കണ്ണൂര്‍: ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപില്‍ ഒന്നിന് ആരംഭിക്കുന്നതു മൂലം ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി.
ഏപ്രില്‍ ഒന്നിന് ക്യാമ്പ് തുടങ്ങുകയാണെങ്കില്‍ ക്യാമ്പിന്റെ ചുമതലയുള്ള അധ്യാപകര്‍ക്ക് മാര്‍ച്ച് 30 ശനി, 31 ഞായര്‍ (ഈസ്റ്റര്‍ ദിനം) എന്നീ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടതായിവരും. ഈസ്റ്റര്‍ ആഘോഷിക്കാനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുമുളള അവസരം ഇതിലൂടെ നിഷേധിക്കപ്പെടുകയാണ്.
ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ പരമാവധി പത്ത് പ്രവൃത്തി ദിനങ്ങള്‍ മതി എന്നിരിക്കെ ധൃതിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ മൂല്യനിര്‍ണ്ണയം ആരംഭിക്കേണ്ട സാഹചര്യം നിലവിലില്ല. പത്താം ക്ലാസിന്റെ മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്നിനാണ് ആരംഭിക്കുന്നത്. അതുപോലെ പ്ലസ്ടൂ മൂല്യനിര്‍ണയവും ആരംഭിക്കുന്നത് ഏപ്രില്‍ മൂന്നിലേക്ക് മാറ്റണമെന്ന് കെഎല്‍സിഎ രൂപതാ സമിതി ആവശ്യപ്പെട്ടു.
രൂപതാ പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപത ജന. സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ്, സംസ്ഥാന സെക്രട്ടറി ജോണ്‍ ബാബു, ക്രിസ്റ്റഫര്‍ കല്ലറയ്ക്കല്‍, ലെസ്ലി ഫെര്‍ണാണ്ടസ്, ഡിക്‌സണ്‍ ബാബു, ഫിലോമിന, കെ ഏച്ച് ജോണ്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *