Follow Us On

06

January

2025

Monday

വന്യജീവി ആക്രമണങ്ങള്‍: കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം

വന്യജീവി ആക്രമണങ്ങള്‍: കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം
കൊച്ചി: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കു നീതി ലഭിക്കുന്നതിനു വേണ്ടി തെരുവിലിറങ്ങിയ കര്‍ഷര്‍ക്കും മലയോര നിവാസികള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളും  ഏപ്രില്‍ 20ന് മുമ്പ് പിന്‍വലിക്കണമെന്ന് സീറോമലബര്‍ സഭ. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദ പ്രദേശങ്ങളെ (ഇഎസ്എ), വന്യജീവി ആക്രമണങ്ങള്‍ എന്നീ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോള്‍ സംസ്ഥാനത്തെ ഇഎസ്എ വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന് ഏപ്രില്‍ 30 നു മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അടിയന്തര ഉത്തരവ് സമൂഹത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് മാര്‍ താഴത്ത് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ അന്തിമവിജ്ഞാപനത്തിനായി സംസ്ഥാനത്തോട് തിരുത്തലുകള്‍ ആവശ്യപ്പെട്ടിട്ടും ഇതു സംബന്ധിച്ച വിശദമായ പഠനം നടത്തുന്നതിനായി  ലഭ്യമായിരുന്ന സമയം പാഴാക്കിയ ശേഷം മൂന്നുമാസം കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി നീട്ടി ചോദിച്ചിരിക്കുകയാണ്.
ഇഎസ്എ ഷേപ്പ് ഫയല്‍ (സ്ഥല വിവരങ്ങള്‍) പുനര്‍ നിര്‍ണയത്തില്‍ ബോധപൂര്‍വ്വമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്.  ഇഎസ്എ പരിധിയില്‍പെട്ടുപോയ 92 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ  ഒഴിവാക്കാതെയും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍  കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോട്ടില്‍ ഈ വില്ലേജുകളിലെ വനവിസ്തൃതിയില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താതെയുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇഎസ്എവില്ലേജ് ഷേപ്പ് ഫയല്‍ തയാറാക്കിയിരിക്കുന്നത്.
അവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ മൂലം കേരളത്തിലെ 106 പഞ്ചായത്തുകളില്‍ ജീവിക്കുന്ന 35 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. സംസ്ഥാന വനംവകുപ്പ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് ആത്മാര്‍ത്ഥതയില്ലാത്തതാണെന്നു വിശ്വസിക്കേണ്ട സാഹച ര്യമാണ് ഇപ്പോഴുള്ളത്. മറ്റു സ്ഥലങ്ങളില്‍ നിന്നുപിടിക്കുന്ന വിഷസര്‍പ്പങ്ങളെയും ക്ഷുദ്രജീവികളെയും വനാതാര്‍ത്തി യോടുചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളില്‍ തുറന്നുവിടുന്നത് ആളുകളെ അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇഎസ്എ പരിധിയില്‍ നിന്നും  ജനവാസപ്രദേശങ്ങളും കൃഷിഭൂമിയും റവന്യൂഭൂമിയും പൂര്‍ണമായും ഒഴിവാക്കണമെന്നും മന്ത്രിമാരും ജനപ്രതിനിധികളും തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ ഉദ്യോഗസ്ഥരുടെ മാത്രം മേല്‍നോട്ടത്തില്‍ പ്രസ്തുത റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?