ലാഹോര്‍: ഖുറാനെതിരെ നിന്ദാപ്രചരണം നടത്തിയെന്ന് ആരോപിച്ച് ഒരുപറ്റം ആളുകള്‍, പഞ്ചാബ് പ്രവിശ്യയിലുള്ള നിരവധി ക്രൈസ്തവഭവനങ്ങളും 26 ക്രൈസ്തവ ദൈവാലയങ്ങളും തീയിട്ടു നശിപ്പിച്ച കേസില്‍ വിചിത്ര വിധിയുമായി പാക്ക് കോടതി. ലഹളക്കും അക്രമത്തിനും ഇരകളായ ക്രൈസ്തവ വിഭാഗത്തില്‍പെട്ട ഏസാന്‍ ഷാനിനെ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ശിക്ഷ നടപ്പാക്കുന്നതിനുമുന്‍പായി അദ്ദേഹം 22 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയും പത്തുലക്ഷം രൂപ പിഴയടയ്ക്കുകയും വേണമെന്നും പറയുന്നു. 2023 ആഗസ്റ്റ് 16ന് പാക്കിസ്ഥാനിലെ ജാരന്‍വാലയില്‍ നടന്ന ലഹളക്ക് കാരണക്കാരനാണെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ സഹിവാലിലുള്ള തീവ്രവാദവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ജാരന്‍വാലയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പൊലീസ് മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. മറ്റാരോ പോസ്റ്റ് ചെയ്ത മതനിന്ദാപരമായ സന്ദേശം സോഷ്യല്‍ മീഡിയ പേജില്‍ ഏസാന്‍ ഷാന്‍, ഷെയര്‍ ചെയ്തു എന്നാണ് പൊലീസ് കണ്ടെത്തിയത്. നിരവധി ക്രൈസ്തവ ദൈവാലയങ്ങളും ഭവനങ്ങളും ആക്രമിക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തവര്‍ ശിക്ഷിക്കപ്പെടാതെ തുടരുമ്പോള്‍, ഈ വിധിയിലൂടെ ഏസാന്‍ ഷാന്‍ ബലിയാടായി മാറുകയാണെന്നു പ്രദേശത്തെ ക്രൈസ്തവര്‍ പറഞ്ഞു. ജാരന്‍വാല സംഭവങ്ങളെക്കുറിച്ചുള്ള പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതി തള്ളിയിരുന്നു. റിപ്പോര്‍ട്ടില്‍ അറസ്റ്റുകള്‍ സംബന്ധിച്ചുള്ളതുള്‍പ്പെടെയുള്ള കൃത്യമായ വിവരങ്ങളില്ലെന്നു വിശേഷിപ്പിച്ച കോടതി പുതിയ റിപ്പോര്‍ട്ട് ആവശ്യടെുകയും ചെയ്തു.
ജാരന്‍വാല സംഭവത്തില്‍ ഒരു ക്രൈസ്തവയുവാവിനെ മാത്രം കുറ്റക്കാരനായി കണ്ടെത്തി മരണശിക്ഷയ്ക്കു വിധിച്ച നടപടി കടുത്ത അനീതിയാണെന്നും ഇത് പാക്കിസ്ഥാനിലെ മുഴുവന്‍ ക്രൈസ്തവരുടെയും പ്രതീകാത്മകമായ മരണവിധിയാണെന്നുമാണ് ക്ലാസ് എന്ന സര്‍ക്കാരിതര സംഘടന പ്രതികരിച്ചത്. നിരപരാധികളെ, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, മതനിന്ദയുടെപേരില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതിനെതിരെ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയും സെനറ്റും അടുത്തിടെ പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *