”തൊഴിലിനെയും തൊഴിലിന്റെ അന്തസിനെയും നിഷേധിക്കുക എന്നതിനെക്കാള്‍ മോശമായ ഒരു ദാരിദ്ര്യാവസ്ഥയില്ല”
(ഫ്രാന്‍സിസ് പാപ്പ, ഫ്രത്തേലി തൂത്തി 162).
തൊഴിലാളി സമൂഹത്തോടുള്ള തിരുസഭയുടെ പ്രത്യേക കരുതലിന്റെ പ്രതീകമെന്ന നിലയില്‍ മെയ് ഒന്നിനുതന്നെയാണ് ആഗോള കത്തോലിക്കാ സഭ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആചരിച്ചു വരുന്നത്. നമ്മുടെ നാഥനും രക്ഷകനുമായിരുന്ന യേശുവും തൊഴിലാളിയായിരുന്നുവെന്ന് (മര്‍ക്കോ. 6:3) നമുക്കോര്‍ക്കാം. തൊഴിലിനും തൊഴിലിന്റെ കര്‍ത്താവായ തൊഴിലാളിക്കും ഏറ്റവും ഉന്നതമായ സ്ഥാനമാണ് തിരുസഭ കല്പിച്ചനുവദിച്ചിട്ടുള്ളത്.
പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ തിരുസഭയെ സിനഡല്‍ സഭയായി രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. എല്ലാ വിശ്വാസികളുടെയും ഒത്തൊരുമയിലും പങ്കാളിത്തത്തിലും പ്രേഷിതത്വത്തിലും സജീവതയോടെ നിറഞ്ഞുനില്‍ക്കുന്നതാണ് സിനഡല്‍ സഭ. സിനഡല്‍ സഭയുടെ ആവിര്‍ഭാവത്തിനായി പരിശുദ്ധ പിതാവിന്റെ ഈ പ്രവര്‍ത്തനത്തില്‍ എല്ലാ തൊഴിലാളികളും സജീവമായി പങ്കുചേരണമെന്ന് ആഹ്വാനം ചെയ്യുന്നു.
സിനഡല്‍ സഭ രൂപപ്പെടുത്താനുള്ള അല്മായരുടെ സവിശേഷ പ്രവര്‍ത്തനമേഖലകളെയും രീതികളെയും സംബന്ധിച്ച് സിനഡ് സമ്മേളനത്തിന്റെ അവസാനം പുറത്തിറക്കിയ സിനര്‍ജി രേഖയില്‍ ഇങ്ങനെ വിവരിക്കുന്നു. ”പൊതുനന്മയ്ക്കുവേണ്ടിയും മനുഷ്യജീവിതത്തിന്റെ അന്തസുയര്‍ത്തുന്നതിനുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതിബദ്ധതയോടെ ഏര്‍പെടുക എന്നത് എല്ലാ ക്രൈസ്തവരുടെയും ചുമതലയാണ്. അതിനായി സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, ഒത്തൊരുമിച്ച് സമൂഹത്തിലെ സാമൂഹികസന്നദ്ധ സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, ജനകീയമുന്നേറ്റങ്ങള്‍, ഗ്രാസ്‌റൂട്ട് സംഘടനകള്‍, രാഷ്ട്രീയമണ്ഡലം എന്നിങ്ങനെയുള്ള മേഖലകളില്‍ അല്മായര്‍ പ്രവര്‍ത്തനസജ്ജരാകണം” (1,4,ജി, സിനര്‍ജി ഡോക്കുമെന്റ് 28-10-2023).
94 ശതമാനം അസംഘടിതര്‍
‘എല്ലാവര്‍ക്കും സാമൂഹിക നീതിയും അന്തസുള്ള തൊഴിലും’ എന്നതാണ് ഈ വര്‍ഷത്തെ മെയ്ദിന ചിന്താവിഷയം. നീതിനിഷ്ഠമായ സമൂഹം രൂപപ്പെടണമെങ്കില്‍ ‘അന്തസുള്ള തൊഴില്‍’ എല്ലാവര്‍ക്കും ലഭ്യമാകണം. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) അന്തസുള്ള തൊഴിലിനായുള്ള അജണ്ട പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിലുള്ള വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്റെ കേരള ഘടകമാണ് കെഎല്‍എം. ഏത് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും ആവശ്യത്തിന് തൊഴിലും തൊഴില്‍ അവകാശങ്ങളും സാമൂഹിക സുരക്ഷയും ലഭ്യമാക്കുക എന്നതാണ് അന്തസുള്ള തൊഴില്‍ എന്ന പദംകൊണ്ട് ഐഎല്‍ഒ ലക്ഷ്യംവയ്ക്കുന്നത്.
