തിരുവനന്തപുരം: ധന്യനായി പ്രഖ്യാപിക്കപ്പെട്ട ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ പുണ്യജീവിതം സഭയിലും സമൂഹത്തിലും പ്രചോദനവും പ്രേരക ശക്തിയുമായിരുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ.
പട്ടം സെന്റ് മേരീസ് മേജര്‍ എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന കൃതജ്ഞതാബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് കടന്നുവന്ന പ്രതിസന്ധികളെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തെ വിശുദ്ധീകരിക്കുന്നതിനും ദൈവത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിനും സഹായിച്ചിട്ടുണ്ടെന്നും ആ വിശുദ്ധ ജീവിതം ദൈവോന്മുഖവും ദൈവത്തിന് പ്രീതികരവുമായിരുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ഇവാനിയോസിനെ ധന്യനായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടന്ന കൃതജ്ഞതാബലിയില്‍ നൂറുകണക്കിന് വൈദികരും സന്യസ്ഥരും വിശ്വാസികളും സംബന്ധിച്ചു. വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ ശുശ്രൂഷയിലും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരുന്നു.
തിരുവല്ല ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഡല്‍ഹി ഗുഡ്ഗാവ് ബിഷപ് ഡോ. തോമസ് മാര്‍ അന്തോണിയോസ്, പാറശാല ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയോസ്, മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, കൂരിയാ മെത്രാന്‍ ഡോ. ആന്റണി മാര്‍ സില്‍വാനോസ്, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായ മെത്രാന്‍ ബിഷപ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ് എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു.
കുര്‍ബാനയ്ക്ക് ശേഷം കബറിടത്തില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടന്നു. ഈ വര്‍ഷം ജൂലൈ മാസം പതിനഞ്ചാം തീയതി ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ഓര്‍മപെരുന്നാള്‍ സഭ ആകമാനം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *