Follow Us On

26

November

2024

Tuesday

ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന് എന്‍ബിഎ അംഗീകാരം

ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന്  എന്‍ബിഎ അംഗീകാരം

കല്‍പ്പറ്റ: വനത്തില്‍നിന്നു 25 ഓളം ഇനം വൃക്ഷങ്ങളുടെ ചപ്പ് ശേഖരിക്കാന്‍ ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന് ദേശീയ ജൈവ വൈവിധ്യ അഥോറിറ്റി (എന്‍ബിഎ) അനുമതി. അമ്പലവയല്‍ മാളികകുന്നേല്‍ അജി തോമസിനാണ് ഉപാധികളോടെ അനുമതി ലഭിച്ചത്. കാര്‍ഷികാവശ്യത്തിനു വനത്തില്‍നിന്നു ചപ്പ് ശേഖരിക്കാന്‍ സംസ്ഥാനത്ത് എന്‍ബിഎ അനുമതി ലഭിക്കുന്ന ആദ്യ കര്‍ഷകനാണ് അജി തോമസ്. മൂന്നു മാസം മുമ്പാണ് അനുമതിക്ക് അപേക്ഷിച്ചത്. സംസ്ഥാനത്തെ ഏതാനും ആയുര്‍വേദ ഔഷധ നിര്‍മാണ കമ്പനികള്‍ക്ക് അനുവദനീയമായ ചെറുകിട വന വിഭവങ്ങള്‍ ശേഖരിക്കാന്‍ എന്‍ബിഎ അനുമതിയുണ്ട്.

അജി തോമസ് വികസിപ്പിച്ച നെല്‍ക്കൃഷി രീതിയാണ് കെട്ടിനാട്ടി. ചിറ്റുണ്ടയാണ് കെട്ടിനാട്ടി രീതിയില്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുന്നത്. പ്രത്യേക കളിക്കൂട്ടിലും വളക്കൂട്ടിലും തയാറാക്കുന്ന നെല്‍വിത്താണ് (പെല്ലറ്റ്) ചിറ്റുണ്ട എന്നറിയപ്പെടുന്നത്. പച്ചിലകകളാണ് കളിക്കൂട്ട് ഒരുക്കുന്നതിന് ഉപയോഗപ്പെടുത്തുന്നത്.
മെച്ചപ്പെട്ട നെല്ലുത്പാദനം സാധ്യമാക്കുന്നതും കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതുമാണ് കെട്ടിനാട്ടി കൃഷിമുറ. 2013-14 ല്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയും അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലുമാണ് അജി തോമസ് കൃഷി രീതി വികസിപ്പിച്ചത്. ഇത് നിരവധി തവണ പരിഷ്‌കരിച്ചു.

നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ (എന്‍ഐഎഫ്) ഇക്കഴിഞ്ഞ ഏപ്രില്‍ 10 മുതല്‍ 13 വരെ രാഷ്ട്രപതി ഭവനില്‍ നടത്തിയ സംരംഭകത്വ കണ്ടുപിടിത്ത ഉത്സവത്തില്‍ ‘കെട്ടിനാട്ടി’ കൃഷി രീതി പ്രദര്‍ശിപ്പിച്ചിരുന്നു. വരള്‍ച്ച പ്രതിരോധ ശേഷിയുള്ളതാണ് ചിറ്റുണ്ട. മഞ്ഞുതുളളികള്‍ ആഗികരണം ചെയ്യാനുള്ള ചിറ്റുണ്ടയുടെ ശേഷിയാണ് വരള്‍ച്ച പ്രതിരോധം സാധ്യമാക്കുന്നത്. സൂക്ഷ്മാണുക്കളും സൂക്ഷ്മ ധാതുക്കളും അടങ്ങുന്നതാണ് ചിറ്റുണ്ട. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.യാമിനി വര്‍മയും അസിസ്റ്റന്റ് പ്രഫ.ഡോ.അഷിത്‌രാജും കെട്ടിനാട്ടി രീതിയില്‍ മുത്തങ്ങ മൈക്കരയില്‍ കൃഷിയിറക്കിയ പാടം മാസങ്ങള്‍ മുമ്പ് സന്ദര്‍ശിച്ച് നെല്‍ച്ചെടികളുടെ വരള്‍ച്ച പ്രതിരോധ ശേഷി വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് പ്രചാരം നേടിവരികയാണ് കെട്ടിനാട്ടി കൃഷി രീതി. ഈ പശ്ചാത്തലത്തിലാണ് വിവിധയിനം ചപ്പ് ശേഖരിക്കുന്നതിന് എന്‍ബിഎ അനുമതി.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?