Follow Us On

27

December

2024

Friday

വര്‍ക്കിയച്ചന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി..!

വര്‍ക്കിയച്ചന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി..!

മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ 15-ാം ചരമവാര്‍ഷികത്തില്‍, കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റില്‍ മുന്‍ തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് നല്‍കിയ അനുസ്മരണ സന്ദേശത്തില്‍, വര്‍ക്കിയച്ചന്‍ അദേഹത്തെക്കുറിച്ചു നടത്തിയ സുപ്രധാന പ്രവചനത്തെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. പ്രസ്തുത സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍.

മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ നമ്മില്‍നിന്ന് വേര്‍പിരിഞ്ഞിട്ട് 15 വര്‍ഷം തികയുകയാണ്. വര്‍ക്കിയച്ചനെക്കുറിച്ചുള്ള ഓര്‍മകള്‍ എല്ലാവരുടെയും മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കാര്യമാണ്. 1921 ജൂണ്‍ 11-നാണ് വര്‍ക്കിയച്ചന്റെ ജനനം. പത്താംക്ലാസ് പാസായപ്പോള്‍ മിഷനറിയാകണമെന്നായിരുന്നു താല്‍പര്യം. 1938-ല്‍ സെമിനാരിയില്‍ ചേര്‍ന്ന അച്ചന്റെ മൈനര്‍ സെമിനാരിപഠനം മംഗലാപുരത്തായിരുന്നു. വര്‍ക്കിയച്ചന് ഒരു അഡൈ്വഞ്ചര്‍ മൈന്‍ഡ് ഉണ്ടായിരുന്നുവെന്ന് അച്ചന്റെ ആത്മകഥ വായിച്ചാല്‍ വ്യക്തമാകും. അച്ചനെ സെമിനാരിയില്‍ കൊണ്ടുവിടാന്‍ അപ്പന്‍ ചേട്ടനെയും കൂട്ടിയാണ് വിട്ടത്. ആലുവയില്‍ എത്തിയപ്പോള്‍ ചേട്ടന്‍ പറഞ്ഞു, നീ തന്നെ പോയാല്‍ മതിയെന്ന്. വര്‍ക്കിയച്ചന്‍ ഒരുമടിയും കൂടാതെ, തനിയെ ട്രെയിന്‍ കയറി കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍ വന്നു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അച്ചന്‍ പഠിക്കാന്‍ മംഗലാപുരം സെമിനാരിയിലേക്കുപോയി. മംഗലാപുരത്തേക്കും ഇവിടെനിന്ന് പിതാവ് തനിച്ച് വിടുകയാണ് ചെയ്തത്. മംഗലാപുരത്തിനുശേഷം ആലുവയിലുള്ള മംഗലപ്പുഴ സെമിനാരിയിലാണ് അദ്ദേഹം പഠിച്ചത്.

പുതിയ തലമുറ
വായിക്കേണ്ട ചരിത്രം
1947 മാര്‍ച്ച് 16-ന് 26-ാം വയസില്‍ മംഗലപ്പുഴ സെമിനാരിയില്‍ വച്ച് അദ്ദേഹം വൈദികനായി. വര്‍ക്കിയച്ചന്‍ കോഴിക്കോട് രൂപതക്കാരനായതുകൊണ്ട് അന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ്പായിരുന്ന ജോസഫ് അട്ടിപ്പേറ്റി തിരുമേനിയാണ് അദ്ദേഹത്തിന് പട്ടം നല്‍കിയത്. അക്കാലത്ത് മലബാര്‍ പ്രദേശമെല്ലാം കോഴിക്കോട് ലത്തീന്‍ രൂപതയുടെ ഭാഗമണ്. തലശേരി രൂപത ജന്മംകൊണ്ടിട്ടില്ല. പ്രഥമ ദിവ്യബലിക്കു ശേഷം അച്ചന്‍ നിയോഗിതനാകുന്നത് മാനന്തവാടി ടൗണിലുള്ള ലാറ്റിന്‍പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിട്ടാണ്. മാനന്തവാടിയിലേക്ക് അയയ്ക്കുമ്പോള്‍തന്നെ പറഞ്ഞിരുന്നു, ഒന്നരമാസത്തിനു ശേഷം പേരാവൂര്‍ക്കു പോകേണ്ടിവരുമെന്ന്. പേരാവുരില്‍നിന്നും ഇരിട്ടിയിലേക്കും എടൂരിലേക്കും പോയി. എടൂര് അസിസ്റ്റന്റായിട്ടാണ് ചെല്ലുന്നതെങ്കിലും വൈകാതെ വര്‍ക്കിയച്ചന്‍ വികാരിക്ക് അടുത്ത നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതെല്ലാം നടക്കുന്നത് 1948-49 കാലഘട്ടങ്ങളിലാണ്. അന്ന് റോഡുകളില്ല, പാലങ്ങളില്ല. രാത്രിയും പകലും നടന്നാണ് യാത്രകളൊക്കെ. പക്ഷേ അവിടെയെല്ലാം കര്‍ത്താവിനുവേണ്ടി അധ്വാനിക്കുന്ന മനസിന്റെ ഉടമയായ വര്‍ക്കിയച്ചനെയാണ് കാണാന്‍ കഴിയുക.
പുതിയ തലമുറ ഇത്തരം ചരിത്രഗ്രന്ഥങ്ങള്‍ വായിക്കുന്നത് വളരെ നല്ലതാണ്. നല്ല റോഡുകളും വാഹന സൗകര്യങ്ങളുമൊക്കെയുള്ള ഇക്കാലത്ത് ജീവിക്കുന്നവര്‍ക്ക് ഇത് മനസിലാവുകയില്ല. രണ്ടുവര്‍ഷത്തിനുശേഷം 1949-ല്‍ അച്ചന്‍ വീണ്ടും മാനന്തവാടിയില്‍ നിയമിതനായി. മാനന്തവാടിയില്‍ രണ്ടുവര്‍ഷക്കാലം പൂര്‍ത്തിയാക്കിയ അച്ചന്‍ 1951-ല്‍ കുളത്തുവയലില്‍ വികാരിയായി ചുമതലയേറ്റു. 1951 മുതല്‍ 68 വരെയുള്ള പതിനേഴു വര്‍ഷം കുളത്തുവയലായിരുന്നു അച്ചന്റെ കര്‍മഭൂമി.

കുളത്തുവയലില്‍ ഇന്നും മഹത്വത്തോടെ ശിരസുയര്‍ത്തിനില്ക്കുന്ന സെന്റ് ജോര്‍ജ് തീര്‍ത്ഥാടന ദൈവാലയം പണികഴിപ്പിച്ചത് സി.ജെ.വര്‍ക്കിയച്ചനാണ് എന്നത് ഈ ദേശത്തിനുതന്നെ അഭിമാനമാണ്. കുളത്തുവയലിലായിരുന്ന പതിനേഴ് വര്‍ഷവും വര്‍ക്കിയച്ചന്‍ ക്രൈസ്തവരുടെ മാത്രമല്ല ഈ ദേശത്തിന്റെതന്നെ സര്‍വോന്മുഖമായ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിച്ചു. അക്കാലഘട്ടങ്ങളില്‍, വൈദികര്‍ ദേശത്തിന്റെമുഴുവന്‍ നേതാവും ആശ്രയവുമായിരുന്നു. ഒരു സ്ഥലത്തേക്ക് വൈദികര്‍ നിയോഗിക്കപ്പെട്ടാല്‍ അവര്‍ കത്തോലിക്കരുടെ കാര്യങ്ങള്‍ മാത്രമായിരുന്നില്ല ആ പ്രദേശത്തുള്ള സകല മനുഷ്യരുടെയും കാര്യങ്ങളില്‍ സഹായിച്ചിരുന്നു. ആ പ്രദേശങ്ങളില്‍ റോഡുകളും പാലങ്ങളും വിദ്യാലയങ്ങളും കുടിവെള്ള പദ്ധതികളുമെല്ലാം നിര്‍മിച്ച് ദേശത്തിന്റെ സമഗ്രപുരോഗതിക്ക് നേതൃത്വം നല്കിയിരുന്നു. മലബാറിലുള്ള സകല റോഡുകളും വെട്ടാന്‍ നേതൃത്വം കൊടുത്തിരുന്നത് കത്തോലിക്കാ വൈദികരാണ്. സമൂഹനിര്‍മിതിക്കായ് അദ്ധ്വാനിക്കുന്ന രണ്ടായിരത്തില്‍പ്പരം ആള്‍ക്കാര്‍ക്ക് ഭക്ഷണം വച്ചുവിളമ്പിയിരുന്നത് നമ്മുടെ അമ്മമാരും സിസ്റ്റേഴ്‌സുമാണ്. എന്നാല്‍ ഇന്ന് എതെങ്കിലും റോഡിന്റെ ചരിത്രം പറയുമ്പോള്‍ വൈദികരുടെ സംഭാവനകളെയും കഠിനാദ്ധ്വാനത്തെയും കുറിച്ച് ആരെങ്കിലും പറയാറുണ്ടോ? സിസ്റ്റേഴ്‌സിനെയോ നമ്മുടെ മാതാപിതാക്കളെയോ ഓര്‍മിക്കാറുണ്ടോ?

ഭക്ഷണം കഴിക്കാന്‍
മറന്ന ദിനങ്ങള്‍
പതിനേഴുവര്‍ഷത്തിനു ശേഷം 1968-ല്‍ മാര്‍ വള്ളോപ്പിള്ളി പിതാവ് അച്ചനെ തലശേരിയില്‍ കോര്‍പ്പറേറ്റ് മാനേജരായി നിയമിച്ചു. വളരെയധികം തിരക്കുള്ള നാളുകളായിരുന്നു അത്. മീറ്റിങ്ങുകളും സന്ദര്‍ശനങ്ങളും. ഉത്തരവാദിത്വങ്ങളോട് തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തിയിരുന്ന അച്ചന്‍ പലപ്പോഴും ഭക്ഷണംകഴിക്കാന്‍ തന്നെ മറന്നുപോയിരുന്നു. അച്ചന്‍തന്നെ എഴുതിയിട്ടുണ്ട്. വൈകുന്നേരമാകുമ്പോള്‍ ഭയങ്കര തലവേദന. കാരണം എന്തെന്ന് മനസിലാകുന്നില്ല. പിന്നീട് ആലോചിക്കുമ്പോഴാണ് ഓര്‍മിക്കുക, ഇന്ന് ഭക്ഷണമേ കഴിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം. ഓഫിസിലേക്ക് ധാരാളം കത്തുകള്‍ വരും. ഇവയ്‌ക്കെല്ലാം കൈകൊണ്ട് മറുപടി എഴുതണം. അധികതിരക്കുമൂലം, പിതാവിനോട് മാറ്റം ചോദിച്ചെങ്കിലും, ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന വര്‍ക്കിയച്ചനെ മാറ്റാന്‍ പിതാവ് തയ്യാറായില്ല. 1968 മുതല്‍ 73 വരെ അദ്ദേഹം കോര്‍പറേറ്റ് മാനേജരായി സേവനം ചെയ്തു. 1973-ല്‍ വീണ്ടും കുളത്തുവയലിലേക്ക് തിരികെയയെത്തിയ വര്‍ക്കിയച്ചന്‍ 36 വര്‍ഷം, മരണവരെ കുളത്തുവയലില്‍ സേവന നിരതനായി.
36 വര്‍ഷം ഒരു സ്ഥലത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്, അതൊരു സമര്‍പ്പണത്തിന്റെ ചിത്രമാണ്. അതിനിടയിലാണ് 1962-ല്‍ അച്ചന്‍ വിമലമേരി സന്യാസിനീ സമൂഹത്തിന് ജന്മം കൊടുക്കുന്നത്. അച്ചന്‍ കുളത്തുവയലിലായിരിക്കുമ്പോഴാണ് കരിസ്മാറ്റിക് നവീകരണരംഗത്തേക്ക് കൂടുതല്‍ കടന്നുവരുന്നതും ധ്യാനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതുമെല്ലാം. 2007-ല്‍ പൗരോഹിത്യത്തിന്റെ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചശേഷം 2009 ജൂണ്‍ 24-ന് പ്രിയപ്പെട്ട മോണ്‍.സിജെ വര്‍ക്കിയച്ചന്‍ നമ്മളോട് വിടപറയുന്നത്.

അച്ചന്റെ വിജയരഹസ്യം
ദൈവഹിതം അന്വേഷിച്ച് അത് നിറവേറ്റാനായിരുന്നു അച്ചനെപ്പോഴും ഇഷ്ടം. അച്ചന്‍ പ്രാര്‍ത്ഥിക്കുന്ന മനുഷ്യനായിരുന്നു. ആദ്യകാലഘട്ടങ്ങളിലൊക്കെ ഞങ്ങള്‍ ധ്യാനംകൂടാനായി പലവട്ടം വന്നിട്ടുണ്ട്. അച്ചന്‍ പ്രാര്‍ത്ഥിക്കുന്നത് കാണാന്‍ രസമാണ്. വിശുദ്ധ കുര്‍ബാനയിലേക്ക് നോക്കിയിരുന്ന് പ്രാര്‍ത്ഥിക്കും, ഒരനക്കവും ഇല്ലാതെ. കൂടാതെ, അച്ചനൊരു നവോത്ഥാന പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘവര്‍ഷങ്ങള്‍ക്ക് അപ്പുറത്തേക്കുള്ള കാര്യങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുന്ന ആളായിരുന്നു വര്‍ക്കിയച്ചന്‍. അതായിരുന്നു അച്ചന്റെ വിജയരഹസ്യവും.
1980-കളില്‍, ഞാന്‍ അച്ചന്റെ ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ അച്ചന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ടു പറഞ്ഞു, ‘അച്ചനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു തൊപ്പി കാണുന്നു’വെന്ന്. പിന്നെ തൊപ്പിക്കാര്യമെല്ലാം ഞാന്‍ മറന്നുപോയി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വര്‍ക്കിയച്ചന്‍ മാനന്തവാടിക്കടുത്ത് പുതിയിടത്ത് ധ്യാനിപ്പിക്കാന്‍ വന്നു. അച്ചന്‍ വന്നുവെന്നറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും വീണ്ടും അച്ചനോടൊപ്പമിരുന്ന് പ്രാര്‍ത്ഥിക്കാന്‍ പോയി. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അച്ചന്‍ എന്നോട് പറഞ്ഞു, ‘പണ്ട് കണ്ട കാര്യം മാറിയിട്ടൊന്നുമില്ലാ കേട്ടോ’ എന്ന്. അതായത് പണ്ട് തൊപ്പി കണ്ട കാര്യം; അച്ചനുദ്ദേശിച്ചത് ഞാനൊരു മെത്രാനായിത്തീരുമെന്നാണ്. ഞാന്‍ അങ്ങനെ ചിന്തിച്ചിരുന്നില്ലെങ്കിലും വര്‍ക്കിയച്ചന്റെ പ്രവചനം യാഥാര്‍ത്ഥ്യമായിക്കൊണ്ട്, 2010-ല്‍ തൊപ്പി എന്റെ തലയില്‍ കയറി, ഞാന്‍ മെത്രാനായി അഭിഷിക്തനായി.
ദൈവികജ്ഞാനമുള്ള, ദൈവം സംസാരിച്ച വ്യക്തിയാണ് വര്‍ക്കിയച്ചനെന്ന് ഇതിലൂടെയെല്ലാം എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. ദൈവഹിതംതേടി അതനുസരിച്ചു ജീവിതംനയിച്ച വര്‍ക്കിയച്ചനെ നമുക്കനുകരിക്കാം, അദ്ദേഹത്തിന്റെ പാവനസ്മരണകളില്‍ ആദരങ്ങളര്‍പ്പിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?