തഞ്ചാവൂര്‍: തഞ്ചാവൂര്‍ ബിഷപ് എമിരറ്റസ് ഡോ. ദേവദാസ് അംബ്രോസ് മരിയദോസ് ദിവംഗതനായി. തഞ്ചാവൂരിലെ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. 76-കാരനായ അദ്ദേഹം അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. 1997 മുതല്‍ 2023 വരെ തഞ്ചാവൂര്‍ രൂപതയുടെ ബിഷപ്പായിരുന്നു ഡോ. ദേവദാസ് അംബ്രോസ്.
1946 ഒക്ടോബര്‍ ആറിന് അമ്മപ്പേട്ട് ഗ്രാമത്തില്‍ ജനിച്ച ഡോ. അംബ്രോസ് ഉക്കടൈ അപ്പാവ് തേവര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ശ്രീപുഷ്പം കോളേജില്‍ പ്രീ-ഡിഗ്രിയും പൂര്‍ത്തിയാക്കി. 1964 ല്‍ തഞ്ചാവൂരിലെ സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1974 ഓഗസ്റ്റ് അഞ്ചിന് വൈദികനായി അഭിഷിക്തനായി.
റോമിലെ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പാരീസിലെ കാത്തലിക്ക് യൂണിവേഴ്‌സിറ്റിയിലുംനിന്ന് ഉന്നത വിദ്യാഭ്യാസം നേടി. ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയില്‍ നിന്നും ബൈബിള്‍ പഠനത്തില്‍ ഡിപ്ലോമ നേടി. ബംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായിരുന്നു. 1997 ജൂലൈ 14 ന് ബിഷപ്പായി നിയമിതനായ ഡോ. അംബ്രോസ് സെപ്റ്റംബര്‍ 24ന് ബിഷപ്പായി അഭിഷിക്തനായി. 75 വയസായതിനെ തുടര്‍ന്ന് 2023 ഫെബ്രുവരി നാലിനാണ് സ്ഥാനമൊഴിഞ്ഞത്.
Leave a Comment
Your email address will not be published. Required fields are marked with *