Follow Us On

22

January

2025

Wednesday

വൈദികനെ അക്രമികളില്‍നിന്ന് രക്ഷിച്ച യൗസേപ്പിതാവ്

വൈദികനെ അക്രമികളില്‍നിന്ന് രക്ഷിച്ച യൗസേപ്പിതാവ്

1962-ല്‍ ഛാന്ദാമിഷന്‍ പരിശുദ്ധ സിംഹാസനം കേരള സഭയെ ഏല്‍പ്പിച്ച സമയം. ആദ്യകാലത്ത് അവിടെ ജോലി ചെയ്തിരുന്ന മലയാളിയും മാര്‍ യൗസേപ്പിതാവിന്റെ ഉത്തമഭക്തനുമായിരുന്ന വൈദികന്‍, ഛാന്ദായിലെ കാകസ നഗറില്‍ നിന്ന മറ്റൊരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. ക്രിസ്തുമത വിരോധികളായ ചില വര്‍ഗീയ ഭ്രാന്തന്‍മാരുടെ താവളത്തിലാണ് അദ്ദേഹം ചെന്നുപെട്ടത്. സംസാരത്തിലും പെരുമാറ്റത്തിലും നിന്ന് അദ്ദേഹം ഒരു ക്രൈസ്തവനാണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ സ്‌നേഹഭാവത്തില്‍ വൈദികന്റെ അടുത്തുകൂടി.

നേരം സന്ധ്യയോട് അടുത്തിരുന്നു. രാത്രിയില്‍ അവിടം വിട്ട് പോകരുതെന്നും പോയാല്‍ വലിയ അപകടം വരാന്‍ ഇടയുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അവര്‍ ആ വൈദികനെ പ്രദേശത്തെ ഒരു വീട്ടിലേക്ക് നയിച്ചു. അദ്ദേഹത്തെ ഭവനത്തില്‍ എത്തിച്ചു കഴിഞ്ഞ് സംശയത്തിന് ഇടവരാത്തവിധം അവര്‍ എല്ലാവരും തന്നെ പുറത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് താന്‍ കെണിയില്‍ പെട്ട വിവരം ആ വൈദികന്‍ അറിഞ്ഞത്. ഈ അവസരത്തില്‍ തന്നെ രക്ഷിക്കണമേ എന്ന് അദ്ദേഹം ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പെട്ടെന്ന് ഒരു മനുഷ്യന്‍ ആ വൈദികന്റെ സമീപത്തേക്ക് വന്നു. നിങ്ങള്‍ അകപ്പെട്ടിരിക്കുന്നത് മതവൈരികളുടെ താവളത്തിലാണ്. വേഗം രക്ഷപെടുക. ആ മനുഷ്യന്റെ വാക്കുകളില്‍ വിശ്വാസം തോന്നിയ വൈദികന്‍ രക്ഷപെടാന്‍ പഴുതുകള്‍ നോക്കി.

എന്നാല്‍, പോകാന്‍ അദ്ദേഹത്തിന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല. വന്ന മനുഷ്യന്‍ 50 രൂപ വൈദികന്റെ കൈയില്‍ ഏല്‍പ്പിച്ചിട്ടു പറഞ്ഞു: എത്രയും വേഗം ഒരു ടാക്‌സിയില്‍ കയറി അടുത്തുള്ള പട്ടണത്തിലേക്ക് പുറപ്പെടുക. ഞാന്‍ വിദ്യാഭ്യാസം ചെയ്തത് ഒരു കത്തോലിക്കാ കോളേജിലാണ്. നിങ്ങളെ ഈ അവസരത്തില്‍ രക്ഷപെടുത്തേണ്ടത് എന്റെ കടമയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ആ മനുഷ്യനോട് പണം വാങ്ങി ടാക്‌സി പിടിച്ച് അടുത്തുള്ള നഗരത്തിലേക്ക് പോയി. കാറില്‍ കയറുമ്പോള്‍, തന്നെ ആ വീട്ടിലെത്തിച്ചവര്‍ മാരകായുധങ്ങളുമായി അവിടേക്ക് പോകുന്നത് ആ വൈദികന്‍ കണ്ടു.

ജീവിതത്തിന്റെ  നിര്‍ണായക നിമിഷത്തില്‍ തന്നെ സഹായിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം പിന്നീട് നിരവധി അവസരങ്ങളില്‍ ആ വൈദികന്‍ പങ്കുവച്ചിട്ടുണ്ട്. ഏറ്റവും നിസ്സഹായമായ അവസ്ഥയില്‍ നമ്മെ സഹായിക്കുവാന്‍ ദൈവം നിയോഗിച്ച മധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. ആ വിശുദ്ധന്റെ മാധ്യസ്ഥം കൂടുതല്‍ യാചിക്കാനും പ്രാര്‍ത്ഥിക്കാനും ഇത്തരം സംഭവങ്ങള്‍ നമുക്ക് പ്രചോദനമേകട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?