ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ സിഎംഐ
കല്ല് ഒരു സംസ്‌കാരമാണ്. ചരിത്രത്തില്‍ ഒരു ശിലായുഗം ഉണ്ടായിരുന്നു. അതാണു മനുഷ്യനെ മനുഷ്യനാകാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ച സംസ്്കാരമെന്നു ചരിത്രപണ്ഡിതര്‍ക്ക് അറിയാം. 4000 ബി.സി വരെ ഈ ശിലായുഗം നിലനിന്നിരുന്നു എന്നു ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു. പാലിയോലിത്തിക് (Paleolithic), മെസോലിത്തിക് (Mesolithic), നിയോലിത്തിക് (Neolithic) എന്നിവയടങ്ങുന്ന ശിലായുഗത്തില്‍നിന്നാണ് മനുഷ്യന്‍ പുരോഗമിച്ചത്. സാരമായ നാശം വരുത്താത്ത ഒരൊറ്റ യുഗമേ ഉണ്ടായിട്ടുള്ളൂ, അതു ശിലായുഗമായിരുന്നു.
ശിലയുടെ ആയുസ്
ശില ഒന്നിനെയും നശിപ്പിച്ചിട്ടില്ല, സംരക്ഷിച്ചിട്ടേയുള്ളൂ. എന്നാല്‍ പിന്നീടു വന്ന ലോഹയുഗങ്ങളെല്ലാം ഈ ഭൂമിയിലെ ഒരുപാടു ജീവനും നന്മയും തകര്‍ത്തു. ലോഹത്തില്‍നിന്നു ലോഹത്തിലേക്കുള്ള യാത്രകള്‍ നാശോന്മുഖ ലക്ഷ്യത്തിനാണ് അധികവും ഉപയോഗിച്ചതെന്നു ചരിത്രം സാക്ഷിക്കുന്നു. ഭൂമിയെ നശിപ്പിച്ച് അതില്‍നിന്നു നമ്മള്‍ ഭൂമിക്കു തോരണങ്ങള്‍ കെട്ടിപ്പൊക്കി വലിയവരാകാന്‍ ശ്രമിച്ചു. അറിവുള്ളവര്‍ പറഞ്ഞാലും അവരൊക്കെ അജ്ഞരെന്നു പറയാന്‍ മാധ്യമ മാഫിയാകളെ സൃഷ്ടിച്ചെടുക്കാന്‍ അനേകകോടി പണം ചെലവഴിക്കുന്നു.
ആത്മാവുകൊണ്ടു നിറഞ്ഞ് ഭൂമിയുടെ അവസ്ഥ വ്യക്തമാക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ കള്ളപ്രവാചകനെന്നും അന്തിക്രിസ്തുവെന്നും പറഞ്ഞു തേജോവധം ചെയ്യാനും അതിനു കള്ളപ്രമാണങ്ങള്‍ എഴുതിയുണ്ടാക്കാനും ധാരാളം പേര്‍ സമയവും പണവും ചെലവഴിക്കുന്നുണ്ട്. നമ്മള്‍ പലരും അതൊക്കെ കാണുന്നുണ്ടെങ്കിലും മനഃസാക്ഷിക്കു മുമ്പില്‍ ഇരുമ്പുമറകള്‍ ഇട്ടിരിക്കുന്നു. കല്ലില്‍ അടയാളപ്പെടുത്തിയതേ ഇന്നു ഭൂമിയില്‍ ബാക്കിയുള്ളൂ. എവിടെ വേണമെങ്കിലും നോക്കൂ… കല്ലിന്റെ ആയുസിനു വിലങ്ങിടാന്‍ മനുഷ്യനോ അവന്റെ കൊതിസംസ്‌കാരത്തിനോ സാധിച്ചിട്ടില്ല. നമുക്കൊരു സംസ്‌കാരവും സംസ്‌കാരപക്ഷവും ഉണ്ടെന്നു നമ്മളറിഞ്ഞതുതന്നെ കല്ലില്‍ നിന്നല്ലേ? ഏതോ ഗുഹയില്‍ മനുഷ്യവാസം ഉണ്ടായിരുന്നു എന്നു നമ്മള്‍ ഊഹിച്ചെടുക്കുന്നതിനു പിന്‍ബലം തരുന്നത് ഒറ്റനിറത്തിലും പലനിറങ്ങളിലും കല്ലില്‍ കല്ലുകൊണ്ടു കൊത്തിവച്ചിരിക്കുന്ന മനുഷ്യന്റെയും മൃഗങ്ങളുടെയും ചിത്രങ്ങളിലൂടെയാണ്. അതു മൃഗബുദ്ധിയില്‍നിന്നു വന്നതല്ലെന്നു തിരിച്ചറിയുന്നതു വളച്ചെടുത്ത കമ്പുവില്ലുകളുടെയും നേര്‍രൂപമുള്ള അമ്പുകളുടെയും രൂപങ്ങള്‍ കല്ലിലും പാറയിലും കൊത്തപ്പെട്ടതുകൊണ്ടാണ്.
കൈചൂണ്ടികള്‍
കൊത്തിയതും വരച്ചതുമൊക്കെ വല്ല മരക്കഷണത്തിലോ ഉണങ്ങിയ മണ്‍പലകകളിലോ ആയിരുന്നെങ്കില്‍ അടയാളങ്ങളായി അവശേഷിക്കുമായിരുന്നോ? മൊഹഞ്ചദാരോപോലുള്ള ഉയര്‍ന്ന സംസ്‌കാരങ്ങളില്‍ ചുട്ട മണ്ണപ്പത്തിലും ഇഷ്ടികകളിലും ഉണ്ടായിരുന്നതൊക്കെ ഛിഹ്നഭിന്നമായതുകൊണ്ടു കണ്ണിപിടിപ്പിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ ഒരുപാടു പാടുപെടുന്നതു അക്കാലത്തൊക്കെ മനുഷ്യന്‍ കല്ലിനെ ഉപേക്ഷിച്ചു എളുപ്പമാര്‍ഗങ്ങള്‍ തേടിത്തുടങ്ങിയിരുന്നതുകൊണ്ടാണ്. കല്ലിന്റെ കടുപ്പത്തില്‍ നിന്നു ഇഷ്ടികയുടെ മൃദുത്വത്തിലേക്കു അപ്പോഴേക്കും മനുഷ്യന്‍ കടന്നിരുന്നു. അതു ഒരു പരിധിവരെ വലിയ ഒരു സംസ്‌കാരത്തെ തകര്‍ക്കലായിരുന്നു, അറിയാതാണെങ്കിലും. പക്ഷെ, കടന്നുവന്ന ഉയര്‍ന്ന സംസ്‌കാരങ്ങളെക്കാള്‍ ശിലായുഗത്തിലെ തിരുശേഷിപ്പുകള്‍ക്കു ഇന്നും അന്നത്തെ ബലം തന്നെ ഉണ്ട്. കല്‍ഗുഹകളിലെ ചുവര്‍ചിത്രങ്ങള്‍ ലോഹങ്ങളില്‍ കൊത്തപ്പെട്ടവയെക്കാള്‍ ആഴമുള്ളവയാണ്. അതൊക്കെ ചരിത്രപുസ്തകങ്ങളാണ്, മറ്റെന്തിനേക്കാളും.
ലോഹത്തിലുള്ളതെല്ലാം ഇന്നല്ലെങ്കില്‍ നാളെ രാസപ്രവര്‍ത്തനങ്ങള്‍കൊണ്ടു പെട്ടെന്നോ അല്‍പ്പം താമസിച്ചോ നാശത്തിലെത്തും. പക്ഷേ കല്ലില്‍ കൊത്തപ്പെട്ടതൊന്നും അത്ര നിസാരമായി പ്രകൃതിയില്‍ ലയിച്ചില്ലാതാകില്ല. അതിനു ഉദാഹരങ്ങളാണ് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമുള്ള കല്ലുസ്തൂപങ്ങളും കല്ലടുക്കുകളിലുള്ള അറകളും. സാഞ്ചിയിലെ, നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കല്‍സ്തൂപങ്ങളും മനുഷ്യപരിശ്രമം കൊണ്ടുണ്ടായ എല്ലോറയിലും മറ്റിടങ്ങളിലുമുള്ള അറകളും. വര്‍ഷങ്ങള്‍ക്കുമുമ്പു വീണുപോയ അമ്പലങ്ങളും അവയിലെ കല്‍പ്രതിഷ്ഠകളൊക്കെ എവിടെയൊക്കെയോ മണ്ണില്‍ പൂണ്ടുകിടക്കുന്നില്ലേ? അതൊക്കെ തിരുശേഷിപ്പുകളല്ലേ? അവയില്‍ ചിലതൊക്കെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നില്ലേ? മറ്റു ചിലതു ചരിത്രത്തിലേക്കുള്ള രാജവീഥികളല്ലേ?
2000 വര്‍ഷം പഴക്കമുള്ള കല്ലുകള്‍ കിട്ടുമോ?
ഇന്ത്യാ മഹാരാജ്യത്തിലെ ക്രൈസ്തവ സമൂഹത്തിനു കല്ലിന്റെ സംസ്‌കാരമില്ലായെന്നു പറയാന്‍ വേണ്ടിയാണിത്രയും ഓര്‍മിപ്പിച്ചത്. കല്ലിലാണ് ചരിത്രം ഉറങ്ങുന്നത്. കല്ല് അലര്‍ജി ആകരുത്; കല്ല് അഥവാ ചരിത്രം എന്നു പറയുന്നതു ക്രൈസ്തവനു തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടതാണെന്ന തോന്നല്‍ അനുദിനം കൂടിവരുന്നു എന്നതു സത്യമാണ്. രണ്ടായിരം വര്‍ഷം പഴക്കമുള്ളതും ക്രൈസ്തവ സാക്ഷ്യമുള്ളതുമായ കുറെ കല്ലുകള്‍ എവിടെയെങ്കിലും കാണുമോ? നൂറ്റാണ്ടുകള്‍ പഴക്കമുള്ള 10 അള്‍ത്താരകള്‍ നമുക്ക് എവിടെയെങ്കിലും കാണിച്ചു കൊടുക്കാനുണ്ടാകുമോ? എവിടെപ്പോയി അവയെല്ലാം? നിശ്ചിത കാലം കഴിയുമ്പോള്‍ ദൈവാലയങ്ങള്‍ തല്ലിപ്പൊട്ടിച്ചു ബാക്കി വരുന്നവ തീയിട്ടു കല്ലിന്മേല്‍ കല്ലുശേഷിപ്പിക്കാതെ നശിപ്പിക്കുന്ന സംസ്‌കാരം അറിയാതെ സമൂഹത്തില്‍ കടന്നുകൂടി. അതു നമുക്കു പറ്റിയ ഒരു തെറ്റാണ്.
