Follow Us On

19

May

2024

Sunday

ആത്മാവിന്റെ ചിറകിലേറിയ പുരോഹിതന്‍

ആത്മാവിന്റെ ചിറകിലേറിയ  പുരോഹിതന്‍

ജോസ് പി. മാത്യു

പാലാ എപ്പാര്‍ക്കി അംഗവും സെന്റ് തോമസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലുമായ റവ. ഡോ.കുര്യന്‍ മറ്റം യുവഹൃദയങ്ങളെ കീഴടക്കിയ ഒരു വൈദികനാണ്. ജീസസ് യൂത്ത് ആത്മീയമുന്നേറ്റത്തെ നെഞ്ചിലേറ്റിയ അച്ചന്റെ സാന്നിധ്യവും ഉപദേശങ്ങളും യുവാക്കള്‍ക്ക് ഇന്നും ആവേശമാണ്. 2001-ല്‍ സെന്റ് തോമസ് കോളജിന്റെ പടിയിറങ്ങിയ കുര്യനച്ചന്‍ കൂടുതല്‍ തിരക്കുകളിലേക്കും ആവേശകരമായ പ്രവര്‍ത്തനങ്ങളിലേക്കുമാണ് കാലെടുത്തുവച്ചത്. ജലന്തര്‍ ട്രിനിറ്റി കോളജിന്റെ ആദ്യപ്രിന്‍സിപ്പല്‍, പാലാ രൂപതാ ഇവാഞ്ചലൈസേഷന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍, ജീസസ് യൂത്തിന്റെ പാലാ രൂപതാ ഡയറക്ടര്‍, ധ്യാനഗുരു, ഇടവകവികാരി എന്നീ നിലകളിലൊക്കെ സ്തുത്യര്‍ഹമായി സേവനം ചെയ്തശേഷം 2022-ല്‍ പൗരോഹിത്യശുശ്രൂഷകളില്‍നിന്ന് ഔദ്യോഗികമായി വിരമിച്ച അച്ചന്‍ ഇപ്പോള്‍ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനീയറിങ്ങ് ടെക്‌നോളജി പാലായുടെ സ്പിരിച്വല്‍ ഡയറക്ടറായും തുടങ്ങനാട് റാണിഗിരി ഹോസ്പിറ്റലിന്റെ ചാപ്ലയിനായും ഔദ്യോഗിക ചുമതല വഹിക്കുന്നു.

ഡോ. കുര്യന്‍ മറ്റം പാലാ രൂപതയിലെ മറ്റനേകം ആത്മീയശുശ്രൂഷകളുടെ ഉപദേശകന്‍കൂടിയാണ്. വൈദികര്‍, സന്യസ്തര്‍, അധ്യാപകര്‍, മറ്റു പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി അച്ചന്റെ ആത്മീയ ഉപദേശത്തില്‍ വിശുദ്ധജീവിതം നയിക്കുന്നവര്‍ അനവധിയാണ്.
1979-ല്‍ പാലാ സെന്റ് തോമസ് കോളജില്‍ അധ്യാപകനായ ഫാ. കുര്യന് കോളജിന്റെ ആത്മീയപിതാവ് എന്ന ചുമതലകൂടി സെബാസ്റ്റ്യന്‍ വയലില്‍ പിതാവ് കല്പിച്ചു നല്‍കിയപ്പോള്‍ പാലാ രൂപതയില്‍ അരങ്ങേറേണ്ട ഒരുപിടി ആത്മീയ മുന്നേറ്റങ്ങളുടെ നാന്ദി കുറിക്കല്‍കൂടിയായിരുന്നു അത്. തന്റെ അധ്യാപക പദവിയും കോളജ് സംവിധാനങ്ങളുമെല്ലാം യുവജനങ്ങള്‍ക്ക് ദൈവത്തെ കൊടുക്കാനുള്ള മാധ്യമവും മാര്‍ഗവുമായിട്ടാണ് കണ്ടിരുന്നതെന്ന് അച്ചന്‍ പറയുന്നു. പാലാ സെന്റ് തോമസ് കോളജിന്റെപ്രിന്‍സപ്പലായിരുന്ന കാലഘട്ടത്തെക്കുറിച്ച് കുര്യന്‍ അച്ചന്‍ പറയുന്നത് ഇപ്രകാരമാണ് – ”ദൈവസഹായം മാത്രം തേടിയാണ് ഞാന്‍ കോളജിനെ മുന്നോട്ടുനയിച്ചത്.”

അതു സമരങ്ങളുടെയും വിദ്യാര്‍ത്ഥി പോരാട്ടങ്ങളുടെയും കാലമായിരുന്നു. ഒരിക്കല്‍, സമരമുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ അച്ചന്‍ കോളജിലെ ജീസസ് യൂത്ത് അംഗങ്ങളോടും ചില അധ്യാപകരോടും അനധ്യാപകരോടും ചേര്‍ന്ന് കാമ്പസില്‍ ജറീക്കോ പ്രാര്‍ത്ഥന നടത്തി. മലപോലെ വന്ന പ്രശ്‌നങ്ങള്‍ പോലും ജപമാല പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ അലിഞ്ഞില്ലാതാകുന്നതാണ് അച്ചന്റെ അനുഭവം. കോളജില്‍ ആഴ്ചയിലൊരിക്കല്‍ പ്രാര്‍ത്ഥനാകൂട്ടായ്മ നടത്തിയിരുന്നു. കോളജിലെ വിദ്യാര്‍ത്ഥികളായ സിസ്റ്റര്‍മാരുടെ വിശേഷാല്‍ പ്രാര്‍ത്ഥനാകൂട്ടായ്മ, എല്ലാ ബാച്ചുകള്‍ക്കും ധ്യാനങ്ങള്‍, ജീവദര്‍ശന്‍, മതദര്‍ശന്‍ ക്ലാസുകള്‍, സെമിനാറുകള്‍, പി.ജിവിദ്യാര്‍ത്ഥികള്‍ക്ക് പ്രീമാര്യേജ് കോഴ്‌സുകള്‍, അധ്യാപകര്‍ക്കുള്ള ധ്യാനങ്ങള്‍ തുടങ്ങിയ ആത്മീയശുശ്രൂഷകള്‍ അച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ചവയാണ്. കോളജ് ഹോസ്റ്റലിന്റെ ചാര്‍ജ് വഹിച്ചിരുന്ന കാലത്ത് മിക്കവാറും എല്ലാ കുട്ടികളെയും പോട്ടയില്‍ ധ്യാനത്തിനയച്ചിരുന്നു. ഒന്നരമണിക്കൂര്‍ പ്രാര്‍ത്ഥന, ബൈബിള്‍ പഠനം എന്നിവയും ഹോസ്റ്റലില്‍ ആരംഭിച്ചു. അച്ചന്റെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിന്റെ മുമ്പില്‍ കീഴടങ്ങാത്ത മല്ലന്മാര്‍പോലും വിരളമായിരുന്നു.

2011 മുതല്‍ ജീസസ് യൂത്ത് പാലാ രൂപതാ ഡയറക്ടര്‍ ആയിരുന്ന കുര്യനച്ചന്റെ കാലഘട്ടം പാലാ ജീസസ് യൂത്തിന്റെ സുവര്‍ണ കാലഘട്ടമായി കണക്കാക്കുന്നു. കുര്യനച്ചന്റെ ആത്മീയ പ്രചോദനത്തില്‍ കരുത്താര്‍ജിച്ച വ്യക്തിത്വങ്ങള്‍ ഏറെയാണ്. യുവാക്കളുടെയിടയില്‍ യുവചൈതന്യത്തോടും പ്രസരിപ്പോടുംകൂടി ആയിരിക്കാനുള്ള അച്ചന്റെ കാരിസം അസാധാരണമാണ്. ജീസസ് യൂത്തിനെ ഏറെ സ്‌നേഹിക്കുന്ന റവ. ഡോ. കുര്യന്‍ മറ്റം വിഭാവന ചെയ്തു നടപ്പിലാക്കിയ ബ്ലൂമിംഗ് റോസസ്, വേരിതാസ് തുടങ്ങിയ ട്രെയിനിങ്ങ് പ്രോഗ്രാമുകള്‍ യുവജനങ്ങളെ ജീസസ് യൂത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടും ആത്മീയതയില്‍ ആഴപ്പെടുത്തിക്കൊണ്ടും ഇന്നും രൂപതയില്‍ സജീവമായി നടന്നുപോരുന്നു. ദൈവകൃപയില്‍ നാല്‍പ്പതില്‍പരം വര്‍ഷങ്ങള്‍ യുവജനങ്ങളോടൊപ്പം അവര്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യമാണ് അച്ചനെ ഇന്നും കര്‍മനിരതമാക്കുന്നത്.

ജീസസ് യൂത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചെറുപ്പത്തിലേ നേടുക എന്ന ആശയം മുന്‍നിര്‍ത്തി അച്ചന്‍ ആരംഭിച്ച മംഗളവാര്‍ത്താ ധ്യാനങ്ങള്‍ ആത്മീയമായും മാനസികമായും ഒരുങ്ങി ദൈവകൃപയില്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കാന്‍ ദമ്പതിമാരെ സഹായിക്കുന്നു. രണ്ടു മാസത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഈ ധ്യാനം ഇപ്പോള്‍ ഓണ്‍ലൈന്‍ മോഡിലും ലഭ്യമാണ്. 2005 മുതല്‍ 2010 വരെ പാലാ രൂപതാ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറായി ചുമതല വഹിച്ചിരുന്ന കാലത്ത് അച്ചന്‍ തുടങ്ങിവച്ച ആത്മീയമുന്നേറ്റങ്ങള്‍ നിരവധിയാണ്. നാല്‍ക്കവലകളിലും കോളനികളിലുമൊക്കെ നടത്തുന്ന സുവിശേഷ പ്രഘോഷണങ്ങള്‍, വീടുകള്‍ കയറിയിറങ്ങി നടത്തുന്ന ദൈവവചന ഷെയറിങ്ങുകള്‍ എന്നിവ എടുത്തുപറയാവുന്നവയാണ്. പാലാ സെന്റ് തോമസ് സ്‌കൂളില്‍ ഞായറാഴ്ചകളില്‍ നടന്നുവരുന്ന വചനപ്രഘോഷണവും സൗഖ്യശുശ്രൂഷയും അച്ചന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചതാണ്. ദിവ്യകാരുണ്യ ആരാധനയുടെ പ്രസക്തി തിരിച്ചറിഞ്ഞ കുര്യനച്ചന്റെ ആത്മീയതണലില്‍ പടര്‍ന്നു പന്തലിച്ച ആരാധനാശുശ്രൂഷകളും ഏറെയാണ്. പാലാ ളാലം പുത്തന്‍പള്ളിയില്‍ ആരംഭിച്ചിരിക്കുന്ന അഖണ്ഡ ദിവ്യകാരുണ്യ മധ്യസ്ഥപ്രാര്‍ത്ഥനയ്ക്ക് അല്മായരെ സജ്ജരാക്കി ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി ദൗത്യമേല്‍പിച്ചത് കുര്യനച്ചനാണ്. സമയക്രമം പാലിച്ച് ചിട്ടയായി നടത്തപ്പെടുന്ന ഈ ആരാധനാ ശുശ്രൂഷവഴി അനുഗ്രഹം പ്രാപിക്കുന്നവര്‍ അനവധിയാണ്. തുടങ്ങനാട് ഫൊറോനയുടെ ആത്മീയ മുന്നേറ്റത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ റാണിഗിരി ഹോസ്പിറ്റലില്‍ ആരംഭിച്ചിരിക്കുന്ന ഏകദിന സെമിനാറും സൗഖ്യശുശ്രൂഷയും അനേകരെ ആത്മീയ വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു.

മനിലയിലെ സാന്റോ റ്റോമസ് ഡോമിനിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ‘ഷേക്‌സ്പിയറിന്റെ നാടകങ്ങളിലെ പാപസങ്കല്‍പം’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അച്ചന്റെ അനുഗ്രഹീത തൂലികയില്‍നിന്നും പിറന്നുവീണ ആത്മീയഗ്രന്ഥങ്ങള്‍ അനവധിയാണ്. 2011 മുതല്‍ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ ആത്മീയപിതാവും മൂല്യബോധന അധ്യാപകനുമായി പ്രവര്‍ത്തിച്ചുവരുന്ന റവ. ഡോ. കുര്യന്‍ മറ്റം പ്രസ്തുത ഉപയോഗത്തിനായി രചിച്ച The Express Way to Success and Happiness എന്ന മോട്ടിവേഷന്‍ ഗ്രന്ഥം യുവഹൃദയങ്ങളുടെ താളമറിഞ്ഞു നീങ്ങാന്‍ അധ്യാപകരെപ്പോലും സഹായിക്കുന്നു. വസന്തം വിടരുമ്പോള്‍, വചനം തിരുവചനം, ചിന്താതരംഗങ്ങള്‍, തേനും പാലും, വചനപ്രകാശം, സഭയും സന്യാസവും എന്നിവ ഇതര കൃതികളാണ്.
നിരവധി വൈദികരെ കത്തോലിക്കാ സഭയ്ക്ക് സംഭാവനചെയ്ത ഇടവകയായ കൊഴുവനാലിലെ അതിപുരാതന മറ്റത്തില്‍ കുടുംബാംഗമായ അച്ചന്‍ മറ്റത്തില്‍ കുടുംബയോഗം പ്രസിഡന്റുകൂടിയാണ്. കുടുംബയോഗത്തിനു മാത്രമായി എല്ലാവര്‍ഷവും മൂന്നുദിവസം താമസിച്ചുള്ള ധ്യാനങ്ങള്‍ ക്രമീകരിക്കുന്ന അച്ചന്‍ കുടുംബവിശുദ്ധീകരണത്തിലും അതീവ ജാഗ്രത പുലര്‍ത്തുന്നു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ആതുരസേവനശുശ്രൂഷകളുടെ പ്രചോദനവും അച്ചനാണ്.

”ഇത്രമാത്രം സ്‌നേഹത്തോടെ ഒരു മനുഷ്യന് ഭൂമിയില്‍ ജീവിക്കാന്‍ പറ്റുമെന്ന് നിരന്തരം നമ്മെ ഓര്‍മിപ്പിക്കുന്ന സാന്നിധ്യമാണ് കുര്യനച്ചന്‍,”
മറ്റത്തിലച്ചന്റെ ശിഷ്യനും സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലുമായ മാത്യു എം.കുര്യാക്കോസ് മറ്റത്തിലച്ചനെക്കുറിച്ച് പറഞ്ഞ ഈ വാക്കുകള്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന അച്ചന്റെ ജീവിതത്തെ സംഗ്രഹിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?