റോം: ലോകമെമ്പാടുനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ഇടവക വൈദികരുടെ സംഗമത്തിന് റോമില്‍ തുടക്കമായി. തങ്ങളുടെ അജപാലന അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രാദേശികതലത്തില്‍ സിനഡല്‍ സഭയായി എങ്ങനെ പ്രവര്‍ത്തിക്കാം എന്ന വിഷയത്തെക്കുറിച്ച് നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വൈദികര്‍ ചര്‍ച്ചകള്‍ നടത്തും.
റോമിന് സമീപമുള്ള ഫ്രട്ടേര്‍ണ ഡോമസ് റിട്രീറ്റ് കേന്ദ്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 300 റോളം ഇടവക വൈദികരാണ് പങ്കെടുക്കുന്നത്. സമ്മേളനം കര്‍ദിനാള്‍ മാരിയോ ഗ്രെഷ് ഉദ്ഘാടനം ചെയ്തു. ഒരുമിച്ച് നടക്കുക എന്നതിലുപരി ദൈവത്തോടൊപ്പം നടക്കുക എന്നതാണ് സിനഡാലിറ്റികൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കര്‍ദിനാള്‍ പറഞ്ഞു.
സിനഡാലിറ്റിയെക്കുറിച്ച് റോമില്‍ നടന്ന സിനഡിന്റെ ക്രോഡീകരിച്ച റിപ്പോര്‍ട്ടിലുള്ള പ്രമേയങ്ങളെക്കുറിച്ച് വിവിധ സെഷനുകളില്‍ ചര്‍ച്ചകള്‍ നടക്കും. സിനഡല്‍ സഭയുടെ മുഖം എന്നതായിരുന്നു ഒന്നാം ദിനത്തിലെ ചര്‍ച്ചയുടെ പ്രമേയം.
സിനഡല്‍ പ്രക്രിയയില്‍ വൈദികരുടെ പങ്കാളിത്തം കൂടെ ഉറപ്പാക്കുന്നതിനായി വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററിയും ജനറല്‍ സെക്രട്ടറിയേറ്റ് ഓഫ് സിനഡും ചേര്‍ന്നാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച വൈദികരെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കര്‍ദിനാള്‍ ഗ്രെഷ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാവും സമ്മേളനം സമാപിക്കുക.
Leave a Comment
Your email address will not be published. Required fields are marked with *