Follow Us On

23

November

2024

Saturday

പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് ‘റ്റൂ സ്റ്റേറ്റ്’ പരിഹാരം നിര്‍ദേശിച്ച് വത്തിക്കാന്‍

പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് ‘റ്റൂ സ്റ്റേറ്റ്’ പരിഹാരം നിര്‍ദേശിച്ച് വത്തിക്കാന്‍

വത്തിക്കാന്‍സിറ്റി: ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരമായി ‘റ്റൂ സ്റ്റേറ്റ് സൊലൂഷ്യന്‍’ നിര്‍ദേശം ആവര്‍ത്തിച്ച് വത്തിക്കാന്‍. ഇസ്രായേലിന്റെ സ്വാതന്ത്ര്യലബ്ധിയുടെ 76 ാം വാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇസ്രായേല്‍ എംബസിയില്‍ നടത്തിയ പ്രസംഗത്തിലാണ് ദീര്‍ഘകാലമായി വത്തിക്കാന്‍ പുലര്‍ത്തുന്ന നിലപാട് ആവര്‍ത്തിച്ചത്. വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിന് ചുക്കാന്‍ പിടിക്കുന്ന വത്തിക്കാന്‍ സെക്രട്ടറിയാണ് ആര്‍ച്ചുബിഷപ് ഗാലഗര്‍.

ഇസ്രായേല്‍ രാജ്യത്തിന്റെ രൂപീകരണവും അന്താരാഷ്ട്ര നിയമപ്രകാരം അതിന് നല്‍കിയ അംഗീകാരവും വത്തിക്കാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1994 ജൂണ്‍ 15നാണ് പരിശുദ്ധ സിംഹാസനവും ഇസ്രായേലുമായുള്ള പൂര്‍ണമായ നയതന്ത്രബന്ധം ആരംഭിച്ചത്. ഇസ്രായേലിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യാനാവാവില്ല എന്ന ഉറച്ച ബോധ്യം പോലെ തന്നെ പ്രശ്‌നപരിഹാരത്തിനുള്ള പരിഹാരം റ്റൂ സ്റ്റേറ്റ് സൊലൂഷ്യനാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

ഒക്‌ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രായേല്‍ മണ്ണില്‍ നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇത് കൂടുതല്‍ വ്യക്തമായതായി ആര്‍ച്ചുബിഷപ് പറഞ്ഞു. ഹമാസിന്റെ നടപടിയെ അപലപിച്ച പാപ്പയുടെ വാക്കുകള്‍ അനുസ്മരിച്ച ആര്‍ച്ചുബിഷപ്, ഭീകരത ഒരു സംഘര്‍ഷത്തിനും പരിഹാരമല്ലെന്ന് വ്യക്തമാക്കി. ഭീകരരുടെ പിടിയിലുള്ളവരുടെ മോചനം സാധ്യമാക്കണമെന്ന് പാപ്പ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കുക, ഭീകരരുടെ തടവിലുള്ള എല്ലാവരെയും മോചിപ്പിക്കുക, ഗാസയിലേക്ക് വേണ്ട മനുഷ്യത്വപരമായ സഹായം എത്തിക്കുക എന്നീ മൂന്നാവശ്യങ്ങളാണ് പാപ്പ ഉന്നയിക്കുന്നത്. സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെടുന്ന എല്ലാവരുടെയും ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും മനസിലാക്കാന്‍ ശ്രമിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം സ്വീകരിക്കുന്ന നിഷ്പക്ഷമായ നിലപാട് ധാര്‍മിക നിസംഗതയായി തെറ്റിദ്ധരിക്കരുതെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.ഇസ്രായേലില്‍ എത്രയും പെട്ടന്ന് സമാധാനം സംജാതമാകുമെന്ന് ആര്‍ച്ചുബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?