ഡബ്ലിന്‍: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നോക്ക് തീര്‍ത്ഥാടനം മെയ് 11ന് നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തുചേരും. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ 37 വിശുദ്ധ കുര്‍ബാന സെന്ററുകളിലും മരിയന്‍ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.
കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും മാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം അയര്‍ലണ്ടിലെ സീറോ മലബാര്‍ പ്രവാസി സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണമാകും. അയര്‍ലണ്ടില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ നോക്ക് തീര്‍ത്ഥാടനത്തില്‍ ഒരുമിച്ചുകൂടും.
വിശുദ്ധ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും, അയര്‍ലണ്ട് സീറോ മലബാര്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ടും അയര്‍ലണ്ടിലെ മുഴുവന്‍ സീറോ മലബാര്‍ വൈദികരും സഹകാര്‍മ്മികരാകും.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പായും നോക്ക് തീര്‍ത്ഥകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്. വിശുദ്ധ മദര്‍ തെരേസയും നോക്ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ട് സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ പുണ്യസ്ഥലത്ത് ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചു.
അയര്‍ലണ്ടിലെത്തുന്ന മലയാളി കുടുംബങ്ങള്‍ പതിവായി നോക്ക് സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10 മുതല്‍ മലയാളത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് 12 മണിമുതല്‍ ആരാധനയും സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും നടന്നുവരുന്നു.
1879 ഓഗസ്റ്റ് 21 നാണ് ഇവിടെ മരിയന്‍ പ്രത്യക്ഷീകരണം നടന്നത്. മാതാവിനൊപ്പം സെന്റ് ജോസഫും യോഹന്നാന്‍ ശ്ലീഹായും പ്രത്യക്ഷപ്പെട്ടിരുന്നു. ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിന്‍കുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *