മരണം ഒരു ശാപമാണെന്നും അത് എല്ലാറ്റിന്റെയും പരിസമാപ്തിയാണെന്നും ഭൗതികലോകം കരുതുന്നു. മരണംകൊണ്ട് എല്ലാം അവസാനിക്കുമെന്നതിനാല്‍ ഈ ലോക ജീവിതമാണ് പരമപ്രധാനമെന്നും ഇവിടെ പരമാവധി സുഖം ആസ്വദിക്കുന്നതാണ് ജീവിതലക്ഷ്യമെന്നുമാണ് അവര്‍ ചിന്തിക്കുന്നത്. ഇഹലോകജീവിതത്തിന് ഒരു പൂര്‍ണവിരാമം ഇടുന്ന മരണം ഭൗതികവാദികള്‍ക്ക് തികച്ചും വേദനാജനകവും ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്തതുമാണെന്നതില്‍ തെല്ലും അതിശയമില്ല.
എന്നാല്‍ യേശുക്രിസ്തു തന്റെ മഹനീയമായ കുരിശുമരണത്തിലൂടെ മരണത്തിന്റെ ഈ മുള്ള് എടുത്തുമാറ്റുകയും അതിന്റെ ശാപനുകം ഒടിക്കുകയും ചെയ്തിരിക്കുന്നു. മരണം ഇനിമേല്‍ ദുഃഖകാരണമല്ല, സമ്പൂര്‍ണനാശത്തിന്റെ അവസാന ബിന്ദുവുമല്ല. നേരേമറിച്ച് അത് നിത്യജീവിതത്തിലേക്കും നിത്യപ്രകാശത്തിലേക്കുമുള്ള ഒരു വാതിലാണ്. അന്ധകാരം ഭരണം നടത്തിയിരുന്ന മരണത്തിന്റെ ലോകത്തെ പ്രഭാപൂരിതമാക്കിയത് ക്രിസ്തുവിന്റെ തിരുവുത്ഥാനമാണ്. മരണത്തെ കീഴടക്കി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദീപ്തിയാര്‍ന്ന തിരുശരീരം ഓരോ മനുഷ്യനോടും ഒരു സുപ്രധാനകാര്യം മന്ത്രിക്കുന്നുണ്ട്: നിന്റെ ശരീരവും ഇതുപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ളതാണ്. ക്രിസ്തുവിന്റെ ഉയിര്‍പ്പ് ഓരോ മനുഷ്യന്റെയും ഉയിര്‍പ്പിന്റെ അച്ചാരമാണ്.
ഭൗതികവാദിക്കുമാത്രമല്ല, ഒരു ക്രിസ്ത്യാനിക്കും ഇഹലോകജീവിതം വളരെ പ്രധാനപ്പെട്ടതാണ്, പക്ഷേ അത് തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണത്തിലൂന്നിയാണെന്നുമാത്രം. അവന്റെ ഇഹലോകത്തിലെ ഓരോ പ്രവൃത്തിയും സ്വര്‍ഗപ്രാപ്തിയുമായി ബന്ധപ്പെട്ടാണ് ക്രമീകരിക്കപ്പെടുന്നത്. ‘കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ’ ചെയ്തിട്ടില്ലാത്ത നിത്യപ്രകാശലോകമാണ് അവന്റെ ഏകലക്ഷ്യം. അവിടെയെത്തുവാന്‍ സഹായിക്കുന്നതെല്ലാം പ്രയോജനപ്രദമായും അല്ലാത്തവ ഉച്ഛിഷ്ടമായും അവന്‍ പരിഗണിക്കുന്നു. ഈ ലോകത്തില്‍നിന്നും അവനുമുമ്പേ കടന്നുപോയ സാക്ഷികളുടെ വലിയൊരു സമൂഹം അവനെ നിരന്തരം ഓര്‍മിപ്പിക്കുന്ന ഒരു കാര്യമുണ്ട്: നീ ഈ ലോകത്തില്‍ ക്രിസ്തുവിനോടുകൂടെ മരിച്ചാല്‍ മാത്രമേ നിനക്ക് ക്രിസ്തുവിനോടുകൂടെ ഉയിര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ.
എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ആധുനിക ക്രൈസ്തവ സമൂഹത്തിന് ഈ സ്വര്‍ഗീയദര്‍ശനം കൈമോശം വന്നുപോയി, അല്ലെങ്കില്‍ അതില്‍ വലിയൊരു അളവില്‍ വെള്ളം ചേര്‍ത്താണ് ഭൂരിഭാഗവും ജീവിക്കുന്നത്. പൂര്‍വകാലത്തെ ക്രിസ്ത്യാനികള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത് സീയോന്‍ സഞ്ചാരികളെന്നും അക്കരയ്ക്ക് യാത്ര ചെയ്യുന്നവര്‍ എന്നുമായിരുന്നു. ഭൗതികവാദത്തിന്റെ ദുഷിച്ച സ്വാധീനം ക്രൈസ്തവ ദര്‍ശനത്തെ വികലമാക്കുകയും ലക്ഷ്യത്തെ താഴ്ത്തിക്കെട്ടുകയും ചെയ്തിരിക്കുന്നു. ഇന്ന് അക്കരയ്ക്കുപോവുക എന്നതിന്റെ അര്‍ത്ഥംതന്നെ മാറിയിരിക്കുന്നു. യുവാക്കളുടെയിടയില്‍ വലിയൊരു ത്വരയുണ്ട്, എങ്ങനെയെങ്കിലും അക്കരെയെത്തണം. പക്ഷേ അത് യു.കെ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ദേശങ്ങളില്‍ എത്തുവാനുള്ള ആഗ്രഹമാണ്. സുഖഭോഗസംസ്‌കാരം ക്രൈസ്തവ മനസുകളെയും കീഴടക്കിയിരിക്കുന്നു. ദുഃഖവെള്ളിയിലൂടെ കടന്നുപോകാതെ ഈസ്റ്ററിലെത്തണം – ഇതാണ് പൊതുവേയുള്ള ചിന്താഗതി.
ഇതിനുവേണ്ടിയാണോ ക്രിസ്തു അതിദാരുണമായ രീതിയില്‍ കുരിശില്‍ പിടഞ്ഞ് മരിച്ചത്? ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്. ഇല്ലെങ്കില്‍ ലോകത്തോടൊപ്പം നമ്മളും നശിക്കും, ക്രൈസ്തവന്റെ അനന്യത ഇല്ലാതാകും. മറ്റുള്ളവരെപ്പോലെയാണ് നാം ചിന്തിക്കുന്നതും ജീവിക്കുന്നതും എങ്കില്‍ നമ്മുടെ പ്രസക്തി എന്താണ്?
ഒരു കാര്യം വ്യക്തമാണ്. കര്‍ത്താവ് ഇതില്‍ വേദനിക്കുന്നുണ്ട്. സ്വര്‍ഗത്തിന്റെ പ്രകാശം നഷ്ടപ്പെട്ട് ഈ ലോകത്തില്‍ തപ്പിത്തടയുന്ന തന്റെ മക്കളെ യഥാര്‍ത്ഥവഴിയിലേക്ക് അവിടുന്ന് ഇന്നും മാടിവിളിക്കുന്നുണ്ട്, സാഹിത്യത്തിലും ശാസ്ത്രത്തിലുമുള്ള ചില മിന്നാമിനുങ്ങ് വെട്ടങ്ങളുമായി. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ യൂണ്‍ ഫൊസ്സെ എഴുതിയ ‘അവിടെ’ (Over There) അത്തരത്തിലുള്ള ഒന്നാണ്.
അരണ്ട വെളിച്ചത്തിലൂടെ നടക്കുന്ന ഒരു പുരുഷനും സ്ത്രീയുമാണ് ഇതിലെ കഥാപാത്രങ്ങള്‍. ഇരുട്ടിനപ്പുറത്ത് എന്തെങ്കിലും കാണുന്നുണ്ടോയെന്ന് പുരുഷന്‍ ചോദിക്കുന്നു. അവള്‍ ഒന്നും കാണുന്നില്ല എന്ന് മറുപടി പറയുന്നു. വീണ്ടും ചോദിക്കുമ്പോള്‍ പര്‍വതവും അതിന്റെ അഗ്രവും അവിടെയുള്ള കളപ്പുരയും അതിനപ്പുറം ചാരനിറമുള്ള ആകാശവും കാണുന്നുണ്ടെന്ന് അവള്‍ പറയുന്നു. താന്‍ കാണുന്നതിനപ്പുറം അയാള്‍ കൂടുതലെന്തോ കാണുന്നുണ്ടെന്ന് അവള്‍ക്ക് തോന്നുവാന്‍ തുടങ്ങി. അങ്ങകലെ ഒരു തിളക്കം താന്‍ കാണുന്നുവെന്ന് അയാള്‍ പറയുന്നു. അതെന്തെന്ന് വിശദീകരിക്കാനാവാതെ അയാള്‍ കുഴഞ്ഞുവീഴുന്നു. മരണത്തിനപ്പുറമുള്ള നിത്യതയെയാണ് ഫൊസ്സെ ഈ നാടകത്തിലൂടെ ആവിഷ്‌കരിക്കുന്നത്.
കടുത്ത നിരീശ്വരവാദിയായിരുന്ന ഡോ. എബന്‍ അലക്‌സാണ്ടര്‍ എഴുതിയ ‘സ്വര്‍ഗത്തിന്റെ തെളിവ്’ (Proof of Heaven) മറ്റൊരു നുറുങ്ങുവെട്ടമാണ്. പ്രശസ്തമായ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ന്യൂറോ സര്‍ജറിവിഭാഗം പ്രഫസറാണ് അദ്ദേഹം. ഒരിക്കല്‍ ക്രിസ്തു അദ്ദേഹത്തെ പിടികൂടി. മാരകമായ ഒരു അപൂര്‍വരോഗം അദ്ദേഹത്തിനുണ്ടായി. ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിച്ചിട്ടും മരണത്തിലേക്ക് വീണു, വീണില്ല എന്ന അവസ്ഥയിലെത്തി. ദൈവത്തിന്റെ പ്രത്യേക കരുണയാല്‍ ജീവനിലേക്ക് തിരിച്ചുവന്ന അദ്ദേഹം തന്റെ അനുഭവങ്ങളെക്കുറിച്ചും താന്‍ കണ്ട അതിമനോഹരമായ ലോകത്തെക്കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
ദൈവവും ആത്മാവും ഉണ്ടെന്നും മരണം എന്നുള്ളത് എല്ലാറ്റിന്റെയും അവസാനമല്ല, പ്രത്യുത നിത്യപ്രകാശത്തിലേക്കുള്ള ഒരു വാതിലാണെന്നും അടിയുറച്ചു വിശ്വസിക്കുന്ന ഒരു ന്യൂറോസര്‍ജന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ പുസ്തകം. ഭൗതികവാദത്തിന്റെ ഇരുട്ട് ചുറ്റും പരക്കുമ്പോള്‍ ദൈവം അയക്കുന്ന ഇത്തരം മിന്നാമിനുങ്ങുകളെ നമുക്ക് ശ്രദ്ധിക്കാം. വിശുദ്ധ കാര്‍ഡിനല്‍ ന്യൂമാനോടൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം ‘നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ.’
എല്ലാവര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍!
കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍)
Leave a Comment
Your email address will not be published. Required fields are marked with *