Follow Us On

22

January

2025

Wednesday

മകന്റെ കൊലയാളിയെ ദത്തെടുത്ത പിതാവ്‌

മകന്റെ കൊലയാളിയെ  ദത്തെടുത്ത പിതാവ്‌

മാത്യു സൈമണ്‍

പോലീസുകാരനായിരുന്നു ഐസക്ക് എന്ന ഐക്ക് ബ്രൗണ്‍ സീനിയര്‍. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് അദ്ദേഹം താമസിക്കുന്നത്. ഒരു രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയായിരുന്ന അദ്ദേഹം പെട്ടെന്ന് കോളിങ്ങ് ബെല്ല് കേട്ട് ചാടിയെഴുന്നേറ്റു. ഇതാരാണ് ഈ രാത്രിയില്‍ എന്ന് ചിന്തിച്ചുകൊണ്ട് ഐസക്ക് വാതില്‍ തുറന്നു.

മുന്നില്‍ നില്‍ക്കുന്നവരെക്കണ്ട് അദ്ദേഹം ഒന്ന് അമ്പരന്നു. തന്റെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായ പോലീസുകാരായിരുന്നു മുന്നില്‍. എന്നാല്‍ അവരുടെ കൂടെ ഉണ്ടായിരുന്ന ഇടവക വൈദികനെ കണ്ടപ്പോള്‍ ഐസക്കില്‍ ചില സംശയങ്ങള്‍ ഉണര്‍ത്തി. ഉടനെ ഐസക്ക് വൈദികനോട് കാര്യം അന്വേഷിച്ചു. എന്നാല്‍ അതിന് മറുപടി പറഞ്ഞത് ഐസക്കിന്റെ മേലുദ്യോഗസ്ഥനായിരുന്നു. അദ്ദേഹം ഐസക്കിനെ ചേര്‍ത്തുനിര്‍ത്തി ഇങ്ങനെ പറഞ്ഞു. ”ഇന്ന് നമ്മുടെ നഗരത്തില്‍ ഒരു വെടിവയ്പ്പുണ്ടായി. ടൗണ്‍ സ്‌ക്വയറിനടുത്ത് സുഹൃത്തിന്റെ വീട്ടില്‍ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നു ചെറുപ്പക്കാര്‍ക്കുനേരെയാണ് അക്രമമുണ്ടായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ അപരിചിതനായ അക്രമി ഇവര്‍ക്കുനേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. രണ്ടു യുവാക്കള്‍ സംഭവത്തില്‍ മരിച്ചു. അതിലൊരാള്‍ ജെഫ്രി ഹിക്‌സ് എന്ന ചെറുപ്പക്കാരനും മറ്റേയാള്‍ താങ്കളുടെ ഏകമകന്‍ ഐക്ക് ബ്രൗണ്‍ ജൂനിയറുമാണ്.” 2002 മെയ് 27 ന് രാത്രി നടന്ന ഈ സംഭവം ഐസക്കിനെ തീരാദുഖത്തില്‍ ആഴ്ത്തി.

മകനെ കൂടാതെ പെണ്‍മക്കളും ഭാര്യയും അടങ്ങുന്നതായിരുന്നു ഐസക്കിന്റെ സന്തോഷം നിറഞ്ഞ കുടുംബം. എന്നാല്‍ തന്റെ ആദ്യത്തെ കുട്ടിയും ഏക മകനുമായ ഐക്കിനുണ്ടായ ദുരന്തം അദ്ദേഹത്തെ വല്ലാതെ തകര്‍ത്തുകളഞ്ഞു. മരിക്കുമ്പോള്‍ മകന് 21 വയസുമാത്രമാണ് പ്രായമുണ്ടായിരുന്നത്.
ചെറുപ്പക്കാരനായ അവനെ എന്തിനാണ് വിളിച്ചത്, പകരം തന്റെ ജീവന്‍ എടുത്തുകൊള്ളാമായിരുന്നില്ലേ എന്നോക്കെ അദ്ദേഹം ദൈവത്തോട് പരാതി പറയുന്നുണ്ടായിരുന്നു. അവനെപറ്റി പറയാന്‍ ഐസക്കിന് നൂറുനാവായിരുന്നു. ഇതുവരെ തന്റെ മകനെപ്പറ്റി ഒരു പരാതിയും പിതാവായ ഐസക്കിന് കേള്‍ക്കേണ്ടി വന്നിട്ടില്ല. എപ്പോഴും സന്തോഷവാനായിരുന്നു ഐക്ക്. സ്വയം ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും അവന് ഏറേ ഇഷ്ടമായിരുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും വളരെയധികം സ്‌നേഹിച്ചിരുന്നവനായിരുന്നു അവന്‍. തനിക്ക് മാത്രമല്ല മറ്റ് എല്ലാവര്‍ക്കും അവന്‍ പ്രീയങ്കരനുമായിരുന്നു എന്നത് ഐസക്കിനെ വളരെയധികം സങ്കടപ്പെടുത്തിയിരുന്നു.

ദൈവം പ്രവര്‍ത്തിച്ച സമയം

കൊലപാതകിയായ ടക്കോയ ക്രീനര്‍ എന്ന ചെറുപ്പക്കാരനെ പോലീസ് വൈകാതെ പിടികൂടി. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ് ടക്കോയ അക്രമം നടത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. ഐക്ക് ജൂനിയറിന്റെ മൃതസംസ്‌ക്കാരം കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. വിചാരണ ദിവസമാണ് സ്വന്തം മകന്റെ ഘാതകനായ ടക്കോയയെ ഐസക്ക് ആദ്യമായി നേരില്‍ കാണുന്നത്.
ഐസക്ക് പറയുന്നു: ”താന്‍ ഒരു ദൈവവിശ്വാസിയാണ്. യേശുവിനെ വളരെയധികം സ്‌നേഹിച്ച ഒരു അമ്മയായിരുന്നു എന്റേത്. അതുകൊണ്ടുതന്നെ വളരെ ചെറുപ്പത്തില്‍ എനിക്ക് യേശുവിനെ അറിയാനും യേശുവിനെ എന്റെ ഉള്ളില്‍ സ്വീകരിക്കാനും സാധിച്ചിരുന്നു. ക്രിസ്തുവുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി. എതു പ്രതിസന്ധിയിലും ഞാന്‍ അവനെ വിളിച്ചിരുന്നു. പക്ഷേ മുതിര്‍ന്നപ്പോള്‍ ആ ബന്ധത്തിന്റെ തീക്ഷ്ണത കുറഞ്ഞുവന്നു.”
”പക്ഷേ ഇങ്ങനെ ഒരു ദുഖമുണ്ടായപ്പോള്‍ ഞാന്‍ വീണ്ടും ദൈവത്തിങ്കലേക്ക് തിരിഞ്ഞു. എന്റെ വിഷമതകളും വെറുപ്പും ക്ഷമിക്കാനാവാത്ത അവസ്ഥകളും യേശുവിനോട് നിരന്തരം പങ്കുവെയ്ക്കുമായിരുന്നു.” അദ്ദേഹം പറയുന്നു.

എന്റെ മകനെ കൊന്നവനോട് എനിക്ക് ക്ഷമിക്കാന്‍ കഴിയില്ല. എന്റെ കുട്ടിഅനുഭവിച്ച അതേവേദനയും ഞാന്‍ അനുഭവിച്ച സങ്കടവും അവനും അനുഭവിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. ടക്കോയയും മരണവേദന അനുഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ദൈവമേ അങ്ങാണ് എന്നെ സൃഷ്ടിച്ചത്. നീ തന്നതാണ് എനിക്ക് ഈ വികാരങ്ങളെല്ലാം. ദൈവമേ നിനക്കറിയാമല്ലോ ഒരുതെറ്റും ചെയ്യാത്ത എന്റെ പൊന്നോമന പെട്ടെന്നാണ് എനിക്ക് നഷ്ടമായത്. എന്റെ മകനെ എന്നില്‍നിന്നും വേര്‍പെടുത്തിയവനെ ഇല്ലാതാക്കണം; ഇത്തരം ചിന്തകള്‍ മൂന്നുവര്‍ഷമായി അദ്ദേഹം ദൈവവുമായി പങ്കുവെയ്ക്കുമായിരുന്നു. എന്നാല്‍ സമയത്തിന്റെ ഒഴുക്കില്‍ ദൈവം ഐസക്കിന്റെ ഉള്ളില്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. ഐസക്ക് അറിയാതെ… ”
വിചാരണയുടെ ആദ്യദിവസം ടക്കോയയെ ആദ്യമായി കോടതി മുറിയിലേക്ക് കൊണ്ടുവന്ന നിമിഷം. ഐസക്കിന്റെ ദൃഷ്ടികള്‍ ടക്കോയയുടെ മേല്‍പതിഞ്ഞതും ഒരു അത്ഭുതം ഐസക്കിന്റെ ഉള്ളില്‍ സംഭിച്ചു. കാലങ്ങളായി കൊണ്ടുനടന്ന പകയും വെറുപ്പും പെട്ടെന്ന് ഇല്ലാതായപോലെ. പകരം ടക്കോയയോട് സ്‌നേഹം തോന്നിത്തുടങ്ങി. അവനോട് ക്ഷമിക്കാന്‍ തോന്നി.

മരിച്ചുപോയ മകന്റെ എകദേശം അതേ പ്രായം തന്നെയാണ് അവനെന്ന് തോന്നി. ടക്കോയയെ വെറുക്കാന്‍ സാധിക്കാതെ വന്നു. ഈ അനുഭവം കൂടെയുള്ളവരോട് വിശദീകരിക്കാന്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടി.
‘അവനോട് എനിക്ക് തോന്നുമെന്ന് ഞാന്‍ വിചാരിച്ചതിനെതിരായ ചിന്തകളാണ് ആ സമയം എന്റെ മനസിലൂടെ കടന്നു പോയത്. അവനെ കണ്ടിട്ട് എനിക്ക് എന്റെ മോനെപ്പോലെ തോന്നി.’ ഐസക്ക് പങ്കുവെച്ചു.
‘ഞാന്‍ അപ്പോള്‍ ദൈവത്തോട് ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, അത് യഥാര്‍ത്ഥത്തില്‍ എന്നോട് തന്നെയുള്ള ചോദ്യമായിരുന്നു. ദൈവമേ എനിക്കിത് എന്തുപറ്റി? ‘ ഇതും പറഞ്ഞ് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

‘ദൈവമേ ഞാന്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ അവനെ വെറുക്കാത്തത്. തന്റെ മകനെ കൊന്നവനോട് ഒരു പിതാവിന് തോന്നേണ്ട വികാരങ്ങളൊന്നും എനിക്ക് തോന്നാത്തത് എന്താണ്. എനിക്ക് ഇവനോട് വളരെയധികം ദേഷ്യവും പ്രതികാരവും തോന്നേണ്ടതല്ലേ. മകന്റെ കൊലപാതകിയോട് തനിക്ക് അനുകമ്പ തോന്നുന്നത് എന്തുകൊണ്ട്?’ കോടതിമുറിയില്‍ വിചാരണക്കിടെ ഐസക് തന്റെ അവസ്ഥ ദൈവത്തോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.
വിദ്വേഷത്തിനുപകരം, താന്‍ ക്ഷമ തിരഞ്ഞെടുത്തിരിക്കുന്നു. തന്റെ മകനെ കൊന്ന മനുഷ്യനെ കെട്ടിപ്പിടിക്കാന്‍ പോലും താന്‍ ആഗ്രഹിച്ചു. ഒരു സംശത്തിനും ഇടനല്‍കാതെ അവസാനം അദ്ദേഹത്തിന് ഒരു കാര്യം അംഗീകരിക്കേണ്ടി വന്നു. തന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നത് ദൈവമാണെന്ന്.
വിചാരണയ്ക്ക് അവസാനം ടക്കോയ ക്രീനറിനെ മൂന്ന് ജീവപര്യന്ത ശിക്ഷയ്ക്ക് വിധിച്ചതുകേട്ട് ടക്കോയയുടെ കുടുംബാംഗങ്ങളുടെ കുട്ടനിലവിളികള്‍ കോടതി വരാന്തയില്‍ മുഴങ്ങി.

കരയിച്ച മറുപടി കത്ത്

ടക്കോയ ജയിലിലായെങ്കിലും ഐസക്ക് അവനെ ഓര്‍ക്കാറുണ്ടായിരുന്നു. തന്റെ മരിച്ചുപോയ മകനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന വേളയിലൊക്കെ ടക്കോയ്ക്കുവേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ഒന്നു, രണ്ടു വര്‍ഷങ്ങള്‍ ഇങ്ങനെ കടന്നുപോയി.
ഇടയ്ക്ക് ടക്കോയക്കായി ജയിലേക്ക് ഒരു കത്തെഴുതണമെന്ന ആഗ്രഹമുണ്ടായി. എഴുത്ത് ആരംഭിക്കുമെങ്കിലും പിന്നീട് അത് കീറിക്കളയും. അങ്ങനെ കുറച്ചു തവണ ആവര്‍ത്തിച്ചു.

എന്താണ് എഴുതേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. താന്‍ പറയുന്നത് കേള്‍ക്കാന്‍ അവന്‍ തയ്യാറാകുമോ? ഇങ്ങനെ തോന്നലുകള്‍ പലതും ഉണ്ടായി. അവസാനം അവന് ക്ഷമ നല്‍കികൊണ്ട് ആദ്യമായി ഒരു കത്ത് ജയിലേക്ക് അയച്ചു.
ജയില്‍ ജീവിതത്തെ കുറിച്ചൊക്കെ ചോദിച്ചതോടൊപ്പം ഒരു അപേക്ഷകൂടി ഐസക്ക് കത്തിന്റെ അവസാനം ചേര്‍ത്തു. മകന്‍ ഐക്ക് ബ്രൗണിന്റെ വേര്‍പാട് മൂലം തന്റെ ജീവിതത്തിലുണ്ടായ വിടവ് നികത്താന്‍ ആ സ്ഥാനത്തേക്ക് തന്റെ മകനായി ടക്കോയക്ക് കടന്നു വരാമോ എന്നായിരുന്നു അത്. അതുവഴി നമുക്ക് എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കത്തിന് മറുപടി കിട്ടുമോയെന്ന് ഐസക്കിന് അറിയില്ലായിരുന്നു. എന്നാല്‍ ഒരു മാസത്തിനുശേഷം അതിശയകരമായി ടക്കോയയുടെ മറുപടിക്കത്തുവന്നു. കത്ത് തുറന്നു വായിക്കാന്‍ ഐസക്കിന് ഭയമായിരുന്നു. എന്നാല്‍ അതിന്റെ ഉളളടക്കം ഇങ്ങനെയായിരുന്നു ”ദൈവം ഉണ്ടെന്ന് എനിക്ക് ഇപ്പോള്‍ ഉറപ്പായി. കാരണം ചെയ്ത തെറ്റിന് നാളുകളായി ഞാന്‍ ദൈവത്തോട് ക്ഷമ ചോദിക്കുകയായിരുന്നു. ക്ഷമ നല്‍കിയെങ്കില്‍ അതിന്റെ അടയാളവും ദൈവത്തില്‍നിന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ദൈവം അടയാളം തരുകയാണെങ്കില്‍, പിന്നെ എന്റെ ജീവിതം മുഴുവന്‍ ദൈവത്തിനായി തരും എന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു.”
ഇത്രയും വായിച്ചതും ഐസക്കിന്റെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞൊഴുകി. ഈ ലോകത്തെ ഏറ്റവും സുന്ദരമായ കത്ത് ഇതാണെന്ന് അദ്ദേഹത്തിന് തോന്നി. കത്തിന്റെ അവസാനത്തില്‍ അവന്‍ ഇങ്ങനെ എഴുതി, ”താങ്കളുടെ മകന്‍ ഐക്ബൗണ്‍ ജൂനിയറിന് പകരമാകാന്‍ എനിക്ക് യാതൊരു യോഗ്യതയുമില്ല. പക്ഷേ താങ്കള്‍ എന്നെ സ്വീകരിക്കുകയാണെങ്കില്‍, ഈ നിമിഷം മുതല്‍ താങ്കള്‍ എന്റെ പിതാവും ഞാന്‍ നിങ്ങളുടെ മകനുമായിരിക്കും.”

പുതിയ മകനും പുതിയ പിതാവും

നീണ്ടകാലം ജയില്‍ വാസത്തിനിടയില്‍ ടക്കോയ വളരെയധികം മാറിയിരുന്നു. അന്നത്തെ സംഭവം ഇപ്പോഴും ടക്കോയ്ക്ക് നല്ലതുപോലെ ഓര്‍മയുണ്ട്. ചെയ്ത തെറ്റിന് ദൈവത്തോട് ക്ഷമ ചോദിച്ച് ജീവിക്കുന്ന കാലത്താണ് ഐസക്കിന്റെ കത്ത് കിട്ടുന്നത്. അത് യഥാര്‍ത്ഥത്തില്‍ ദൈവം തനിക്ക് അയച്ച കത്തായി ടക്കോയ തിരിച്ചറിഞ്ഞു. ”ദൈവം ഐസക്കിലൂടെ എന്നോട് സംസാരിക്കുകയായിരുന്നു. അത് ശരിക്കും എന്നെ തകര്‍ത്തുകളഞ്ഞു. ദൈവം ജീവിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവിടുത്തെ സ്‌നേഹം, കരുണ, രക്ഷ എല്ലാം സത്യമാണ്. ഈശോ എപ്പോഴും എന്റെ കൂടെ നടക്കുന്നത് എനിക്ക് മനസിലാകുന്നുണ്ട്.” ടക്കോയ പങ്കുവെയ്ക്കുന്നു.

” ഇപ്പോള്‍ ഞാന്‍ ജീവപര്യന്ത ശിക്ഷയുടെ ഭാരവും പേറിയല്ല നടക്കുന്നത്. എന്റെ ഉള്ള് ശാന്തമാണ്. ഞാന്‍ സ്വതന്ത്രനാണ്. എനിക്ക് ചുറ്റും ദൈവത്തിന്റെ ശക്തിയും ആത്മാവുമുണ്ട്. ദൈവകരുണ ലഭിക്കുന്നത് അതിന് അര്‍ഹിക്കാത്തവര്‍ക്കാണ്. ഐസക്ക് എന്നെ അദ്ദേഹത്തിന്റെ കുടുംബാംഗമാക്കി. സ്‌നേഹം നല്‍കി, ഞാന്‍ ഇന്ന് ആ സ്‌നേഹത്തില്‍ വളരുന്നു. ഐസക്കിനെ ഞാന്‍ ഇന്ന് ഡാഡിയെന്നാണ് വിളിക്കുന്നത്. എത്ര മനോഹരമാണല്ലേ ദൈവത്തിന്റെ പദ്ധതികള്‍. ഇതിലൂടെ എല്ലാം വെളിവാക്കപ്പെടുന്നത് ദൈവത്തിന്റെ കരുണയല്ലാതെ മറ്റെന്താണ്?” ദൈവം തന്റെ ജീവിതത്തില്‍ ഇടപെട്ടതിനെക്കുറിച്ച് ടക്കോയ വാചാലനായി.
”ആദ്യമായി എന്നെ കാണാന്‍ വന്നപ്പോള്‍… അദ്ദേഹം എന്നെ കെട്ടിപിടിച്ചപ്പോള്‍ എനിക്ക് സന്തോഷം അടക്കാനായില്ല. ദൈവം തന്ന ഒരു അവസരമാണിതെന്ന് തിരിച്ചറിഞ്ഞു. ഐസക്കിന്റെ സ്‌നേഹം ആത്മാര്‍ത്ഥതയുള്ളതാണെന്ന് എനിക്ക് മനസിലായി. സ്‌നേഹത്തിന്റെ ഒരു ദൈവികമായ ഭാവം ഈ ബന്ധത്തില്‍ എനിക്ക് കാണാന്‍ സാധിക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തെ കാണുന്നത് എനിക്ക് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്.” ടക്കോയ പങ്കുവെച്ചു.
നിരവധി തവണ ഐസക്കും ടക്കോയയും ജയിലില്‍വച്ച് കണ്ടുമുട്ടുകയും സംഭാഷണം നടത്തുകയും ചെയ്തു. അങ്ങനെ അവസാനം നിയമപരമായി ടക്കോയ ക്രീനര്‍ എന്ന തന്റെ മകന്റെ കൊലയാളിയെ ഐസക്ക് ബൗണ്‍ സീനിയര്‍ തന്റെ സ്വന്തം മകനായി ദത്തെടുത്തു.

‘അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ യേശുവിനെ ക്രൂശിക്കില്ലായിരുന്നു എന്ന് ബൈബിളില്‍ പറയുന്നില്ലേ. അതുപോലെ അവനില്‍ സാത്താനാണ് അന്ന് പ്രവര്‍ത്തിച്ചത് എന്ന് അവന്‍ അന്ന് മനസിലാക്കിയിരുന്നെങ്കില്‍ അവന്‍ ഈ തെറ്റ് ചെയ്യില്ലായിരുന്നു,’ ഐസക്ക് പറയുന്നു.
”യേശു എന്നും നമുക്കായി നമ്മുടെ കൂടെതന്നെയുണ്ട്. യേശുക്രിസ്തു എന്റെ ജീവിതത്തിന്റെ അഭിഭാഷകനായി കടന്നു വരികയായിരുന്നു. ഞാന്‍ നിസഹായനായപ്പോള്‍ യേശു എനിക്കൊപ്പം നിന്നു. യേശുമാത്രമാണ് എനിക്ക് ആശ്രയിക്കാനുള്ളത്. കണ്ടില്ലേ ദൈവം ഒരോന്ന് ചെയ്യുന്നത്. എല്ലാത്തിനും യേശുവിന് അവന്റേതായ കാരണവും സമയവും രീതികളുമുണ്ട്.” ഐസക്ക് പറഞ്ഞ് അവസാനിപ്പിക്കുന്നു.
”യേശുക്രിസ്തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്നത്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു. അവിടുന്ന് ഇപ്രകാരം ചെയ്തത് തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞ തന്റെ കൃപയുടെ മഹത്വത്തിനും പുകഴ്ചയ്ക്കുംവേണ്ടിയാണ്. അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു” (എഫേസോസ് 1.5-7).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?