‘ദൈവം എന്നെ സ്‌നേഹിക്കുന്നുണ്ടെന്നും സഹനങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,’ ഗ്ലിയോ ബ്ലാസ്റ്റോമ എന്ന ബ്രെയിന്‍ ട്യൂമറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ഏഴ് മക്കളുടെ അമ്മയായ ജെന്‍ ഡെല്ലാ ക്രോസിന്റെ വാക്കുകളാണിത്.
തന്നെ സ്‌നേഹിക്കുന്ന ദൈവം തനിക്ക് ദോഷകരമായത് ഒന്നും ചെയ്യുകയില്ലെന്ന അടിയുറച്ച വിശ്വാസത്തില്‍ പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചുകൊണ്ട് ഈ രോഗത്തെ അതിജീവിക്കുന്ന ജീവിതസാക്ഷ്യം ‘ദി കാത്തലിക്ക് ടോക്ക് ഷോ’ എന്ന പരിപാടിയില്‍ ജെന്‍ ഡെല്ലാക്രോസ് പങ്കുവച്ചു.
എല്ലാ ദിവസവും ജെറമിയ 29:11 വചനം ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഡെല്ലാക്രോസ് പ്രത്യാശ നിറഞ്ഞതും ശുഭകരവുമായ ഭാവിയാണ് ദൈവം തനിക്ക് വേണ്ടി കരുതിവച്ചിരിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു. പോസിറ്റീവ് ആറ്റിറ്റിയൂഡ് കാത്ത് സൂക്ഷിക്കുന്നതിനും തന്റെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും തനിക്ക് ദൈവവിശ്വാസം ശക്തി നല്‍കുന്നതായി സൈന്യത്തില്‍ നഴ്‌സായിരുന്ന ജെന്‍ പറയുന്നു.
തന്നെത്തന്നെ ദൈവത്തിന് പൂര്‍ണമായി സമര്‍പ്പിക്കുന്ന സമര്‍പ്പണ നൊവേന ഇന്ന് ഡെല്ലാ ക്രോസിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇതൊടൊപ്പം ഭര്‍ത്താവിന്റെയും ഏഴ് മക്കളുടെയും കൂട്ടായ്മ വലിയ ശാന്തതയോടെ രോഗത്തെ നേരിടുവാന്‍ തനിക്ക് ശക്തി നല്‍കുന്നതായി ജെന്‍ ഡെല്ലാ ക്രോസ് വ്യക്തമാക്കി.
”രാത്രിയില്‍ എഴുന്നേറ്റ് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരും ദിവസത്തിന്റെ പല സമയങ്ങളിലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമായി ആയിരക്കണക്കിന് ആളുകളുണ്ട്. ഇവര്‍ക്കെല്ലാം വേണ്ടി ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു,” ജെന്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *