ജോസഫ് മൂലയില്‍
ഈ വര്‍ഷത്തെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) സുപ്രീംകോടതിയില്‍ എത്തിനില്ക്കുകയാണ്. നീറ്റിലെ ക്രമക്കേടുകള്‍ പുറത്തുവരുന്നതിനിടയിലാണ് യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള യുജിസിയുടെ പ്രഖ്യാപനം വന്നത്. ഈ രണ്ടു പരീക്ഷകളും നടത്തിയത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (എന്‍ടിഎ). 2024-ലെ നീറ്റുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതുകൊണ്ടാകാം നെറ്റ് പരീക്ഷയുടെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനം ഉണ്ടായത്. രാജ്യത്തെ പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമൊക്കെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം. ഒരു പ്രാവശ്യം ക്രമക്കേട് ഉണ്ടായാല്‍ ആ സംവിധാനത്തിന്റെ വിശ്വാസ്യതയും നഷ്ടപ്പെടും. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശന പരീക്ഷകള്‍ നടത്തുന്നതിനായി ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് രൂപീകരിക്കപ്പെട്ട സ്വയംഭരണ അധികാരമുള്ള സംവിധാനമാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി.
എന്‍ട്രന്‍സിനും ഗ്രേസ് മാര്‍ക്കോ?
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പരീക്ഷ നടത്തിയ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അതു നിഷേധിക്കുകയായിരുന്നു. അവസാനം കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ പിഴവു സംഭവിച്ചു എന്ന് സമ്മതിക്കേണ്ടിവന്നു. എന്‍ട്രന്‍സിന് ഗ്രേസ് മാര്‍ക്ക് എന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ വൈകി ആരംഭിച്ച കേന്ദ്രങ്ങളില്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍ടിഎയുടെ വാദം. അതു നൂറു ശതമാനവും സുതാര്യമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് രഹസ്യമായി സൂക്ഷിച്ചത്? കേസ് കോടതിയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഈ സംഭവം പുറത്തറിയുമായിരുന്നോ?
കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുതന്നെ ഗ്രേസ് മാര്‍ക്ക് നല്‍കിയ 1563 വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷ നടത്താമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിക്കുകയായിരുന്നു. അതിനര്‍ത്ഥം, അതു തെറ്റാണെന്ന് അവര്‍ക്കുതന്നെ നിശ്ചയമുണ്ട് എന്നല്ലേ? ഇത്തവണത്തെ ക്രമക്കേട് അതിവിശാലമാണ്. ഹരിയാനയിലെ ഒരു സെന്ററില്‍മാത്രം 6 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുവരെ ആ സെന്ററില്‍ വന്ന് എന്‍ട്രന്‍സ് എഴുതുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
സിലബസ് അറിയില്ലാത്ത വിദഗ്ധര്‍
ചോദ്യപേപ്പറുകള്‍ ചോരുന്നത് രാജ്യത്തെ ആദ്യസംഭവമല്ല. പക്ഷേ, എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നു ചോദിച്ചാല്‍, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് ഉത്തരം. സംഭവത്തിന് വലിയ വാര്‍ത്താപ്രാധാന്യം ഉണ്ടായാല്‍ ഏതാനും പേര്‍ അറസ്റ്റിലായെന്നു വരാം. പക്ഷേ, വാര്‍ത്തകളില്‍നിന്നും സംഭവം മാഞ്ഞുകഴിഞ്ഞാല്‍ അവര്‍ പുറത്തിറങ്ങും. വീണ്ടും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്യും. അവരെ സംരക്ഷിക്കാന്‍ ശക്തരായവര്‍ പിന്നിലുണ്ട്. ഇത്രയും സുരക്ഷാ സംവിധാനമുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോരുന്നതിന്റെ പിറകില്‍ സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടെന്നത് തീര്‍ച്ചയാണ്.
മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുന്നതിനായി കോച്ചിംഗ് സെന്ററുകളില്‍ ചേര്‍ന്ന് ഒന്നും രണ്ടും വര്‍ഷം (ചിലപ്പോള്‍ അതിലധികവും) ഫുള്‍ടൈം പഠിച്ച് എഴുതിയ പരീക്ഷയാണ് ക്രമക്കേടുകളുടെ പേരില്‍ ഇപ്പോള്‍ കോടതി കയറിയിരിക്കുന്നത്. നീറ്റ് പരീക്ഷയ്ക്ക് 4750 കേന്ദ്രങ്ങളിലായി 24 ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതാണ്. 1205 കേന്ദ്രങ്ങളിലായി 11 ലക്ഷം പേരാണ് നെറ്റ് പരീക്ഷ എഴുതിയത്. എന്നാല്‍, പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവുമൊന്നും നമ്മുടെ രാജ്യത്ത് ഒട്ടും സുതാര്യമല്ല. പേപ്പര്‍ വാല്യുവേഷനില്‍ തെറ്റുണ്ടെന്ന് മനസിലായാല്‍ അത് എങ്ങനെ കൊടുക്കാതിരിക്കാമെന്നാണ് ആദ്യം നോക്കുന്നത്. പുറത്തറിഞ്ഞാല്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്ന തെറ്റായ ചിന്തയാണ് പലരെയും ഭരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്നതാണെന്ന കാര്യം വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. സിലബസിന് പുറത്തുനിന്നു ചോദ്യം വരുന്നതും സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്താ ത്തതുമൊക്കെ കേരളത്തിലെ സര്‍വകലാശാലകളിലും പതിവാണ്. സിലബസുമായി ബന്ധമില്ലാത്തവര്‍ ചോദ്യകര്‍ത്താക്കളാകുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള അബദ്ധങ്ങള്‍ സംഭവിക്കുന്നത്. പേപ്പര്‍ വാല്യുവേഷനിലെ തെറ്റുകള്‍കൊണ്ട് ഉന്നതവിജയം നേടേണ്ടിയിരുന്നവര്‍ തോറ്റുപോയ ചരിത്രവും ഉണ്ട്.
മിടുക്കന്മാരെ ആര്‍ക്കുവേണം
നീറ്റും നെറ്റും രാജ്യത്തെ പ്രധാനപ്പെട്ട യോഗ്യതാ പരീക്ഷകളാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ടു പഠിച്ചതിനുശേഷമാണ് ഇങ്ങനെയുള്ള ടെസ്റ്റുകള്‍ എഴുതുന്നത്. ഡോക്ടറും കോളജ് അധ്യാപകനുമൊക്കെ രാജ്യത്ത് ഏറ്റവും ആദരിക്കപ്പെടുന്ന പ്രൊഫഷനുകളും അനേകരുടെ സ്വപ്‌നങ്ങളുമാണ്. കഷ്ടപ്പെട്ടു പഠിച്ചവര്‍ വിഡ്ഢികളായി മാറുന്ന രീതിയില്‍ പണവും അധികാരവുമൊക്കെ ഉപയോഗിച്ച് അനര്‍ഹര്‍ വളഞ്ഞവഴിയിലൂടെ പ്രവേശനം നേടുന്നു എന്നതുമാത്രമല്ല ഇവിടുത്തെ പ്രശ്‌നം. ഗുരുതരമായ മറ്റൊരു സാമൂഹ്യപ്രശ്‌നം ഇവിടെ ഉടലെടുക്കുന്നുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍മാരും അടുത്ത തലമുറയെ രൂപപ്പെടുത്തേണ്ട അധ്യാപകരുമൊക്കെ അതിനു യോഗ്യത ഇല്ലാത്തവരാണെങ്കില്‍ അതിന് വിലകൊടുക്കേണ്ടിവരുന്നത് സമൂഹമാണ്.
അര്‍ഹതപ്പെടാത്തവര്‍ക്ക് പ്രവേശനം ലഭിക്കുമ്പോള്‍ അര്‍ഹരായ എത്ര മിടുക്കന്മാരുടെ സ്വപ്‌നങ്ങളാണ് തകര്‍ന്നുവീഴുന്നത്? അതിലൂടെ സംഭവിക്കുന്ന നഷ്ടങ്ങള്‍ വ്യക്തിപരംമാത്രമല്ല രാജ്യത്തിന്റേതുകൂടിയാണ്. ഭാവിയില്‍ ഈ രാജ്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമായിരുന്നവരാണ് കള്ളച്ചൂതിലൂടെ പുറത്താക്കപ്പെടുന്നത്. മികച്ച ഡോക്ടര്‍മാരുടെയും ദൂരക്കാഴ്ചയുള്ള അധ്യാപകരുടെയും സ്ഥാനത്ത് സാധാരണ ഡോക്ടര്‍മാരും കഴിവില്ലാത്ത അധ്യാപകരുമൊക്കെ ആയാല്‍ അതു നമ്മുടെ രാജ്യത്തിന് ഏല്പിക്കുന്ന ആഘാതം എത്ര വലുതാണെന്ന് ചിന്തിക്കണം. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പുറത്താണ് രാജ്യദ്രോഹം പോലുള്ള വകുപ്പുകള്‍ ചുമത്തേണ്ടത്.
നീറ്റ് എന്‍ട്രന്‍സിന്റെ യോഗ്യത പ്ലസ് ടു ആണ്. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എംബിബിഎസിന് പ്രവേശനം നല്‍കിക്കൂടേ എന്നൊരു ചോദ്യമുണ്ട്. ഇത്തരം പരീക്ഷകള്‍ മൂലം സാധാരണക്കാരുടെ മക്കള്‍ക്ക് പല മേഖലകളും അന്യമാകുകയാണ്. കാരണം, എന്‍ട്രന്‍സിന് ഉയര്‍ന്ന റാങ്ക് ലഭിക്കണമെങ്കില്‍ മികച്ച ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പരിശീലനം നേടണം. ഉയര്‍ന്ന ഫീസ് നല്‍കി അവിടെ പഠിക്കാന്‍ സാധാരണക്കാരായ കുട്ടികള്‍ക്ക് കഴിയില്ല. പ്ലസ് ടു മാര്‍ക്കുകള്‍ കുറ്റമറ്റ രീതിയില്‍ അല്ലാത്തതും വിവിധ ബോര്‍ഡുകള്‍ പലവിധത്തില്‍ മാര്‍ക്കുകള്‍ നല്‍കുന്നതും മൂലമാണ് എന്‍ട്രന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ആലോചിക്കണം.
Leave a Comment
Your email address will not be published. Required fields are marked with *