ജെറാള്‍ഡ് ബി. മിറാന്‍ഡ
തുള്ളിക്കൊരു കുടമായി ആര്‍ത്തലച്ച് പെരുമഴ. വാശി തീര്‍ക്കാനെന്നവണ്ണം വീശിയടിക്കുന്ന തണുത്ത കാറ്റിനും കനത്ത ഇരുട്ടിനും കൂട്ടായി ഇടിമിന്നല്‍. വല്യമ്മച്ചിക്കൊപ്പം ജോയിക്കുട്ടി താമസിക്കുന്ന കാലം. വല്യമ്മച്ചി ഔട്ട്ഹൗസിലാണ് കിടക്കുന്നത്. ജോയിക്കുട്ടി പണി നടക്കുന്ന പുതിയ വീടിന്റെ മുറിയില്‍ ഭിത്തിയോടുചേര്‍ന്ന് കിടക്കുന്നു. അര്‍ദ്ധരാത്രിയായിക്കാണും. പേമാരി ഒന്നുകൂടി ശക്തി പ്രാപിച്ചു. വലിയൊരു ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്നു. മണ്ണും മഴവെള്ളവും ചെളിയുമെല്ലാംകൊണ്ട് ശരീരമാകെ കുഴഞ്ഞിരിക്കുന്നു. എന്താണ് സംഭവിച്ചതെന്നറിയാന്‍ കഴിയുന്നില്ല. മണ്ണില്‍ പുതഞ്ഞ കട്ടിലില്‍നിന്നും എഴുന്നേറ്റു മുകളിലേക്ക് നോക്കി. ആകാശം കാണാം. വലിയൊരു അപകടം നടന്നിരിക്കുന്നു. വല്യമ്മയ്‌ക്കെന്തെങ്കിലും സംഭവിച്ചു കാണുമോ? വാതില്‍ തുറക്കാന്‍ കഴിയുന്നില്ല. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മറ്റൊരു വാതില്‍വഴി പുറത്തിറങ്ങി.
ഔട്ട്ഹൗസിന് കുഴപ്പമൊന്നും ഇല്ല. അടുക്കളയുടെ ചിമ്മിനി വാര്‍ത്തത് ശക്തമായ മഴയില്‍ കുതിര്‍ന്ന് ഇടിഞ്ഞുവീണതാണ്. ചെളിവച്ച് കെട്ടിയുയര്‍ത്തിയതാണ് ഇടിഞ്ഞിരിക്കുന്നത്. നേരം പുലര്‍ന്നപ്പോള്‍ വലിയൊരു സത്യം തിരിച്ചറിഞ്ഞു. ജോയിക്കുട്ടിയുടെ തലയില്‍ പതിക്കാന്‍ പാകത്തില്‍ താഴേക്ക് വീണ കല്ല് മേല്‍ക്കൂരയിലെ ഒരു തടിക്കഷണത്തില്‍ തടഞ്ഞിരിക്കുന്നു. ആ വലിയ കല്ലുകൊണ്ട് ജോയിക്കുട്ടിയുടെ ജീവിതം അന്ന് അവസാനിക്കേണ്ടതായിരുന്നു. ദൈവത്തിന്റെ അത്ഭുതകരങ്ങള്‍ ജോയിക്കുട്ടിയെ വിസ്മയകരമായി സംരക്ഷിച്ചു! അന്ന് ദൈവം തന്റെ കരങ്ങളില്‍ ജോയിക്കുട്ടിയെ താങ്ങിയതിന് നന്ദിയെന്നോണം ജോയിക്കുട്ടി തന്റെ കരങ്ങളിലൂടെ ഇന്ന് അനേകര്‍ക്ക് അന്നവും മരുന്നും പ്രാര്‍ത്ഥനയിലൂടെ ആശ്വാസവും അഭംഗുരം പകര്‍ന്നുകൊണ്ടിരിക്കുന്നു. പതിനെട്ട് വര്‍ഷമായി തുടരുന്ന അന്നദാന ശുശ്രൂഷയിലൂടെ ഡി. ജോയിക്കുട്ടി അഞ്ചുലക്ഷത്തിലേറെപ്പേരുടെ വിശപ്പിന്റെ വിളിക്ക് ഉത്തരം നല്‍കി.
ആലപ്പുഴ ജില്ലയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള ജോയിക്കുട്ടിയുടെ വരവ് മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംഘടിപ്പിച്ച ഒരു പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനുവേണ്ടിയായിരുന്നു. സാമൂഹ്യപ്രവര്‍ത്തനത്തോടുള്ള താല്‍പര്യം ആ മേഖലതന്നെ തിരഞ്ഞെടുക്കുവാന്‍ കാരണമായി. കോ-ഓര്‍ഡിനേറ്ററായി വിശാലമായ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ ദൈവാലയങ്ങളിലും കന്യാകുമാരി ജില്ലയിലെ വിവിധ മിഷന്‍ കേന്ദ്രങ്ങളിലുള്ള വീടുകളും സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി.
അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടില്ലാതെ ദുരിതമനുഭവിക്കുന്ന അര്‍ദ്ധപട്ടിണിക്കാരുടെയും രോഗവും രോദനവുമായി ജീവിതം തള്ളിനീക്കുന്നവരുടെ കഷ്ടപ്പാടും വേദനകളും കണ്ടു. ചികിത്സിക്കാന്‍ പണമില്ലാതെയും മക്കളെ പഠിപ്പിക്കാന്‍ ഗതിയില്ലാതെ പകലന്തിയോളം പണിയെടുക്കുന്നവരുടെയും വേദനകളും യാതനകളും കണ്ടു. തിരുവനന്തപുരത്ത് വിദഗ്ധ ചികിത്സക്കായി എത്തുന്ന രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസിലാക്കി.
അനാഥര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വീട്ടില്‍ പാചകം ചെയ്ത് നല്‍കിയായിരുന്നു തുടക്കം. അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും മറ്റും സ്‌നേഹത്തിന്റെ പൊതിച്ചോര്‍ നല്‍കി. ഏതാനും സുഹൃത്തുക്കളും സന്മനസുള്ളവരും സഹായിച്ചത് അനുഗ്രഹമായി. ഭക്ഷണത്തോടൊപ്പം മരുന്നും വസ്ത്രങ്ങളും ആദ്യകാലങ്ങളില്‍ നല്‍കിയിരുന്നു. ആഴ്ചയില്‍ മൂന്നുദിവസം മെഡിക്കല്‍ കോളജില്‍ അന്നദാനം നടത്തുന്നു.
പ്രാര്‍ത്ഥനയോടെ അതീവ സുരക്ഷിതമായി വൃത്തിയോടെ കുടുംബത്തിന്റെകൂടി പൂര്‍ണ സഹായത്തോടെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. വിതരണം ചെയ്യുന്ന ഭക്ഷണം ആത്മസംതൃപ്തിക്കൊപ്പം രോഗശാന്തിക്കും കാരണമാകണമേയെന്ന് എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്. ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷനും മെഡിക്കല്‍ കോളജിന്റെ അനുമതിയും വാങ്ങിയിട്ടുണ്ട്.
സംഘടനകളും ട്രസ്റ്റുകളുമാണ് പൊതുവെ വ്യാപകമായി ഭക്ഷണവിതരണം നടത്തുന്നത്. എന്നാല്‍ ജോയിക്കുട്ടിയുടേത് ഒറ്റയ്ക്കുള്ള ശുശ്രൂഷയാണ്. രണ്ടു പതിറ്റാണ്ടോളമായി മുടക്കമില്ലാതെ തുടരുന്നത് അനന്തമായ ദൈവകൃപയുടെയും കാരുണ്യത്തിന്റെയും നേര്‍സാക്ഷ്യമാണ്. ഇതിനുവേണ്ടിയുള്ള അക്കൗണ്ട് പലപ്പോഴും ശൂന്യമാണ്. ബുദ്ധിമുട്ടായതുകൊണ്ട് അടുത്ത രണ്ടാഴ്ച കൊടുക്കാന്‍ കഴിയില്ല എന്ന് ചിന്തിച്ചിട്ടുണ്ട്. ദൈവത്തെ നോക്കി ശക്തമായി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ഇടപെടും. നല്ല മഴയുള്ള സമയങ്ങളില്‍ ഭക്ഷണവിതരണ സമയത്ത് മാത്രം അനുസരണയോടെ മഴ മാറിനിന്നു സഹായിക്കാറുണ്ട്. കൊണ്ടുപോകുന്നതില്‍ കൂടുതല്‍ ഭക്ഷണം ആളുകള്‍ക്ക് നല്‍കാന്‍ കഴിയുന്നതായി അനുഭവപ്പെടാറുണ്ടെന്നു ജോയിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു. ജാതിമത ഭേദമെന്യേ അനേകര്‍ക്ക് ഭക്ഷണം നല്‍കാന്‍ ദൈവം തിരഞ്ഞെടുത്തതില്‍ കൃതാര്‍ത്ഥനാണ് ജോയിക്കുട്ടി. നാലാഞ്ചിറ മാര്‍ ബസേലിയോസ് എഞ്ചിനീയറിങ്ങ് കോളജ് ഓഫീസില്‍ ജോലി ചെയ്യുന്ന ജോയിക്കുട്ടിയെ തേടി ഒട്ടേറെ അവാര്‍ഡുകളും എത്തിയിട്ടുണ്ട്.
കോവിഡ്-ലോക്ക്ഡൗണ്‍ കാലത്ത് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അനേകര്‍ക്ക്, അനേകം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകളും മരുന്നുകളും നല്‍കി. കോവിഡ് ഡ്യൂട്ടിയില്‍ വ്യാപൃതരായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മണ്ണന്തല മുതല്‍ കിഴക്കേക്കോട്ട വരെ ചായയും സ്‌നാക്‌സും നല്‍കി. ജോലിയൊന്നും ഇല്ലാതെ കഷ്ടപ്പെട്ടവര്‍ക്ക് ജോയിക്കുട്ടിയുടെ കോവിഡ ്കാലത്തെ സഹായങ്ങളും സേവനങ്ങളും ഏറെ അനുഗ്രഹപ്രദമായിത്തീര്‍ന്നു.
ദൈവം അനുവദിക്കുന്ന കാലത്തോളം ഈ ശുശ്രൂഷ തുടരണമെന്ന് ജോയിക്കുട്ടി ആഗ്രഹിക്കുന്നു. മരണവാര്‍ഷികം, ജന്മദിനം, ആദ്യകുര്‍ബാനസ്വീകരണം തുടങ്ങിയ ദിനങ്ങളുടെ ഒരു പങ്ക് ഈ ശുശ്രൂഷയുടെ ആവശ്യത്തിലേക്കായി നല്‍കുന്നവരെ അത്യന്തം നന്ദിയോടെ ജോയിക്കുട്ടി ഓര്‍ക്കുന്നു. ആഘോഷങ്ങള്‍ മാറ്റിവച്ച് ഇതില്‍ നല്ല മനസോടെ പങ്കുചേരുന്നവരും ഉണ്ട്. യുവതലമുറയെ ധാര്‍മികമൂല്യങ്ങളിലും പരസ്‌നേഹത്തിലും നന്മയിലും വളര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുവാന്‍ ആഗ്രഹിക്കുന്നുണ്ട് ഇദ്ദേഹം. ജോസഫ് പൂവത്തുംതറയില്‍ അച്ചന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിവിധ ഇടവകകളില്‍ വചനപ്രഘോഷണം നടത്തിയിട്ടുണ്ട്. ദീര്‍ഘകാലം സണ്‍ഡേ ശാലോമിന്റെ റിപ്പോര്‍ട്ടറായി സേവനം ചെയ്തിരുന്നു. ഇപ്പോള്‍ ശാലോം ശുശ്രൂഷകളുടെ തലസ്ഥാനത്തെ മുഖ്യസംഘാടകനാണ്.
വിശുദ്ധനാട് സന്ദര്‍ശിക്കുവാന്‍ മുഴുവന്‍ ചെലവും വഹിച്ച മലങ്കര കത്തോലിക്കാ സഭാതലവന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ നന്ദിയോടെ ജോയിക്കുട്ടി ഓര്‍ക്കുന്നു. ഒപ്പം ശക്തിസ്രോതസായി നിലകൊള്ളുന്ന മറ്റ് സഭാപിതാക്കന്മാരെയും വൈദികശ്രേഷ്ഠരെയും.
പ്രായമുള്ള അമ്മമാരെ ഉള്‍പ്പെടെ സമൂഹത്തില്‍ ആരോരുമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവരെ പരിചരിക്കുവാന്‍ ഒരു സ്ഥാപനം തുടങ്ങണം എന്നത് ഇദ്ദേഹത്തിന്റെ ഒരു സ്വപ്‌നപദ്ധതിയാണ്. ഡി. ജോയിക്കുട്ടിയുടെ ഭാര്യ അക്കാമ്മ. രണ്ടു മക്കള്‍. തിരുവനന്തപുരം നാലാഞ്ചിറയ്ക്കടുത്ത് താമസിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *