ഈ വര്‍ഷം ദുഃഖവെള്ളി ദിനത്തില്‍ റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിക്ക് ധ്യാനചിന്തകള്‍ എഴുതുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാവുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദുഃഖവെള്ളിദിനത്തിലെ കുരിശിന്റെ വഴിക്കുള്ള ധ്യാനചിന്തകള്‍ പാപ്പ എഴുതുന്നത്. പീഡാനുഭവ യാത്രയുടെ ഓരോ സ്റ്റേഷനിലും യേശു അനുഭവിക്കുന്ന കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ധ്യാനചിന്തകളാവും പാപ്പ നല്‍കുന്നത്. ‘ പ്രാര്‍ത്ഥനയോടെ യേശുവിനോടൊപ്പം കുരിശിന്റെ വഴിയില്‍’ എന്നതാവും പാപ്പ എഴുതുന്നധ്യാനചിന്തകളുടെ പ്രമേയം.
2025 ജൂബിലി വര്‍ഷത്തിന് മുന്നോടിയായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പാപ്പ തന്നെ ഈ വര്‍ഷത്തെ ദുഃഖവെള്ളി ദിനത്തിലെ കുരിശിന്റെ വഴിക്കുള്ള ധ്യാനചിന്തകള്‍ എഴുതാന്‍ തീരുമാനിച്ചത്. റോമന്‍ ക്രൈസ്തവര്‍ക്ക് ചരിത്രപരമായും ആത്മീയമായും ഏറെ പ്രാധാന്യമുള്ള ഭക്താഭ്യാസമാണ് കൊളോസിയത്തിലെ കുരിശിന്റെ വഴി. രണ്ടായിരാമാണ്ട് മഹാജൂബിലി വര്‍ഷത്തോടനുബന്ധിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും കുരിശിന്റെ വഴിക്കുള്ള വിചിന്തനങ്ങള്‍ രചിച്ചിരുന്നു.
എഡി ഒന്നാം നൂറ്റാണ്ടില്‍ ഫ്‌ളാവിയന്‍ രാജവംശത്തിന്റെ കാലത്താണ് ഫ്‌ളാവിയന്‍ ആംഫിതിയേറ്ററെന്നും അറിയപ്പെടുന്ന കൊളോസിയം നിര്‍മിക്കുന്നത്. റോമിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഈ പടകൂറ്റന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ഗ്ലാഡിയേറ്റര്‍മാര്‍ തമ്മിലുള്ള പോരാട്ടങ്ങളും റോമിലെ നാടപ്രദര്‍ശനങ്ങളും സൈനികാഭ്യാസങ്ങളും നടന്നിരുന്നത്.
ആദിമസഭയിലെ മതമര്‍ദ്ദനകാലഘട്ടത്തില്‍ നിരവധി ക്രൈസ്തവര്‍ ഇവിടെ രക്തസാക്ഷിത്വം വരിച്ചതായി പാരമ്പര്യം പറയുന്നു. 1964-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ കാലം മുതലാണ് വിശുദ്ധവാരത്തില്‍ ഇവിടെ സ്ഥിരമായി കുരിശിന്റെ വഴി നടത്താന്‍ ആരംഭിച്ചത്. ദുഃഖവെള്ളി ദിനത്തില്‍ പ്രാദേശിക സമയം രാത്രി 9:15 ന് ആരംഭിക്കുന്ന കുരിശിന്റെ വഴിക്ക് മുന്നോടിയായി പാപ്പയുടെ വിചിന്തനങ്ങള്‍ പ്രസിദ്ധീകരിക്കും.
Leave a Comment
Your email address will not be published. Required fields are marked with *