110 വര്‍ഷം പഴക്കമുള്ള തിരുവസ്ത്രങ്ങള്‍ കത്തിക്കുന്നതിനു സാക്ഷിയാണ് ഞാന്‍. പത്തിരുന്നൂറു വര്‍ഷം പഴക്കമുള്ളതും ഭിത്തിക്ക് നാലടി വീതിയും അസാധാരണ ഉറപ്പും ഉണ്ടായിരുന്ന, ചെറിയൊരു ദൈവാലയം (എനിക്ക് ഏറെ ആത്മബന്ധം ഉണ്ടായിരുന്ന) ഡൈനാമിറ്റ് വച്ചുപൊട്ടിച്ചു കളഞ്ഞിട്ട് 35 വര്‍ഷത്തില്‍ കൂടുതലായിട്ടില്ല. മനുഷ്യര്‍ക്ക് ഇടിച്ചുനിരത്താന്‍ ബുദ്ധിമുട്ടായതുകൊണ്ടാണു ഡൈനാമിറ്റു വച്ചതെന്നോര്‍ക്കണം! ആ പള്ളിയിലെ ബലിവേദിയില്‍ കുര്‍ബാനയ്ക്കു സഹായിയായവനാണ് ഞാന്‍. ശരിയായിരുന്നു, പഴക്കത്തിന്റെ മണം ഉണ്ടായിരുന്നു ആ പള്ളിക്കുള്ളില്‍. പക്ഷേ, ആ മണം ഒരു ചരിത്രമായിരുന്നു. ഇനി ഓര്‍മിക്കാന്‍ കഴിയാത്തവിധം അതു നശിപ്പിക്കപ്പെട്ടു! കേരളത്തില്‍ പുതുമയ്ക്കുവേണ്ടി ഇന്നും പള്ളികളും അള്‍ത്താരകളും തകര്‍ക്കപ്പെടുന്നു.
ഈജിപ്തിലെ പിരമിഡുകള്‍
ക്രൈസ്തവസഭ ഇന്ത്യയില്‍ ഉണ്ടായിട്ടു 2000 വര്‍ഷമായി എന്ന് അഭിമാനപൂര്‍വ്വം പറയുന്ന നമുക്ക് കല്ലുസാംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ എത്രത്തോളമുണ്ട്? ചരിത്രം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്ന കല്‍ക്കഷണങ്ങള്‍ ബാക്കിവയ്ക്കാന്‍ നമ്മുടെ ഉളളില്‍ പാരമ്പര്യത്തിന്റെ തീയുണ്ടോ? ചരിത്രബോധമുള്ളവരില്ലാഞ്ഞിട്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? പള്ളിയും പള്ളിയോഗവും ദൈവജനവും എന്തേ ഇതൊക്കെ മറക്കുന്നു? 500 വര്‍ഷം കഴിഞ്ഞു കേരളത്തിലെ/ഇന്ത്യയിലെ ഒരിടത്തു ഉല്‍ഖനനം (Excavation) നടത്തിയാല്‍ തകര്‍ന്ന അല്ലെങ്കില്‍ തകര്‍ത്ത പള്ളിയിലോ പള്ളിയിടങ്ങളിലോ സാരമായതു വല്ലതും ബാക്കിവച്ചിട്ടുണ്ടോ നമ്മളും നമ്മുടെ മുന്‍തലമുറയും? ചരിത്രമെന്നു പറയാന്‍ അതിരുകല്ലുകളൊഴിച്ചു നമുക്കൊന്നും ബാക്കി അധികമില്ല എന്നതാണ് സത്യം.
കല്ല് ഒരു സംസ്‌കാരമാണ്. ഇനിയെങ്കിലും നമ്മുടെ പള്ളികളുടെ അള്‍ത്താരകളും അതിവിശുദ്ധസ്ഥലവും വലിയ കല്ലുകള്‍കൊണ്ട് കൊത്തിയുണ്ടാക്കട്ടെ. പള്ളികള്‍ നശിച്ചാലും ചരിത്രം കൊത്തപ്പെട്ട ആ ശിലകള്‍ ലോകത്തിനു അന്യമാകില്ല. Easter Island പോലുള്ള സ്ഥലങ്ങള്‍ക്കു ചരിത്രത്തില്‍ ഇടം കൊടുത്തതു ശിലകളാണ്. ഏതു മതക്കാരാണെങ്കിലും കല്ലുകളില്‍ ചരിത്രം കൊത്താന്‍ കടപ്പെട്ടവരാണ്. അതിനു മാതൃക ഹൈന്ദവ സഹോദരങ്ങളാണ്. കല്ലില്‍ കൊത്തിയുണ്ടിക്കാന്ന പ്രതിമകളാണ് അവരുടെ ആരാധനാലയങ്ങളില്‍ കാണുന്നത്.
നമുക്കൊന്നു തീരുമാനിക്കാം, ഓരോ ദൈവാലയത്തിലും കാലത്തിനു നിസാരമായി നശിപ്പിക്കാനാകാത്ത എന്തെങ്കിലും ഉണ്ടാകണം. ഈജിപ്തിലെ പിരമിഡുകളും അതിനു മുന്നിലെ ഫീനിക്‌സ് പ്രതിമയും ഇന്നും നിലനില്‍ക്കുകയും ഈജിപ്തിന്റെ പാരമ്പര്യം നിലനില്‍ക്കുകയും ചെയ്യുന്നതു ശിലയെന്ന തിരുശേഷിപ്പിലാണ്. കാലമെത്ര കഴിഞ്ഞാലും ഈജിപ്തിനെയോ ഇന്ത്യന്‍ സംസ്‌കാരത്തെയോ തള്ളിക്കളയാന്‍ കഴിയാത്തവിധം അവ കല്ലിന്റെ ആത്മാവില്‍ കൊത്തപ്പെട്ടിരിക്കുന്നു. മണലാരുണ്യത്തില്‍ മണലും സിമന്റും ചേര്‍ത്ത് ഒരു പിരമിഡ് നാലായിരം വര്‍ഷംമുമ്പ് ഉണ്ടാക്കിയിരുന്നെങ്കില്‍ ഇന്ന് ഈജിപ്തിന്റെ ഓര്‍മയോ ചരിത്രമോ ഉണ്ടാകുമായിരുന്നോ?
ചരിത്ര സാക്ഷ്യങ്ങള്‍
ക്രൈസ്തവസമൂഹം മതത്തോടും സംസ്‌കാരത്തോടും കുറേക്കൂടെ നേരും നെറിവും കാണിക്കണം. പഴയ പള്ളികള്‍ തകര്‍ക്കണം എന്നു മനസില്‍പ്പോലും ചിന്തിക്കാതിരിക്കുക. പുതിയവ മറ്റൊരിടത്തേക്കു സ്ഥാപിക്കുക. പഴയതു സംരക്ഷിക്കപ്പെടുകയോ വീണുനശിക്കുകയോ ചെയ്യട്ടെ. അതിനു അവിടെക്കിടക്കാന്‍ അവസരം കൊടുത്താല്‍ അതൊരു ചരിത്രസാക്ഷ്യമാണ്. അതല്ലെങ്കില്‍ സര്‍ക്കാരിന്റെ പൈതൃകസമ്പത്തില്‍ ഉള്‍പ്പെടുത്തട്ടെ.
ഇന്നു ലോകത്തു എത്രയോ സ്ഥലങ്ങളും സ്ഥാപനങ്ങളും ആരാധനാലയങ്ങളുമുണ്ട് ലോക പൈതൃകത്തിന്‍ കീഴില്‍.
അതൊക്കെ ചരിത്രത്തിന്റെ നീക്കിയിരുപ്പുകളല്ലേ? ആയിരം വര്‍ഷങ്ങള്‍ക്കുശേഷം ഇതൊക്കെത്തേടി ആരെങ്കിലും വരും, വരാതിരിക്കില്ല. വരുംതലമുറയുടെ അവകാശമാണ് ഇന്നുള്ളതെല്ലാം. വലിയ ശിലകളില്‍ ചരിത്രം കൊത്താന്‍ ക്രൈസ്തവര്‍ മടിക്കരുത്. ഇനിയൊരു പള്ളിയും നമ്മള്‍ തകര്‍ക്കരുത്. കാലപ്പഴക്കംകൊണ്ടു തകര്‍ന്നു വീണാലും അതിന്റെ മൂല്യം തനിത്തങ്കത്തിനു തുല്യം. എല്ലാം നശിപ്പിച്ചവരെന്നു കാലം നമ്മെ പഴിക്കാതിരിക്കട്ടെ. വരുംതലമുറ നമുക്കു മുന്നില്‍ അഭിമാനത്തോടും കൃതജ്ഞയോടുംകൂടെ ജീവിക്കട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *