Follow Us On

26

December

2024

Thursday

ഇനി ഞാനീവഴി വരുമോ എന്നറിഞ്ഞുകൂടാ….

ഇനി ഞാനീവഴി വരുമോ എന്നറിഞ്ഞുകൂടാ….

”ആര്‍ക്കെങ്കിലും നന്മ ചെയ്യണമെങ്കില്‍ വൈകരുത്. കാരണം ഇനി ഈ വഴിയെ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.” സ്റ്റീഫന്‍ ഗ്രെല്ലറ്റ് എന്ന പണ്ഡിതന്റെ വാക്കുകളാണിത്. 1773 നവംബര്‍ 16-ന് ഫ്രാന്‍സില്‍ ജനിച്ച്, പിന്നീട് അമേരിക്കയില്‍ താമസിച്ച്, 1865 നവംബര്‍ 16-ന് മരിച്ച വ്യക്തിയാണ് സ്റ്റീഫന്‍ ഗ്രെല്ലറ്റ്. ഇദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ ഏറ്റവും പ്രധാനം ഇനി ഞാനീ വഴി വരുമോ ഇല്ലയോ അറിഞ്ഞുകൂടാ എന്നതാണ്. ഇതാണ് നമ്മുടെ ജീവിത സംഗ്രഹവും.
ഒരുപക്ഷേ ഒരേ വഴിയിലൂടെ വര്‍ഷങ്ങളോളം നമ്മള്‍ നടന്നിട്ടുണ്ടാകാം. ഒരിടത്ത് തന്നെ അനേകനാളുകള്‍ ജോലി ചെയ്തുവെന്നും വരാം. ജോലിയുമായി ബന്ധപ്പെട്ട് ഒരേ വ്യക്തിയെ പലതവണ കണ്ടിട്ടുണ്ടാകാം. ഒരു കൃഷിയിടത്തുതന്നെ വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടുണ്ടാകാം. പക്ഷേ എല്ലാദിവസവും മാറിക്കൊണ്ടിരിക്കും, എല്ലാ വ്യക്തികളും മാറിക്കൊണ്ടിരിക്കും. അതാണ് പുതുമയോടെ ഓരോ ദിവസവും മുന്നേറാന്‍ കഴിയുന്നത്.

ഈ യാത്രയില്‍ കണ്ടുമുട്ടുന്ന മനുഷ്യരില്‍ കുറെപ്പേരുടെയെങ്കിലും ജീവിതത്തില്‍ ക്ലേശങ്ങള്‍ കുറയ്ക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിയും. പലരെയും നമ്മുടെ ജീവിതയാത്രയിലും സേവനത്തിന്റെ ഇടയ്ക്കും ഒരിക്കല്‍ മാത്രമേ നമ്മള്‍ കണ്ടുമുട്ടാറുള്ളൂ. അതുകൊണ്ട് നമ്മള്‍ അവരെ കണ്ടുമുട്ടുന്ന സമയത്ത് അവരുടെ വേദന കുറയ്ക്കുവാനും പ്രശ്‌നം തീര്‍ക്കുവാനും കഴിയുന്ന എന്തോ ഒന്ന് നമ്മുടെ പക്കല്‍ ഉണ്ടായി എന്ന് വരില്ലേ? അതില്‍നിന്ന് അല്‍പം അവര്‍ക്ക് കൊടുത്ത് സഹായിക്കണം.

ആശുപത്രികളിലെ റിസപ്ഷന്‍ കൗണ്ടറില്‍ ഇരിക്കുന്നവരോട് ചില കാര്യങ്ങള്‍ ചോദിച്ചാല്‍ ഒരു മറുപടിയും കിട്ടാറില്ല. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, വിവിധ ഓഫീസുകളിലൊക്കെ ഇരിക്കുന്നവരോട് അത്യാവശ്യം ഒരു വിവരം തിരക്കിയാല്‍ മറുപടി തരുന്നവര്‍ ചുരുക്കം; അല്ലെങ്കില്‍ എവിടെയും തൊടാത്ത ഒരു മറുപടി ആയിരിക്കും. അനേകര്‍ അവരുടെ അടുത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നു. മറുപടി പറഞ്ഞ് അവര്‍ മടുത്തിട്ടുണ്ടാകും. പക്ഷേ, അവരുടെ മുമ്പില്‍ സഹായത്തിന് വരുന്നത് പുതിയ ആളുകളാണ്. ഒന്നോര്‍ത്താല്‍ ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ നമുക്ക് ഓരോരുത്തര്‍ക്കും ഓര്‍ക്കാനും പറയാനും ഉണ്ടാകും.
സേവനം മനോഹരമായി ചെയ്യുന്നവരെ മറക്കുന്നില്ല. ചെയ്യാതെ പോകുന്ന നന്മകളല്ല, ചെയ്യുന്ന നന്മകളാണ് നമുക്ക് ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ എന്തെങ്കിലും മഹത്വവും സ്വീകാര്യതയും ഉണ്ടാക്കുന്നത്. ഓരോ ദിവസവും പ്രഭാതത്തില്‍ നമുക്ക് സീറോ മലബാര്‍ കുര്‍ബാനയിലെ അവസാനവരികള്‍ കൂടി ഓര്‍ക്കാം: ഞാന്‍ ഈ വഴിയില്‍ക്കൂടി ഒരിക്കല്‍ മാത്രമേ കടന്നുപോവുകയുള്ളൂ; അതിനാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും നന്മ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് ഇപ്പോള്‍ത്തന്നെയാകട്ടെ. സ്റ്റീഫന്‍ ഗ്രെല്ലറ്റിന്റെ വരികള്‍ ഒരിക്കല്‍ക്കൂടി ഓര്‍ക്കാം. ”ഇനി ഈ വഴിയെ വീണ്ടും വരുമോ എന്നറിയില്ല…”

അടുത്ത വീട്ടിലെ പയ്യന്‍
നിക്കോളോ പെരിന്‍ എന്നായിരുന്നു അവന്റെ പേര്. ക്രൈസ്തവവിശ്വാസത്തിന് ധീരസാക്ഷ്യം നല്‍കിയ ചിയാര ലൂസ് ബഡാനോയോടും പരിശുദ്ധിയുടെ പരിമളം പരത്തി കടന്നുപോയ കാര്‍ലോ അക്യൂട്ടിസിനോടും അവനെ താരതമ്യം ചെയ്യാം. അയല്‍പക്കത്തെ വിശുദ്ധ ബാലനായിട്ട് നമുക്കവനെ കണക്കാക്കാം. കാരണം സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു നിക്കോളോ. അതേ സമയം തന്നെ അത്‌ലറ്റായിരുന്നു. മീന്‍പിടുത്തവും ഔട്ട്‌ഡോര്‍ ആക്റ്റിവിറ്റികളുമൊക്കെയായി അടിച്ചുപൊളിച്ചു നടന്ന പയ്യന്‍. ജീവിച്ചിരുന്നപ്പോള്‍ അവനെ അധികമാര്‍ക്കും അറിയില്ലായിരുന്നുവെങ്കിലും അകാലത്തില്‍ പൊലിഞ്ഞ ഈ പുണ്യസൂനം ഇപ്പോള്‍ അനേകരെ തന്റെ കബറിടത്തിലേക്ക് ആകര്‍ഷിക്കുന്നു. സഭയാകട്ടെ ഒരു ന്യൂജന്‍ പുണ്യവാനെകൂടി ലഭിക്കുമെന്ന പ്രതീക്ഷയിലും.

1998 ഫെബ്രുവരി രണ്ടിനായിരുന്നു ജനനം. അഡ്രിയാനയും റോബര്‍ട്ടോ പെരിനുമായിരുന്നു മാതാപിതാക്കള്‍. ആറുവയസുള്ളപ്പോള്‍ അവന്‍ റഗ്ബി കളിക്കാന്‍ തുടങ്ങി. വൈകാതെ ഇറ്റലിയിലെ റോവിഗോയിലെ ജൂനിയര്‍ ടീമില്‍ അംഗമായി. കളികളില്‍ മാത്രമല്ല ക്ലാസ് റൂമിലും പുലിയായിരുന്നു അവന്‍. ഹൈസ്‌കൂളിലെത്തിയപ്പോള്‍ എല്ലാവരും വിചാരിച്ചു അവന് ശോഭനമായ ഭാവിയുണ്ടെന്ന്. പക്ഷേ അവന്‍ മാതാപിതാക്കളോട് തനിക്ക് ഭയങ്കര ക്ഷീണമാണെന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ മാതാപിതാക്കള്‍ അവനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. നിരവധി പരിശോധനകള്‍ക്കുശേഷം 2013 ല്‍ അവന് ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞു. അപ്പോള്‍ അവന് 15 വയസേയുള്ളൂ.

തനിക്ക് രക്താര്‍ബുദം ആണെന്ന് അറിഞ്ഞപ്പോള്‍ നിക്കോള കാണിച്ച ആത്മധൈര്യം അപാരമായിരുന്നു. അവന് ആത്മീയ നിര്‍ദ്ദേശങ്ങള്‍ക്കായി ലഭിച്ച കപ്പുച്ചിന്‍ വൈദികന്‍ ഫാ. ജിയാന്‍ലൂയിജി പാസ്‌കുലെ മരണം വരെ അവന്റെ കുമ്പസാരക്കാരനും ആത്മനിയന്താവുമായിരുന്നു. നിരന്തരം ടെസ്റ്റുകള്‍ക്കും തെറാപ്പികള്‍ക്കും വിധേയനായിക്കൊണ്ടിരുന്നുവെങ്കിലും അതെല്ലാം അവന്‍ ശാന്തതയോടെയാണ് നേരിട്ടത്. ”എന്റെ മകന് എപ്പോഴും ചിരിയായിരുന്നു. അവനായിരുന്നു ഞങ്ങളെയും കൂട്ടി ഡോക്ടറെ കാണാന്‍ പോകുന്നതും ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നതുമെന്ന് ”അമ്മ പറയുന്നു. ഭീകരമായ വേനദയിലൂടെ കടന്നുപോയിട്ടും അവന്‍ ശാന്തതയോടെ അത് സഹിച്ചു.

ഒരിക്കല്‍ പോലും പരാതി പറഞ്ഞില്ല. പ്രാര്‍ത്ഥനയില്‍ കൂടുതല്‍സമയം ചിലവഴിക്കാന്‍ കഴിയാത്തതിന് അവന്‍ മാതാവിനോടും ഈശോയോടുമൊക്ക മാപ്പു ചോദിക്കുന്നത് ഡയറിക്കുറിപ്പില്‍ കാണാം. തന്റെ രോഗം എങ്ങനെയാണ് ജീവിതത്തിലെ ഓരോ നിമിഷത്തിനും നന്ദിപറയേണ്ടതെന്ന് തന്നെ പഠിപ്പിച്ചുവെന്ന് അവന്‍ എഴുതിയിട്ടുണ്ട്. എത്ര കാലം ജീവിക്കുമെന്ന് എനിക്കറിയില്ല, അതിനാല്‍ കരഞ്ഞ് സമയം കളയുവാന്‍ നേരമില്ല. അവന്‍ ഡയറിയില്‍ എഴുതി. തന്നെപ്രതി തന്റെ മാതാപിതാക്കള്‍ക്കുണ്ടായ സഹനങ്ങള്‍ക്ക് അവന്‍ മാപ്പുചോദിച്ചു. കാന്‍സര്‍ വാര്‍ഡില്‍ മറ്റുകുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെ നടന്ന് അവന്‍ എല്ലാവരേയും ആഹ്ലാദിപ്പിച്ചു.

രണ്ടുപ്രാവശ്യം മജ്ജ മാറ്റിവെച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അവന് അതിന്റെ ഗൗരവത്തെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു. ആദ്യ ട്രാന്‍സ്പ്ലാന്റിനുശേഷം എഴുതിയ പരീക്ഷയില്‍ അവന്‍ സ്‌കോളര്‍ഷിപ്പും നേടി. കാന്‍സര്‍ അവനെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. ഒടുവില്‍ ആരോഗ്യം ക്ഷയിച്ചു. ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി. മരണത്തിന് രണ്ടുദിവസം മുമ്പ് അവന്‍ പിതാവിനോട് കുരിശുവരയ്ക്കാന്‍ ഒന്നു സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. പിതാവ് അവനെ സഹായിച്ചു. അതായിരുന്നു അവന്റെ അവസാനത്തെ അടയാളം.
2015 ഡിസംബര്‍ 24 ന് 17 വയസായിരിക്കെ അവന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അവന്റെ സഹനം അവന്‍ സന്തോഷത്തോടെ അതിന്റെ അവസാനം വരെ സ്വീകരിച്ചു. അവന്റെ വിയോഗത്തിനുശേഷം രണ്ടുവര്‍ഷമാകുമ്പോഴേക്കും അവന്റെ വിശുദ്ധിയുടെ പരിമളം പരന്നു തുടങ്ങി. ഇന്ന് അവന്റെ കബറിടത്തില്‍ അനേകരാണ് പ്രാര്‍ത്ഥിച്ചുമടങ്ങുന്നത്. പലര്‍ക്കും അത്ഭുതങ്ങള്‍ ലഭിക്കുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?