നന്മ ചെയ്യുവാനും മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ് പരിശുദ്ധാത്മാവ് നമുക്ക് നല്‍കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് പരിശുദ്ധാത്മാവും സഭയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രഭാഷണപരമ്പരയിലാണ് ആത്മാവ് നല്‍കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്.
”എവിടെ കര്‍ത്താവിന്റെ ആത്മാവുണ്ടോ, അവിടെ സ്വാതന്ത്ര്യമുണ്ട്”( 2 കൊറി. 3:17) എന്ന വചനത്തെ ആധാരമാക്കിയായിരുന്നു പാപ്പയുടെ പ്രഭാഷണം. കര്‍ത്താവിന്റെ ആത്മാവുള്ള വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനായ മനുഷ്യനും സ്വതന്ത്രനായ ക്രിസ്ത്യാനിയെന്നും പാപ്പ പറഞ്ഞു. സാധാരണ മനസിലാക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സ്വാതന്ത്ര്യമാണിത്. ഒരാള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്വാതന്ത്ര്യത്തോടെ ചെയ്യുവാനുള്ള സ്വാതന്ത്ര്യമാണിത്. ഈ സ്വാതന്ത്ര്യം അനുഭവിക്കുന്ന വ്യക്തി നിര്‍ബന്ധം കൂടാതെ നന്മയില്‍ ആകൃഷ്ടനായി പ്രവര്‍ത്തിക്കുന്നു. മറ്റ് വാക്കില്‍ പറഞ്ഞാല്‍ അടിമകളുടെ അല്ല, മക്കളുടെ സ്വാതന്ത്ര്യമാണിത്.
പ്രവാചകരും സങ്കീര്‍ത്തകനും മറിയവും യേശുവും അപ്പസ്‌തോലന്‍മാരും പരിശുദ്ധാത്മാവിനെ റൂഹാ എന്ന പദമുപയോഗിച്ചാണ് വിളിച്ചിരുന്നത്. ശ്വാസം, കാറ്റ്, വായു തുടങ്ങിയ അര്‍ത്ഥമാണ് റൂഹ എന്ന പദത്തിനുള്ളത്. ഒന്നാമതായി ഇത് പരിശുദ്ധാത്മാവിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. നമുക്കൊരു കുപ്പിയ്ക്കുള്ളില്‍ അടച്ചു വയ്ക്കാനാവില്ല എന്നതാണ് കാറ്റിന്റെ പ്രത്യേകത. അത് സ്വതന്ത്രമാണ്. ബൈബിളില്‍ ഒരു വ്യക്തിയുടെ ജനനത്തെയോ ദൗത്യത്തെയോ സൂചിപ്പിക്കുന്നതിനാണ് പേരുപയോഗിക്കുന്നത്. യേശുവും ആത്മാവിനെ സ്വാതന്ത്ര്യവുമായി ബന്ധിപ്പിക്കുന്നുണ്ട്. രാത്രിയില്‍ തന്നെ സന്ദര്‍ശിക്കുന്ന നിക്കോദമേസിനോട് യേശു ഇപ്രകാരം പറയുന്നു, ”കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും.”(യോഹന്നാന്‍ 3:8).
പരിശുദ്ധാത്മാവിനെ സ്ഥാപനങ്ങളിലും നിയമങ്ങളിലും നിര്‍വചനങ്ങളിലും അടച്ചുപൂട്ടാനുള്ള പ്രലോഭനത്തിനെതിരെ പാപ്പ മുന്നറിയിപ്പ് നല്‍കി. പരിശുദ്ധാത്മാവാണ് സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും രൂപം നല്‍കുന്നതും അതിനെ ചലനാത്മകമാക്കുന്നതും. എന്നാല്‍ പരിശുദ്ധാത്മാവിനെ സ്ഥാപനവത്കരിക്കരുതെന്ന് പാപ്പ വ്യക്തമാക്കി. കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു.
അതുപോലെ ആത്മാവ് തന്റെ ദാനങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് നല്‍കുന്നതായി വിശുദ്ധ പൗലോസ് ശ്ലീഹായുടെ ലേഖനം ഉദ്ധരിച്ചുകൊണ്ട് പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *