Follow Us On

22

November

2024

Friday

വചന പെയ്ത്തിന്റെ അര നൂറ്റാണ്ട്‌

വചന പെയ്ത്തിന്റെ അര നൂറ്റാണ്ട്‌

റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട്

റോമന്‍ കത്തോലിക്കാ സഭയുടെ കനോനിക നിയമപ്രകാരം 75-ാം വയസില്‍, കൊച്ചി രൂപതയുടെ അജപാലന ദൗത്യത്തില്‍നിന്ന് വിടവാങ്ങുന്ന ജോസഫ് കരിയില്‍ പിതാവിനെ കേരളം ഓര്‍മിക്കുന്നത് അറിയപ്പെടുന്ന പ്രഭാഷകനെന്ന നിലയിലായിരിക്കും. കേരളത്തിലെ കത്തോലിക്കര്‍ക്കാകട്ടെ അദ്ദേഹം പ്രിയപ്പെട്ട വചന പ്രഘോഷകനാണ്. വിശ്വാസത്തിന്റെ പിന്‍ബലത്തോടുകൂടിയ ധര്‍മപ്രബോധനമാണ് ഏതൊരു കത്തോലിക്കാ മെത്രാന്റെയും പ്രഥമ ദൗത്യങ്ങളിലൊന്ന് എന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മെത്രാന്മാര്‍ക്കുള്ള ഡിക്രിയായ ‘ക്രിസ്തുസ് ഡോമിനൂസ്’ വ്യക്തമാക്കുന്നു (നം.12-14). കൊച്ചി രൂപതയുടെ 35-ാം മെത്രാനായിരുന്ന കരിയില്‍ പിതാവിന് ഇത് പരമപ്രധാനമായ ദൗത്യമാണെന്ന് അദ്ദേഹം തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

‘ക്യാറ്റക്കേസസി’നാണ് താന്‍ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതെന്ന് പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ വേളയിലും അദ്ദേഹം ആവര്‍ത്തിച്ചു അടിവരയിട്ടു. അതെ, അദ്ദേഹം പ്രഘോഷണത്തിന്റെ പടവുകള്‍ താണ്ടി പ്രാഭവത്തോടെ സുവിശേഷം വിളമ്പുകയാണ്, തികച്ചും വ്യത്യസ്തമായ രീതികളില്‍. അത് മെത്രാന്‍ ആയതിനുശേഷം സംഭവിച്ച ഒരു മാറ്റം അല്ല. പൗരോഹിത്യ സ്വീകരണ നാള്‍ മുതല്‍ ഫാ. ജോസഫ് കരിയിലിന്റെ വചന പെയ്ത്തിന് കേരളം അങ്ങോളമിങ്ങോളം കാത്തുനില്‍ക്കുന്നു എന്നത് വസ്തുതയാണ്. ഇന്ന് പിതാവ് വചന പ്രഘോഷണം നടത്തുന്നി ടത്ത് ‘സ്ഥിരം ഫാന്‍സ്’ എത്താറുണ്ട് എന്നുള്ളത് അതിശോയക്തിയല്ല. അന്‍പതാണ്ടായി തുടരുന്ന ഈ വചന പെയ്ത്തിനെ കത്തോലിക്കാ സഭയില്‍ എല്ലായിടത്തും സാമോദം സ്വീകരിക്കുകയാണ് ഇന്നും വിശ്വാസികള്‍.

തേന്‍മൊഴിയും തീമൊഴിയും
വിശ്വാസ പിന്‍ബലമുള്ള ധര്‍മപ്രബോധനമാണ് കത്തോലിക്കാ മെത്രാന്മാരുടെ പ്രഭാഷണങ്ങളുടെ ആദ്യന്ത അന്തഃസത്ത എന്ന കാര്യം സൂചിപ്പിച്ചുവല്ലോ. സമൂഹത്തിലെ അസ്ഥിരവും അധാര്‍മികവും വിധ്വംസകങ്ങളുമായ ആശയങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ‘പഞ്ഞിക്കിടാനും’ ആരു തെറ്റു ചെയ്താലും ‘തെറ്റ്’ ഒരിക്കലും ‘ശരിയാ’വില്ലയെന്നും ആരുചെയ്തില്ലേലും ‘ശരി’ ശരിയായി എന്നുമുണ്ടാകുമെന്നും പ്രഘോഷിച്ച് ആപേക്ഷിക ധര്‍മവാദങ്ങളെ അടിയോടെ പിഴുതെറിയാന്‍ അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല. ഇതുമൂലം ചില വെറുപ്പോ, ഒഴിവാക്കലോ ഒക്കെ വന്നാലും മയപ്പെടുത്താന്‍ അദ്ദേഹം തയാറാകാറുമില്ല. തേന്മൊഴികളുടെ ആളല്ല കരിയില്‍ പിതാവ്. ‘വാള്‍മൊഴിയും’ ‘തീമൊഴിയും’ കൃത്യമായി എടുക്കേണ്ടയിടത്ത് നേരം നോക്കാതെ കൃത്യപ്രയോഗം നടത്തുന്നതില്‍ അദ്ദേഹം വൈമനസ്യം കാണിക്കാറില്ല. അതെല്ലാം നന്മയ്ക്കായിരിക്കും എന്നും ഉറപ്പാണ്.

പ്രഭാഷണം കലയല്ല ജീവിതമാണ്; അത് സുവിശേഷ പ്രഭാഷണമാകുമ്പോള്‍ – അങ്ങനെ നോക്കുമ്പോള്‍ കേരള കത്തോലിക്ക സുവിശേഷ പ്രഭാഷകരുടെ ഇടയിലെ ‘അഴീക്കോട്’ ആണ് അദ്ദേഹം. വചനം വീണയിടത്തിന്റെ നന്മയിലാണ് നൂറും അറുപതും മുപ്പതുമായി വിളയുന്നത് എന്നുപറയുമ്പോഴും, വിതക്കാരന്റെ കാഴ്ചയും നിരീക്ഷണവും നിലത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള ഒരു വിഹഗവീക്ഷണവും ആ ഉപമയില്‍ (മത്തായി 13:1-23) അന്തര്‍ലീനമായി കിടപ്പുണ്ട്്. അന്‍പതു വര്‍ഷമായിട്ടും പുതുമയോടും തനിമയോടും വചനോപസന നടത്തി അത് യുക്തമായി അനുവാചകര്‍ക്ക് പകര്‍ന്നുകൊടുക്കുകയാണ് കരിയില്‍ പിതാവ്. ദൗത്യമോ കടമനിര്‍വഹണമോ എന്നതിനപ്പുറത്ത് കലാപരമായ കൗശലതയോടെ അദ്ദേഹം വചനം ഹൃദയങ്ങളിലേക്ക് വിതയ്ക്കുന്നു. തന്റെതായ ഒരു പള്ളിപ്രസംഗശൈലി അദ്ദേഹത്തിനുണ്ട്.

‘പഴയിട’ത്തിന്റെ പാല്‍പ്പായസം
ഹൃദിസ്ഥമായത് ആവര്‍ത്തിച്ചു കേള്‍ക്കുമ്പോഴുണ്ടാകുന്ന അരോചകത്വത്തിന് ‘ബോര്‍ അടി’ എന്ന് അടര്‍ത്തിപറയുന്ന ശീലമുള്ളവരാണ് മലയാളികള്‍. ശ്രോതാക്കളുടെ ഇടയില്‍ വിരസത തീര്‍ക്കുന്ന പ്രഭാഷണങ്ങളില്‍ പള്ളിപ്രസംഗങ്ങള്‍ക്ക് പലപ്പോഴും ആദ്യസ്ഥാനം കിട്ടുന്നതിന്റെ കാര്യവും അതാണ്. അതു തന്നെയാണ് ‘പുറത്ത് മഴ, പള്ളിക്കകത്ത് അച്ചന്റെ പ്രസംഗം’ എന്ന പ്രയോഗം ഭൂമി മലയാളത്തില്‍ ഉദയം ചെയ്യാനും ഇടയാക്കിയത്. പക്ഷേ, കരിയില്‍ പിതാവ് നാം കേട്ടുതഴമ്പിച്ച പല ക്രിസ്തു – ഉപമകളും അവയുടെ ഭാവമണ്ഡലങ്ങള്‍ തുറന്നുവെച്ച് പങ്കുവെയ്ക്കുമ്പോള്‍ പാത്തിരുന്ന് മധുരം നുണയുന്ന കുഞ്ഞുകുട്ടികളെപ്പോലെ ആബാലവൃദ്ധം അത്ഭുതംകൂറി കേട്ടിരിക്കുന്നത് അദ്ദേഹത്തിനൊപ്പം അള്‍ത്താര പങ്കിട്ട പല അവസരങ്ങളിലും ഇത് എഴുതുന്നയാള്‍ക്ക് നേരിട്ട് അനുഭവമായ കാര്യമാണ്.

അനവധി തവണ കേട്ടതാണേലും ഏതു അന്യാപദേശത്തിനും അദ്ദേഹം നല്‍കുന്ന വ്യാഖ്യാന – ആഖ്യാനങ്ങള്‍ക്ക് ഒരു അനന്യതയും ആകര്‍ഷണീയതയുമുണ്ട്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കാണുകയെന്നത് എല്ലാ കാലത്തെയുംകാള്‍ സങ്കീര്‍ണത നേരിടുന്ന കാര്യമാണിന്ന്. അങ്ങനെയൊന്നില്ല എന്നു തോന്നിപ്പിക്കുംവിധം, അവാസ്തവങ്ങളും നുണകളും ഋജുവായതിനെ വിജൃംഭിപ്പിക്കുന്ന കാലത്തിലൂടെ നാം കടന്നുപോകുമ്പോഴും നിലനില്‍ക്കുന്ന സത്യത്തിന് ഭിന്നധ്രുവങ്ങളില്ലെന്ന്, പറയുവാനുള്ള കരുത്തും ബലവുമുള്ള ഭാഷ സ്വായത്തമാണ് പിതാവിന്. ചിലപ്പോള്‍ വഴിയരികിലെ പരസ്യബോര്‍ഡിലെ വാചകത്തെ പരമമായ സത്യത്തിലേക്ക് വാഗ്‌ധോരണയില്‍ അദ്ദേഹം ആറ്റിക്കുറുക്കി പാല്‍പ്പായസസമാനം പരുവപ്പെടുത്തുന്നത് പഴയിടം നമ്പൂതിരിയുടെ കൈപ്പുണ്യം പോലെയാണ്. മറ്റു ചിലപ്പോഴാകട്ടെ ശുദ്ധവൈരുദ്ധ്യാത്മകതയില്‍ തുടങ്ങി ശ്രോതാക്കളെ അന്തരീക്ഷത്തില്‍ നിര്‍ത്തി ‘ക്രാഷ് ലാന്‍ഡിംഗ്’ ഉണ്ടാകുമല്ലോ എന്നു തോന്നും നേരം, കൈക്കുമ്പിളിലെടുത്ത് ദൈവസ്‌നേഹത്തിന്റെ ഈശലുകളില്‍ മാനത്തും മണ്ണിലും തൊട്ടും തൊടാതെയും ഏറ്റവും ‘സേഫായ ലാന്‍ഡിങ്ങും’ ഒരു തൂവല്‍ തലോടലും നല്‍കി വിടാനുള്ള വാക്കുകളിലൂടെയുള്ള ‘ഊളിയിടല്‍’ നടത്തുന്ന പിതാവിന്റെ വചനപെയ്ത്തിനു മുന്നില്‍ മൗനാത്ഭുതം കൂറിനിന്നുപോകാനേ തരമുള്ളൂ. ആമുഖമാണേലും മധ്യസ്ഥാനത്തിലാണേലും ഭാഷയുടെ അവസാനവാക്കെന്നപോലെ ഉറപ്പും ഭദ്രതയും കണിശതയില്‍ നിര്‍ത്തിയാണ് അദ്ദേഹം പ്രഭാഷണങ്ങള്‍ക്ക് ഒരുങ്ങാറുള്ളത്.

ബാല്യസമാന നിര്‍മലത്വം
ചരിത്രവിഷയങ്ങളെ ഇന്നിന്റെ മുറ്റത്തേക്ക് എടുത്ത് പുനര്‍വ്യാഖ്യാനത്തിനു മുതിരുന്നവര്‍ക്ക് ഉള്‍ക്കാഴ്ചയും ദൂരക്കാഴ്ചയും എത്രകണ്ട് വേണമെന്നുള്ള അഭ്യര്‍ത്ഥനകള്‍, ലുത്തിനിയകളായി അദ്ദേഹത്തിന്റെ ഈ നാളുകളിലെ പ്രഭാഷണങ്ങള്‍ മാറിയിരിക്കുന്നു. സ്വതന്ത്രാനന്തര ഭാരതത്തിലെ ചരിത്രാനുഭവ പാഠങ്ങളെ പതിരും കതിരും വിത്തും കണക്കെ വേര്‍തിരിച്ച് അദ്ദേഹം നല്‍കുന്ന വ്യാഖ്യാനങ്ങള്‍ ഇന്നിന്റെ തലമുറ, ‘വാക്ക് – മൂലധനമായി’ കരുതേണ്ടതാണ്, സൂക്ഷിക്കേണ്ടതാണ്.
ദേശം, ദേശീയത, ദേശരാഷ്ട്രീയം, ദേശരാഷ്ട്ര, ദേശസ്വത്വം എന്നിവ മനുഷ്യത്വത്തെ ഹനിക്കാനല്ല, ഉയര്‍ത്താനുള്ളതാകണമെന്നുള്ള ആശയം ഭയലേശ്യമെന്യേ പള്ളിപ്പറമ്പിലും പുറത്തും പറയാന്‍ ധൈര്യപ്പെടുന്ന പിതാവിന്റെ ശൈലി രാഷ്ട്രീയക്കാര്‍ക്കും അറിവുള്ളതാണ്. കേരള സഭാ ചരിത്രത്തിന്റെ ‘മേനി നടിക്കിലിനെ’ തൊലിയുരിഞ്ഞു നിര്‍ത്തുന്ന വിമര്‍ശനാത്മക ചരിത്രാവബോധം തെളിവാര്‍ന്ന ഭാഷയില്‍ പറയുമ്പോള്‍ എതിര്‍ചേരിയും ബഹുമാനത്തോടെയാണ് പിതാവിനെ കാണുന്നത് എന്നതും ഒരു വസ്തുതയാണ്. പൊതുവീഥിയില്‍ ‘ഇല്ലാത്ത’ ചരിത്രകൊഴുപ്പിക്കലുകള്‍ നടത്തുന്നവരെ നോക്കി രാജാവ് നഗ്നനാണ് എന്നു പറയാനുള്ള ബാല്യസമാന നിര്‍മലത്വവും പിതാവിനു കൈമുതലായി ഉണ്ട്. ചരിത്രത്തിന്റെ പുനര്‍വായന, പുനരാഖ്യാനം തുടങ്ങിയവ പലപ്പോഴും ചരിത്രപുനര്‍വ്യവഹാരം, ചരിത്ര പുനരുത്പാദനം എന്നീ തലങ്ങളിലേക്കെത്തുമ്പോള്‍ അവയെ ആ കണ്ണോടെ കാണണമെന്ന് പിതാവ് ഉദ്‌ബോധിപ്പിക്കാറുണ്ട്.

മടയില്‍ കയറിയുള്ള അടി
‘നല്ലതെല്ലാം ഞങ്ങളുടേത്’ എന്ന് അവകാശപ്പെടുന്നവന്റെ അതിര്‍ത്തിക്കല്ലു മാത്രമല്ല തെറ്റായി കിടക്കുന്നത്, അവന്റെ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ചയും തൂണിനു ബലവുമില്ല എന്ന് സരസമായി സമര്‍ത്ഥിക്കാനും പിതാവിനറിയാം.
മായം കലര്‍ന്നതും മലീമസവുമായ ‘ചരിത്രഘോഷ’ങ്ങളെ ‘അഭ്യാസം’ എന്നതിനെക്കാള്‍ ആഭാസമാണെന്ന് പറയാനുള്ള വാണീശരങ്ങള്‍ പിതാവിന്റെ പരന്നവായനയുടെ ആവനാഴികളില്‍ ഒഴിയാതെ കിടപ്പുണ്ട് എന്നുള്ള യഥാര്‍ത്ഥ്യം, ചരിത്രസംവാദവേദികളില്‍ വെളിപ്പെട്ടിട്ടുള്ളതാണ്.
നേര്‍ക്കാഴ്ചകളായി ചരിത്രത്തിലുള്ളവയെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് നേരിയതാക്കുന്നവര്‍ അദ്ദേഹത്തിന്റെ സുതാര്യ വിമര്‍ശനമുനകളില്‍ ഛിന്നഭിന്നമാകുന്നതും ചരിത്രവേദികളില്‍ കണ്ട കാഴ്ചകളാണ്. മലയാള സഭാ-സാംസ്‌കാരിക ചരിത്ര ഉറവിടങ്ങളെല്ലാം സ്വയം പ്രഖ്യാപിത സവര്‍ണരുടേത് മാത്രമല്ലായെന്ന് ഒളിഞ്ഞും തെളിഞ്ഞും അലറിയും പറയാന്‍ പിതാവിനു മടിയില്ല. ചില നേരത്ത് ‘അത് മടയില്‍ കയറിയ അടിയാണെന്ന്’പറഞ്ഞ് സോഷ്യല്‍ മീഡിയാ വരെ അങ്ങ് ആഘോഷിച്ചതും ഭൂമി മലയാളം കണ്ടതാണ്.

ആ പരാജയം കേള്‍വിക്കാരുടെ വിജയം
അര നൂറ്റാണ്ടായി ഇങ്ങനെ, എങ്ങനെ എഴുതി ഒരുങ്ങി പ്രഭാഷണം നടത്താന്‍ പിതാവിനാകുന്നു എന്നുള്ളത് അതിശയിപ്പിച്ചിട്ടുള്ള ഒരു കാര്യമാണ്. ഒരു വട്ടം ക്ഷീണിതനായി കണ്ടപ്പോള്‍ ‘പിതാവ് ഒരുങ്ങാതെ പോയി പറഞ്ഞാലും പ്രസംഗം നന്നാകുമെന്ന്’ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി വളരെ അര്‍ത്ഥവത്തായി തോന്നി. പ്രസംഗം നടത്തുന്നവര്‍ അത് ഒരു നിയമമായി എടുക്കണമെന്നും തോന്നിപ്പോയി. ‘മുന്നിലുള്ളവരെ ബഹുമാനിക്കണം. എനിക്ക് ആ ശീലം ഇനി മാറ്റാനാകില്ല’- ഇതായിരുന്നു മറുപടി. ഏതു കനമുള്ള ആശയങ്ങളെയും കനമേതുമില്ലാതെ കയ്യിലൊതുങ്ങും പോലെ സരളമായി വാക്കിലൊതുക്കി കൈമാറ്റം ചെയ്യുന്ന വാണീചാരുത പിതാവിന് ഏതു വിഷയത്തിലും കൈമുതലാണ്. കടമ്പകള്‍ എന്നു തോന്നുന്ന യുക്തി വിചാരങ്ങളും സങ്കീര്‍ണമായ ആശയസരണികളും ലളിത മനോജ്ഞമായി പിതാവ് കൈകാര്യം ചെയ്യുന്നു.

സാധാരണ ഒരു കാര്യത്തിലും തോല്‍ക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ് കരിയില്‍ പിതാവ്. പക്ഷെ പിതാവ് എല്ലാ മണിക്കൂറിലും സ്ഥിരം തോല്‍ക്കുന്ന കാര്യമുണ്ട്. അത് അറിയുവാനുള്ള ആഗ്രഹത്തിന്റെ മുന്നിലാണ്. അതിനുവേണ്ടി നടത്തുന്ന വായനകളിലും ആണ്. പിതാവിന്റെ മേശപ്പുറത്തും മുറി നിറയെയും കാണാവുന്ന പുതിയ പുസ്തകങ്ങളുടെ അടുക്കുകള്‍ ആ പരാജയത്തിന്റെ തോത് വ്യക്തമാക്കുന്നു. വിജ്ഞാനം ആര്‍ജിക്കുവാനുള്ള ആഗ്രഹത്തിന്റെ മുന്നിലുള്ള പിതാവിന്റെ ‘വമ്പന്‍ പരാജയം’ അത് കേള്‍വിക്കാരായ നമ്മുടെ വിജയമാകുന്നു – പിതാവിന്റെ അര്‍ത്ഥ ഗംഭീരമായ ജീവിതമാകുന്നു.

വാഗ്‌ധോരണി തുടരട്ടെ !
ജീവിതാനന്ദത്തിന് ആനുകാലിക ലോകത്തില്‍ താപസവഴികള്‍ പറഞ്ഞു കൊടുക്കുക എന്നത് കഠിനതരമാണെന്ന് ആര്‍ക്കാണറിയാത്തത്? അങ്ങനെയുള്ളിടത്ത് ആര്‍ക്കും മനസിലാകുന്ന മൊഴിച്ചാലുകള്‍ കീറാന്‍ ദൈവം ചിലരെ തിരഞ്ഞെടുക്കും, അനുഗ്രഹിക്കും. സ്വയം തീര്‍ത്ത നെറ്റുവര്‍ക്കുകളുടെ ലോകത്ത് കേന്ദ്ര സ്ഥാനത്തെന്ന് തെറ്റിദ്ധരിച്ച് കുരുങ്ങിക്കിടന്ന് പറക്കാന്‍ തന്നെ മറന്നുപോയ മനുഷ്യരെ അക്ഷരക്കൂട്ടിന്റെ വായ്ത്താളം കൊണ്ട് വലകള്‍ മുറിച്ച് വീണ്ടും പറക്കാന്‍ പഠിപ്പിക്കുന്ന മാജിക് – ചിലപ്പോള്‍ അങ്ങനെ തോന്നും പിതാവിന്റെ ചെറു വാക്യങ്ങള്‍ തീര്‍ക്കുന്ന പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍. നിര്‍മമതയോടും നിരാസത്തോടും മതചിന്തകളെ കാണണമെന്നും എത്തേണ്ട ദൈവികത അളക്കേണ്ടത് മാനവീയ തയുടെ സര്‍ഗാത്മക പ്രവൃത്തികളിലാണെന്നും ലളിതവും സുഭഗവുമായ വാക്കുകളിലൂടെ പിതാവ് നമ്മെ ഓര്‍മിപ്പിക്കും. സരളമായ, ഋജുവായ ഭാഷയുടെ ശക്തി ഉപമാലങ്കരാങ്ങള്‍ക്കും മേലെ എന്ന് തെളിയിക്കുന്നവയാണ് പിതാവിന്റെ പ്രഘോഷണ ഭാഷ. സംഭാഷണ – ചര്‍ച്ചകളും ഏതാണ്ട് അതുപോലെ തന്നെ. കേള്‍ക്കുമ്പോള്‍ത്തന്നെ വിശകലനം, വിശകലനത്തിന്റെ സമയത്ത് തന്നെ മറുചോദ്യങ്ങള്‍ക്ക്, മൂന്നുനാല് തലത്തിലുള്ള മറുപടികള്‍, ഒപ്പം ‘ലൂപ്പ് ഹോളുകള്‍’ക്ക് ഇടംനല്‍കാതെയുള്ള ഉപസംഹാരവും – പിതാവിന്റെ ക്ഷിപ്ര പ്രഭാഷണങ്ങളിലും പൊടുന്നനെ നടത്തുന്ന സംഭാഷണങ്ങളിലും കാണുന്ന പ്രത്യേകതകളാണിത്.

വേവലാതികളും പരാതികളും ആശങ്കകളും തീരാനൊമ്പരങ്ങളും സങ്കടങ്ങളുമൊക്കെയായി വരുന്നവര്‍ക്കു മുന്നില്‍ ‘വാക്ക്’ ‘ഭടന്‍’ ആയി പൊരുതിയും തഴുകിയും തണുപ്പിച്ചും തപിപ്പിച്ചും നില്‍ക്കുന്ന പിതാവിനെ കണ്ടിട്ടുണ്ട്. ആദിയില്‍ മാത്രമല്ല വചനം, ജീവന്‍ കൊടുക്കുന്നത്, അത് ഇപ്പോഴും എപ്പോഴുമാണ്. ജീവിതത്തിലെ അര്‍ത്ഥകാമ ഭാണ്ഡങ്ങളുടെ കനംകുറച്ച് എങ്ങനെ ഈശ്വര സവിധം പൂകാമെന്നാണ് മുഴുസുവിശേഷവും പറയുന്നത്. അവയെ അനുകരിച്ച് കരിയില്‍ പിതാവ് പ്രസംഗിക്കുമ്പോള്‍ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സവിശേഷതകളെ വര്‍ണപ്രഭയുള്ള വാക്‌സാമര്‍ത്ഥ്യത്തിന്റെ കാലിഡോസ്‌കോപ്പിലൂടെ കടത്തിവിട്ട് രൂപപ്പെടുത്തുന്ന ചിന്താചിത്രങ്ങളില്‍ നിന്ന് ഊര്‍ജ്ജം നല്‍കി നമ്മളെ ജീവിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.
അരനൂറ്റാണ്ടായി പെയ്യുന്ന വാഗ്മാരി തുടരട്ടെ, വേണ്ടവര്‍ക്ക് വേനല്‍മഴയായും, കുളിര്‍മഴയായും വളര്‍വേള മഴയായും, ശുദ്ധി മഴയായും ആനന്ദമഴയായുമൊക്കെ.. ദൈവവചനം പ്രസംഗിക്കുന്നവരുടെ പാദങ്ങളും നടക്കുന്ന വഴികളും പിതാവിന്റെ വചനപെയ്ത്തുപോലെ സുന്ദരമാകട്ടെ! നന്ദി പിതാവേ, കര്‍ത്താവിന്റെ വാക്കുകളെ കാലത്തിനൊപ്പിച്ച് കലര്‍പ്പില്ലാതെ നല്‍കുന്നതിന്. വാഗ്‌ധോരണി തുടരട്ടെ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?