Follow Us On

11

May

2024

Saturday

ക്ഷമയുടെ പര്യായമായി ബിഷപ് മാരി ഇമ്മാനുവേല്‍

ക്ഷമയുടെ പര്യായമായി ബിഷപ് മാരി ഇമ്മാനുവേല്‍

സിഡ്‌നി: തന്നെ വധിക്കാന്‍ ശ്രമിച്ച ഭീകരനോട് നിരുപാധികം ക്ഷമിച്ച ബിഷപ് മാര്‍ മാരി ഇമ്മാനുവേലിന്റെ വാക്കുകളാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ബിഷപ് ഇമ്മാനുവേല്‍ താന്‍ പ്രസംഗിച്ച വാക്കുകള്‍ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു. അള്‍ത്താരയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ് മാരി ഇമ്മാനുവേലിന് നേരെ അക്രമി നടന്നുവരുന്നതും കത്തികൊണ്ട് പലപ്രാവശ്യം കുത്തുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ക്രൂരകൃത്യത്തിന്റെ ഭീകരതെയ നിഷ്പ്രഭമാക്കുന്ന ക്ഷമയുടെ വാക്കുകളാണ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ പിടിച്ചുകുലുക്കുന്നത്.

തിരിച്ചടി വേണ്ട, പ്രാര്‍ത്ഥനമതി
”ഞാന്‍ അതിവേഗം സുഖപ്പെട്ടുവരുകയാണ്. വിശ്വാസികളോടായി ഒരുകാര്യം ആവശ്യപ്പെടുന്നു. ക്രിസ്തുവിനെപ്പോലെ നാം ഈ പ്രശ്‌നത്തില്‍ പ്രതികരിക്കണം. യേശു ഒരിക്കലും കലഹിക്കാന്‍ പഠിപ്പിച്ചില്ല. തിരിച്ചടിക്കാന്‍ അവിടുന്ന് ആവശ്യപ്പെടുന്നില്ല. കണ്ണിന് പകരം കണ്ണ്, പല്ലിന് പല്ല് എന്നൊരിക്കലും യേശു നമ്മെ പഠിപ്പിച്ചിട്ടില്ല. തിന്മക്ക് പകരം തിന്മ ചെയ്യാനല്ല, നന്മ തിരിച്ചുനല്‍കാനാണ് യേശു ആവശ്യപ്പെടുന്നത്. എല്ലാറ്റിനുമുപരിയായി നാം ക്രിസ്ത്യാനികളാണെന്ന കാര്യം മറക്കരുത്. അതനുസരിച്ച് പ്രവര്‍ത്തിക്കണം. സ്‌നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല. ഇതു ചെയ്തത് ആരാണെങ്കിലും ആ വ്യക്തിയോട് ഞാന്‍ ക്ഷമിക്കുന്നു. യേശു നിന്നെ അനുഗ്രഹിക്കുകയും യഥാര്‍ത്ഥ വഴി കാണിച്ചുതരുകയും ചെയ്യട്ടെ. ഇത് ചെയ്യുവാന്‍ ആരാണോ നിന്നെ അയച്ചത് അവരോടും ഞാന്‍ യേശുവിന്റെ നാമത്തില്‍ ക്ഷമിക്കുന്നു.

പ്രിയപ്പെട്ട വിശ്വാസികളോട് ഞാന്‍ ഒരിക്കല്‍ കൂടെ ആവശ്യപ്പെടുകയാണ്. ക്രിസ്തുവിനെ ധ്യാനിക്കണം. തിരിച്ചടിക്കാനല്ല, പ്രാര്‍ത്ഥിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. അതാണ് ഞാന്‍ നിങ്ങളോടും പറയുന്നത്.” തന്റെ ജീവനെടുക്കാന്‍ ശ്രമിച്ച അക്രമിയോട് ക്ഷമിച്ചുകൊണ്ട് ബിഷപ് മാര്‍ മാരി ഇമ്മാനുവേല്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ പോകുന്നു. സിഡ്‌നിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദൈവാലയത്തില്‍ വച്ചാണ് ഈ ഭീകരാക്രമണം ഉണ്ടായത്. ലൈവ് സ്ട്രീം ചെയ്തുകൊണ്ട് ബൈബിള്‍ ക്ലാസ് എടുക്കുകയായിരുന്ന ബിഷപ്പിനെ അക്രമി അള്‍ത്താരയില്‍ കയറി പലവട്ടം കുത്തുകയായിരുന്നു. വിശ്വാസികളുടെ സമയോചിത ഇടപെടലിലൂടെ പ്രതിയെ ഉടന്‍ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ബിഷപ് മാരിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു.

പിന്നില്‍ മതതീവ്രവാദം
ആക്രമണത്തിനു പിന്നില്‍ മതതീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് കമ്മീഷണര്‍ കാരെന്‍ വെബ് വ്യക്തമാക്കി. സംഭവത്തില്‍ ബിഷപ് മാര്‍ മാരിക്ക് പുറമെ വേറെ ചിലര്‍ക്കും ഗുരുതരമല്ലാത്ത പരിക്കുകള്‍ സംഭവിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ സിഡ്‌നി മേഖലയില്‍ ഉണ്ടായ രണ്ടാമത്തെ കത്തി ആക്രമണം ഓസ്‌ട്രേലിയന്‍ ജനങ്ങളിലും ആശങ്ക ഉയര്‍ത്തി. നേരത്തെ നടന്ന കത്തി ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണം നടന്നതിന്റെ രണ്ടാം ദിനം പുറത്തുവന്ന മാര്‍ മാരിയുടെ ക്ഷമയുടെ സന്ദേശം ഓസ്‌ട്രേലിയന്‍ ജനതക്ക് മാത്രമല്ല, മതതീവ്രവാദവും സംഘര്‍ഷങ്ങളും നിമിത്തം വിഭജിക്കപ്പെട്ട ലോകത്തിന് മുഴുവന്‍ സുവിശേഷമായി മാറിയിരിക്കുകയാണ്.

അസീറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ബിഷപ് മാരി ഇമ്മാനുവേല്‍ ഇസ്ലാം മത തീവ്രവാദത്തെ ശക്തമായി അപലപിച്ചുകൊണ്ടും അതേസമയം ഇസ്ലാമിക്ക് മതവിശ്വാസികളെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും തിരുത്തിക്കൊണ്ടും ശക്തമായ പ്രഭാഷണങ്ങള്‍ നേരത്തെയും നടത്തിയിരുന്നു. തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയോട് നിരുപാധികം ക്ഷമിച്ച ബിഷപ് മാരിയുടെ നടപടിയെ അസാധാരണമെന്നാണ് ലോകം വിശേഷിപ്പിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?