Follow Us On

14

November

2024

Thursday

വിദേശ കുടിയേറ്റം സഭയ്ക്ക് അനുഗ്രഹമാക്കാന്‍ ചില ടിപ്‌സ്‌

വിദേശ കുടിയേറ്റം സഭയ്ക്ക്  അനുഗ്രഹമാക്കാന്‍ ചില ടിപ്‌സ്‌

കത്തോലിക്കാ സഭയ്ക്ക് കൂടുതല്‍ ശാഖകള്‍ പൊട്ടിവിടര്‍ന്ന് പന്തലിക്കുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിത്. സഭാ മക്കള്‍ കൂട്ടപലായനം നടത്തുന്നുവെന്നത് യാഥാര്‍ത്ഥ്യംതന്നെ. എന്നാല്‍ അത് വേര്‍പാടിന്റെയോ നഷ്ടങ്ങളുടെയോ കദനകഥകളാക്കുന്നതിനുപകരം ആനന്ദത്തിന്റെയും കൃതജ്ഞതയുടെയും സങ്കീര്‍ത്തനങ്ങളാക്കി രൂപാന്തരപ്പെടുത്താന്‍ നമുക്കു കഴിയും. ഒരു കാര്യം ചെയ്താല്‍ മതി, അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എങ്കില്‍ സഭ കൂടുതല്‍ വളരുവാന്‍ ഈ അവസ്ഥയും അനുഗ്രഹകരമാകും എന്ന് എനിക്കുറപ്പുണ്ട്. കാരണം, ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. ജീവിതസാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ അതിജീവനത്തിനായി നാടുവിടരുതെന്ന് നിഷ്‌കര്‍ഷിക്കുന്നത് നീതികേടാകും.

സഭാതനയര്‍ ചെന്നെത്തിയിരിക്കുന്ന ദേശങ്ങളിലെ ജീവിതാവസ്ഥ ഭൗതികമായി, ഈ നാട്ടിലെക്കാള്‍ മോശമാണെന്ന് ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല.
ഭൗതികമായി മാത്രമല്ല, ആത്മീയമായും ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നമ്മളും നമ്മുടെ കുടുംബവും സഭയും ദേശവുമെല്ലാം അനുഗ്രഹിക്കപ്പെടുകയുള്ളൂ. ‘നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന വാഗ്ദാനം നമ്മിലൂടെ നിറവേറണമെങ്കില്‍ ചെന്നെത്തുന്നിടത്ത് കഴിയുംവിധം ഒരു മിഷനറി ആയി പ്രവര്‍ത്തിക്കണം. എങ്കില്‍ ആത്മീയമായും ഫലം പുറപ്പെടുവിക്കാന്‍ കഴിയും. ആഗോളസഭയുടെ വിശ്വാസത്തകര്‍ച്ചക്കുള്ള പരിഹാരനടപടികള്‍ കേരളസഭയില്‍ നിന്നും ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനായി എല്ലാ പ്രധാന രാജ്യങ്ങളിലുംതന്നെ ദൈവം കേരളസഭാ മക്കളെ എത്തിച്ചിട്ടുണ്ട്. മാര്‍ത്തോമാ ശ്ലീഹായും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറും നട്ട്, പാശ്ചാത്യ മിഷനറിമാരും, അവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളും നനച്ച്, ദൈവം വളര്‍ത്തിയ ഈ സഭയാണ് ഇന്ന് ഓസ്‌ട്രേലിയ പോലുള്ള പാശ്ചാത്യ സഭകളില്‍ ഉണര്‍വ് നല്‍കേണ്ടത്.

ഇത് എളുപ്പമാണ്

അടുത്ത കാലത്ത് മാത്രം വിശ്വാസം ഉപേക്ഷിച്ച ഒരു തലമുറയെ വിശ്വാസത്തിലേക്ക് തിരികെകൊണ്ടുവരുവാന്‍ വളരെ എളുപ്പമാണ്. ഒരിക്കല്‍ മയക്കുമരുന്ന് ഉപയോഗത്തിലും, വില്‍പ്പനയിലും പെട്ട് ജീവിതം നശിച്ച് ആത്മഹത്യക്ക് രണ്ടു തവണ ശ്രമിച്ച മൂന്നു കുട്ടികളുള്ള, നാലാമത് ഗര്‍ഭിണിയായിരുന്ന ഒരു യുവതിയെ കണ്ടു. സംസാരിച്ചപ്പോള്‍ അവളുടെ മദ്യപാനിയായ അമ്മയെക്കുറിച്ചും, അമ്മയുടെ ശ്രദ്ധക്കുറവുകൊണ്ട് അവള്‍ നേരിടേണ്ട പ്രശ്‌നങ്ങളെക്കുറിച്ചും, അതിനാല്‍ അമ്മയെ അവള്‍ വെറുക്കുന്നുവെന്നും അറിയാന്‍ കഴിഞ്ഞു. അവള്‍ക്കായി പെട്ടെന്ന് ഉള്ളില്‍ പ്രചോദിപ്പിക്കപ്പെട്ട ബൈബിള്‍ ഭാഗം,”മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാന്‍ കഴിയുമോ? പുത്രനോട് പെറ്റമ്മ കരുണകാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല” ഏശയ്യാ 49:15 ഞാന്‍ ഒരാവര്‍ത്തി പറഞ്ഞു. ആ ഒറ്റ വചനം അവളെ ആഴത്തില്‍ സ്പര്‍ശിക്കുകയും അവള്‍ ഉടന്‍തന്നെ ഒരു ബൈബിള്‍ ആവശ്യപ്പെടുകയും ചെയ്തു. ആ സഹോദരിയെ ആ ഒറ്റ വചനം മാറ്റിമറിച്ചു. അവളുടെ മനസിലെ ആകുലതകള്‍ക്കു ആശ്വാസം ലഭിക്കുകയും, വിശാസത്തിലേക്ക് തിരികെ വരികയും ചെയ്തു.

ഓസ്‌ട്രേലിയയിലെ മലയാളി ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ക്രൈസ്തവ സമൂഹം ഏറെ പ്രതീക്ഷിക്കുന്നുവെന്നു പല മെത്രന്മാരും ഏറ്റുപറഞ്ഞിട്ടുണ്ട്. നിലവില്‍ ഓസ്‌ട്രേലിയന്‍ സമൂഹത്തിനു വിസ്മയകരമാണ് മലയാളി ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ ജീവിതവും ആചാരാനുഷ്ടാനങ്ങളും. വിശ്വാസം ഏറ്റുപറയുന്നതില്‍ അഭിമാനിക്കുന്ന, വിശ്വാസത്തിന്റെ ബാഹ്യരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരാണ് മഹാഭൂരിപക്ഷവും. വിശ്വാസം ഏറ്റുപറയുക എന്നത് കാലികപ്രാധാന്യം ഉള്ള കാര്യമാണ്. അവിടങ്ങളിലെ ഏറെപ്പേരും ക്രിസ്തുവിനെ ഉപേക്ഷിക്കുന്നത് ബൗദ്ധികതയുടെ ഉച്ചസ്ഥായിയായി കാണുമ്പോള്‍, ക്രിസ്തുവിനെ മാറോടു ചേര്‍ത്തുപിടിച്ചിരിക്കുന്ന ഒരു സമൂഹം ഉണ്ടെന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നത് വിശ്വാസസ്ഥിരീകരണത്തിനും ക്രൈസ്തവികതയുടെ വ്യാപനത്തിനും സഹായിക്കും.

ജീസസ് യൂത്ത്, എസ്എംവൈഎം തുടങ്ങിയ യുവജന സംഘടനകള്‍ പ്രേഷിതപ്രവര്‍ത്തനത്തിന്റെ വഴിയേ ആണ്. ശാലോം മിനിസ്ട്രിയിലൂടെയാണ് ഏറ്റവും കൂടുതല്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ മലയാളികള്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ സമൂഹത്തില്‍ ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രണ്ടു യുവാക്കള്‍ ക്രിസ്തുവിന്റെ പുരോഹിതരാകാന്‍ ജീവിതം സമര്‍പ്പിച്ച് ഇറങ്ങിപ്പുറപ്പെട്ടു എന്നുള്ളത് അഭിനന്ദനാര്‍ഹമാണല്ലോ. ഇവര്‍ കഴിയുന്നത്ര പ്രാദേശിക പള്ളികളിലും പ്രവര്‍ത്തിച്ചാല്‍ പല പള്ളികളും അതുമൂലം സജീവമാകും.
മറ്റൊരുകാര്യം പല യുവതീയുവാക്കളും യഥാസമയം വിവാഹം കഴിക്കുകയും, വലിയ കുടുംബങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്റെ ഇടവകയില്‍ ശരാശരി മൂന്നുകുട്ടികളില്‍ കൂടുതല്‍ ഉള്ളവരാണ് മിക്കവാറും എല്ലാവരും. ഓസ്‌ട്രേലിയ വീണ്ടും ക്രൈസ്തവരാജ്യമാക്കാന്‍ പ്രാപ്തമായ ഒരു ജനസമൂഹത്തെ മലയാളി ക്രൈസ്തവ സമൂഹത്തിലൂടെ ദൈവം ഒരുക്കുന്നതായാണ് ഞാന്‍ കാണുന്നത്. അതേ, ദൈവം പണി തുടങ്ങിക്കഴിഞ്ഞു, കേരള കത്തോലിക്കാ സഭാമക്കളിലൂടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?