Follow Us On

22

December

2024

Sunday

വചനം വായിച്ച് നേടിയ വിജയം

പ്ലസ്ടുവിന് നീഹാരക്ക് ലഭിച്ചത് 1200/1200

വചനം വായിച്ച്  നേടിയ വിജയം

റോഷന്‍ മാത്യു

ബൈബിള്‍ വായിച്ചിട്ടും പ്രാര്‍ത്ഥിച്ചിട്ടും മാത്രം ഓരോ തവണയും പഠിക്കാനായി പുസ്തകമെടുത്തിരുന്ന നീഹാരക്ക് പ്ലസ് ടൂ പരീക്ഷയില്‍ ലഭിച്ചത് 1200/1200 മാര്‍ക്ക്. പാലാ പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ നീഹാര അന്ന ബിന്‍സാണ് ദൈവകൃപയിലാശ്രയിച്ചുകൊണ്ട് നടത്തിയ പരിശ്രമത്തിലൂടെ +2 പരീക്ഷയില്‍ നൂറുമേനി വിജയം കരസ്ഥമാക്കിയത്.

ജപമാല കയ്യില്‍ പിടിച്ചുകൊണ്ട് പഠിച്ചാല്‍ മാതാവ് എല്ലാ കാര്യങ്ങളും പഠിപ്പിക്കുമെന്നും പഠിച്ച കാര്യങ്ങള്‍ മറക്കുകയില്ലെന്നും ഒരു വൈദികന്‍ പറഞ്ഞതനുസരിച്ച് ജപമാല കയ്യില്‍ പിടിച്ചുകൊണ്ടാണ് നീഹാര പഠിച്ചിരുന്നത്. നെഹമിയ 2:20, ജ്ഞാനം 9:10, സെഫാനിയ 3:17, ഫിലിപ്പി 4:13 തുടങ്ങിയ വചനങ്ങള്‍ ഏറ്റുചൊല്ലി പ്രാര്‍ത്ഥിച്ച ശേഷമാണ് പരീക്ഷ എഴുതിയത്. ഇങ്ങനെ വചനം പറഞ്ഞ് പ്രാര്‍ത്ഥിച്ച ശേഷം പരീക്ഷ എഴുതുമ്പോള്‍ എല്ലാ കാര്യങ്ങളും പരിശുദ്ധാത്മാവ് പറഞ്ഞുതന്ന് എഴുതിക്കുന്ന അനുഭവം ഉള്ളതായും നീഹാര പറയുന്നു.

സ്‌കൂള്‍ ലീഡര്‍, എന്‍എസ്എസ് വോളന്റിയര്‍ ലീഡര്‍ എന്നീ നിലകളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ച നീഹാരക്ക് പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് വച്ച് നടന്ന സയന്‍സ് ടാലന്റ് സേര്‍ച്ച് എക്‌സാമില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ്, കോട്ടയം ജില്ലാ തലത്തില്‍ നടന്ന മാത്സ് പസിലില്‍ എ ഗ്രേഡ് എന്നിവയും ലഭിച്ചിരുന്നു.

വചനം പറഞ്ഞ് പ്രാര്‍ത്ഥിച്ച ശേഷം പരീക്ഷ എഴുതുമ്പോള്‍ എല്ലാ കാര്യങ്ങളും പരിശുദ്ധാത്മാവ് പറഞ്ഞുതന്ന് എഴുതിക്കുന്ന അനുഭവമായിരുന്നു

പഠനത്തിലും പാഠേത്യര പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലായിരുന്ന നീഹാര +1 ന് ചേര്‍ന്ന സമയത്ത് തന്നെ മുഴുവന്‍ മാര്‍ക്കും നേടാന്‍ സാധ്യതയുള്ള കുട്ടിയാണെന്ന് അധ്യാപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സ്‌കൂളില്‍ നിന്ന് ആദ്യമായി മുഴുവന്‍ മാര്‍ക്കും നേടുവാന്‍ സാധ്യയുണ്ടായിരുന്നതിനാല്‍ പ്രിന്‍സിപ്പലും അധ്യാപകരും മാതാപിതാക്കളും പ്രാര്‍ത്ഥനയും പ്രോത്സാഹനവുമായി എപ്പോഴും കൂടെയുണ്ടായിരുന്നതായി നീഹാര പറയുന്നു.

കൂട്ടുകാരൊക്കെ പരീക്ഷയെക്കുറിച്ച് ടെന്‍ഷനോടെയും ആശങ്കയോടെയും സംസാരിക്കുന്ന സമയങ്ങളില്‍ ‘മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്'(ലൂക്ക.18:27) എന്ന വചനം പറഞ്ഞാണ് നീഹാര അവരെ ധൈര്യപ്പെടുത്തിയിരുന്നത്. പിന്നീട് തനിക്ക് ടെന്‍ഷന്‍ ഉണ്ടായപ്പോള്‍ ഈ വചനം തന്നെ അവര്‍ ഓര്‍മിപ്പിക്കുകയും അങ്ങനെ ദൈവത്തിലാശ്രയിച്ച് മുമ്പോട്ട് പോകുവാന്‍ ഇടയായതായും നീഹാര പറഞ്ഞു.

പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കുന്നത് ഏറെ ഇഷ്ടപ്പെടുന്ന നീഹാര ഭാവിയില്‍ മാതാപിതാക്കളെപ്പോലെ അധ്യാപികയാകുവാനാണ് ആഗ്രഹിക്കുന്നത്. മടിക്കാങ്കല്‍ ബിന്‍സ് ജോസഫിന്റെയും ആഗ്നസ് മരിയ മാത്യുവിന്റെയും മകളാണ് പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക്‌സ് ഇടവകാംഗമായ നീഹാര. ഏക സഹോദരന്‍ ജോസഫ് നിയോ ബിന്‍സ് പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?