Follow Us On

21

December

2024

Saturday

ചില കുടുംബങ്ങളിലെ ജീവിതശൈലികള്‍

ചില കുടുംബങ്ങളിലെ ജീവിതശൈലികള്‍

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

അടുത്തകാലത്ത് കണ്ട ഒരു കാര്യം പറയാം. ഒരു കുടുംബത്തിന്റെ കാര്യമാണ്. അപ്പന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍. അമ്മ ഒരു ഡോക്ടര്‍. രണ്ടു മക്കള്‍. മൂത്തത് മകന്‍. അവന്‍ പത്താംക്ലാസില്‍ ഈ വര്‍ഷം പരീക്ഷ എഴുതി. ഇളയത് മകള്‍. അവള്‍ ആറിലോ ഏഴിലോ മറ്റോ പഠിക്കുന്നു. ഇനി കണ്ട കാഴ്ച പറയാം. എല്ലാ ദിവസവും രാവിലെ ഇവര്‍ നാലുപേരുംകൂടി ദൈവാലയത്തില്‍ വന്ന് ദിവ്യബലിയില്‍ പങ്കെടുക്കും. പത്താംക്ലാസ് പരീക്ഷയുടെ സ്റ്റഡിലീവ് സമയത്താണ് ഞാന്‍ ഇവരെ കാണുന്നത്. ഈ മകനും മകളും അള്‍ത്താരശുശ്രൂഷകരായി എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കും. കുര്‍ബാന കഴിഞ്ഞ് ഈ സഹോദരനും സഹോദരിയുംകൂടി അള്‍ത്താരയുടെ മുമ്പില്‍വന്ന് മുട്ടുകുത്തി, കൈകള്‍ കൂപ്പി, കണ്ണടച്ച് കുറച്ചുസമയം പ്രാര്‍ത്ഥിക്കും. ഈ സമയം അപ്പനും അമ്മയും പള്ളിയ്ക്കകത്ത് ഇരുന്ന് പ്രാര്‍ത്ഥിക്കുകയായിരിക്കും. ഈ കുടുംബത്തിന്റെ ജീവിതശൈലി ആകര്‍ഷണീയമായി എനിക്ക് തോന്നി. പക്ഷേ, അവര്‍ ആരെന്നോ എന്തു ചെയ്യുന്നുവെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഞാനവരെ ആദ്യമായി കാണുകയുമാണ്.

ഒരു ദിവസം കുര്‍ബാന കഴിഞ്ഞ് അവര്‍ നാലുപേരുംകൂടി എന്റെയടുത്തു വന്നു. ആരാണ്, എന്തു ചെയ്യുന്നു, മക്കള്‍ എത്രാം ക്ലാസില്‍ പഠിക്കുന്നു എന്നിങ്ങനെയൊക്കെ ഞാനവരോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞ വിവരങ്ങളാണ് ഞാന്‍ തുടക്കത്തില്‍ കുറിച്ചിരിക്കുന്നത്. മകന് പത്താംക്ലാസ് പരീക്ഷ തുടങ്ങാറായി; അച്ചന്‍ അവന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കണം – ഇതിനാണ് അവര്‍ എന്റെയടുത്ത് വന്നത്. അപ്പോള്‍ ഞാന്‍ ചോദിച്ചു: പരീക്ഷ അടുത്ത ഈ ദിവസങ്ങളില്‍ ദൈവാലയത്തില്‍ എന്നും വരാന്‍ സമയം കണ്ടെത്തുന്നല്ലോ; അത് ഒരു വലിയ കാര്യമാണ്. അപ്പോള്‍ മാതാപിതാക്കള്‍ പറഞ്ഞ കാര്യമാണ് എന്നെ അതിശയിപ്പിച്ചത്. അവര്‍ പറഞ്ഞു: പരീക്ഷ അടുത്തപ്പോള്‍, മോന്‍ ദൈവാലയത്തില്‍ വരണ്ട, ഇരുന്ന് പഠിച്ചോ എന്ന് പറഞ്ഞതാണ്. അപ്പോള്‍ അവന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: അക്കാര്യം എന്നോട് പറയണ്ട. കുര്‍ബാന മുടക്കിയിട്ടുള്ള ഒരു കാര്യവും പഠനവും എനിക്ക് വേണ്ട. കുര്‍ബാന കഴിഞ്ഞിട്ടേ ബാക്കി എന്തും ഉള്ളൂ.

ഞാനവരെ അഭിനന്ദിച്ചു. തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. അതുകഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചുപോയി. എനിക്ക് ആ കുടുംബത്തെയോര്‍ത്ത്, ആ മകനെ ഓര്‍ത്ത് അഭിമാനവും സന്തോഷവും തോന്നി. തുടര്‍ന്നുള്ള ദിവസങ്ങളിലും അവരെ ദൈവാലയത്തില്‍ കണ്ടു. ഈ മക്കള്‍ അള്‍ത്താരശുശ്രൂഷ ചെയ്യുന്നത് കണ്ടു. പരീക്ഷാദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചു. പരീക്ഷ കഴിഞ്ഞും അവര്‍ ഈ രീതി തുടരുന്നു. കാരണം അത് അവരുടെ ജീവിതശൈലിയാണ്.
കുടുംബം ഒന്നടങ്കം ഇങ്ങനെ നിത്യവും ദിവ്യബലിയില്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ വേറെയും ഉണ്ട്. എല്ലാ ഇടവകയിലുംതന്നെ ഇത്തരത്തിലുള്ള കുടുംബങ്ങള്‍ ഉണ്ടാകാം. ദിവ്യബലി മുടക്കാത്ത അപ്പന്മാരും അമ്മമാരും ഉണ്ട്.

ദിവ്യബലി മുടക്കാത്ത യുവജനങ്ങളുണ്ട്. ദിവ്യബലി മുടക്കാത്ത കുട്ടികളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന നിരവധി വൈദ്യവിദ്യാര്‍ത്ഥികള്‍ എല്ലാ ദിവസവും ദൈവാലയത്തില്‍ വരുന്നതും രണ്ടാഴ്ചയില്‍ ഒരിക്കല്‍ കുമ്പസാരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ നിരവധി നഴ്‌സുമാരും നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളും മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. ദേവഗിരി കോളജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ മുടങ്ങാതെ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്.

എത്രയോ ധന്യമാണ് അത്തരം കുടുംബങ്ങള്‍. എത്രയോ ദൈവാനുഗ്രഹത്തിലാണ് അവര്‍ ജീവിക്കുന്നത്. തിന്മയില്‍നിന്നും തകര്‍ച്ചകളില്‍നിന്നും പാപവഴികളില്‍നിന്നും എത്ര മനോഹരമായിട്ടാണ് ആ കുടുംബാംഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. പഠനത്തില്‍ എത്ര മനോഹരമായിട്ടാണ് ആ മക്കള്‍ മുന്നോട്ടുപോകുന്നത്. എത്ര നല്ല ഭാവിയാണ് അവര്‍ക്ക് കിട്ടുന്നത്. അങ്ങനെ ദൈവാലയത്തില്‍ വന്ന് നിത്യവും ദിവ്യബലിയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുന്ന ആ വിദ്യാര്‍ത്ഥികള്‍ ദൈവവിശ്വാസത്തില്‍ ആഴപ്പെടുന്നു; സമാധാനത്തില്‍ ജീവിക്കുന്നു; പാപവഴികളില്‍നിന്ന് സംരക്ഷിക്കപ്പെടുന്നു; ഭാവി മനോഹരമായിത്തീരുന്നു.

കര്‍ത്താവിനെ ആശ്രയിക്കുന്നവര്‍ ഒരിക്കലും ലജ്ജിതരാവുകയില്ല എന്ന ദൈവവചനം എത്രയോ ശരിയെന്ന് ഇവരുടെ ജീവിതം കാണുമ്പോള്‍ തോന്നുകയാണ്. നീ ദൈവത്തെ ആശ്രയിച്ചിട്ട് നിനക്ക് എന്തുകിട്ടി എന്ന് ചോദിച്ച് മറ്റുള്ളവര്‍ നിന്നെ കളിയാക്കാന്‍ നിന്റെ ദൈവം ഇടവരുത്തുകയില്ല; നിന്നോട് കരുണ കാണിക്കാന്‍ ദൈവം അവസരം കണ്ടെത്തും എന്ന തിരുവചനവും സത്യമെന്ന് ഇവരുടെയെല്ലാം ജീവിതം കാണുമ്പോള്‍ തോന്നിപ്പോകുന്നു.
ഇതിന് വിപരീതമായിട്ടുള്ള കുടുംബങ്ങളും യുവജനങ്ങളും കുട്ടികളും ഉണ്ടെന്നതും നാം കാണണം. പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ എത്തിയാല്‍ ദൈവാലയത്തില്‍ പോക്ക്, കുമ്പസാരം, കുര്‍ബാന, കുടുംബപ്രാര്‍ത്ഥന, വേദപാഠം എന്നിവ മുടക്കുന്നവരില്ലേ? ചില കുടുംബങ്ങള്‍ മക്കള്‍ പത്താംക്ലാസില്‍ എത്തിയാല്‍പിന്നെ വീട്ടില്‍ ടെലവിഷന്‍ ഓണ്‍ ആക്കുകയില്ല.

എന്നാല്‍ ഞാന്‍ ആദ്യം പറഞ്ഞ കുടുംബത്തില്‍ ടെലവിഷന്‍ ഓഫാക്കി വക്കേണ്ട ആവശ്യം വരുന്നില്ല. കാരണം ആ മക്കള്‍ ശക്തമായ ആത്മീയ ജീവിതത്തിലൂടെ നേടിയെടുത്ത പക്വതയും ആത്മസംയമനവും അവര്‍ക്കുണ്ട്. അവര്‍ വെറുതെ ടെലവിഷന്‍ ഓണാക്കാനും അതില്‍ വരുന്നതെല്ലാം കണ്ടിരിക്കാനും പിന്നെ കണ്ടതിനെപ്പറ്റി ചിന്തിച്ച് പഠനസമയം കളയാനും തയാറല്ല. ദൈവാശ്രയത്തില്‍ ജീവിച്ച് ആത്മീയവും മാനസികവുമായ പക്വത നേടാത്ത മക്കളാണ് പഠനത്തിലും സ്വഭാവത്തിലും മോശമായി പോകുന്നത്. ആത്മീയ അടിത്തറയും പക്വതയും ഇല്ലാതെ എത്ര പറഞ്ഞാലും ഫലം ഉണ്ടാകുന്നില്ല. പലപ്പോഴും അത് കുടുംബത്തില്‍ അസമാധാനത്തിനും മാതാപിതാക്കളുടെ കഠിനമായ മനോവേദനയ്ക്കും കാരണമാകുകയും ചെയ്യുന്നു.

അതിനാല്‍ കുടുംബം ഒന്നിച്ച് ശക്തമായ ആത്മീയ അടിത്തറയില്‍നിന്നുകൊണ്ട് മുന്നോട്ടുപോകുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ മംഗളകരമാകും. പരീക്ഷ അടുക്കുമ്പോഴും കല്യാണം നടക്കാന്‍ വൈകുമ്പോഴും മക്കള്‍ ഉണ്ടാകാന്‍ വൈകുമ്പോഴും കടം കയറുമ്പോഴും അത്തരം മറ്റ് ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും മാത്രമുള്ള ദൈവാശ്രയബോധവും പ്രാര്‍ത്ഥനയും ധ്യാനം കൂടലുമൊക്കെ നമ്മള്‍ കാണാറുണ്ടല്ലോ. അതെല്ലാം നല്ലതും ദൈവാനുഗ്രഹം കിട്ടാന്‍ കാരണവുമാണ്. പക്ഷേ, അതിനെക്കാള്‍ ഉപരി ജീവിതകാലം മുഴുവന്‍ കുടുംബം ഒന്നിച്ച് ദൈവാശ്രയബോധത്തിലും പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചും ദിവ്യബലിയില്‍ പങ്കെടുത്തും മുന്നോട്ടുപോയാല്‍, അതായിരിക്കും കൂടുതല്‍ നല്ലത്. അവര്‍ക്ക് പൊതുവേ പറഞ്ഞാല്‍, വലിയ പ്രശ്‌നം ഉണ്ടാകുകയില്ല. അവരുടെ കാര്യങ്ങള്‍ ദൈവാനുഗ്രഹത്താല്‍ കൂടുതല്‍ മനോഹരമായി നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?