Follow Us On

23

December

2024

Monday

‘വിവാദ’പരമായ വിശ്വാസം കാലഘട്ടത്തിന്റെ ആവശ്യം

‘വിവാദ’പരമായ വിശ്വാസം കാലഘട്ടത്തിന്റെ ആവശ്യം

വത്തിക്കാന്‍ സിറ്റി: ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ആകാശത്തിലേക്ക് കണ്ണുകളുയര്‍ത്തുന്നതും തെരുവുകളിലുയരുന്ന പൊടിപടലം ശ്രദ്ധിക്കാതെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനകളര്‍പ്പിക്കുന്നതുമായ അടഞ്ഞ മതാത്മകത നമുക്ക് ആവശ്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 50 ാമത് ഇറ്റാലിയന്‍ കത്തോലിക്ക സാമൂഹ്യ വാരത്തോടനുബന്ധിച്ച് ഇറ്റലിയിലെ  ട്രിയെസ്റ്റെയിലര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങളും യേശുവിന്റെ ജ്ഞാനവും മനസിലാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ആ നാട്ടിലെ ജനങ്ങള്‍  യേശുവിനെ സ്വീകരിച്ചില്ലെന്നും കുരിശില്‍ തറയ്ക്കപ്പെട്ട് മരിക്കുവാന്‍ മാത്രം ദുര്‍ബലനായ ദൈവം അന്നേ വിവാദവിഷയമാണെന്നും പാപ്പ പറഞ്ഞു. യേശുവിന്റെ മനുഷ്യാവതാരത്തില്‍ വേരൂന്നിയതും ലോകം നേരിടുന്ന പ്രശ്‌നങ്ങളെ നിസംഗതയോടെ സമീപിക്കാത്തതുമായ ‘വിവാദ’പരമായ വിശ്വാസം ഈ കാലഘട്ടത്തിലും ആവശ്യമാണ്. ആ വിശ്വാസം ജനങ്ങളെ സ്പര്‍ശിക്കുന്ന പ്രത്യാശയുടെ പുളിമാവും പുതിയ ലോകത്തിന്റെ വിത്തുമായി മാറണം. ഏറ്റവും നിസാരരിലും അവഗണിക്കപ്പെട്ടവരിലും മറക്കപ്പെട്ടവരിലും നമ്മുടെയും നഗരങ്ങളുടെയും ഇരുണ്ട കോണുകളിലുമാണ് ദൈവത്തെ കണ്ടെത്താനാവുകയെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

ഇന്ന് പലപ്പോഴും നിസാരമായ കാര്യങ്ങളാണ് വിവാദമായി മാറുന്നത്. വാസ്തവത്തില്‍ അനിയന്ത്രിതമായി പെരുകുന്ന തിന്മയും മനുഷ്യജീവന്‍ നേരിടുന്ന അപമാനങ്ങളുമാണ് നമ്മെ പ്രകോപിപ്പിക്കേണ്ടത്. യേശുവിനപ്പോലെ നിരാകരിക്കപ്പെടുമ്പോഴും വിചാരണക്ക് വിധേയമാകുമ്പോഴും വധിക്കപ്പെട്ടാല്‍ പോലും ദൈവരാജ്യത്തിന്റെ പ്രവാചകരും സാക്ഷികളുമായി നിലകൊള്ളുവാന്‍ ക്രൈസ്തവര്‍ക്ക് സാധിക്കണം. നിലപാടുകളും വാക്കുകളും വഴി സുവിശേഷത്തിന്റെ പ്രവചനങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയട്ടെയെന്ന് പാപ്പ ആശംസിച്ചു.

ഇറ്റലി, സെന്‍ട്രല്‍ യൂറോപ്പ്, ബാല്‍ക്കന്‍ പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഇടത്താവളമെന്ന നിലയിലാണ്  ട്രിയസ്റ്റെ നഗരം സാമൂഹ്യ വാരാചരണത്തിനായി തിരഞ്ഞെടുത്തതെന്ന് ദിവ്യബലിക്ക് ശേഷം നടത്തിയ  ത്രികാലജപപ്രാര്‍ത്ഥനക്ക് മുന്നോടിയായി പാപ്പ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പങ്കാളിത്തം കുറയുന്ന പശ്ചാത്തലത്തില്‍ ‘ജനാധിപത്യം’ എന്നതായിരുന്നു ആചരണത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?