Follow Us On

27

December

2024

Friday

ആവര്‍ത്തിക്കപ്പെടുന്ന വിഷമദ്യ ദുരന്തങ്ങള്‍

ആവര്‍ത്തിക്കപ്പെടുന്ന  വിഷമദ്യ ദുരന്തങ്ങള്‍

ഡോ. സിബി മാത്യൂസ്
(മുന്‍ ഡിജിപിയായ ലേഖകന്‍ കല്ലുവാതുക്കല്‍ വിഷമദ്യദുരന്ത കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു).

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏതാണ്ട് എല്ലാ വര്‍ഷവും ഒരു വിഷമദ്യദുരന്തമെങ്കിലും സംഭവിക്കാറുണ്ട്. 2022-ല്‍ ബീഹാറില്‍ ഉണ്ടായ ദുരന്തത്തില്‍ 73 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ഇപ്പോഴിതാ, തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയില്‍ സംഭവിച്ച ദുരന്തത്തില്‍ ഇത് എഴുതുമ്പോള്‍ 52 മരണം സംഭവിച്ചുകഴിഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലെങ്കില്‍പ്പോലും കാഴ്ചശക്തി നഷ്ടപ്പെടാനും ആന്തരികാവയവങ്ങള്‍ക്കു ഗുരുതരമായ രോഗങ്ങള്‍ ബാധിക്കാനും സാധ്യതയുണ്ട്.

വൈപ്പിന്‍ ദുരന്തം

1982 സെപ്റ്റംബറില്‍ എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍ ഉണ്ടായ വിഷമദ്യദുരന്തത്തില്‍ 77 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. പിന്നീട് 2000 ഒക്‌ടോബറില്‍ കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പാരിപ്പള്ളി മേഖലയിലുണ്ടായ വിഷമദ്യദുരന്തത്തില്‍ മരണസംഖ്യ 35 ആയിരുന്നു (ഔദ്യോഗിക രേഖകള്‍ പ്രകാരം 32). നിരവധി പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു.

എല്ലാ വിഷമദ്യദുരന്തങ്ങളിലും വില്ലന്‍ ഒന്നുതന്നെയാണ്–‘മെത്തനോള്‍’ അഥവാ മീതൈല്‍ ആല്‍ക്കഹോള്‍. പെയിന്റ്, പ്ലാസ്റ്റിക് മുതലായ നിരവധി വ്യവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഈ വസ്തു ലഹരിപദാര്‍ത്ഥമായ ആല്‍ക്കഹോളില്‍ കലര്‍ത്തി കൊള്ളലാഭത്തിനായി വില്പന നടത്തുമ്പോഴാണ് വിഷമദ്യ ദുരന്തങ്ങള്‍ സംഭവിക്കുന്നത്.

രോഗങ്ങളും സാമൂഹ്യസുരക്ഷയും

കേരളത്തില്‍ വിദേശമദ്യത്തിന്റെ വില്പന പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ബിവ്‌റേജസ് കോര്‍പറേഷന്റെ വില്പന കേന്ദ്രങ്ങള്‍ വഴിയാണ് നടന്നുവരുന്നത്. വിദേശമദ്യത്തിന്റെ വില്പന കേരള സര്‍ക്കാരിന് വലിയ ലാഭം നല്‍കുന്ന ബിസിനസാണ്. 2023-24 സാമ്പത്തിക വര്‍ഷം ഇതുവഴി ലഭിച്ചത് 19,088 കോടി രൂപയായിരുന്നു. 306 വിദേശമദ്യ വില്പന കേന്ദ്രങ്ങളാണ് ബിവ്‌റേജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡറേഷനും നടത്തുന്നത്. കൂടാതെ 801 ബാര്‍ഹോട്ടലുകള്‍ വഴിയും വിദേശമദ്യം വില്പന നടത്തുന്നു. കള്ളിന്റെ ഉത്പാദനം തുലോം കുറവാണെങ്കിലും 3500 കള്ളുഷാപ്പുകളും സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സുമായി ‘കള്ള്’ വില്പന നടത്തുന്നു.

സുലഭമായി ലഭിക്കുന്ന മദ്യവും മയക്കുമരുന്നുകളും കേരളത്തിന്റെ സാമൂഹ്യസുരക്ഷയെ കാര്യമായി ബാധിച്ചുകഴിഞ്ഞു. മദ്യപാനത്തിനിടയില്‍ വാക്കുതര്‍ക്കം, സംഘര്‍ഷം, തുടര്‍ന്ന് കത്തിക്കുത്ത്, കൊലപാതകം തുടങ്ങിയവ ദിവസേന എന്നപോലെ വാര്‍ത്തകളില്‍ കാണുന്നു. കരള്‍രോഗങ്ങള്‍, പ്രമേഹം മുതലായവയ്ക്കും അനിയന്ത്രിതമായ മദ്യപാനം കാരണമായേക്കാം. മദ്യാസക്തി പല കുടുംബങ്ങളുടെയും തകര്‍ച്ചക്കു കാരണമാകുന്നുണ്ടെന്നതില്‍ സംശയമില്ല.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന
സിനിമകള്‍

‘മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കും’ എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമായി മാറിക്കഴിഞ്ഞു. മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യുന്നതായി കാണുന്നില്ല. വിദ്യാഭ്യാസ മേഖലയില്‍-സ്‌കൂള്‍, കോളജ് തലങ്ങളില്‍ മദ്യത്തിനും മയക്കുമരുന്നുകളുടെ ഉപയോഗത്തിനും എതിരായി കാര്യമായ പ്രബോധനങ്ങള്‍ നല്‍കുന്നില്ല. സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന സിനിമ തുടങ്ങിയ ദൃശ്യ-ശ്രാവ്യ കലാരൂപങ്ങളില്‍ മദ്യപാനത്തെ പുകഴ്ത്തുന്ന രീതിയിലുള്ള രംഗങ്ങള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. മദ്യചഷകങ്ങള്‍ കയ്യിലേന്തി വെള്ളിത്തിരയില്‍ നൃത്തമാടുന്ന മഹാനടന്മാര്‍ വളരുന്ന തലമുറയ്ക്ക് എന്തു സന്ദേശമാണ് നല്‍കുന്നത്?

സുഹൃത്തുക്കളുടെ ഒത്തുചേരലുകളിലും ആഘോഷവേളകളിലും നുരഞ്ഞുപൊന്തുന്ന മദ്യം വിളമ്പി കൂത്താടുന്ന രംഗങ്ങള്‍ കാണുന്നവര്‍, ‘ഇതൊക്കെയാണ് ജീവിതത്തിലെ സന്തോഷങ്ങള്‍’ എന്ന സന്ദേശം ഉപബോധമനസില്‍ സ്വീകരിക്കുന്നുവെങ്കില്‍ ഇത്തരം രംഗങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നവരും സമൂഹത്തിലെ ദുരവസ്ഥകള്‍ക്ക് കൂട്ടുനില്ക്കുകയല്ലേ ചെയ്യുന്നത്?
പുകവലി, ഇരുചക്രവാഹനങ്ങളിലെ ഹെല്‍മറ്റില്ലാതെയുള്ള യാത്ര മുതലായ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് എത്രയോ കര്‍ശനമായി ഒഴിവാക്കുന്നു. അതിന്റെ പത്തിലൊന്ന് നിഷ്‌കര്‍ഷ മദിരോത്സവവേളകള്‍ ചിത്രീകരിക്കുന്നതിനെതിരെ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്?

ജനങ്ങളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം തുടങ്ങിയവയെപ്പറ്റി കൂടുതല്‍ ഉത്തരവാദിത്വബോധം ഭരണാധികാരികള്‍ക്കു ഉണ്ടാവേണ്ടതല്ലേ?

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?