ജ്യേഷ്ഠനും അനുജനും സ്‌നേഹിച്ചും പങ്കുവച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. അവര്‍ക്കിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചെറിയൊരു തെറ്റിദ്ധാരണ ശത്രുതയായി മാറി. കണ്ടാല്‍ മുഖംതിരിക്കുന്ന വിധത്തിലേക്ക് പിണക്കം വേഗത്തില്‍ വളര്‍ന്നു. താമസിയാതെ ഇളയ സഹോദരന്‍ തന്റെ കൃഷിഭൂമിയുടെ അതിര്‍ത്തിയില്‍ നീളമുള്ള കിടങ്ങ് നിര്‍മ്മിച്ചു. അങ്ങനെ അവരുടെ വീടുകള്‍ തമ്മില്‍ ഉണ്ടായിരുന്ന വഴിയും അടഞ്ഞു. ഇതു കണ്ടപ്പോള്‍ ജ്യേഷ്ഠന്‍ തന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കോണ്‍ട്രാക്ടറെ വിളിച്ചിട്ടു പറഞ്ഞു, ”അവനുമായി ബന്ധപ്പെട്ടതൊന്നും എനിക്കിനി കാണണ്ടാ. അതുകൊണ്ട് മതിലിന്റെ ഉയരത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.” ആ വാക്കുകളില്‍ത്തന്നെ അനുജനോടുള്ള ദേഷ്യം നിറയുന്നുണ്ടെന്ന് കോണ്‍ട്രാക്ടര്‍ക്ക് തോന്നി.
നിര്‍ദേശങ്ങള്‍ നല്‍കിയിട്ട് അയാള്‍ നഗരത്തിലുള്ള ജോലി സ്ഥലത്തേക്കുപോയി.
ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മതിലിനു പകരം കിടങ്ങിനു മുകളിലൂടെ ഒരു പാലം നിര്‍മിച്ചിരിക്കുന്നതാണ് കണ്ടത്. ദേഷ്യത്തോടെ തിരിഞ്ഞപ്പോള്‍ പാലത്തിന്റെ മറ്റേ അറ്റത്ത് എല്ലാം നോക്കിക്കൊണ്ട് ഇളയ സഹോദരന്‍ നില്ക്കുന്നതു കണ്ടു. സഹോദരന്മാരുടെ കണ്ണുകള്‍ ഒരു നിമിഷം ഇടഞ്ഞു. ജ്യേഷ്ഠന്‍ പാലത്തിലൂടെ അനുജന്റെ സമീപത്ത് എത്തി. അയാള്‍ സഹോദരന്റെ കൈയില്‍ പിടിച്ചു. പെട്ടെന്ന് അനുജന്‍ ചേട്ടനെ കെട്ടിപ്പിടിച്ചു. രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞു. ഇതുകണ്ട് അവിടെനിന്നിരുന്ന കോണ്‍ട്രാക്ടര്‍ പോകാന്‍ തുടങ്ങി. ഉടനെ ജ്യേഷ്ഠന്‍ പറഞ്ഞു, ”പോകരുത്, എനിക്കു വേറെ ചില പണികള്‍കൂടിയുണ്ട്.” ”ഇനി ഇവിടെ നില്ക്കാന്‍ എനിക്കു സന്തോഷമാണ്. പക്ഷേ, സമയമില്ല, ഇതിലും പ്രയാസമുള്ള കുറെ പാലങ്ങള്‍ക്കൂടി നിര്‍മിക്കാനുണ്ട്.” എന്നു പറഞ്ഞുകൊണ്ട് തിരിഞ്ഞുനടക്കുമ്പോള്‍ അയാളുടെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. പാലങ്ങളായി മാറ്റേണ്ട മതിലുകള്‍ മനസുകളില്‍ ഉയര്‍ന്നുനില്ക്കുന്നുണ്ടോ എന്ന് ഈ ഈസ്റ്റര്‍ കാലത്ത് ആത്മപരിശോധന നടത്തണം.
Leave a Comment
Your email address will not be published. Required fields are marked with *