Follow Us On

19

May

2025

Monday

ശാസ്ത്രം എന്തുപറയുന്നു? ടൂറിനിലെ അത്ഭുത തിരുവസ്ത്രത്തില്‍ യേശുവിന്റെ ചിത്രമോ?

ശാസ്ത്രം എന്തുപറയുന്നു?  ടൂറിനിലെ അത്ഭുത തിരുവസ്ത്രത്തില്‍ യേശുവിന്റെ  ചിത്രമോ?

മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ ഒരുപക്ഷേ ടൂറിനിലെ തിരുക്കച്ചയോളം പ്രധാനപ്പെട്ടതും വിവാദവിഷയവുമായ മറ്റൊരു തിരുശേഷിപ്പും ഉണ്ടായിട്ടുണ്ടാവില്ല. ടൂറിനിലെ തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്നത് യഥാര്‍ത്ഥ മനുഷ്യന്റെ പ്രതിരൂപമാണോ? ആണെങ്കില്‍ അത് ആരുടേതാണ്? ടൂറിനിലെ തിരുക്കച്ച യഥാര്‍ത്ഥത്തില്‍ ഈശോയുടെ മൃതശരീരം അടക്കം ചെയ്യാനുപയോഗിച്ച തുണി തന്നെയാണോ? ഈ തിരുക്കച്ച ശാസ്ത്രീയമായി പഠനവിധേയമാക്കിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ കാലങ്ങളായിട്ട് ഉയര്‍ന്ന് കേള്‍ക്കുന്നു.

14 അടി നാലിഞ്ച് നീളവും മൂന്ന് അടി എട്ടിഞ്ച് വീതിയും ഒരു ടീഷര്‍ട്ടിന്റെ ഘനവുമുള്ള മൃതസംസ്‌കാരത്തിനുപയോഗിക്കുന്ന ലിനന്‍ വസ്ത്രമാണ് ടൂറിനിലെ തിരുക്കച്ച എന്ന പേരില്‍ ഇന്നറിയപ്പെടുന്ന വസ്ത്രം. യേശുവിന്റെ മൃതശരീരം പൊതിയാനുപയോഗിച്ച വസ്ത്രമായി  വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ച 1300 കളുടെ അവസാനത്തില്‍ തന്നെ ഫ്രാന്‍സില്‍ വണങ്ങപ്പെട്ടിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.1578-ല്‍ ഇറ്റലിയിലെത്തിച്ച തിരുക്കച്ച 1694 മുതല്‍ ഇറ്റലിയിലെ ടൂറിനിലുള്ള സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലിലാണ് സൂക്ഷിച്ചിരിക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രം പൊതുദര്‍ശനത്തിന് വയ്ക്കാറുള്ള തിരുക്കച്ചയുടെ ആധികാരികതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രൈസ്തവരുടെ ഇടയില്‍ മാത്രമല്ല ശാസ്ത്രലോകത്തും സജീവമാണ്.

പുതിയ നിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ കുരിശുമരണത്തിന് സമാനമായ മരണം വരിച്ച വ്യക്തിയുടെ മുഖത്തിന്റെയും കൈകളുടെയും ശരീരത്തിന്റെയും പ്രതിരൂപം ഈ തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്നു എന്നത് ഇത് ക്രിസ്തുവിനെ അടക്കാനുപയോഗിച്ച തിരുക്കച്ച തന്നെയാണെന്ന പാരമ്പര്യത്തിന് ബലം പകരുന്നു. തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്ന പ്രതിരൂപം ഏതെങ്കിലും കളറോ, ദ്രാവകമോ ഉപയോഗിച്ച് ഉണ്ടാക്കിയതല്ലെന്ന് 1978 ല്‍ നടത്തിയ വിശദമായ ശാസ്ത്രീയ പരിശോധനകളില്‍ വ്യക്തമായിരുന്നു. കൂടാതെ രക്തക്കറ പോലെ കാണപ്പെട്ടത് യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ രക്തക്കറ തന്നെയാണെന്നും യുഎസില്‍ നിന്നുള്ള 26 ശാസ്ത്രജ്ഞരുടെ ഈ സംഘം കണ്ടെത്തി.

1532-ല്‍ ഫ്രാന്‍സിലെ ചേംബറിയില്‍ സൂക്ഷിച്ചിരുന്ന സമയത്തുണ്ടായ അഗ്‌നിബാധിയിലാണ് തിരുക്കച്ചയില്‍ ഇന്ന് കാണുന്ന രണ്ട് നീണ്ട പാടുകള്‍ രൂപപ്പെട്ടത്. ഈ രണ്ട് പാടുകള്‍ക്കിടയിലായാണ് ക്രൂശിതനായ യേശുവിന്റെ രൂപം തിരുക്കച്ചയില്‍ കാണാന്‍ സാധിക്കുന്നത്. കൂടാതെ അന്ന് തീ കെടുത്തുന്നതിനായി  തിരുക്കച്ച സൂക്ഷിച്ചിരുന്ന പെട്ടിക്ക് മുകളില്‍ വെള്ളം കോരി ഒഴിച്ചപ്പോള്‍ ഉണ്ടായ കറപ്പാടുകളും തിരുക്കച്ചയില്‍ കാണാന്‍ സാധിക്കും. തലയോട്ടിയുടെ ഭാഗത്ത് മുള്‍മുടി ധരിച്ചതുമൂലമുണ്ടായ മുറിവുകളുടെ പ്രതിരൂപവും തിരുക്കച്ചയില്‍ വ്യക്തമാണ്.

മുള്‍മുടി ധരിപ്പിക്കപ്പെട്ട് കുരിശുമരണം വരിച്ചതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന ഏക വ്യക്തി യേശു ആണെന്ന വസ്തുത ടൂറിനിലെ തിരുക്കച്ച യേശുവിന്റെ മൃതശരീരം പൊതിയാനുപയോഗിച്ച യഥാര്‍ത്ഥ വസ്ത്രമാണെന്നതിന് ബലമേറ്റുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ ക്രിസ്തുവിന്റെ മരണോത്ഥാനങ്ങളോട് ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ടൂറിനിലെ തിരുക്കച്ച ക്രൈസ്തവ വിശ്വാസികളുടെ വികാരമാണ്. മനുഷ്യകുലത്തെ രക്ഷിക്കാനായി ക്രിസ്തു അനുഭവിച്ച പീഢാസഹനങ്ങള്‍ അടയാളപ്പെടുത്തപ്പെട്ട തെളിവാണത്.

ശാസ്ത്രീയമായി തെളിയിച്ചാലും ഇല്ലെങ്കിലും അത് ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതേസമയം തന്നെ തിരുക്കച്ചയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്തോറും അതിന്റെ ആധികാരികത വിശ്വാസികള്‍ക്ക് കൂടുതല്‍ വ്യക്തമായി വരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകളാവണം തിരുക്കച്ചയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഏവരുടെയും മനസുകളില്‍ മുഴങ്ങുന്നത് -”ഒരു വിശ്വാസിയെ സംബന്ധിച്ച് തിരുക്കച്ച സുവിശേഷത്തിന്റെ കണ്ണാടിയായി മാറുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തങ്ങളിലേക്ക് തന്നെ തിരിയാതെ അവരുടെ ഹൃദയങ്ങളെ അത് യേശുവിലേക്ക് തിരിക്കുന്നു.”

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?