Follow Us On

18

October

2024

Friday

ഭക്ഷണമേശകളിലെ വിദേശികള്‍

ഭക്ഷണമേശകളിലെ  വിദേശികള്‍

റ്റോം ജോസ് തഴുവംകുന്ന്

ആരോഗ്യത്തിനും ആയുസിനും ജീവന്റെ പോഷണത്തിനും ബുദ്ധിയുടെ വികാസത്തിനും പ്രതിരോധശക്തി ഊട്ടിയുറപ്പിക്കുന്നതിനും തുടങ്ങി ജീവിതത്തിന്റെ സമസ്ത ശക്തിയ്ക്കും ആവശ്യമായ ഭക്ഷണം എന്ന അമൂല്യതയ്ക്ക് താളപ്പിഴകള്‍ വരുന്നതിലെ വാര്‍ത്തകളാണ് ഒന്നിനുപുറകെ ഒന്നായെത്തുന്നത്. ജീവന്റെ പരിപാലനം എന്നത് ജീവന്റെ നഷ്ടത്തിലേക്ക് എത്തുന്നതാണ് ഇന്നത്തെ ഭക്ഷ്യവിഭവങ്ങള്‍. നാട്ടുവിഭവങ്ങള്‍ക്കും വീട്ടുഭക്ഷണത്തിനുമൊക്കെ വിലയില്ലാതായിരിക്കുന്നു. ഭക്ഷണമെല്ലാം ‘ദഹിക്കാത്ത’ പേരുകളിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ആരെങ്കിലുമൊക്കെ ഭക്ഷിച്ചിട്ടുവേണം ‘പേരിടാന്‍’ എന്നതിലേക്ക് വിഭവങ്ങളുടെ ‘പുതുമ’ നാള്‍ക്കുനാള്‍ മാറുന്ന കാഴ്ച.

വിഷംചേര്‍ത്ത വിഭവങ്ങള്‍
നമ്മുടെ കാര്‍ഷികമേഖലയില്‍നിന്നും പോഷകസമ്പുഷ്ടമായതെല്ലാം പടിയിറങ്ങിയിരിക്കുന്നു. സ്വഭാവിക ഭക്ഷണത്തില്‍നിന്നും കൃത്രിമമായതിലേക്ക് രുചിമാറ്റം സംഭവിച്ചിരിക്കുന്നു. നാട്ടുവിഭവങ്ങള്‍ കഴിക്കുന്നവര്‍ ‘അപരിഷ്‌കൃതര്‍’ എന്നതുപോലെ നമ്മുടെ മനോഭാവം ഡിജിറ്റല്‍ മോഡലായിരിക്കുന്നു. ആധുനികതയുടെ ‘മൂടുപടം’ അണിഞ്ഞ ഭക്ഷണങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ജീവിതശൈലീരോഗങ്ങളുടെ ആകെത്തുകയെന്നതും ഇന്നത്തെ മോഡേണ്‍ വായിലൊതുങ്ങാത്ത ഭക്ഷണവും വയറിനു ചേരാത്ത ഇനങ്ങളുമാണെന്ന് ആരോഗ്യശാസ്ത്രം പറയുമ്പോഴും ‘ഫോറിന്‍നാമ’ ധാരികളായ ഭക്ഷ്യവിഭവങ്ങള്‍ക്കാണ് ഇപ്പോഴും ഡിമാന്റ്.
വീടുകളില്‍ ആരോഗ്യപരമായ ഭക്ഷണമൊരുക്കിയാലും ഇന്നത്തെ തലമുറയ്ക്ക് അതെല്ലാം അരുചിയും അരോചകവും പഴഞ്ചനുമൊക്കെയായി മാറിയിരിക്കുന്നു. ചില്ലലമാരകളിലെ കണ്ണഞ്ചിപ്പിക്കുന്ന വിഭവ മനോഹാരിതയും മണവും വിഭവങ്ങളുടെ പേരുകളുടെ അസാധാരണത്വവും യുവതലമുറയെ ആകര്‍ഷിക്കുന്നു. ഹോട്ടലുകളും ഇത്തരം ആധുനികഭ്രമത്തിലേക്ക് മാറിയതും സമൂഹത്തിന്റെ ആധുനിക ‘രുചിഭ്രമം’തന്നെയെന്നും നാമറിയണം. ഭക്ഷണത്തെ വിഷലിപ്തമാക്കി മാറ്റിയതും നമ്മിലെ ആധുനിക ട്രെന്‍ന്റുകള്‍’തന്നെയാണ്.

വിശിഷ്ടമായ വിഭവങ്ങളില്‍ ‘വിഷംചേര്‍ത്ത്’ കഴിക്കുന്നതില്‍ ആധുനിക മനുഷ്യന്‍ മത്സരിക്കുകയാണ്. വനത്തിലൂടെ നടക്കുന്ന മൃഗങ്ങള്‍ വിഷച്ചെടികള്‍ തിന്ന് ചാവുന്നതായി കേട്ടിട്ടുണ്ടോ? ജീവന്‍ അപകടത്തിലാക്കുന്ന ‘വിഭവങ്ങള്‍’ മൃഗങ്ങള്‍ കൃത്യമായി തിരിച്ചറിയുമ്പോള്‍ മനുഷ്യര്‍ രോഗകാരണമായ ഭക്ഷണം സ്വാദോടെ കഴിക്കുന്നു. ആരോഗ്യമല്ല, രുചിയാണ് ഇപ്പോള്‍ പ്രധാനം! ഒരുനേരത്തെ ഭക്ഷണത്തിനുള്ള വിഭവങ്ങള്‍ കണ്ടാല്‍ ഞെട്ടും. ആഢംബര ഭക്ഷണവും പ്രസ്റ്റീജ് ഭക്ഷണവും വിരുന്നുകള്‍ കീഴടക്കിയിരിക്കുന്നു.

ഭക്ഷണമേശകളിലെ വെറൈറ്റികള്‍
പ്രകൃതിവിഭവങ്ങളടങ്ങിയ പോഷകസമൃദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണക്രമത്തില്‍നിന്നും നാം പാടേ പിന്‍വാങ്ങിയിരിക്കുന്നു. ഭക്ഷണക്രമത്തിലും ജാതിമത വര്‍ഗവര്‍ണവ്യത്യാസങ്ങള്‍ ചികഞ്ഞെടുക്കാന്‍ പാടുപെടുന്ന കുബുദ്ധികളും നമുക്കിടയില്‍ ശക്തി പ്രാപിക്കുന്നു. ഫോറിന്‍ഭ്രമവും നിരന്തരമായ വിദേശ കുടിയേറ്റ വ്യഗ്രതകളും ശീലങ്ങളെ കീഴ്‌മേല്‍മറിച്ചിരിക്കുകയാണ്. തീന്‍മേശകള്‍ വെറൈറ്റികള്‍കൊണ്ട് നമ്മെ കണ്‍ഫ്യൂഷനാക്കുന്ന കാലമാണ്. വിശപ്പിനുള്ളത് എന്നതിനേക്കാള്‍ ഇതുവരെ ആരും വിളമ്പാത്ത ഇനങ്ങള്‍ നിരത്താനുള്ള മത്സരമാണ് നടക്കുന്നത്. പോഷകസമ്പുഷ്ടമായ വിഭവങ്ങള്‍ ഒരുക്കാമെന്നുപറഞ്ഞാല്‍ നമ്മുടെ ആധുനിക ‘ഭാവം’ അതിനു സമ്മതിക്കുമോ?

നാമൊക്കെ ആര്‍ത്തിയോടെ വാങ്ങിക്കഴിക്കുന്ന വിദേശപേരുകളുള്ള ഭക്ഷണം വിദേശത്ത് ഒരുക്കുന്നത് പരിജ്ഞാനമുള്ളവരും ചേരുവകളെക്കുറിച്ച് വ്യക്തമായ പരിശീലനം നേടിയവരുമാണ്. ഒപ്പം കൃത്യമായ നിയമങ്ങളുമുണ്ട്. ജീവനും ആരോഗ്യത്തിനും ഭംഗം വരുത്തുന്നതല്ലെന്നുസാരം! ഇവിടെ ലഭിക്കുന്ന വിദേശനാമമുള്ള ഭക്ഷണത്തെക്കുറിച്ച് നമുക്കെന്താണ് ഉറപ്പ്? നിയമത്തിന് പുല്ലുവിലയുണ്ടോ? ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തുവെന്നതും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചുവെന്നതും എങ്ങനെയാണ് പൊരുത്തപ്പെടുന്നത്. വിഷലിപ്തമായ പഴകിയ ഭക്ഷണം നല്‍കി മനുഷ്യജീവന് പ്രശ്‌നമുണ്ടാക്കിയവര്‍ക്ക് വിശദീകരണ കാലാവധിയില്‍ ‘കാരണംകാണിക്കല്‍ നോട്ടീസ്’ നല്‍കുന്നതിലെ സാംഗത്യം എന്താണ്? നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനും ‘കാരണം’ ഉണ്ടോ? നമ്മുടെ നിയമങ്ങള്‍ക്ക് ബലംപോരാ.
ഓരോ നാടിനും നാടിന്റെ തനതു വിളകളുണ്ട്. തനതുവിളകളുടെ കൃഷിയും ഉത്പാദനവും പ്രോത്സാഹിപ്പിക്കണം. ഇത്തരം തനതുവിഭവങ്ങളുടെ ഭക്ഷ്യോത്പാദനവും വിതരണവും തദ്വാരയുള്ള വിരുന്നുകളും തീന്‍മേശകളും ഉണ്ടാകണം. ആരോഗ്യശാസ്ത്രത്തിന്റെ പരിജ്ഞാനവും പ്രസംഗവും ബോധവല്‍ക്കരണവും പോരാ, മറിച്ച് നാമൊക്കെ അതിനോട് ചേര്‍ന്നുപോകുന്ന ഭക്ഷണരീതിയും ജീവിതശൈലിയും രൂപപ്പെടുത്തണം. ‘നല്ലതു വേണ്ടെന്നു’ പറയുന്ന മനോഭാവത്തിനുത്തരമായി നമുക്കുവേണ്ടത് ഉണ്ടാക്കിത്തരുന്ന ‘കച്ചവട’ത്തിലേക്ക് ഭക്ഷണശാലകളും വിരുന്നുകളും മാറുന്നത് ശ്രദ്ധിക്കാതെ പോകരുത്.

നാടനും വീട്ടിലെ ഊണും
നാവിന്റെ രുചി ശരീരശാസ്ത്രം ഉള്‍ക്കൊള്ളുന്നതാകണമെന്നില്ല. കൃത്രിമചേരുവകളും മസാലക്കൂട്ടുകളും രുചിപദാര്‍ത്ഥങ്ങളും രാസവസ്തുക്കളും ചേര്‍ക്കുന്നതാണ് ഇഷ്ടമെന്നു പറഞ്ഞാല്‍ പിന്നെങ്ങനെ ഭക്ഷണം നല്ലതാകും? ഭക്ഷണത്തിന്റെ രസതന്ത്രവും നമ്മുടെ ജീവശാസ്ത്രവും സമരസപ്പെടേണ്ടേ? സൃഷ്ടിയിലേ നമ്മില്‍ ക്രമീകരിച്ചിരിക്കുന്ന നിലനില്‍പിന്റെ ജീവശാസ്ത്രത്തെ കൊല്ലുന്നതാകാമോ നമ്മുടെ ഭക്ഷണങ്ങള്‍?! പ്രകൃതിയോടു ചേര്‍ന്നുപോകാത്ത വിരുദ്ധാഹാരങ്ങള്‍ കഴിച്ച് നമ്മുടെ ശരീരത്തെ പലവിധത്തില്‍ വിഘടിപ്പിച്ച് അവയവങ്ങള്‍ മത്സരത്തിലും തോല്‍വിയിലുമൊക്കെയാകുന്നു. പല മാരകരോഗങ്ങളുടെയും കാരണക്കാര്‍ ഭക്ഷണമല്ലേ? ശുഷ്‌ക്കായുസിനും ഭക്ഷണക്രമം കാരണമാകുന്നില്ലേ? അധ്വാനിക്കാതിരിക്കാന്‍ നമ്മുടെ ശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്ന വീട്ടുപകരണങ്ങള്‍ക്കൊപ്പം ദുര്‍മേദസ് വര്‍ധിപ്പിക്കുന്ന ‘ഡിജിറ്റല്‍ഫുഡ്’ കൂടിയായാല്‍ മനുഷ്യരുടെ ആരോഗ്യത്തിന് എന്തു സുരക്ഷയാണുള്ളത്? ഒരു രോഗത്തിന് മരുന്ന് കഴിക്കുമ്പോള്‍ മറ്റൊരു രോഗം ആരംഭിക്കും. ഒരു അവയവസംരക്ഷണത്തിനായി ചികിത്സിക്കുമ്പോള്‍ മറ്റൊരു അവയവവും പണിമുടക്കുന്ന അവസ്ഥയിലാണിന്ന്.

രോഗവും ചികിത്സയും ഒപ്പം ഇവയ്‌ക്കെല്ലാം വിരുദ്ധമാകുന്ന ‘രുചിമേളവും’ ഇന്നത്തെ പ്രത്യേകതതന്നെ!!
എല്ലാത്തിനും ‘ആപ്പുകള്‍’ കണ്ടുപിടിച്ച ഡിജിറ്റല്‍ കാലത്ത് ഭക്ഷണവും ഓണ്‍ലൈനാകുന്നു; ഈ ഓണ്‍ലൈന്‍ ഭക്ഷണത്തിന്റെ അണിയറയോ ഗുണനിലവാരമോ കാലാവധിയോ ഒക്കെ എങ്ങനെയാണ് തിരിച്ചറിയാനാകുക?! നിയമാനുസൃതമായി ഭക്ഷണം ഉണ്ടാക്കിയ സമയവും ഉപയോഗിക്കേണ്ട സമയവും ഭക്ഷണപ്പൊതിയുടെ പുറംചട്ടയില്‍ പതിച്ചാലും അതിനുള്ളിലെ ‘സത്യം’ എങ്ങനെയാണ് തിരിച്ചറിയാനാകുക? നമ്മുടെ യാത്രകളില്‍ ഇന്ന് സാധാരണമായി കാണുന്ന ബോര്‍ഡുകളാണ് നാടന്‍ ഭക്ഷണശാല, വീട്ടിലെ ഊണ്, കഞ്ഞിക്കട… തുടങ്ങി ‘നാട്ടുവര്‍ത്തമാനം’ എന്നുതോന്നുന്ന കടകള്‍ കാണാം. ഒരു ‘ഫോര്‍മാലിറ്റി’യ്ക്കപ്പുറമായി ഇത്തരം ചിന്തകള്‍ക്ക് പ്രായോഗികതയില്ലെന്ന് കടകളിലെ ഭക്ഷ്യവിഭവങ്ങളുടെ പേരുകള്‍തന്നെ സാക്ഷിക്കുന്നു. നാടന്‍പേരുള്ള ഏതെങ്കിലും ഭക്ഷണം നമ്മുടെ ‘വൈറ്റ് കോളര്‍’ സമീപനത്തിനിണങ്ങുമോ? തീന്‍മേശയാണെങ്കിലും അതു ഫോറിനാകണമെന്ന ഒരു ഭ്രമം നമ്മെ അലട്ടുന്നു.

ഗൂഗിള്‍ പേരിടുന്ന കാലം
വേഷം, ഭാഷ, ഭക്ഷണം, സംസാരം, ജീവിതശൈലി തുടങ്ങി എല്ലാം മാറി. ഇപ്പോഴത്തെ കുട്ടികളുടെ പേരുകള്‍പോലും മലയാളിയുടെ നാവിന് വഴങ്ങുന്നതല്ല. ഗൂഗിള്‍ ആണ് ഇന്ന് മക്കള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കുന്നതുപോലും. മുത്തച്ഛനും മുത്തശിയും കണ്ണുമിഴിച്ച് ഇരുന്നുപോകുന്ന പേരുകളാണ് മക്കളുടേത്. മലയാളിയുടെ ‘അടുക്കളപ്പെരുമ’ നഷ്ടമായിക്കഴിഞ്ഞു. ഭക്ഷണമുണ്ടാക്കാനറിയുന്ന തലമുറയും കടന്നുപോയിരിക്കുന്നു. എല്ലാം ‘ബിസിനസ്’ ആയി മാറി അല്ലെങ്കില്‍ മാറ്റി?! ശരീരത്തിനു യോജിക്കാത്ത ഭക്ഷണം കഴിച്ച് മരുന്നും കഴിക്കും. എന്നാല്‍ ‘ഭക്ഷണമാണ് മരുന്നും’ എന്നറിയാന്‍ നാം വൈകുന്നു. പ്രകൃതിയില്‍നിന്നും വല്ലാതെ മാറിനടക്കാന്‍ തുടങ്ങിയിരിക്കുന്നു.

‘വരുന്നത് വരുന്നിടത്തുവച്ചു കാണാം’ എന്നുപറയുന്ന അവിവേകവും സര്‍വസാധാരണമായിരിക്കുന്നു. നമ്മുടെ അടുക്കളകള്‍ ‘സ്റ്റഡിവിസ’യിലാണെന്നു തോന്നുന്നു. വിരുന്നും വിശേഷങ്ങളും വിഭവങ്ങളും വിദേശമയമായിരിക്കുന്നു. പക്ഷേ വിദേശത്തുള്ള വിശ്വസ്തതയും ജീവന്റെമേലുള്ള കരുതലും നിയമത്തിന്റെ പരിരക്ഷയും പൗരബോധവുമൊന്നും നമുക്കിവിടെ കാണാനാകുന്നില്ല. ശുചിത്വബോധവും മറ്റുള്ളവരുടെമേലുള്ള കരുതലും ഭക്ഷണശാലകള്‍ മറക്കുന്നു. നാടന്‍വിഭവങ്ങള്‍ ഭക്ഷിക്കുന്നവരൊക്കെ പഴഞ്ചന്‍ മനോഭാവത്തിന്റെ ഉടമകളായിരിക്കുന്നു. മാറണം; നമ്മുടെ ഭക്ഷണസങ്കല്പം ആരോഗ്യപോഷണമെന്ന അടിസ്ഥാനത്തിലേക്ക് മടങ്ങണം. ലോകത്തെ മുഴുവനും ഞെട്ടിക്കുന്ന വിളവൈവിധ്യവും വിഭവസമൃദ്ധിയും രുചിസമൃദ്ധിയുമുള്ള നമുക്ക് സാക്ഷരതയെ തീന്‍മേശയുമായി കൂട്ടിയിണക്കാനാകണം. നാടിന്റെ പ്രത്യേകതകളായ വിഭവങ്ങളെ ലോകത്തിനു പരിചയപ്പെടുത്താനും നമുക്കാകണം! നാടുവിടുന്ന നമ്മുടെ മനസിന്റെ സ്റ്റാറ്റസ്ചിന്ത നാട്ടിലേക്കു തിരിച്ചെത്തണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?