അമ്പത്തിയഞ്ച് കോടിയോളം തൊഴിലാളികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ 94 ശതമാനംപേരും അസംഘടിത തൊഴിലാളികളാണ്. സംഘടനയില്ലാത്തവര്‍ മാത്രമല്ല, അസംഘടിത തൊഴിലാളികള്‍. പ്രത്യുത തൊഴില്‍ സംരക്ഷണം, നിയമപരിരക്ഷ, സാമൂഹിക സുരക്ഷ എന്നിവ ലഭ്യമല്ലാത്തവരാണ് ഇവര്‍. രാജ്യത്ത് നിതാന്തമായി തുടരുന്ന ദാരിദ്ര്യത്തിന്റെ പ്രധാന കാരണം ബഹുജനങ്ങളുടെ തൊഴിലിന്റെ അസംഘടിതാവസ്ഥയാണ്.
ചെറുകിട കര്‍ഷകരും കര്‍ഷകതൊഴിലാളികളും ഉള്‍പ്പെട്ടവരാണ് ഏറ്റവും വലിയ തൊഴില്‍വിഭാഗം. നിര്‍മാണത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, സ്വയം തൊഴിലധിഷ്ഠിതര്‍ തുടങ്ങി 125-ല്‍പരം തൊഴില്‍ വിഭാഗങ്ങളെ സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സംഘടിത മേഖലയിലെ അസംഘടിത തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നത് സമകാലിക പ്രതിഭാസമാണ്. ജിഗ് വര്‍ക്കേഴ്‌സ്, പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ പുതിയ തൊഴില്‍ വിഭാഗങ്ങളാണ്. 94 ശതമാനം വരുന്ന അസംഘടിത തൊഴിലാളികളില്‍ 11 ശതമാനം പേരും സംഘടിത മേഖലയിലാണെന്നാണ് പുതിയ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നത്. അസംഘടിത തൊഴിലാളികളില്‍ വലിയ വിഭാഗം കുടിയേറ്റ തൊഴിലാളികളുമാണ്.
സാമൂഹികനീതി
എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും അന്തസുള്ള തൊഴില്‍ ലഭ്യമാക്കേണ്ടത് രാഷ്ട്രത്തിന്റെ ചുമതലയാണ്. എന്നാല്‍ ഈ വിഭാഗം എണ്ണത്തില്‍ വലുതാണെങ്കിലും സുസംഘടിതരല്ലാത്തതിനാല്‍ വിലപേശല്‍ ശക്തി തീരെ കുറഞ്ഞവരാണ്. ആയതിനാല്‍ ഭരണാധികാരികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ട്രേഡ് യൂണിയനുകളുടെയും ശ്രദ്ധ പിടിച്ചുപറ്റി സമ്മര്‍ദശക്തി ആകാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്.
അജ്ഞതയും ആവശ്യമായ മാര്‍ഗനിര്‍ദേശ സംവിധാനങ്ങളുടെ അപര്യാപ്തതയുംമൂലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ചുരുക്കം ചില സാമൂഹിക സുരക്ഷാപദ്ധതികളില്‍പോലും അംഗങ്ങളാകാന്‍ ഇവര്‍ വിമുഖരാണ്. ഇതുമൂലം പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാന്‍ ഇടയാകുന്നു. രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ദരിദ്രജനവിഭാഗമായി അംസഘടിത തൊഴിലാളികള്‍ പരിണമിച്ചിരിക്കുന്നു. വിലക്കയറ്റം, പ്രകൃതിദുരന്തങ്ങള്‍, കലാപങ്ങള്‍ എന്നിവയുടെ ആദ്യത്തെ ഇരകളായി ഈ വിഭാഗം മാറുന്നു.
‘മനുഷ്യാന്തസും സാമൂഹികനീതിയുമാണ്’ തിരുസഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ പ്രധാന അന്തസത്ത. തിരുസഭ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ തല്‍പരരായിരിക്കുന്നു. ബേത്സെഥാ കുളക്കരയില്‍ ആരും സഹായിക്കാനില്ലാത്തതുമൂലം (യോഹ. 5:7) നീണ്ട മുപ്പത്തിയെട്ടു വര്‍ഷക്കാലം ശയ്യാവലംബിയായ ഒരു രോഗിയെക്കുറിച്ച് സുവിശേഷത്തില്‍ പറയുന്നുണ്ട്. ആ രോഗിയെ യേശു സുഖപ്പെടുത്തി മനുഷ്യാന്തസിലേക്ക് ഉയര്‍ത്തുന്നുണ്ട്. ആരെങ്കിലും സഹായിക്കാനെത്തും എന്ന പ്രതീക്ഷയില്‍ വര്‍ഷങ്ങളായി സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും അകറ്റി നിര്‍ത്തപ്പെട്ടിരിക്കുന്ന അസംഘടിത തൊഴിലാളികളെ സഹായിക്കേണ്ടത് എല്ലാ ക്രൈസ്തവരുടെയും കര്‍ത്തവ്യമാണെന്ന കാര്യം വിസ്മരിക്കരുത്.
ജൂബിലിവര്‍ഷം
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തൊഴില്‍കാര്യ കമ്മീഷന്റെ ഔദ്യോഗിക സംഘടനയായ കേരള ലേബര്‍ മൂവ്‌മെന്റ് അസംഘടിത തൊഴിലാളികളുടെ സംഘാടനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിച്ചുവരുന്നു. ഒരു സര്‍ക്കാരിതര സംഘടനയായ കെഎല്‍എമ്മിന്റെ ആഭിമുഖ്യത്തില്‍ എട്ട് തൊഴിലാളിഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ തൊഴിലാളി ക്ഷേമനിധികളില്‍ തൊഴിലാളികളെ അംഗങ്ങളാക്കിക്കൊണ്ട് അവരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുന്നു. സ്വയം സഹായസംഘങ്ങള്‍പോലെയുള്ള പ്രവര്‍ത്തനങ്ങള്‍വഴി തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ശ്രമിക്കുന്നു. സഭയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ-സാമൂഹിക-അഗതീപരിപാലനം തുടങ്ങിയ എല്ലാ ശുശ്രൂഷകളുംപോലെ സഭയുടെ തൊഴിലാളി ശുശ്രൂഷയും എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണ്.
സഭാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ രൂപപ്പെടുത്താനുള്ള നടപടികള്‍ക്കുവേണ്ട ഒത്താശ നല്‍കാനായി കെസിബിസി ചുമതലപ്പെടുത്തിയിരിക്കുന്നത് കെഎല്‍എമ്മിനെയാണ്. ഇക്കാര്യങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപതകള്‍ക്കും സന്യസ്ത സമൂഹങ്ങള്‍ക്കും കെഎല്‍എം ലഭ്യമാക്കുന്നതാണ്. 1974-ലാണ് കേരള ലേബര്‍ മൂവ്‌മെന്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഈ വര്‍ഷം സുവര്‍ണ ജൂബിലി വര്‍ഷമാണ്. ലേബര്‍ കോണ്‍ക്ലേവ്- സെമിനാറുകള്‍, വിവിധയിനം മത്സരങ്ങള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ ജൂബിലിയോടനുബന്ധിച്ച് നടത്തുവാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
എല്ലാ ഇടവകകളിലും കെഎല്‍എമ്മിന്റെയും തൊഴിലാളി ഫോറങ്ങളുടെയും യൂണിറ്റുകള്‍ ആരംഭിക്കുവാന്‍ മുന്‍കൈ എടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇടവകയിലെ എല്ലാ തൊഴിലാളികളെയും സാമൂഹിക സുരക്ഷാസംരക്ഷണത്തിന്‍കീഴില്‍ കൊണ്ടുവരുന്നതിനുള്ള പ്രത്യേക പദ്ധതി ജൂബിലിവര്‍ഷം പ്രമാണിച്ച് നടപ്പിലാക്കുന്നത് നല്ലതാണ്. തൊഴിലാളികള്‍ക്കായുള്ള ദിവ്യബലി, സാമൂഹിക സുരക്ഷാ കാമ്പയ്ന്‍, സെമിനാറുകള്‍ തുടങ്ങിയ വിവിധ പരിപാടികളോടെ മെയ്ദിനം എല്ലാ ഇടവകകളിലും സമുചിതമായി ആചരിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *