ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS
സൗഹൃദത്തിന് എത്ര ആഴമുണ്ട്..? ഈ ചോദ്യം മഞ്ഞുമ്മലിലെ സിജു എന്ന ചെറുപ്പക്കാരനോട് ആണെങ്കില്‍ ഒരു സംശയവും ബാക്കി വയ്ക്കാതെ അയാള്‍ ഇങ്ങനെ പറയും, ‘600 അടി താഴ്ച’. 2006 ല്‍ കൊടൈക്കനാലില്‍ വച്ചാണ് സിജു ഈ ആഴം അളന്നത്. കൊടൈക്കനാലിലെ ഗുണ കേവിലെ 600 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണുപോയ തന്റെ സുഹൃത്തിനെ അത്ഭുതകരമായി സിജു രക്ഷപ്പെടുത്തുന്നു. മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് സുഭാഷ് എന്ന ചെറുപ്പക്കാരന്‍ തിരിച്ചുവന്നത് എങ്ങനെയാണ്..? സൗഹൃദത്തിന്റെ സ്‌നേഹത്തിന്റെ ആഴങ്ങളില്‍ നിന്നാണ്. ജീവന്‍ ത്യജിക്കാന്‍ പോലും തയാറായി സ്‌നേഹിതനുവേണ്ടി ജീവിതം മാറ്റിവയ്ക്കാന്‍ തയാറായ നിമിഷങ്ങള്‍. ഇന്നത് ചലച്ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന പേരില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ഓര്‍മവരുന്നത് ബൈബിളിലെ തിരുവചനം ആണ്, ‘സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.’
സൗഹൃദത്തിന് വേണ്ടി മാക്‌സിമം നമ്മള്‍ എന്തൊക്കെ ചെയ്തിട്ടുണ്ട്. കൂടെ നടന്നിട്ടുണ്ട്, കൂട്ടു പോയിട്ടുണ്ട്, ആരുമില്ലാത്ത നിമിഷങ്ങളില്‍ ബലപ്പെടുത്തിയിട്ടുണ്ട്… അങ്ങനെ സൗഹൃദത്തില്‍ നമ്മള്‍ മുന്നേറി പോകുമ്പോള്‍ ഒരു ചോദ്യം ബാക്കിയാകുന്നു. ജീവന്‍ കൊടുത്തിട്ടുണ്ടോ…? അതിന് തയാറാണോ..? അങ്ങനെ ഒരാള്‍ നമുക്കു മുമ്പിലുണ്ട്. അപരനുവേണ്ടി ജീവിതത്തിന്റെ ശേഷിപ്പുകള്‍ മുഴുവന്‍ കൊടുത്തു തീര്‍ത്ത മനുഷ്യപുത്രന്‍. താന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി കുരിശിലേക്ക് ശാന്തമായി നടന്നുപോയവന്‍. ഒരു പച്ചയായ മനുഷ്യന്‍. അന്ന് ആ കാല്‍വരിയാത്ര മറ്റു പലര്‍ക്കുമുള്ള ജീവന്റെ തുടക്കമായിരുന്നു എന്ന് പിന്നീടാണ് പിടുത്തംകിട്ടുന്നത്. ഇടയ്ക്ക് ഓര്‍ക്കാറുണ്ട് പച്ചയായ ആ മനുഷ്യന്റെ ഹൃദയ വിചാരങ്ങള്‍. ഒരു ജീവന്‍ കൊടുക്കാന്‍ മാത്രം അഗാധമായി തന്റെ കൂടെയുള്ളവരെ പ്രണയിച്ചവന്‍. അവന്റെ പേരാണ് ദൈവം. ഇരുട്ടുമൂടിയ ചിലയിടങ്ങളിലേക്ക് പ്രകാശത്തിന്റെ കടന്നുവരവ്. ക്രിസ്തുവിന് അല്ലാതെ മറ്റാര്‍ക്കാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കുക. അതിന്റെ ഒരു അംശം ആകാനാണ് എന്റെ വിളി.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ രണ്ടുപേര്‍ സംസാരിക്കുകയാണ്. അതിലൊരാള്‍ ചോദിക്കുന്നു,
‘എന്താ മച്ചാനെ ദൈവം…. ‘
‘ഈ ദൈവം എന്നൊക്കെ പറഞ്ഞാല്‍….മുകളീന്നൊക്കെ വരുന്ന ഒരു വെളിച്ചമില്ലേ…..’ ജീവിതത്തില്‍ അങ്ങനെ ചില നിമിഷങ്ങളുണ്ട്. തളര്‍ന്നുനില്‍ക്കുന്ന ചില നിമിഷങ്ങള്‍. കൈ പിടിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കായി പോകുന്ന ചില ദിവസങ്ങള്‍. സൗഹൃദത്തിന്റെ ചില്ലകള്‍ ഇല്ലാതെ പോകുന്ന ചില മനുഷ്യരുമുണ്ട്. ചില സമയങ്ങളില്‍ ഒക്കെ അവരൊക്കെ എങ്ങനെയാണ് ഈ ഭൂമിയില്‍ നില്‍ക്കുന്നത്. ചേര്‍ത്തുപിടിക്കാന്‍ മറ്റൊരാള്‍ ഇല്ലാതെ പോവുക എന്നതൊക്കെ എത്ര ഭയാനകമാണ്. പരാജയത്തിന്റെയും വീഴ്ചകളുടെയും സങ്കടങ്ങളില്‍ മനസ് തളര്‍ന്നു നില്‍ക്കുമ്പോള്‍ ചില വെളിച്ചം കടന്നുവരുന്നു.
ചില പ്രകാശം ജീവിതത്തെ തൊട്ടുപോകുന്നു. അത് ചില മനുഷ്യരാണ്. വാക്കുകള്‍ കൊണ്ടും, നോട്ടങ്ങള്‍ കൊണ്ടും അവര്‍ ക്രിസ്തുവിനെ ഓര്‍മിപ്പിക്കുന്നു. പിന്നീട് അവിടെ സൗഹൃദത്തിന്റെ ചില്ലകള്‍ ആണ്. തനിച്ചുനില്‍ക്കുക എന്നത് അത്ര ഭാരപ്പെട്ട പരിപാടിയാണ്. ഈ ഭൂമിയില്‍ അങ്ങനെ ആരേലും കണ്ടുമുട്ടിയിട്ടുണ്ടെങ്കില്‍ ഒരിക്കലും അവരെ തനിച്ചു നിര്‍ത്തരുത്. ചേര്‍ത്തുപിടിക്കണം, മാക്‌സിമം കൂടെ നിര്‍ത്തണം. ഈയടുത്ത് സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റ് ഹൃദയത്തെ ഉലച്ചു. എണ്‍പത്തിയഞ്ചുകാരി സരോജനിയമ്മയുടെ അനുഭവം. സരോജനിയമ്മയുടെ ഏറ്റവും വലിയ ആഗ്രഹം മരണമാണ് പോലും. ജീവിതത്തില്‍ അത്രമേല്‍ വേദനയനുഭവിച്ച ഒരാള്‍ക്ക് മാത്രമേ ഏറ്റവും വലിയ ആഗ്രഹമായി മരണത്തെ കാണാനാവൂ. ഈ ഭൂമിയില്‍ അത്രമേല്‍ തനിച്ചായ നിമിഷം.
ഭര്‍ത്താവ് പോയപ്പോള്‍ ചാണകം വിറ്റും കൂലിപ്പണിയെടുത്തും മക്കളെ വളര്‍ത്തിയ അമ്മ. സ്വന്തമായി താമസിക്കാന്‍ ഒരു വീടെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹം. കൂലിപ്പണിയെടുത്ത് സ്വരൂപിച്ച കാശ് സ്വന്തമാക്കിയ ശേഷം മക്കള്‍ നിരന്തരം ദേഹോപദ്രവമേല്‍പിക്കാന്‍ തുടങ്ങി. അടിയും തൊഴിയും സഹിക്കാനാവാതെ വന്നപ്പോള്‍ വീടുവിട്ടിറങ്ങി. ആ യാത്ര ചെന്നെത്തിയത് പത്തനാപുരത്തെ ഗാന്ധിഭവനിലും. മരണമെന്ന ആഗ്രഹത്തെ ഓര്‍ത്ത് കഴിയുന്ന ഒരമ്മ. ഈ ജീവിതത്തില്‍ ഇനി തനിക്ക് ആരുണ്ട് എന്ന് വിലപിക്കുന്ന ഒരമ്മ. ആ അമ്മയ്ക്ക് ഇന്ന് ഏറ്റവും വലിയ ആഗ്രഹം മരണമാണ്. ആ ജീവിതത്തിലേക്ക് വെളിച്ചം പോലെ പലരും കടന്നുവരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട അമ്മയുടെ ജീവിതത്തിലേക്ക് ചില മനുഷ്യരൊക്കെ എത്തുന്നുണ്ട്. അതിനെക്കുറിച്ച് ആയിരുന്നു ഫേസ്ബുക്ക് കുറിപ്പ്. ദൈവത്തിന്റെ മുഖമുള്ള ചില മനുഷ്യര്‍ അങ്ങനെയാണ്.
ചേര്‍ത്തുപിടിക്കാന്‍ അവര്‍ക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കുറച്ചുകാലം കൂടി ഈ ഭൂമിയില്‍ കഴിയാന്‍ ആരോഗ്യം തരണേയെന്ന് തിരുത്തി പറയാന്‍ ആ അമ്മയ്ക്ക് കഴിയട്ടെ. കുറച്ചു ദിവസങ്ങളെങ്കിലും സങ്കടങ്ങളെല്ലാം അഴിച്ചു വച്ച് ആ അമ്മ മനസറിഞ്ഞ് ചിരിക്കട്ടെ. ‘സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.’
Leave a Comment
Your email address will not be published. Required fields are marked with *