Follow Us On

30

June

2024

Sunday

ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍; ഡല്‍ഹി ഹൈക്കോടതി വിധി ചര്‍ച്ചയാകുന്നു

ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍; ഡല്‍ഹി ഹൈക്കോടതി വിധി ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധി ചര്‍ച്ചയാകുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് ഈ ഉത്തരവ് കരുത്തുപകരുമെന്നാണ് വിലയിരുത്തലുകള്‍. ഗവണ്‍മെന്റിന്റെ അനുവാദമില്ലാതെ ന്യൂനപക്ഷ സ്‌കൂളുകളില്‍ ജീവനക്കാരെ നിയമിക്കാമെന്ന ഹൈക്കോടതി വിധിയെ സഭാനേതാക്കള്‍ സ്വാഗതം ചെയ്തു. ഹൈക്കോടതി വിധി മഹത്തായതാണെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. മരിയ ചാള്‍സ് അന്റോണി സ്വാമി പറഞ്ഞു. ഗവണ്‍മെന്റ് ഫണ്ട് ചെയ്യുന്ന ഇന്ത്യയിലെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ നിയമിക്കുന്നതില്‍ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലായിരുന്നു നിലനിന്നിരുന്നത്.
പ്രിന്‍സിപ്പലും അധ്യാപകരും നിശ്ചിത യോഗ്യതയുള്ളവരാണെങ്കില്‍ സ്‌കൂളിലെ നിയമനങ്ങള്‍ നടത്തുന്നതില്‍ നിബന്ധനകള്‍ വെക്കാന്‍ പാടില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഡല്‍ഹി തമിള്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്‍ നല്‍കിയ കേസിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഭാഷാപരമോ മതപരമോ ആയ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സ്‌കൂളുകള്‍ സ്ഥാപിക്കുവാനും നടത്തുവാനും ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തിനുവേണ്ടി സേവനം ചെയ്യുന്നതിനാല്‍ അവിടുത്തെ ജീവനക്കാരുടെ ശമ്പളവും മെയിന്റനന്‍സും ഗവണ്‍മെന്റ് നല്‍കുന്നുണ്ട്. എന്നിരുന്നാലും അതിന്റെ പേരില്‍ സര്‍ക്കാര്‍ സ്റ്റാഫ് നിയമനത്തില്‍ കൈകടത്തുന്ന സംഭവങ്ങള്‍ കൂടുവരികയായിരുന്നു, അതുകൊണ്ടുതന്നെ ചില സഭാസ്ഥാപനങ്ങള്‍ക്ക് സ്‌കൂളുകള്‍ അടിച്ചിടേണ്ടതായിപോലും വന്നിട്ടുണ്ടെന്ന് ഫാ. മരിയ ചാള്‍സ് പറഞ്ഞു.
മൂല്യങ്ങളും നിലവാരവും ഉയര്‍ത്തിപ്പിടിക്കുന്നതിന് കോടതി ഉത്തരവ് സഹായകമാണ്. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പലിനെയും ജീവനക്കാരെയും നിയമിക്കാന്‍ സ്വാതന്ത്യമുണ്ടെങ്കിലേ സ്ഥാപനങ്ങളില്‍ അച്ചടക്കം നിലനിര്‍ത്താന്‍ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ഇവിടെ മാത്രമേ ബാധകമാകു. എന്നാല്‍, രാജ്യത്തുടനീളം അതൊരു ഗൈഡിംഗ് പ്രിന്‍സിപ്പലായി പ്രയോജനപ്പെടത്താന്‍ കഴിയുമെന്നും ഫാ. മരിയ ചാള്‍സ് പറഞ്ഞു.
ന്യൂനപക്ഷ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കാത്തതുമൂലം വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്ത ആയിക്കണക്കിന് അധ്യാപകര്‍ കേരളത്തിലെ എയ്ഡഡ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?