Follow Us On

13

September

2024

Friday

മദ്യപാനവും പുകവലിയും ‘ആവേശത്തിന്’ ഹാനികരം

മദ്യപാനവും പുകവലിയും  ‘ആവേശത്തിന്’ ഹാനികരം

സമീപകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ഏതാണ്ട് എല്ലാ ചലച്ചിത്രങ്ങളും മദ്യപാനത്തിനും പുകവലിക്കും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പഠനത്തിന് അന്യസം സ്ഥാനങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള സീനുകള്‍ പല സിനിമകളിലും കാണാം.

 

റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ cmi

2012 ഓഗസ്റ്റ് രണ്ടിന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് മദ്യപാനം, പുകവലി തുടങ്ങിയവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം സിനിമയില്‍ ഉള്‍പ്പെടെ പരസ്യപ്പെടുത്തി തുടങ്ങിയത്. മദ്യപാനവും പുകവലിയും ഏതെങ്കിലും രീതിയില്‍ ചിത്രീകരിക്കുന്ന സിനിമകളില്‍ തുടക്കത്തില്‍ 20 സെക്കന്‍ഡ് ബോധവല്‍ക്കരണ വീഡിയോ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം മദ്യപാനമോ പുകവലിയോ കാണിക്കുന്ന രംഗങ്ങളില്‍ ‘മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം’ എന്ന സന്ദേശം എഴുതി കാണിക്കുകയും വേണം എന്ന് സര്‍ക്കുലര്‍ അനുശാസിക്കുന്നു. പിന്നീടിങ്ങോട്ട് എല്ലാ ചലച്ചിത്രങ്ങളിലും ഇത് കാണാം.

സമീപകാലത്ത് റിലീസ് ചെയ്ത് വലിയ വിജയമായി മാറിയ മലയാള ചലച്ചിത്രമാണ് ‘ആവേശം.’ ഏറെ ആവേശത്തോടെയാണ് യുവജനങ്ങള്‍ ഈ സിനിമയെ ഏറ്റെടുത്തത്. ഒരു മികച്ച എന്റര്‍ടെയ്നര്‍ തന്നെയായ ഈ ചലച്ചിത്രത്തിന്റെ സവിശേഷതകളില്‍ ഒന്നായി പറയാന്‍ കഴിയുന്നത് മദ്യപാനത്തിനും പുകവലിക്കും എതിരെയുള്ള മേല്‍പറഞ്ഞ മുന്നറിയിപ്പാണ്. വളരെ അപൂര്‍വ്വം രംഗങ്ങളില്‍ മാത്രമേ ‘മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം’ എന്ന സന്ദേശം എഴുതി കാണിക്കാത്തതായി കാണാനാവൂ. അതായത്, സിനിമ തുടങ്ങി അവസാനിക്കുന്നതുവരെയുള്ള ഏതാണ്ട് എല്ലാ സീനുകളും മദ്യത്തിന്റെയും സിഗരറ്റിന്റെയും ഉപയോഗംകൊണ്ട് നിറഞ്ഞിരിക്കുന്നു. പഠിക്കാനായി കേരളത്തില്‍നിന്ന് ബംഗളൂരുവില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ മുതല്‍ സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും മുഴുക്കുടിയന്മാരും സദാ സിഗരറ്റ് ഉപയോഗിക്കുന്നവരുമാണ്.

മഞ്ഞുമ്മല്‍ ബോയ്‌സ്
സമീപകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ഏതാണ്ട് എല്ലാ ചലച്ചിത്രങ്ങളും മദ്യപാനത്തിനും പുകവലിക്കും വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നതായി കാണാം. മലയാള സിനിമയുടെ ചരിത്രത്തിലെ വന്‍വിജയം എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയുമായി ബന്ധപ്പെട്ടും അത്തരമൊരു വിവാദം ഉയര്‍ന്നിരുന്നു.
പ്രശസ്ത മലയാളം – തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ ഒരു കുറിപ്പില്‍, ‘മഞ്ഞുമ്മല്‍ ബോയ്‌സ് – കുടികാര പെറുക്കികളിന്‍ കൂത്താട്ടം’ എന്നാണ് സിനിമയെ വിശേഷിപ്പിച്ചത്. യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി നിര്‍മ്മിച്ച പ്രസ്തുത സിനിമയില്‍ വിനോദയാത്രാ സംഘത്തെ മുഴുക്കുടിയന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയില്‍ സംഭവിക്കുന്ന അപകടത്തിന് പരോക്ഷ കാരണമാകുന്നതുപോലും ആ മദ്യപാനമാണ്. ഈ പശ്ചാത്തലത്തില്‍, മലയാളി യുവാക്കളുടെ അനാരോഗ്യകരവും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ മദ്യപാനശീലത്തെയാണ് ജയമോഹന്‍ വിമര്‍ശിച്ചത്. അത് വലിയ വിവാദമായി മാറി.

ലഹരിയുടെ ഉപയോഗം അനിവാര്യമല്ലാത്ത സീനുകളില്‍പോലും അത്തരം ഘടകം ചേര്‍ത്തുവയ്ക്കുന്നത് ആരോഗ്യകരമായ പ്രവണതയായി കരുതാനാവില്ല. കുടും ബപ്രേക്ഷകര്‍ കൂട്ടത്തോടെ കയറുന്ന സിനിമകളില്‍ ഇത്തരം കാഴ്ചകള്‍ പതിവാകുന്നത് കുട്ടികളെ എപ്രകാരം സ്വാധീനിക്കുന്നു എന്നത് വിചിന്തന വിഷയമാകേണ്ടതുണ്ട്.

ആരോഗ്യത്തിന് ഹാനികരം
കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നായ ‘ആന്റണി’ എന്ന ചലച്ചിത്രത്തിലും, നായകന്‍ ആദ്യന്തം പ്രത്യക്ഷപ്പെടുന്നത് കയ്യില്‍ സിഗററ്റുമായാണ്. കുടുംബപ്രേക്ഷകര്‍ ഉള്‍പ്പെടെ കയ്യടിയോടെ സ്വീകരിച്ച ആ സിനിമയില്‍ മദ്യപാനത്തെയും അതിസ്വാഭാവിക രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം ആവശ്യത്തിനുള്ള മദ്യം സ്വന്തമായി ഉണ്ടാക്കുന്നതുപോലും അസ്വാഭാവികമല്ലാത്ത ഒരു പ്രവൃത്തിയായി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത് കാണാം. സമീപകാലത്തെ മറ്റൊരു വിജയ ചിത്രമായ ‘പ്രേമലു’വിലും നായകന്റെയും സുഹൃത്തിന്റെയും മദ്യപാനത്തെ മഹത്വവല്ക്കരിച്ചിരിക്കുകയാണ്. കേരളത്തില്‍നിന്ന് പഠനത്തിനായി അന്യസംസ്ഥാ നങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള സീനുകള്‍ വിദ്യാര്‍ഥികള്‍ കഥാപാത്രങ്ങളായ പല സിനിമകളിലും കാണാം.
ചില പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മദ്യപാനത്തിനും പുകവലിക്കും വലിയ സ്ഥാനം പൊതുവെ സിനിമകളില്‍ ഉണ്ടായിരുന്നെങ്കില്‍ പിന്നീട് ഒരു ഘട്ടത്തില്‍ അല്പമൊരു മാറ്റം ഉണ്ടായിരുന്നതായി കാണാം. അക്കാലത്ത് യുവജനശ്രദ്ധ ലക്ഷ്യം വയ്ക്കുന്ന സിനിമകളില്‍ മദ്യവും സിഗരറ്റും അനിവാര്യ ഘടകം ആയിരുന്നില്ല. എന്നാല്‍, ഇന്നത്തെ സിനിമകളില്‍ ലഹരിയുടെ അമിത സ്വാധീനം ഒരു അവിഭാജ്യ ഘടകമായി മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ലഹരിയുടെ ഉപയോഗം അനിവാര്യമല്ലാത്ത സീനുകളില്‍ പോലും അത്തരമൊരു ഘടകം ചേര്‍ത്തുവയ്ക്കുന്നത് ആരോഗ്യകരമായ പ്രവണതയായി കരുതാനാവില്ല. കുടുംബപ്രേക്ഷകര്‍ കൂട്ടത്തോടെ കയറുന്ന സിനിമകളില്‍ ഇത്തരം കാഴ്ചകള്‍ പതിവാകുന്നത് കുട്ടികളെ എപ്രകാരം സ്വാധീനിക്കുന്നു എന്നത് വിചിന്തന വിഷയമാകേണ്ടതുണ്ട്. ആബാലവൃദ്ധം ജനങ്ങള്‍ കയ്യടിയോടെ സ്വീകരിക്കുന്ന സിനിമകളിലെ നായകകഥാപാത്രങ്ങള്‍ ഉള്‍പ്പെടെ നിരന്തരമദ്യപാനികളാണെന്നുവരുന്നത് പുതിയ തലമുറയില്‍ ലഹരിയോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ കാരണമായേക്കും. മദ്യപാനവും പുകവലിയും മറ്റു ലഹരി ഉപയോഗങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം പാഴ്‌വാക്കായി മാറുകയാണ്.

ലഹരി ഹീറോയിസമാകുമ്പോള്‍
2012 മുതല്‍ നിയമപ്രകാരം നിര്‍ബന്ധിതമായ ലഹരിവിരുദ്ധ സന്ദേശങ്ങളുടെ പ്രചാരണത്തിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. സിനിമകളിലെ മുന്നറിയിപ്പുകള്‍ക്ക് വളരെ മുമ്പേ തന്നെ മദ്യ – സിഗരറ്റ് പാക്കറ്റുകള്‍ക്ക് പുറത്ത് ഉപയോഗം ആരോഗ്യത്തിന് ഹാനികരം എന്ന സന്ദേശം നിയമപരമായി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരം മുന്നറിയിപ്പുകള്‍ പൊതുവെ ഗുണകരമെന്ന വിലയിരുത്തലുകള്‍ ഉണ്ടെങ്കിലും, വിശദമായ പഠനങ്ങളില്‍ മറിച്ചുള്ള അഭിപ്രായപ്രകടനങ്ങളും കാണാം. നാമമാത്രമായ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ക്കപ്പുറം ഇക്കാലത്തെ സിനിമകളുംമറ്റും നല്‍കുന്ന സന്ദേശം ലഹരിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിലയിരുത്തലുകള്‍ വ്യാപകമായുണ്ട്.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ മുടക്കുകയും എന്നാല്‍, മദ്യ ഉപഭോഗം വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങളും കൂട്ടി വായിക്കേണ്ടതുണ്ട്. ലഹരി വര്‍ജ്ജനം നയമാണെന്ന് പറയുമ്പോഴും പ്രായോഗികമായി മദ്യ ഉപയോഗം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. പുതിയ പബ്ബുകള്‍ക്കും, വീര്യം കുറഞ്ഞ മദ്യ നിര്‍മ്മാണത്തിനും അനുമതി നല്‍കാനുള്ള സമീപകാല തീരുമാനം ഉദാഹരണമാണ്. മദ്യത്തെ മുഖ്യവരുമാന സാധ്യതയായി കണ്ടുകൊണ്ടുള്ള ഇരട്ടത്താപ്പാണ് ഇത്തരം നയങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഇതിന് സമാന്തരമായാണ് ലഹരി ഉപയോഗം ഹീറോയിസമായി അവതരിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ കുത്തൊഴുക്ക്.
അനിയന്ത്രിതമായ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ഇളം തലമുറകള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയുംചെയ്യുന്ന ഇന്നത്തെ ശൈലി പുനഃപരിശോധിക്കാന്‍ ചലച്ചിത്രങ്ങളുടെ പിന്നണി പ്രവര്‍ത്തകര്‍ തയാറാകണം. ലഹരി ഉപയോഗം സ്വാഭാവിക പ്രവണതയാണെന്നും അതില്‍ ഒരു ഹീറോയിസം ഉണ്ടെന്നുമുള്ള സന്ദേശം സിനിമകളില്‍ വ്യാപകമാകുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. കേവലം 20 സെക്കന്‍ഡ് മുന്നറിയിപ്പുകളില്‍ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഒതുക്കാതെ, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രവണത സിനിമകളില്‍ കുറച്ചു കൊണ്ടുവരാന്‍ സിനിമ നിര്‍മാതാക്കളും ആരോഗ്യ – വാര്‍ത്താവിനിമയ മന്ത്രാലയങ്ങളും ശ്രദ്ധ ചെലുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

(ലേഖകന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയാണ്)

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?