ഭോപ്പാല്‍ (മധ്യപ്രദേശ്): അടുത്ത ബന്ധുവിനെ മതം മാറ്റാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണത്തിന് വിധേയരായ ക്രൈസ്തവ ദമ്പതികള്‍ക്ക് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ച് മധ്യപ്രദേശിലെ വിചാരണ കോടതി. സാഗര്‍ ജില്ലയിലാണ് രമേഷ് ബാബുലാല്‍ എന്ന വ്യക്തിയെയും ഭാര്യയെയും ആരോപണത്തിന്റെ പേരില്‍ കോടതി ശിക്ഷിച്ചത്. തടവിന് പുറമേ, 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ക്രിസ്തുമതം സ്വീകരിക്കുന്നതിന് പണം വാഗ്ദാനം ചെയ്തതായി രമേഷിന്റെ അടുത്ത ബന്ധു ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇത് തെളിയിക്കുന്നതിന് മതിയായ രേഖകളോ സാക്ഷികളോ കേസില്‍ ഇല്ലാതിരുന്നിട്ടും വെറും ആരോപണത്തിന്റെ പേരില്‍ ശിക്ഷ വിധിച്ചതിനെതിരെ പരക്കെ പ്രതിഷേധം ഉയരുന്നുണ്ട്.
ആരോപണം ആര്‍ക്കുവേണമെങ്കിലും ഉന്നയിക്കാമെന്നും അതിന്റെ പേരില്‍ തടവുശിക്ഷ വിധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രദേശത്തെ ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തെ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ആരോപണത്തിന്റെ പേരില്‍ കോടതികള്‍ ആളുകളെ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍, ഏതൊരു ജീവകാരുണ്യ പ്രവര്‍ത്തനവും നാളെ ആരോപണമായി വ്യാഖ്യാനിക്കപ്പെടാമെന്നും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നവര്‍പോലും ജയിലില്‍ കഴിയേണ്ട സാഹചര്യമുണ്ടാകുമെന്നും കത്തോലിക്കാ നേതാക്കള്‍ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മധ്യപ്രദേശിലെ 72 ദശലക്ഷം ജനങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ക്രിസ്ത്യാനികളുള്ളത്. വിചിത്രമായ ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദമ്പതികള്‍.
Leave a Comment
Your email address will not be published. Required fields are marked with *