ഇ.എം പോള്‍
തന്റെ വിളിയും നിയോഗവും തിരിച്ചറിയാന്‍ പ്രായമാകുംമുമ്പുതന്നെ മുളവന വീട്ടില്‍ ബേബിയുടെ ഉള്ളില്‍ ഒരു മോഹമുദിച്ചു, ഒരു ദൈവാലയ ഗാനശുശ്രൂഷകനാകണം. അന്നത്തെ സുറിയാനി കുര്‍ബാനയിലെ ലളിതസുന്ദരമായ പാട്ടുകളുടെ വശ്യഭാവങ്ങള്‍ ബേബിയുടെ സഹജമായ സംഗീതാഭിമുഖ്യത്തെ തൊട്ടുണര്‍ത്തുകയായിരുന്നു. ഹാര്‍മോണിയം, ഡ്രം, ട്രയാംഗിള്‍ എന്നിവയാണ് അക്കാലത്തെ വിശുദ്ധ കുര്‍ബാനയിലെ വാദ്യോപകരണങ്ങള്‍. നല്ല താളബോധമുണ്ടായിരുന്ന ബേബിക്ക് പന്ത്രണ്ടാം വയസില്‍തന്നെ ട്രയാംഗിള്‍ വായിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെ ചങ്ങനാശേരി പാറേല്‍ പള്ളിയുടെ ഒരു സ്റ്റേഷന്‍ പള്ളിയായ പ്രാല്‍ സെന്റ് ആന്റണീസ് ദൈവാലയത്തിലെ ട്രയാംഗിള്‍ വായനയോടെയാണ് ആരംഭം. ഇന്ന് കേരളത്തിലെ മൂന്നു റീത്തുകളിലെയും ഏതാണ്ട് എല്ലാ രൂപതകളിലൂടെയും കടന്നുപോന്ന സംഗീതസപര്യ അന്‍പതു വര്‍ഷം പിന്നിടുമ്പോള്‍ ദൈവപരിപാലനയുടെ കുളിരണിഞ്ഞ ഒരുപാട് ഓര്‍മകളുണ്ട് ബേബിക്ക് പങ്കുവയ്ക്കാന്‍.
ദൈവാലയഗാന പരിശീലനം
1969-ല്‍ ചങ്ങനാശേരി രൂപതയുടെ മതബോധന വിഭാഗമായ സന്ദേശനിലയത്തി ന്റെ ഡയറക്ടര്‍ ഫാ. മാത്യു നടയ്ക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വാവാനിക്കുന്നേല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പുതിയ കുര്‍ബാനക്രമത്തിന്റെ ഗാനപരിശീലന ടീം രൂപീകരിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലി ന്റെ തീരുമാനപ്രകാരം പ്രാദേശിക ഭാഷകളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ അനുമതി ലഭിച്ചതോടെ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത കുര്‍ബാനക്രമത്തിലെ പാട്ടുകളുടെ പരിശീലനത്തിന് അവിടെ തുടക്കംകുറിക്കുകയായിരുന്നു.
മലബാറിലേക്ക്
1953-ല്‍ രൂപീകരിച്ച തലശേരി രൂപതയുടെ ആദ്യമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ ആവശ്യപ്രകാരം തലശേരി രൂപതയിലെ എടൂര്‍, ചെമ്പേരി, ആലക്കോട്, മരുതോങ്കര, കുളത്തുവയല്‍, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കോഴിക്കോട്, മണിമൂളി, പുല്‍പ്പള്ളി, നടവയല്‍ തുടങ്ങി 12 ഫൊറോനകളിലായി മൂവായിരത്തിലേറെ ഗായകര്‍ക്ക് പരിശീലനം നല്‍കി. ബേബിയുടെ സംഗീത ഗുരു ബേബി ജോണിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം.
1969-ല്‍ കാവുകാട്ടു പിതാവ് കാലംചെയ്തതിനെ തുടര്‍ന്ന് ചങ്ങനാശേരിയിലേക്ക് മടങ്ങിയ ഫാ. മാത്യു നടയ്ക്കലിനു പകരം തലശേരി രൂപതാംഗമായ ഫാ. ജോസഫ് കണിയാമറ്റമാണ് പിന്നീട് പരിശീലനത്തിന് നേതൃ ത്വം നല്‍കിയത്. അന്നത്തെ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജേ ക്കബ് തൂങ്കുഴിയുടെയും കോഴിക്കോട് മെത്രാന്‍ ഡോ. അല്‍ദോ മരിയ പത്രോണിയുടെയും അഭ്യര്‍ ത്ഥനപ്രകാരം ഇരുരൂപതകളിലും പരിശീലനം നല്‍കി. തിരുവനന്തപുരം മലങ്കര രൂപതാധ്യക്ഷന്‍ ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ്, കാഞ്ഞിരപ്പള്ളി, തൃശൂര്‍, ആലപ്പുഴ, കോട്ടയം എന്നീ രൂപതകളിലെ മെത്രന്മാര്‍, മോണ്‍ സി.ജെ. വര്‍ക്കി തുടങ്ങിയവരെല്ലാം അദ്ദേഹത്തി ന്റെ സേവനം തേടിയിട്ടുണ്ട്.
സംഗീത സംവിധായകന്‍
ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായിരുന്ന ഫാ. ഐസക് ആലഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് ഈണം നല്‍കിക്കൊണ്ട് സംഗീതസംവിധാനരംഗത്തും അദ്ദേഹം തന്റെ സാന്നിധ്യം ഉറപ്പിച്ചു. 1975-ല്‍ ഇറക്കിയ ‘കാരിസ് വോയ്‌സ്’ എന്ന കാസറ്റിലെ ഗാനങ്ങള്‍ ഏറെ പ്രശസ്തി നേടി. തുടര്‍ന്ന് ഫാ. ജെയിംസ് മഞ്ഞാക്കല്‍, ഫാ. ജോസ് മാറാട്ടില്‍, ഫാ. തോമസ് ആയില തുടങ്ങി നിരവധിപേരുടെ രചനകള്‍ക്ക് ബേബി ഈണം പകര്‍ന്നു. 25-ലേറെ ഭക്തിഗാന കാസറ്റുകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ക്ക് ബേബി സംഗീതം നല്‍കി.
മാര്‍പാപ്പയുടെ അനുഗ്രഹം
1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ കേരള സന്ദര്‍ശനവേളയില്‍ അര്‍പ്പിച്ച ബലികളില്‍ ഗാനശുശ്രൂഷ നയിച്ച ഫാ. മാത്യു വെള്ളാനിക്കലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തില്‍ ബേബി മുളവനയും അംഗമായിരുന്നു. പരിശുദ്ധ പിതാവിന്റെ കരം ചുംബിക്കുവാനും അനുഗ്രഹം സ്വീകരിക്കാനും കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ സ്മരണയാണെന്ന് അദ്ദേഹം പറയുന്നു. 30 വര്‍ഷത്തിലേറെ തുടര്‍ച്ചയായി ഹൈറേഞ്ച് മേഖലാ കാത്തലിക് കരിസ്മാറ്റിക് കണ്‍വെന്‍ഷനുകളില്‍ ഗാനശുശ്രൂഷ നയിക്കാന്‍ കഴിഞ്ഞത് വലിയ ദൈവകൃപയാലാണ്.
മ്യൂസിക് സ്‌കൂള്‍
കട്ടപ്പന രാഗം മ്യൂസിക്കല്‍സ് ആന്റ് സ്‌കൂള്‍ ഓഫ് മ്യൂസിക് എന്ന പേരില്‍ 1996-ല്‍ കട്ടപ്പനയില്‍ ആരംഭിച്ച സംഗീത വിദ്യാലയത്തില്‍ കീബോര്‍ഡ്, തബല, വയലിന്‍, ഗിറ്റാര്‍, ഡ്രംസ് തുടങ്ങിയ സംഗീതോപകരണങ്ങളും ശാസ്ത്രീയ സംഗീതവും ഡാന്‍സും പഠിപ്പിച്ചുവരുന്നു. ഇവിടെ പഠിച്ചിറങ്ങിയ നൂറുകണക്കിന് കുട്ടികള്‍ മികച്ച ഗാനമേളട്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഭാഗമാണ്. പ്രശസ്ത സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്റെ ശിക്ഷണത്തില്‍ പഠനം പൂര്‍ത്തിയാക്കി, ഇപ്പോള്‍ ശങ്കര്‍ മഹാദേവന്‍ അക്കാഡമിയില്‍ മ്യൂസിക് പ്രൊഡ്യൂസറായി ജോലി ചെയ്യുന്ന ഇടുക്കി ഭൂമിയാംകുളം സ്വദേശി ആല്‍ബിന്‍ ഡൊമിനിക് ബേബി മുളവനയുടെ ശിഷ്യനായി രാഗം മ്യൂസിക്‌സിലാണ് പ്രാഥമിക പരിശീലനം നേടിയത്.
സുവര്‍ണജൂബിലി
ദൈവാലയഗാനശുശ്രൂഷാരംഗത്ത് അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ ബേബി മുളവനയെ കാഞ്ഞിരപ്പള്ളി രൂപത ആദരിക്കുകയുണ്ടായി. ഇതോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ നടന്ന ദിവ്യബലിക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലാണ് മുഖ്യകാര്‍മികത്വം വഹിച്ചത്. 25 വൈദികര്‍ സന്നിഹിതരായിരുന്നു. അമ്പതു പേരടങ്ങുന്ന ഗായകസംഘമാണ് അന്ന് വിശുദ്ധ ബലിയില്‍ ഗാനങ്ങളാലപിച്ചത്. തനിക്ക് ലഭിച്ച പല അംഗീകാരങ്ങളില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായി ബേബി കണക്കാക്കുന്നത് ഈ ബലിയര്‍പ്പണും അതോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളുമാണ്. 25 വര്‍ഷമായി കട്ടപ്പന സെന്റ് ജോര്‍ജ് ഇടവകാംഗമാണ്.
സീറോ മലബാര്‍ സഭയ്ക്കുപുറമേ ലത്തീന്‍, മലങ്കര റീത്തുകളും ബേബി മുളവനയുടെ സേവനങ്ങളെ ആദരിച്ചിട്ടുണ്ട്. ശുശ്രൂഷയുടെ കാലയളവില്‍ കേരള കത്തോലിക്കാ സഭയിലെ ഏതാണ്ട് എല്ലാ രൂപതാധ്യക്ഷന്മാരുടെയും നിരവധി വൈദികരുടെയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് ബേബി കരുതുന്നു. അവസാനശ്വാസംവരെ ഈശോയ്ക്കുവേണ്ടി പാടണമെന്നതാണ് ബേബി മുളവനയുടെ ജീവിതാഭിലാഷം. ശുശ്രൂഷാരംഗത്ത് ഏറ്റവും ശക്തമായ പിന്തുണയും പ്രോത്സാഹനവും നല്‍കിയ വ്യക്തി തന്റെ ഭാര്യ മോളിയാണെന്ന് പറയാന്‍ ബേബിക്ക് അഭിമാനമാണ്. മോബിന്‍, ബിബി എന്നിവരാണ് മക്കള്‍.
Leave a Comment
Your email address will not be published. Required fields are marked with *