കാറക്കാസ്/വെനസ്വേല: രാജ്യത്തെ ദിവ്യകാരുണ്യത്തിന് പുനര്‍പ്രതിഷ്ഠിച്ച് വെനസ്വേലന്‍ ബിഷപ്പുമാര്‍. തലസ്ഥാനഗരിയായ കാറക്കാസിലെ കൊറമോട്ടോ നാഥയുടെ നാമധേയത്തിലുള്ള ദൈവാലയത്തില്‍, ദിവ്യബലിയോടനുബന്ധിച്ച് നടത്തിയ പുനര്‍പ്രതിഷ്ഠാ ചടങ്ങില്‍ വാലന്‍സിയ ആര്‍ച്ചുബിഷപ്പും വെനസ്വേലന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ജീസസ് ഗൊണ്‍സാലസ് ഡെ സാരാറ്റ് മുഖ്യകാര്‍മികത്വം വഹിച്ചു. 125 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വെനസ്വേലയെ ആദ്യമായി ദിവ്യകാരുണ്യത്തിന് പ്രതിഷ്ഠിച്ചത്.
വെനസ്വേലയിലെ ജനങ്ങള്‍ ക്രിസ്തു എന്ന വ്യക്തിയോടും അവിടുത്തെ പ്രബോധനങ്ങളോടും അവിടുന്ന് നിര്‍ദേശിച്ച ജീവിതശൈലിയോടും അനുരൂപപ്പെടുമ്പോള്‍ മാത്രമേ വെനസ്വേല യഥാര്‍ത്ഥത്തില്‍ ദിവ്യകാരുണ്യത്തിന്റെ രാജ്യമായി മാറുകയുള്ളൂവെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.
സാമൂഹിക ജീവിതത്തെ സ്വാധീനിക്കാത്ത വിധത്തില്‍ കത്തോലിക്കര്‍ തങ്ങളുടെ വിശ്വാസം സ്വകാര്യമായി മാത്രമേ ജീവിക്കാവു എന്ന് നിര്‍ദേശിക്കാന്‍ ആര്‍ക്കും അവകാശമില്ല. വിശ്വാസം സംസ്‌കാരത്തിന്റെ ഭാഗമായി മാറുന്നില്ലെങ്കില്‍ പൂര്‍ണമായ സ്വീകാര്യത ലഭിച്ചിട്ടില്ല എന്നാണ് അതിനര്‍ത്ഥം. മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുവാനും ദൈവരാജ്യം നിര്‍മിക്കുവാനും അങ്ങനെ ലോകത്തില്‍ മാറ്റം വരുത്തുവാനും യഥാര്‍ത്ഥ വിശ്വാസം ആഗ്രഹിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ വരുന്ന തിരഞ്ഞെടുപ്പിലൂടെ സമാധാനത്തിലും നീതിയിലും ജീവിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹത്തെ അജപാലകര്‍ എന്ന നിലയില്‍ തങ്ങള്‍ പിന്തുണയ്ക്കുമെന്നും ആര്‍ച്ചുബിഷപ് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായി. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ദിവ്യകാരുണ്യപ്രദക്ഷിണവും തുടര്‍ന്ന് ബിഷപ്പുമാരുടെ 122 ാം പ്ലീനറി അസംബ്ലിയും നടന്നു.
Leave a Comment
Your email address will not be published. Required fields are marked with *