Follow Us On

02

May

2024

Thursday

മദര്‍ തെരേസയുടെ അതിഥി

മദര്‍ തെരേസയുടെ  അതിഥി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ പി.യു. തോമസ് എന്ന കോട്ടയത്തെ നവജീവന്‍ തോമസുചേട്ടനെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കി 16-ാം വയസില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 58 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 75-ാം വയസിലേക്ക് പ്രവേശിക്കുന്ന തോമസുചേട്ടന്‍ താന്‍ കണ്ടുമുട്ടിയ ‘മാലാഖ’മാരുടെ മുഖങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.

 

മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഏഴാം ക്ലാസുകാരിയായ മകള്‍ പി.യു തോമസ് എന്ന നവജീവന്‍ തോമസുചേട്ടനോട് ഒരു ആഗ്രഹം പറഞ്ഞു: 800 രൂപ വേണം, തനിക്കും അനിയത്തിക്കും യൂണിഫോമും പുസ്തകങ്ങളും ബുക്കും വാങ്ങുന്നതിനാണ്. മകളുടെ ആവശ്യം ന്യായമായിരുന്നെങ്കിലും വളരെ പരിമിതമായ സൗകര്യങ്ങളില്‍ വാടക വീട്ടില്‍ കഴിയുന്ന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതൊരു വലിയ തുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ അറ്റന്ററായിരുന്ന തോമസു ചേട്ടന് കിട്ടുന്ന ശമ്പളം മുഴുവനുംതന്നെ മാനസിക രോഗികളെ സംരക്ഷിക്കുന്നതിനും ആശുപത്രിയില്‍ കഴിയുന്ന നിര്‍ധനരായ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുമായി ചെലവഴിക്കുന്ന കാലം. ‘മോളേ, നീ പ്രാര്‍ത്ഥിക്ക് ദൈവം തരുമെന്ന്’ മറുപടി പറഞ്ഞത് ഹൃദയം നുറുങ്ങിയായിരുന്നു.

മനസില്‍നിന്നും മായാത്ത മുഖം
അക്കാലങ്ങളില്‍ ആശുപത്രിയിലെ ജോലിയും മാനസികരോഗികളുടെ ശുശ്രൂഷകളും കഴിയുമ്പോള്‍ രാത്രി ഏറെ വൈകുമായിരുന്നു. എങ്കിലും രാവിലെ 5.30-നുള്ള കുര്‍ബാനയ്ക്കായിരുന്നു പതിവായി പോയിരുന്നത്. പിറ്റേന്നു ദൈവാലയത്തില്‍ നില്ക്കുമ്പോള്‍ മകളുടെ ആഗ്രഹം മനസിലേക്കുവന്നു. അതുപോലും നടത്തിക്കൊടുക്കാന്‍ തനിക്കു കഴിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ കരഞ്ഞുപോയി. ഒരു പിതാവിന്റെ നിസഹായവസ്ഥ മുഴുവന്‍ കണ്ണീരിലുണ്ടായിരുന്നു. ദൈവത്തെപ്പോലും സങ്കടപ്പെടുത്തിയിട്ടുണ്ടാകും ആ കണ്ണീര്‍. കുടുംബസ്വത്തായി കിട്ടിയ സമ്പത്തു മുഴുവന്‍ ആരോരുമില്ലാത്തവരെ സംരക്ഷിക്കുന്നതിനായി ചെലവാക്കിയതുമൂലം അസൗകര്യങ്ങള്‍ നിറഞ്ഞ വാടകവീട്ടില്‍ താമസിക്കേണ്ടിവന്നെന്നുമാത്രല്ല, മക്കള്‍ക്ക് പുസ്തകവും ബുക്കുംപോലും വാങ്ങാന്‍ നിവൃത്തിയില്ലാതെ ഒരു മനുഷ്യന്‍ സങ്കടപ്പെടുമ്പോള്‍ അല്ലെങ്കിലും അതാരെയാണ് കരയിക്കാതിരിക്കുക?

ദൈവാലയത്തില്‍നിന്നും തിരിച്ചുവന്ന് വീടിന്റെ വരാന്തയിലിരുന്ന് കട്ടന്‍ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഏകദേശം 90 വയസുതോന്നിക്കുന്ന ഒരാള്‍ വന്നു. പി.യു തോമസ് അല്ലേ എന്നു ചോദിച്ചായിരുന്നു ആഗതന്‍ എത്തിയത്. അദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞുകൊണ്ട് തോമസുചേട്ടന്‍ എഴുന്നേറ്റു. വന്നയാള്‍ക്ക് ചായ കൊടുക്കാന്‍ കഴിയാത്തതില്‍ വിഷമം തോന്നി. പഞ്ചസാര ഇല്ലാത്തതിനാല്‍ മധുരമില്ലാത്ത ചായയായിരുന്നു അന്നു വീട്ടില്‍. ഇരിക്കാനൊന്നും സമയമില്ലെന്നു പറഞ്ഞ് അദ്ദേഹം ഒരു പൊതി നീട്ടിയിട്ടു പറഞ്ഞു, ഇതു നിന്റെ മക്കള്‍ക്കുള്ളതാണ്. 10 രൂപയുടെ 100 നോട്ടുകളായിരുന്നു അതിനുള്ളില്‍. മകള്‍ 800 രൂപ ചോദിച്ചപ്പോള്‍ ദൈവം നല്‍കിയത് 1000 രൂപ. നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ദൈവം അയച്ച ആ ‘മാലാഖ’യുടെ മുഖം ഇപ്പോഴും തോമസുചേട്ടന്റെ മനസില്‍നിന്നും മാഞ്ഞുപോയിട്ടില്ല. പിന്നീടൊരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല.

ഞായറാഴ്ചകളിലെ ചിക്കന്‍ പായ്ക്കറ്റുകള്‍
മകള്‍ക്ക് 800 നല്‍കാന്‍ ഇല്ലാതിരുന്ന തോമസുചേട്ടന്‍ ഇന്നും സമ്പന്നനല്ല. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് ദിവസവും 5000-ത്തിലധികം പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. ദിവസം 1,60,000 രൂപയും 70 പേരുടെ അധ്വാനവും വേണം. മാസം ഏതാണ്ട് 60 ലക്ഷം രൂപയുടെ ചെലവുവരും. കൂടാതെ നിര്‍ധനരായ 110 കിഡ്‌നിരോഗികള്‍ക്കും 30 കാന്‍സര്‍ രോഗികള്‍ക്കും മാസം 3,000 രൂപ വീതം നല്‍കിവരുന്നു. അതെ, ദൈവപരിപാലനയുടെ ജീവിക്കുന്ന സാക്ഷ്യമാണ് നവജീവന്‍ തോമസുചേട്ടന്റെ പ്രവര്‍ത്തനങ്ങള്‍.

അതിരാവിലെ മൂന്നു മണിക്കാണ് തോമസുചേട്ടന്റെ ദിവസം ആരംഭിക്കുന്നത്. കുട്ടികളുടെ ആശുപത്രി, മെഡിക്കല്‍ കോളജ്, ആയുര്‍വേദ ആശുപത്രി, ജില്ലാ ആശുപത്രി എന്നീ നാല് ആശുപത്രികളില്‍ വൈകുന്നേരവും ഭക്ഷണവിതരണം നടത്തുന്നുണ്ട്. സൈക്യാട്രി വാര്‍ഡില്‍ രാവിലെ ഡോക്‌ടേഴ്‌സിന്റെ റൗണ്ട്‌സിന് മുമ്പ് ഭക്ഷണം എത്തിക്കും. വന്നുപോകുന്ന ഡയാലിസിസ് രോഗികള്‍ക്ക് 11.30-ന് ഭക്ഷണം നല്‍കും. 12.30ന് കുട്ടികളുടെ വാര്‍ഡില്‍ ഭക്ഷണമെത്തിക്കും. അഡ്മിറ്റു ചെയ്തിരിക്കുന്ന ഡയാലിസിസ് രോഗികള്‍ക്ക് ഉച്ചകഴിഞ്ഞ് മൂന്നിന് ഭക്ഷണം നല്‍കും. കാന്‍സര്‍ വാര്‍ഡില്‍ സ്‌പെഷ്യല്‍ ഭക്ഷണമാണ് പലപ്പോഴും നല്‍കുന്നത്. രോഗികള്‍ക്കുമാത്രമല്ല അവരെ നോക്കുന്നവര്‍ക്കും. ഇതുകൂടാതെ 200-ലധികം മാനസിക രോഗികളെ സംരക്ഷിക്കുന്നുണ്ട്.

ഇതെല്ലാം ആളുകള്‍ അറിഞ്ഞു ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണെങ്കില്‍ രഹസ്യമായി ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. നവജീവന്റെ സമീപപ്രദേശങ്ങളിലുള്ള കുറെ വീടുകളില്‍ ഞായറാഴ്ച ദിവസം 1.5 കിലോ ചിക്കന്‍ പായ്ക്കറ്റുകളിലാക്കി നല്‍കും. പ്രായമുള്ളവരും കുട്ടികളുമുള്ള വീടുകളിലേക്ക് ഹോട്ടലുകളില്‍നിന്ന് പൊറോട്ടയും ചിക്കന്‍ കറിയും ബ്രഡും എത്തിക്കും. ചിലപ്പോഴൊക്കെ ബിരിയാണി നല്‍കും. പരിചയമുള്ള ഓട്ടോറിക്ഷക്കാരെ ഏല്പിക്കും. മറ്റാരെയും അറിയിക്കാതെ അവര്‍ സാധനങ്ങള്‍ കൃത്യമായി നല്‍കും. ഞായറാഴ്ചകളില്‍ ഇറച്ചികൂട്ടി ഭക്ഷണം കഴിക്കുന്നത് വലിയ സംതൃപ്തിയാണെന്നും അത്തരം ഭക്ഷണം കൊതിക്കുന്ന അനേകര്‍ ചുറ്റുപാടും ഉണ്ടെന്നും തോമസുചേട്ടന് നിശ്ചയമുണ്ട്. സ്വന്തം വീട്ടിലേക്ക് സ്വാദിഷ്ടമായ ഭക്ഷണത്തിനുള്ള വിഭവങ്ങള്‍ വാങ്ങുമ്പോള്‍ അടുത്തുള്ള പാവപ്പെട്ട വീട്ടിലേക്കുംകൂടി വാങ്ങി നല്‍കുന്ന സംസ്‌കാരം രൂപപ്പെടണമെന്ന് തോമസുചേട്ടന്‍ പറയുന്നു.

നവജീവനിലേക്കുള്ള വഴി
1966-ല്‍ രോഗിയായി മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് എത്തിയതാണ് 16-കാരനായ പി.യു തോമസ്. ആഹാരംപോലുമില്ലാതെ ബുദ്ധിമുട്ടുന്ന നിര്‍ധനരായ രോഗികളുടെ കഷ്ടപ്പാടുകള്‍ അവിടെവച്ച് അടുത്തറിഞ്ഞു. മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ വേദനിക്കുന്ന ഒരു മനസായിരുന്നു അവന്റേത്. പാവപ്പെട്ട രോഗികള്‍ക്ക് സ്വന്തം വീട്ടില്‍നിന്നും ഭക്ഷണംകൊണ്ടുവന്ന് കൊടുക്കാന്‍ തുടങ്ങി. അവിടെനിന്നായിരുന്നു നവജീവന്റെ തുടക്കം. 1969-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ അറ്റന്ററായി താല്ക്കാലിക ജോലി ലഭിച്ചു. 1973-ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റംകിട്ടി. 1989-ലാണ് നവജീവന്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. കോട്ടയം അതിരൂപതയിലെ വൈദികന്‍ ദിവംഗതനായ മോണ്‍. പീറ്റര്‍ ഊരാളില്‍ അച്ചന്റെ സഹായത്തോടെ കോട്ടയത്തെ മെറീന ലോഡ്ജില്‍ 1990-ല്‍ ഓഫീസ് തുറന്നു. മാനസിക രോഗികളെ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത സാഹചര്യംകണ്ട് മനസലിഞ്ഞാണ് അവരെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.

ഇപ്പോഴത്തെ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഒരു പ്രൈവറ്റ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ആ സമയത്ത് ഹോസ്റ്റലില്‍ ഒഴിവുവന്ന മുറിയില്‍ മാനസികരോഗികളെ താമസിപ്പിച്ചു. ആ മുറിക്കു നല്‍കിയ പേരായിരുന്നു നവജീവന്‍.
നവജീവന്റെ വളര്‍ച്ചയില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സഹായം നാഴികക്കല്ലായിരുന്നു. ആ വാടക മുറിയിലായിരുന്നു ആശുപത്രിയിലെ പാവപ്പെട്ട രോഗികള്‍ക്കുള്ള ഭക്ഷണം കുറെക്കാലം തയാറാക്കിയിരുന്നത്. പ്രവര്‍ത്തനങ്ങളോടു മതിപ്പുതോന്നിയ നാട്ടുകാര്‍ അരിയും തേങ്ങയും കപ്പയും കപ്പളങ്ങയും ചേമ്പും ചേനയുമൊക്കെ നല്‍കാന്‍ തുടങ്ങി. മോണ്‍. ഊരാളില്‍ അച്ചന്റെ ഇടപെടലുകളിലൂടെ സമീപത്തുള്ള വീടുകളില്‍നിന്നും പലവിധത്തിലുള്ള സഹായം ലഭിച്ചു. വാടകകെട്ടിടത്തില്‍ 44 അന്തേവാസികളായി. സ്വന്തമായി കെട്ടിടം അത്യാവശ്യമായി. കുടമാളൂരില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിന് സമീപത്തായി ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി.

ചാക്കില്‍ കിടന്നുറങ്ങിയ ദിവസങ്ങള്‍
രാജസ്ഥാനില്‍നിന്നും എങ്ങനെയോ കോട്ടയത്ത് എത്തിയ മാനസിക രോഗിയായ മനുഭായി എന്ന ഗര്‍ഭിണിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ചികിത്സകൊണ്ട് രോഗം ഭേദമായെങ്കിലും അവര്‍ക്ക് പോകാന്‍ ഇടമില്ലാത്തതിനാല്‍ അവരെ തിരുവനന്തപുരം മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരികെപോരാന്‍ തുടങ്ങിയപ്പോള്‍ എന്നെ ഉപേക്ഷിക്കരുതെ എന്നുപറഞ്ഞ് ആ സ്ത്രീ തോമസുചേട്ടന്റെ കാലില്‍പിടിച്ചു കരഞ്ഞത് ഹൃദയഭേദകമായിരുന്നു. കുടമാളൂരില്‍ നവജീവന്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മാനസിക രോഗാശുപത്രിയില്‍നിന്നും മനുഭായിയെ തിരികെകൊണ്ടുവന്നു.
ഒറ്റമുറി വീട്ടില്‍ കിടക്കാന്‍ പായില്ലാത്തതിനാല്‍ പഞ്ചസാരചാക്ക് വിരിച്ച് അതിനുമുകളില്‍ കിടന്നുറങ്ങിയ ദിവസങ്ങളും ധാരാളം. അതൊന്നും സങ്കടത്തോടുകൂടി ആയിരുന്നില്ല. ഇഷ്ടപ്പെട്ട് കഷ്ടപ്പെടുകയായിരുന്നു.

പ്രയാസങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാന്‍ കഴിയുന്നത് ഈശോ നല്‍കിയ കൃപയായിട്ടാണ് കാണുന്നത്. ഇതിനിടയില്‍ വിവാഹം കഴിച്ചു. നാലു പെണ്‍മക്കളും ജന്മനാ തളര്‍ന്ന ഒരു മകനുമായി അഞ്ച് മക്കള്‍ (മകന്‍ പിന്നീട് മരിച്ചു). 16 വര്‍ഷം വാടക വീട്ടില്‍ താമസിച്ചു. തോമസുചേട്ടന്റെ അവസ്ഥ മനസിലാക്കിയ സുഹൃത്തുക്കളാണ് പിന്നീട് അദ്ദേഹത്തിന് വീട് നിര്‍മിച്ചു നല്‍കിയത്. 2002-ല്‍ സര്‍വീസില്‍നിന്നും വിരമിച്ചു. ഉമ്മന്‍ ചാണ്ടിയായിരുന്നു അന്നു കേരളത്തിന്റെ മുഖ്യമന്ത്രി. പി.യു തോമസിന്റെ അസാധാരണമായ പ്രവര്‍ത്തനങ്ങളോടുള്ള സംസ്ഥാനത്തിന്റെ ആദരവ് എന്നോണം തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് സര്‍വീസ് നീട്ടിനല്‍കി. ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത് ആദ്യമായിട്ടായിരുന്നു. ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജിലെ വോളണ്ടറി (ശമ്പളം ഇല്ലാതെ) സ്റ്റാഫാണ്.

നാലു മക്കളും നഴ്‌സിങ്ങാണ് തിരഞ്ഞെടുത്തത്. പിതാവിന്റെ ആര്‍ദ്രതനിറഞ്ഞ മനസ് അവരെയും സ്വാധീനിച്ചിട്ടുണ്ടെന്ന് തീര്‍ച്ച. വിവാഹം കഴിഞ്ഞ് നാലുപേരും കേരളത്തില്‍ത്തന്നെ ജീവിക്കുന്നു. 10 കൊച്ചുമക്കളുടെ വല്യപ്പനാണ് താനെന്ന് തോമസുചേട്ടന്‍ പറയുന്നു. അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയായിരുന്നു ഭാര്യ സിസിലി നല്‍കിയത്. ശാരീരിക ക്ഷീണം ഉണ്ടെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളിലും ഇപ്പോഴും പങ്കുചേരുന്നു.

14 സ്വര്‍ണവളകള്‍
നവജീവന്റെ ഇന്നലെകള്‍ ദൈവം കരംപിടിച്ചു നടത്തിയ അനുഭവങ്ങളുടെ ചരിത്രമാണ്. നവജീവന്റെ ആദ്യ കെട്ടിടം പണിയുന്ന സമയത്ത് കടുത്ത സാമ്പത്തിക ഞെരുക്കമായിരുന്നു. എങ്ങനെ മുമ്പോട്ടുപോകുമെന്നറിയാതെ വിഷമിച്ച സമയത്ത് ഒരു വല്യമ്മ 14 സ്വര്‍ണവളകള്‍ സംഭാവന നല്‍കി. ആ വളകള്‍ വിറ്റാണ് പണികള്‍ തുടങ്ങിയത്. പിന്നീട് പല സ്ത്രീകളും സ്വര്‍ണവളകള്‍ നല്‍കാന്‍ ആരംഭിച്ചു. ദൈവത്തിന്റെ അത്ഭുതകരമായ പരിപാലന അനുഭവച്ചറിഞ്ഞ സമയമായിരുന്നത്. കെട്ടിടത്തിന്റെ പ്രധാന വാര്‍ക്കയുടെ ദിവസം വടവാതൂര്‍ സെമിനാരിയിലെ ബ്രദേഴ്‌സ് സഹായിക്കാന്‍ ഉണ്ടായിരുന്നു. ഒരു കര്‍ക്കിടവാവ് ആയിരുന്നു അന്ന്.

അന്തരീക്ഷം ഇരുണ്ടുമൂടി. ഏതു നിമിഷവും മഴപെയ്യുമെന്ന അവസ്ഥ. ബ്രദേഴ്‌സിന്റെ നേതൃത്വത്തില്‍ കാര്‍മേഘത്തിനുനേരെ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. കാര്‍മേഘം രണ്ടായി പിളരുന്ന അത്ഭുതകരമായ ദൃശ്യത്തിന് അവര്‍ സാക്ഷികളായി. പരിസരപ്രദേശങ്ങളില്‍ മഴ തകര്‍ത്തു പെയ്‌തെങ്കിലും വാര്‍ക്ക തീര്‍ന്നുകഴിഞ്ഞ് പ്രഭാതത്തില്‍ ചാറ്റല്‍മഴയാണ് അവിടെ ഉണ്ടായത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ശക്തമായ അടിത്തറപാകിയ വ്യക്തിയാണ് പി.യു തോമസ്. കുഗ്രാമങ്ങളില്‍വരെ മാനസികരോഗികളെ ശുശ്രൂഷിക്കുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അദ്ദേഹം കാരണമായി. അനേകം ആശുപത്രികളില്‍ വ്യക്തികളും സംഘടനകളും ഭക്ഷണം വിതരണം ആരംഭിച്ചതിന്റെ പ്രചോദനം തോമസുചേട്ടന്റെ മാതൃകയായിരുന്നു. നവജീവനില്‍നിന്നും 5-10 രോഗികളെ നല്‍കി ആരംഭിച്ച ജീവകാരുണ്യസ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.

ദിവസവും 5000-ത്തിലധികം പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. ദിവസം 1,60,000 രൂപയും 70 പേരുടെ അധ്വാനവും വേണം. മാസം ഏതാണ്ട് 60 ലക്ഷം രൂപ ചെലവുവരും. കൂടാതെ നിര്‍ദ്ധനരായ 110 കിഡ്‌നിരോഗികള്‍ക്കും 30 കാന്‍സര്‍ രോഗികള്‍ക്കും മാസം 3,000 രൂപ വീതം നല്‍കിവരുന്നു. ദൈവപരിപാലനയുടെ ജീവിക്കുന്ന സാക്ഷ്യമാണ് നവജീവന്‍ തോമസുചേട്ടന്റെ പ്രവര്‍ത്തനങ്ങള്‍.

സ്വര്‍ഗത്തില്‍നിന്ന് ജീവജലം
വിശക്കുന്ന മനുഷ്യരെപ്പറ്റി സ്വപ്‌നത്തിലൂടെ ദൈവം തോമസുചേട്ടനോട് സംസാരിച്ച അവസരങ്ങളും ഉണ്ട്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്നതിനിടയില്‍ ഒരിക്കലൊരു സ്വപ്‌നം കണ്ടു. ഏഴാം വാര്‍ഡില്‍ 33-ാം നമ്പര്‍ ബഡില്‍ കിടക്കുന്ന അപ്പാപ്പന് കഞ്ഞിമേടിച്ചുകൊടുക്കണം. കുഴയുള്ള ചോറ്റുപാത്രവും പിടിച്ച് ഒരാള്‍ നില്ക്കുന്നതും കണ്ടു. ആശുപത്രിയില്‍ പോയിവരാമെന്നു പറഞ്ഞ് വീട്ടില്‍ നിന്നും പെട്ടെന്നിറങ്ങി. അവിടെ ചെന്നപ്പോള്‍ ആ വൃദ്ധന്‍ പാത്രവുമായി അവിടെ ഉണ്ടായിരുന്നു. എനിക്കു കുറച്ച് കഞ്ഞി മേടിച്ചുതരുമോ, അച്ചാറുമൊഴിച്ച് എന്നായിരുന്നു ചോദിച്ചത്.

വീഴ്ചയില്‍ നടുവ് തളര്‍ന്ന ഒരു കോളജ് വിദ്യാര്‍ത്ഥിനി അടുത്ത വാര്‍ഡില്‍ കിടന്നിരുന്നു. കഞ്ഞി വാങ്ങി നല്‍കിയിട്ട് അവളുടെ അടുത്തുപോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ വെള്ളത്തുള്ളികള്‍ ഷര്‍ട്ടിലേക്ക് വീഴുന്നതു കണ്ടു. പിറകില്‍നിന്നിരുന്നവര്‍ വെള്ളമൊഴിച്ചതാണെന്നു വിചാരിച്ച് കണ്ണടച്ച് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു. അക്രൈസ്തവയായ സ്ത്രീയായിരുന്നു പിന്നില്‍ ഉണ്ടായിരുന്നത്. തിരിഞ്ഞുനോക്കിയപ്പോള്‍ അവര്‍ ചോദിച്ചു. ചേട്ടന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ മുകളില്‍നിന്നും വെള്ളത്തുള്ളികള്‍ വീഴുന്നതു കണ്ടു. എല്ലായിടത്തും പ്രാര്‍ത്ഥിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുമോ? ധ്യാന ഗുരുവായ വൈദികനോടു ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി-അത് സ്വര്‍ഗത്തില്‍നിന്നും ജീവജലം വീണതാണ് എന്നായിരുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ സ്വര്‍ഗത്തിന്റെ ആശീര്‍വാദവും ലഭിക്കുന്നുണ്ടെന്ന് തീര്‍ച്ച.

സ്‌നേഹിക്കേണ്ട മൂന്നു വിഭാഗങ്ങള്‍
40-50 വര്‍ഷങ്ങള്‍ക്കുമുമ്പ് സമ്പന്നരുടെ വീടുകളില്‍ ജോലി ചെയ്ത് ജീവിച്ചവരുടെ രണ്ട് തലമുറകഴിഞ്ഞപ്പോള്‍ അന്നത്തെ സമ്പന്നരുടെ മക്കള്‍ പഴയ ജോലിക്കാരുടെ വീടുകളില്‍ അതേ ജോലിചെയ്യുന്ന നിരവധി അനുഭവങ്ങള്‍ ഉണ്ട്. ഇന്നത്തെ സമ്പന്നന്‍ നാളെ സമ്പന്നന്‍ ആകണമെന്നില്ല. ഇന്നത്തെ ദരിദ്രന്‍ നാളത്തെ സമ്പന്നനാകുകയും ചെയ്യാം. സമ്പത്ത്, അധികാരം, ആരോഗ്യം എന്നത് അല്പകാലത്തേക്ക് മറ്റുള്ളവര്‍ക്കുവേണ്ടി ദൈവം നമുക്ക് നല്‍കിയതാണ്. ഇല്ലായ്മയുടെ നടുവില്‍ വേദനിച്ചു കഴിയുന്നവര്‍ക്ക് കൊടുക്കാന്‍ ഉത്തരവാദിത്വമുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ എന്റെ ഏതെങ്കിലുമൊരു തലമുറ അവരുടെ അടുത്തുചെന്ന് ഇതേകരച്ചില്‍ നടത്തേണ്ടിവരും; തോമസുചേട്ടന്‍ പറയുന്നു.

”സ്‌നേഹം പ്രതീക്ഷിക്കുന്നത് മൂന്നു വിഭാഗത്തിലുള്ള ആളുകളാണ്. മക്കളില്‍നിന്നും തിരസ്‌ക്കരണം ഏറ്റുവാങ്ങിയ പാവപ്പെട്ട മാതാപിതാക്കള്‍. അവര്‍ക്കാവശ്യം നല്ല തൈലവും കുഴമ്പും ബേക്കറി പലഹാരങ്ങളും ഹോട്ടലുകളില്‍നിന്നും വാങ്ങുന്ന നല്ല ഭക്ഷണവുമൊക്കെയായിരിക്കും. ഇതു നല്‍കുന്നത് വലിയൊരു ശുശ്രൂഷയാണ്. രണ്ടാമത്, പാവപ്പെട്ട വീടുകളിലെ-പ്രത്യേകിച്ച് കുടുംബകലഹമുള്ള വീടുകളിലെ കൊച്ചുകുട്ടികള്‍. അവര്‍ക്കു പൊറോട്ടയും ഐസ്‌ക്രീമും വാങ്ങാന്‍ ലഭിക്കുന്ന ചെറിയ തുകകളുമൊക്കെ എത്ര വലുതായാലും മനസില്‍നിന്നും മാഞ്ഞുപോകില്ല. മൂന്നാമത്, ചെറുപ്പക്കാരായ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ട വിധവകള്‍. അവര്‍ക്കു ആരോടും ചോദിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അങ്ങനെ ചങ്കുപൊട്ടി കരയുന്നവര്‍ക്കു നല്‍കിയാല്‍ കര്‍ത്താവു വലിയ അനുഗ്രഹം ചൊരിയും.”

റിവേഴ്‌സ് അപ്പു
ഏറ്റവും സാഹസികമായ ശുശ്രൂഷയാണ് തെരുവില്‍നിന്നും മാനസിക രോഗികളെ കൊണ്ടുവരുന്നത്. അവര്‍ ആക്രമിക്കാനുള്ള സാധ്യത ഏറെയാണ്. പോലീസുകാര്‍പോലും അടുക്കാന്‍ ഭയപ്പെട്ടിരുന്ന അക്രമകാരികള്‍ തോമസു ചേട്ടന്‍ വിളിച്ചാല്‍ കുഞ്ഞാടുകളെപ്പോലെ ശാന്തരായി കൂടെ വന്ന അനുഭവങ്ങളും നിരവധി. ദൈവം നല്‍കിയ സംരക്ഷണമാണെന്ന് തോമസുചേട്ടന്‍ പറയുന്നു. 40-ലധികം വര്‍ഷങ്ങള്‍ക്കൊണ്ട് 3,000-ത്തിലധികം രോഗികളെ കൊണ്ടുവന്നു. ആരും ഒരിക്കല്‍പ്പോലും ഉപദ്രവിച്ചിട്ടില്ല.

കോട്ടയം നഗരത്തിലൂടെ അലറിവിളിച്ചു നടന്നിരുന്ന ജടായു-ജെയിംസ് ചേട്ടന്‍, അക്രമകാരിയായിരുന്നതിനാല്‍ പോലീസുകാര്‍പ്പോലും അടുക്കില്ലായിരുന്നു. കച്ചവടക്കാര്‍ക്കു മുതല്‍ കാല്‍നടയാത്രക്കാര്‍ക്കുവരെ ഭയമായിരുന്നു. ഒരു ദിവസം പ്രാര്‍ത്ഥിച്ചിട്ട് അടുത്തുചെന്നു, ചേട്ടായി എന്റെ കൂടെ പോരൂ എന്നു പറഞ്ഞു. എതിര്‍ത്തൊന്നും പറയാതെ അയാള്‍ പിന്നാലെ വന്നു. ശരീരം മുഴുവന്‍ കുഴമ്പുതേച്ചതുപോലെ ചെളിയായിരുന്നു. മണിക്കൂറുകളോളം കുളത്തിലിറക്കി കുളിപ്പിക്കേണ്ടിവന്നു. റിവേഴ്‌സ് അപ്പു എന്നു വിളിക്കുന്ന അക്രമകാരിയായ മറ്റൊരാള്‍ കോട്ടയത്തുണ്ടായിരുന്നു. വര്‍ഷങ്ങളോളം പിറകോട്ടു നടന്നിരുന്ന മാനസിക രോഗി. ചികിത്സയിലൂടെ രണ്ടു പേരുടെയും രോഗം ഭേദമായി എന്നു മാത്രമല്ല, അവര്‍ മരിക്കുന്നിടംവരെ നവജീവനിലെ സഹായികളുമായിരുന്നു. ഇപ്പോള്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന മാനസികരോഗികള്‍ വളരെ കുറവാണെന്ന് തോമസുചേട്ടന്‍ പറയുന്നു. കാരണം, ഏതു ജില്ലയിലും അവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുണ്ട്.

ഗൃഹപ്രവേശനത്തിന് പ്രദേശത്തുള്ള പാവപ്പെട്ടവരെ വിളിക്കണം. തിരികെ പോകുമ്പോള്‍ ഒരു മാസത്തേക്കുള്ള അരിയും പലവ്യജ്ഞനങ്ങളും അടങ്ങിയ കിറ്റുകൂടി കൊടുത്തു വിടുക. മക്കളുടെ ആദ്യകുര്‍ബാനയോ പിറന്നാള്‍ ആഘോഷമോ
നടത്തുമ്പോള്‍ അടുത്തുള്ള പാവപ്പെട്ട വീട്ടില്‍ ഭക്ഷണം നല്‍കാന്‍ കഴിയണം.

 

മാര്‍പാപ്പയ്ക്ക് ഒരു ആല്‍ബം
പ്രശസ്തിയില്‍നിന്ന് അകന്നുനില്ക്കുന്നതാണ് പി.യു തോമസിന്റെ രീതി. അതുകൊണ്ടുതന്നെയാകും ദൈവം ഉയര്‍ത്തുന്നതും. കേരള സര്‍ക്കാരിന്റെ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1995-ല്‍ വിശുദ്ധ മദര്‍ തെരേസയുടെ ക്ഷണമനുസരിച്ച് കൊല്‍ക്കത്തയില്‍ ചെല്ലുകയും മഠത്തില്‍ ഒരു ദിവസം താമസിക്കുകയും അവിടെ പ്രസംഗിക്കുകയും ചെയ്തു. 2016-ല്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ അവസരം ലഭിച്ചു. എന്നുമാത്രമല്ല, ആലിലാലൃലിശേ (തികച്ചും യോഗ്യന്‍) എന്നൊരു ബഹുമതിയും പാപ്പ നല്‍കി. മാര്‍പാപ്പയ്ക്ക് ഒരു ആല്‍ബം സമ്മാനിക്കാനുള്ള അവസരവും ലഭിച്ചു. ഷാര്‍ജ സന്ദര്‍ശിച്ചത് ആ രാജ്യത്തിന്റെ ക്ഷണം അനുസരിച്ച് ചീഫ് ഗസ്റ്റായിട്ടായിരുന്നു. തോമസുചേട്ടന്റെ പ്രവര്‍ത്തനങ്ങളുടെ മുകളില്‍ ദൈവം ചാര്‍ത്തിയ അംഗീകാരമുദ്രകളായിരിക്കാം അവയെല്ലാം.

തോമസുചേട്ടന്റെ മനസില്‍ ഒരു സ്വപ്‌നമുണ്ട്-അതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഇപ്പോള്‍. ഭക്ഷണം നല്‍കുമ്പോള്‍ കഴിക്കുന്നവരുടെ വിശപ്പുമാത്രമേ മാറൂ. അതോടൊപ്പം ആത്മീയ വിശപ്പുകൂടി മാറണമെന്നാണ് തോമസുചേട്ടന്റെ പക്ഷം. കോളജുകളിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്കുവേണ്ടി അവധി ദിവസങ്ങളില്‍ പ്രശസ്തരായ ധ്യാനടീമുകളുടെ ധ്യാനങ്ങള്‍ സംഘടിപ്പിക്കുക, പാവപ്പെട്ട ഇടവകകള്‍ക്കുവേണ്ടി ധ്യാനം നടത്തുക. അതിനുവരുന്ന ചെലവു വഹിക്കാനും ഒരുക്കമാണ്.

കുന്തിരിക്കം പ്രാര്‍ത്ഥനയോടെ
ആധുനിക ലോകത്ത് ആധുനിക മാനസാന്തരം ആവശ്യമുണ്ടെന്നാണ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ തോമസുചേട്ടന്‍ ചൂണ്ടിക്കാണിക്കുന്നത്. ഗൃഹപ്രവേശനത്തിന് വിവിധ തരത്തിലുള്ള വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുന്നത് ഇപ്പോള്‍ പതിവാണ്. അത്തരം ചടങ്ങുകളിലേക്ക് അവിടെയുള്ള പാവപ്പെട്ടവരെ വിളിക്കണം. തിരികെ പോകുമ്പോള്‍ ഒരു മാസത്തേക്കുള്ള അരിയും പലവ്യജ്ഞനങ്ങളും അടങ്ങിയ കിറ്റുകൂടി നല്‍കുക. സ്വന്തം വീട്ടില്‍ സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അതില്ലാത്ത ഒരു വീട്ടില്‍ നല്‍കണം.

മക്കളുടെ ആദ്യകുര്‍ബാനയോ പിറന്നാള്‍ ആഘോഷമോ നടത്തുമ്പോള്‍ അടുത്തുള്ള പാവപ്പെട്ട വീട്ടില്‍ ഭക്ഷണം നല്‍കാന്‍ കഴിയണം. അയല്‍വക്കത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസു പണമില്ല, നല്ല വസ്ത്രമില്ല. അവര്‍ക്ക് വസ്ത്രം വാങ്ങിനല്‍കാന്‍ കഴിഞ്ഞാല്‍ അതു സുവിശേഷ പ്രവര്‍ത്തനമാണ്. അയല്‍പക്കങ്ങളില്‍ സങ്കടപ്പെട്ട് കഴിയുന്നവര്‍, കിടപ്പുരോഗികള്‍, ജപ്തി ഭീഷണിയില്‍ കഴിയുന്നവര്‍ ആരൊക്കെയാണെന്ന് അന്വേഷിക്കണം. ആരുമറിയാതെ അവരെ സഹായിക്കുമ്പോള്‍ ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ പൊതിയും. അത്തരമൊരു ആത്മീയതയാണ് കാലം ആവശ്യപ്പെടുന്നതെന്നാണ് തോമസുചേട്ടന്‍ പറയുന്നത്.

എത്ര മനോഹരമായ വീടു പണിതാലും ആ വീടിന്റെ നടുമുറിയില്‍ എന്റെ മൃതശരീരം കിടത്തുന്ന ഒരു ദിവസം ഉണ്ടെന്നത് ഓര്‍ക്കണം. സെമിത്തേരിയില്‍ അവസാനത്തെ ശുശ്രൂഷയില്‍ പങ്കുചേരുമ്പോള്‍- സ്ലാബ് മൂടുന്നതിനുമുമ്പ് ഒരാളെങ്കിലും കുന്തിരിക്കം അകലെനിന്നു വലിച്ചെറിയാതെ ഹൃദയം നിറയുന്ന പ്രാര്‍ത്ഥനകളോടെ അടുത്തുനിന്ന് ഇടാന്‍ കഴിയുന്ന വിധത്തില്‍ ജീവിക്കണമെന്നാണ് 58 വര്‍ഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തോമസുചേട്ടന്‍ ഓര്‍മിപ്പിക്കുന്നത്.
പി.യു തോമസ് മൊബൈല്‍: 8943363154.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?