Follow Us On

02

January

2025

Thursday

നാല് ഭാഷകളില്‍ ഒരേ സമയം ബൈബിള്‍ പകര്‍ത്തിയെഴുതി; അപൂര്‍വ നേട്ടം സ്വന്തമാക്കിയത് 24 ദിവസങ്ങള്‍ക്കൊണ്ട്

നാല് ഭാഷകളില്‍ ഒരേ സമയം ബൈബിള്‍ പകര്‍ത്തിയെഴുതി;  അപൂര്‍വ നേട്ടം സ്വന്തമാക്കിയത് 24 ദിവസങ്ങള്‍ക്കൊണ്ട്

ബംഗളൂരു: നാല് ഭാഷകളിലായി ഒരേ സമയം ബൈബിളിന്റെ ഏഴ് കയ്യെഴുത്തുപ്രതികള്‍ എന്ന അപൂര്‍വ നേട്ടവുമായി ഒരു ഇടവക. വെറും 24 ദിവസങ്ങള്‍കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. അതും തിരക്കുകള്‍ക്കു നടുവിലുള്ള ബംഗളൂരു നഗരത്തിലെ ഇടവകയാണ് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. വൈറ്റ്ഫീല്‍ഡ് സേക്രഡ് ഹാര്‍ട്ട് ഇടവകയിലാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ നാലു ഭാഷകളിലായി ബൈബിളിന്റെ ഏഴ് കൈയെഴുത്തു പ്രതികള്‍ തയാറാക്കിയത്. ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ഇടവകയിലെ 10 മുതല്‍ 75 വയസുവരെയുള്ള 150 പേര്‍ ഒത്തുചേര്‍ന്നു.

സമ്പൂര്‍ണ ബൈബിളിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഓരോ കൈയെഴുത്തുപ്രതികള്‍ വീതവും മലയാളം പഴയനിയമം ഒരു കൈയെഴുത്തുപ്രതിയും പുതിയ നിയമത്തിന്റെ മലയാള ത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും കന്നടയിലുമുള്ള ഓരോ കൈയെഴുത്തു പ്രതികളുമാണ് തയാറാക്കിയത്. ബൈന്‍ഡ് ചെയ്ത് പുസ്തക രൂപത്തിലാക്കിയ ഓരോ സമ്പൂര്‍ണ ബൈബിളിനും പത്ത് കിലോയോളം ഭാരമുണ്ട്.

ഇടവകാഗങ്ങള്‍ ചേര്‍ന്ന് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതണമെന്ന ആശയത്തില്‍ നിന്നാണ് പദ്ധതിയുടെ തുടക്കം. എന്നാല്‍, ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ അനേകര്‍ സ്വയം മുന്നോട്ടുവന്നു. ഫെബ്രുവരി 15-ന് ആരംഭിച്ച വചനമെഴുത്ത് ഇരുപത്തിനാല് ദിവസങ്ങള്‍ കൊണ്ട് ഒരു ലക്ഷത്തിലധികം ബൈബിള്‍ വാക്യങ്ങള്‍ എഴുതിയാണ് പൂര്‍ത്തികരിച്ചത്. ബൈബിള്‍ പകര്‍ത്തിയെഴുതുന്ന വിവരം അറിഞ്ഞ് അക്രൈസ്തവരും അകത്തോലിക്കരുമായ കുറച്ചുപേര്‍ ഇതില്‍ പങ്കുചേരാന്‍ താല്പര്യം അറിയിച്ചു. അവരെയും ഉള്‍പ്പെടുത്തി. രോഗികളായി വിശ്രമിക്കുന്നവരും ബൈബിള്‍ എഴുതുന്നതില്‍ പങ്കുചേര്‍ന്നു. പരീക്ഷാ കാലമായിരുന്നിട്ടും കുറെ കുട്ടികളും പദ്ധതിയുടെ ഭാഗമായി.

ബൈബിളിന്റെ ഏഴ് കൈയെഴുത്തു പ്രതികളും മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആശീര്‍വദിച്ചു. ദൈവനിവേശിതമായി എഴുതപ്പെട്ട വചനങ്ങള്‍ തങ്ങളുടെ കൈകളിലൂടെ വീണ്ടും എഴുതപ്പെടണമെന്നത് ദൈവിക പദ്ധതിയായിട്ടാണ് ഇതിനോടു സഹകരിച്ച ഓരോരുത്തരും കാണുന്നത്. ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ തട്ടാപറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ബൈബിള്‍ എഴുതിയത്.

ഈ വചനമെഴുത്തിന്റെ ഭാഗമായി നിരവധി അനുഗ്രഹങ്ങളും ഉള്‍ക്കാഴ്ചകളും ദൈവത്തോടു ചേര്‍ന്നുനില്ക്കാനുള്ള കൃപയും ലഭിച്ചതായി പലരും സാക്ഷ്യപ്പെടുത്തുന്നു. തിരക്കുകള്‍മൂലം ആത്മീയ കാര്യങ്ങള്‍ക്കു സമയമില്ല എന്ന് ആവര്‍ത്തിക്കുന്നവരുടെ എണ്ണം കൂടിവരുമ്പോള്‍ ആത്മീയതക്ക് ഒന്നാം സ്ഥാനം നല്‍കിയാല്‍ എല്ലാം ക്രമപ്പെടുമെന്ന് ഓര്‍മിപ്പിക്കുകയാണ് ബംഗളൂരു നഗരത്തിലെ ഈ ഇടവകാംഗങ്ങള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?