Follow Us On

22

December

2024

Sunday

അമ്മയുടെ പ്രാര്‍ത്ഥനയും മാതാവിന്റെ മറുപടിയും

അമ്മയുടെ പ്രാര്‍ത്ഥനയും  മാതാവിന്റെ മറുപടിയും

ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍

നീ എന്നെ തിരഞ്ഞെടുക്കുകയല്ല ഞാന്‍ നിന്നെ തിരഞ്ഞെടുക്കുകയാണെന്ന് വായിച്ചും ധ്യാനിച്ചുമാണ് 1999 ജൂണ്‍ നാലിന് തൃശൂരിലുള്ള സെന്റ്‌മേരീസ് മൈനര്‍ സെമിനാരിയില്‍ ചെന്നത്. സെമിനാരിയില്‍ കാലുകുത്തിയപ്പോള്‍ തന്നെ ചങ്ക് ഒന്നുപിടഞ്ഞു. എല്ലാം ഉപേക്ഷിക്കാതെയാണ് ഞാന്‍ പുരോഹിതനാകാന്‍ വന്നിരിക്കുന്നത് എന്ന തോന്നല്‍ എന്നെ ഭയപ്പെടുത്തി. നിയതമായ ജീവിതക്രമമോ പഠനമികവോ പ്രാഗത്ഭ്യമോ ഒന്നുംതന്നെ എനിക്ക് ഉണ്ടായിരുന്നില്ല. ആ നാളുകളിലാണ് വീട്ടില്‍ ഒരു അതിഥി വന്നത്. എനിക്കൊരു അനിയത്തി കൊച്ചിനെ കൂടെ ഈശോ സമ്മാനിച്ച നാളുകളായിരുന്നു അത്. കൈക്കുഞ്ഞിനെയുംകൊണ്ടാണ് അമ്മയും അപ്പയും എന്നെ സെമിനാരിയിലാക്കാന്‍ വന്നത്. വൈകുന്നേരം നാലുമണി ആയപ്പോള്‍ മാതാപിതാക്കളോടൊപ്പം ഒരു പ്രയര്‍സെഷന്‍ ഉണ്ടായിരുന്നു.

അമ്മയെ ഉപേക്ഷിക്കാന്‍ പറ്റില്ല

ആ പ്രാര്‍ത്ഥന എന്നെ ഒരുപാട് കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മാണിക്യക്കല്ലായി തിരഞ്ഞെടുത്തെന്നെ മണ്ണില്‍നിന്നും മനുഷ്യപുത്രന്‍ എന്ന് വൈദിക വിദ്യാര്‍ത്ഥികള്‍ പാടുമ്പോള്‍ വൈദികനാകാനാണോ എന്റെ വിളി എന്ന സംശയം എന്റെ ഉള്ളില്‍ ബലപ്പെട്ടു. എല്ലാം ഉപേക്ഷിക്കാനാണ് ക്രിസ്തുമൊഴി. വഞ്ചിയും വലയും ഉപേക്ഷിച്ചാണ് ആ മുക്കുവര്‍ അവനെ അനുഗമിച്ച് അവന്റെ ശിഷ്യരായത്. അഞ്ചപ്പവും രണ്ടു മീനും ഈശോക്ക് കൊടുത്ത ആ ബാലനെപ്പോലെ ഈശോയ്ക്ക് ജീവിതം സമര്‍പ്പിച്ചാലേ ഈശോയുടെ ശിഷ്യനാവാനും കഴിയുകയുള്ളൂ എന്ന് പ്രാര്‍ത്ഥന മധ്യേ ആരോ പറയുന്നുണ്ടായിരുന്നു.
മാതാപിതാക്കളെ, മക്കളെ ഈശോയ്ക്ക് കൊടുക്കുക. കലപ്പയില്‍ കൈ വച്ച് പിന്തിരിഞ്ഞു നോക്കാതെ ജീവിക്കുക.. സ്വന്തം മാതാവിനെയും പിതാവിനെയും ഉപേക്ഷിക്കാതെ നിങ്ങള്‍ക്ക് എന്റെ ശിഷ്യരാവാന്‍ കഴിയുകയില്ല. അബ്രാഹം മകനെ ബലികൊടുത്തതു പോലെ നീ ഈ ജീവിതം ഈശോക്ക് ബലി നല്‍കണം.പ്രാര്‍ത്ഥനയില്‍ കേട്ട കാര്യങ്ങള്‍ എന്നെ വീണ്ടും ഭയപ്പെടുത്തി.

എല്ലാം ഉപേക്ഷിക്കാതെ നിത്യപുരോഹിതന്റെ പ്രിയപ്പെട്ടവനാകാനാവില്ലെന്ന് മനസു പറഞ്ഞു. എല്ലാം ഉപേക്ഷിക്കണമെന്ന ചിന്തയില്‍ ഞാന്‍ മെഴുതിരിപോലെ ഉരുകാന്‍ തുടങ്ങി. ‘എല്ലാം ഉപേക്ഷിക്കാം…’ എന്റെ ജീവന്റെ ഭാഗമായ അമ്മയെ ഉപേക്ഷിക്കാന്‍ എനിക്കാവില്ല. ഒരു രാത്രി പോലും അമ്മയെ പിരിഞ്ഞു ഞാന്‍ നിന്നിട്ടില്ല. അമ്മയാണ് എന്റെ ലോകം. എന്റെ സന്തോഷമെല്ലാം അമ്മയുമായി ബന്ധപ്പെട്ടതാണ്. അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചുനടന്ന് കൊതി തീര്‍ന്നിട്ടില്ല. സെമിനാരിയില്‍ ചേര്‍ന്നാല്‍ പിന്നെ അമ്മയെ കാണാന്‍ കഴിയില്ല. ഓര്‍ത്തപ്പോള്‍ എനിക്ക് പറ്റിയ പണിയല്ല ഇതെന്ന് ആദ്യദിവസം തന്നെ മനസിലായി. കൂടുതലൊന്നും പറയാനോ ചിന്തിക്കാനോ നിന്നില്ല. സെമിനാരിയില്‍ ചേരുക എന്ന മോഹം ഇതോടെ തീരട്ടെ. ഈ വിവരം ഞാന്‍ അമ്മയോട് സ്വകാര്യമായി പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ അമ്മയെ കാണാതെ ഒരു രാത്രി ഇവിടെ അന്തിയുറങ്ങാനോ എനിക്കാവില്ല. നിങ്ങളുടെ കൂടെ ഞാന്‍ ഇന്നുതന്നെ തിരിച്ച് വീട്ടിലേക്ക് വരാം.. എനിക്ക് പറ്റില്ലമ്മാ..എനിക്ക് പേടിയാവുന്നു, ശ്വാസം മുട്ടുന്നതുപോലെ. മോന് ഇഷ്ടമില്ലെങ്കില്‍ സെമിനാരിയില്‍ ചേരണ്ട. നീ ഞങ്ങളുടെ കൂടെ പോന്നോ; അമ്മ പറഞ്ഞു.

ദൈവവിളി ഉറപ്പിച്ച നിമിഷം

ആരോടും പറയാതെ സെമിനാരിയില്‍ നിന്നും ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണ് സെമിനാരിയിലുള്ള മാതാവിന്റെ ഗ്രോട്ടോ ശ്രദ്ധയില്‍പ്പെട്ടത്. എന്തായാലും ഇവിടെവരെ വന്നതല്ലേ ഗ്രോട്ടോയില്‍ പോയി മാതാവിനോട് പ്രാര്‍ത്ഥിച്ച് തിരിച്ചു പോകാം. മാതാവിന്റെ മുമ്പില്‍ തോറ്റ കുട്ടിയെപ്പോലെ ഞാനും, പ്രതീക്ഷകള്‍ നശിച്ചവരെപോലെ എന്റെ മാതാപിതാക്കളും നിന്നു. കുറച്ചുനേരം പരിശുദ്ധ അമ്മയെ ഞങ്ങള്‍ നോക്കി നിന്നു. ഏറെ സുന്ദരിയായിരുന്നു അവള്‍. പന്ത്രണ്ട് നക്ഷത്രത്തിന്റെ പ്രഭ തൂകിയവള്‍. കണ്ണില്‍ കാരുണ്യത്തിന്റെ തിരിനാളം മിന്നുന്നവള്‍. അവളുടെ ഉടയാടക്ക് പറഞ്ഞറിയിക്കാനാവാത്ത പരിശുദ്ധി. അവള്‍ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നതുപോലെ. പരിശുദ്ധ അമ്മ മാടിവിളിക്കുന്നതായി എനിക്ക് തോന്നി.

എന്റെ അമ്മ ജപമാല തന്നിട്ടു പറഞ്ഞു; മോനേ ഈ ജപമാല കയ്യില്‍ വച്ച് നീ പ്രാര്‍ത്ഥിക്ക്. പരിശുദ്ധ അമ്മ നിന്നെ സഹായിക്കും. എന്റെ കരങ്ങളിലിരുന്ന് ആ ജപമാല തിളങ്ങാന്‍ തുടങ്ങി. അന്നോളം അറിയാത്ത ആനന്ദലഹരിയില്‍ ഞാന്‍ നിറഞ്ഞാടി. എന്റെ മിഴികള്‍ സന്തോഷംകൊണ്ട് കവിഞ്ഞൊഴുകി. ഹൃദയത്തില്‍ നിന്നും കാര്‍മേഘങ്ങള്‍ ദൂരെ മാഞ്ഞുപോയി. സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും ഉപേക്ഷിക്കേണ്ട മേഖലകളും പരിശുദ്ധ അമ്മ വെളിപ്പെടുത്തി തന്നു.
”അമ്മയെ നീ ഉപേക്ഷിക്കുകയല്ല അമ്മയ്ക്ക് നീ പൗരോഹിത്യത്തിലൂടെ പുതുജന്മം നല്‍കുകയാണ്. നീ ഉപേക്ഷിക്കുന്നത് നിന്റെ അമ്മയെയല്ല. നീ എന്റെ മകന് നിന്റെ അമ്മയെ സമര്‍പ്പിക്കുകയാണ്. എന്റെ മോന്‍ നിന്റെ അമ്മയുടെ കൂടെ എന്നും ഉണ്ടാകും. ഈ ജീവിതത്തില്‍ തന്നെ ആയിരം അമ്മമാരുടെ സ്‌നേഹം നിനക്ക് ഞാന്‍ നല്‍കും.

” എന്ന് പരിശുദ്ധ അമ്മ പറയുന്നതുപോലെ എനിക്കനുഭവപ്പെട്ടു. ഞാന്‍ നോക്കുമ്പോള്‍ എന്റെ അമ്മയും ആനന്ദംകൊണ്ട് കരയുന്നുണ്ടായിരുന്നു. അമ്മ പറഞ്ഞു: നിന്റെ മകനെ പുരോഹിതനാക്കാന്‍ സ്വര്‍ഗം ആഗ്രഹിക്കുന്നുണ്ടെന്ന് പറയുന്നതുപോലെ എനിക്കു തോന്നി. മോന്‍ ഞങ്ങളുടെ കൂടെ വരുന്നില്ലല്ലോ; ഞാന്‍ വീട്ടിലേക്ക് വരുന്നില്ല എന്നു പറയാന്‍ ഒരുങ്ങുമ്പോഴായിരുന്നു അമ്മയുടെ ആ വാക്കുകള്‍.
തുടര്‍ന്ന് അമ്മ എന്നെ പരിശുദ്ധ അമ്മയ്ക്കു സമര്‍പ്പിച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചു; ”എന്റെ ഏക മകനാണ് ഇവന്‍. ഇത്രനാളും ഞാന്‍ ഇവനെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കി വളര്‍ത്തിയതാണ്. എന്റെ മകനെ നിനക്ക് കാഴ്ചയായി സമര്‍പ്പിക്കുന്നു. എന്റെ മോന്റെ കൂടെ എന്നും ഉണ്ടാകണം. നിന്റെ ഉള്ളം കയ്യില്‍ അവനെ ചേര്‍ക്കണം. കണ്ണിലെ കൃഷ്ണമണിപോലെ അവനെ പരിപാലിക്കണം.”
ഗ്രോട്ടോയില്‍നിന്ന് തിരിച്ചു സെമിനാരിയിലേക്ക് നടക്കുമ്പോള്‍ എന്റെ കൂടെ പരിശുദ്ധ അമ്മയും ഉണ്ടായിരുന്നുവെന്ന് എനിക്കുറപ്പാണ്. ആ അമ്മ ഇപ്പോഴും കണ്ണിലെ കൃഷ്ണമണിപോലെ എന്നെ പരിപാലിക്കുകയും ചെയ്യുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?