ന്യൂഡല്‍ഹി: കത്തോലിക്ക സഭയുടെ സമൂഹിക സേവന സംഘടനയും ദുരിതബാധിതര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്വാസവുമായ കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടന. ബിജെപിയുടെ കീഴിലുളള ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയാണ് ഈ അവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനം ഭാരതത്തിന്റെ ദേശീയവും സാമൂഹികവും സാമ്പത്തികവുമായ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് സംഘടനയുടെ ആരോപണം.
എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിലെ ഗവണ്‍മെന്റിന്റെ എല്ലാ മാര്‍ഗരേഖകളും അനുസരിച്ചുകൊണ്ടാണ് കാരിത്താസ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നും കാരിത്താസ് ഇന്ത്യ വക്താവ് അറിയിച്ചു. ഇലക്ഷന്‍ കാലത്ത് ജനങ്ങള്‍ക്കിടയില്‍ അനൈക്യവും സന്ദേഹവും വളര്‍ത്തുന്നതിനുവേണ്ടിയുളള പരിശ്രമമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരിത്താസ് ഇന്ത്യ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
മാര്‍ച്ച് 21 ന് നല്‍കിയ പരാതിയില്‍ കാരിത്താസ് ഇന്ത്യയുടെ വിദേശ സംഭാവനകള്‍ സ്വീകരിക്കുവാനുള്ള ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 2014 ല്‍ ബിജെപി ഭരണത്തിലെത്തിയതിനുശേഷം ഇന്ത്യയിലെ പല എന്‍ജിഒ കളുടെയും ഇത്തരത്തിലുളള ലൈസന്‍സ് റദ്ദാക്കിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *