന്‍ എന്ന നാമത്തിലാണ് ദൈവപുത്രന്‍ പലസ്തീനയില്‍ ജീവിച്ചത്. യേശുക്രിസ്തുവിനെപ്പറ്റി പൗലോസ് അപ്പസ്‌തോലന്‍ ഇപ്രകാരം എഴുതി:
”ദൈവത്തിന്റെ രൂപത്തിലായിരുന്നുവെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത” ഉപേക്ഷിച്ച് സ്വയം ശൂന്യനായി ആകൃതിയില്‍ മനുഷ്യന്റെ രൂപം സ്വീകരിച്ച് ഭൂമിയില്‍ അവതരിച്ചു (ഫിലിപ്പി. 2:6).
ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു, വചനം ദൈവമായിരുന്നു (യോഹ. 1:1) എന്ന് അറിവുള്ളവര്‍ അപ്രകാരം വിശ്വസിക്കുന്നവര്‍, യേശുക്രിസ്തുവിനെ വെറുമൊരു ആശാരിചെറുക്കനായി തരംതാഴ്ത്തി സംസാരിക്കുന്നത് ദൈവനിന്ദ അല്ലാതെ മറ്റെന്താണ്? അഭ്യസ്തവിദ്യരായ മറ്റു ചിലരാകട്ടെ വാഹനത്തിനുമുമ്പില്‍ സ്റ്റിക്കര്‍ പതിക്കുന്നു, ‘എന്റെ ബോസ് യഹൂദനായ ഒരു ആശാരിപ്പണിക്കാരനാണ്.’
ഇപ്രകാരമുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കുവാന്‍ കഴിയുന്നില്ല എന്നത് അത്യന്തം ഖേദകരമാണ്. ”ഞാന്‍ ആല്‍ ഫയും ഒമേഗയുമാണ്. ഒന്നാമനും ഒടുവിലത്തവനും-ആദിയും അന്തവും” (വെളിപാട് 22:13). എന്നാണ് യേശു സ്വയം വെളിപ്പെടുത്തിയിട്ടുള്ളതെന്ന് എല്ലാ ക്രൈസ്തവരും ഓര്‍മയില്‍ സൂക്ഷിക്കേണ്ടതാണ്. വിശുദ്ധമായ കാര്യങ്ങളെയും വിശുദ്ധ വസ്തുക്കളെയുംപ്പറ്റി സംസാരിക്കുമ്പോള്‍ അര്‍ഹിക്കുന്ന ആദരവോടെ ആയിരിക്കണം. അതിനുപരം ടെലിവിഷന്‍ ചാനലുകളിലെ ‘കോമഡിഷോ’യിലെ സംഭാഷണങ്ങളുടെ നിലവാരത്തിലേക്ക് തരംതാഴുവാന്‍ ഇടയാവാതിരിക്കട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *