ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അധ്യാപകനായ ജെസ്യൂട്ട് വൈദികന്‍ ഫാ. ലാഡിസ്ലൗസ് ചിന്നദുരൈ നിര്യാതനായി. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ ബെസ്ചി ഇല്ലത്ത് അന്തരിച്ച ഇദ്ദേഹത്തിന് 100 വയസായിരുന്നു.
അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ മധുര ഈശോ സഭാ പ്രൊവിന്‍സിന് വിശുദ്ധനായ ഒരു പുരോഹിതനെ നഷ്ടപ്പെട്ടുവെന്ന് പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് അമൃതം സന്ദേശത്തില്‍ പറഞ്ഞു.
1923 ജൂണ്‍ 13-ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ഫാ. ചിന്നദുരൈ ജനിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ട്രിച്ചിയില്‍നിന്നുള്ള ആദ്യത്തെ ബ്രാഹ്‌മണനായ മഹാദേവ അയ്യരുടെ ചെറുമകനായ ഫാ. ചിന്നദുരൈ തന്റെ 39-ാം വയസില്‍ അധ്യാപന ജീവിതം ഉപേക്ഷിച്ച് 1962 -ല്‍ സൊസൈറ്റി ഓഫ് ജീസസില്‍ അംഗമാകുകയായിരുന്നു.
ഫാ. ചിന്നദുരൈയുടെ ജ്യേഷ്ഠന്‍ ഫാ. ലോറന്‍സ് സുന്ദരം ലയോള കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. മറ്റ് രണ്ട് സഹോദരങ്ങള്‍ കന്യാസ്ത്രീകളാണ്.
1970 മാര്‍ച്ച് 13-ന് വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് ഭൗതികശാസ്ത്രം പഠിപ്പിക്കാനാരംഭിച്ചു. അന്ന് കലാം അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു. 1950-1954 കാലത്ത് തിരുച്ചി സെന്റ് ജോസഫ് കോളജില്‍ കലാമിനെ ഭൗതികശാസ്ത്രം (ന്യൂക്ലിയര്‍ ഫിസിക്‌സും തെര്‍മോഡൈനാമിക്‌സും) പഠിപ്പിച്ചു.
ഫാ. ചിന്നദുരൈ തനിക്ക് എന്നും പ്രചോദനമായിരുന്നുവെന്ന് പറയുന്ന കലാം തന്റെ ആത്മകഥയായ ‘അഗ്‌നിചിറകുക’ളില്‍ ഫാ. ചിന്നദുരൈയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
2015-ല്‍ കലാം അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ഫാ. ചിന്നദുരൈയെ ഇങ്ങനെ പറഞ്ഞു, ”60 വര്‍ഷത്തിനുശേഷവും കലാം എന്നെയും എന്റെ പഠിപ്പിക്കലിനെയും ഓര്‍ത്തു. ഞാന്‍ അവനെ പ്രകാശം, ശബ്ദം, മറ്റ് ഫിസിക്‌സ് വിഷയങ്ങള്‍ എന്നിവ പഠിപ്പിച്ചിട്ടുണ്ട്. കലാമിനെ വീണ്ടും കണ്ടതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.”
ട്രിച്ചിയിലും ഡിണ്ടിഗലിലും തിരുവനന്തപുരത്തും വിദ്യാര്‍ത്ഥികളുടെ മികച്ച തലമുറകളെ വാര്‍ത്തെടുക്കുന്നതിന് ഫാ. ചിന്നദുരൈയ്ക്ക് സാധിച്ചു. അസാധാരണമായ ഓര്‍മ്മശക്തി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അറിവ് വിജ്ഞാനകോശത്തിന് തുല്യമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *