Follow Us On

12

July

2024

Friday

മിഷനറീസ് ഓഫ് വേള്‍ഡ് ഇവാഞ്ചലൈസേഷന്‍

മിഷനറീസ് ഓഫ് വേള്‍ഡ് ഇവാഞ്ചലൈസേഷന്‍

 ഇ.എം പോള്‍

ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി സന്തോഷത്തോടെ ഏറ്റെടുക്കുന്ന സഹനങ്ങള്‍ കൃപയുടെ ഉറവിടങ്ങളാണെന്ന പാഠം മംഗലത്ത് ദേവസി പഠിച്ചത് സ്വന്തം പിതാവില്‍നിന്നാണ്. സഹനങ്ങള്‍ ആത്മാക്കളുടെ രക്ഷയ്ക്ക് ഉപകരിക്കുമെങ്കില്‍ ഒരു സഹനവും പാഴാക്കരുതെന്ന ബോധ്യം ചെറുപ്പത്തില്‍ തന്നെ ദേവസിക്കുണ്ടായിരുന്നു. അങ്ങനെ ചെറുതും വലുതുമായ എല്ലാ സഹനങ്ങളും ഈശോയുടെ തിരുഹൃദയത്തില്‍ നിക്ഷേപിച്ചാണ് എറണാകുളം സ്വദേശിയായ ദേവസി വളര്‍ന്നു വന്നത്. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി ദൈവകരങ്ങളില്‍ തന്നെത്തന്നെ സമര്‍പ്പിച്ചപ്പോള്‍ വലിയൊരു മിഷനറി ശുശ്രൂഷക്ക് രൂപം നല്‍കുന്നതിനായി ദേവസിയുടെ ജീവിതം ദൈവം ഉപയോഗിക്കുകയായിരുന്നു.

പ്രേഷിതപ്രവര്‍ത്തനത്തിന് ജോലി തടസമാകുമോ?
കോഴിക്കോട് ദേവഗിരി കോളജിലാണ് ദേവസി ഡിഗ്രി പഠനത്തിന് ചേര്‍ന്നത്. അവിടെയുള്ള വാരാന്ത്യ ധ്യാനങ്ങള്‍, ജീസസ് യൂത്ത്, കാമ്പസ് മിനിസ്ട്രി എന്നിവയിലൂടെയെല്ലാം ദേവസിയിലെ മിഷനറി രൂപപ്പെടുകയായിരുന്നു. ബിരുദമെടുത്തശേഷം ഒരു വര്‍ഷം ഫുള്‍ടൈമറായി. കോഴിക്കോട് സോണ്‍ കാമ്പസ് മിനിസ്ട്രി കോ-ഓര്‍ഡിനേറ്ററായും ഇക്കാലത്ത് പ്രവര്‍ത്തിച്ചു. അതിനുശേഷം പലരുടെയും സഹായത്തോടെ ഒരു പ്രഫഷണല്‍ കോഴ്‌സില്‍ ചേര്‍ന്നുപഠിച്ചു. തുടര്‍ന്ന് ജോലിയും ലഭിച്ചു. എന്നാല്‍ ഒരു മുഴുവന്‍സമയ പ്രേഷിതനാവുക എന്ന തന്റെ ജീവിതസ്വപ്‌നത്തിന് ജോലി തടസമായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആത്മീയ മേഖലയില്‍ നേതൃനിരയിലുള്ള ഒരു വ്യക്തിയുടെ സഹായം തേടി. ജോലി സ്വീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. തക്കസമയത്ത് ദൈവം ഇടപെട്ടുകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ജോലി സ്വീകരിച്ചെങ്കിലും പ്രേഷിതവേലക്ക് തടസമായി തോന്നിയതിനാല്‍ ആ ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിഞ്ഞു. എന്നാല്‍ ആ ഉദ്യമം തകര്‍ച്ചയിലാണ് അവസാനിച്ചത്.

ദൈവം നല്‍കിയ ഇണ
പതിവുപോലെ ഒരു ദിവസം കുര്‍ബാന കഴിഞ്ഞ് ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാള്‍ വന്ന് ദേവസിയോട് ബയോഡേറ്റ ചോദിച്ചു. പിന്നെ അസാധാരണമായ ഒരു കാര്യം അദ്ദേഹം ആവശ്യപ്പെട്ടു. എന്റെ മകളെ വന്ന് ഒന്നു കാണണം. ദേവസി ചെന്നു, മകളെ കണ്ടു, ഒരു മാസത്തിനകം വിവാഹവും നടന്നു. ആദ്യത്തെ കുട്ടി ഉണ്ടായി. ഇതിനോടകം ദേവസിയുടെ ഭാര്യയ്ക്ക് 2750 രൂപ ശമ്പളത്തില്‍ ഒരു ജോലി ലഭിച്ചിരുന്നു. എന്നാല്‍ കഷ്ടതയും ദാരിദ്ര്യവും വിട്ടുമാറുന്നില്ല. കാരണമന്വേഷിച്ച് അദ്ദേഹം ദൈവസന്നിധിയില്‍ ഇരുന്നു. അപ്പോള്‍ കിട്ടിയ ബോധ്യം വളരെ വ്യക്തത ഉള്ളതായിരുന്നു,”നീ ദശാംശം കൊടുക്കുന്നില്ലല്ലോ. അതുതന്നെ.” അന്ന് വീട്ടുവാടക 2050 രൂപയാണ്. ബാക്കി 700 രൂപ. ഒന്നിനും തികയില്ല. അതില്‍നിന്ന് 275 ദശാംശം കൊടുക്കണം. ഈ ബോധ്യം ലഭിച്ചപ്പോള്‍ ഭാര്യയുടെ അക്കൗണ്ടില്‍ ആയിരം രൂപയുണ്ട്. അതു മുഴുവന്‍ ദശാംശമായി കൊടുത്തു. മലാക്കി 3:10 വചനം സ്ഥിരീകരിച്ചുകൊണ്ട് ദൈവം അനുഗ്രഹം വര്‍ഷിച്ച അനുഭവമാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായത്. ഭാര്യയുടെ ശമ്പളം ഇരട്ടിച്ചു, ദേവസിക്ക് 15,000 രൂപ ശമ്പളത്തില്‍ പുതിയ ജോലിയും ലഭിച്ചു. അന്നുമുതല്‍ വീഴ്ചകൂടാതെ ദശാംശം കൊടുക്കുന്നു.

പ്രേഷിതവേലക്ക് ഇറങ്ങാന്‍ സമയമായോ എന്ന് ദൈവത്തോട് ദേവസി ആരാഞ്ഞുകൊണ്ടിരുന്നു. പ്രേഷിതര്‍ക്കുവേണ്ടിയുള്ള ഒരു ധ്യാനത്തിലൂടെയാണ് കര്‍ത്താവ് തന്റെ ഹിതം വെളിപ്പെടുത്തിയത്. സമയമായി, ഇറങ്ങിക്കൊള്ളുക എന്ന സന്ദേശം ലഭിക്കുന്നത് 2013 ഡിസംബര്‍ മാസത്തിലാണ്. അപ്പോഴേക്കും ദേവസിക്ക് ഒമ്പത് മക്കളായി കഴിഞ്ഞിരുന്നു. ഒരു ലക്ഷത്തിനുമുകളില്‍ ശമ്പളത്തോടുകൂടി ഉയര്‍ന്ന ജോലിയുമുണ്ട്. പ്രാര്‍ത്ഥനാഗ്രൂപ്പിലും ഭാര്യയോടും മാതാപിതാക്കളോടും ദേവസി ഈ കാര്യം പറഞ്ഞു. ദേവസിയുടെ തീരുമാനം എല്ലാവര്‍ക്കും സമ്മതമായിരുന്നു.

ആത്മാക്കള്‍ക്കുവേണ്ടി ഒരാള്‍
ദേവഗിരിയില്‍ പഠിക്കുന്ന സമയത്ത് ദേവസിക്ക് ലഭിച്ച ഒരു സന്ദേശം ഇപ്രകാരമായിരുന്നു, ‘എത്യോപ്യയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക’. ആഫ്രിക്കയില്‍ പോയി പ്രേഷിതവേല ചെയ്യാനുള്ള ആഗ്രഹം അന്നേ മനസില്‍ ഉണ്ടായതാണ്. തൃശൂരില്‍ നിന്നൊരാള്‍ ഉഗാണ്ടയില്‍ പ്രേഷിതവേല ചെയ്യുന്നതായി അറിഞ്ഞ് അന്ന് ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം ഒരാള്‍ ദേവസിയെ തേടി വീട്ടില്‍ വന്നു. ദേവഗിരിയില്‍വച്ച് അദ്ദേഹം അന്വേഷിച്ച ആളായിരുന്നു അത്. ത്രിപുര മിഷനില്‍ പ്രേഷിതവേലയ്ക്ക് ചെല്ലാന്‍ ദേവസിയെ ക്ഷണിക്കാനാണ് അദ്ദേഹം വന്നത്. തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ ദേവസി ഇപ്രകാരം വിവരിച്ചു:

”ദൈവം വന്ന് നേരിട്ട് എന്നെ വിളിച്ചതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ഞാനും മൂന്നിലും നാലിലും പഠിക്കുന്ന എന്റെ രണ്ടുമക്കളും ത്രിപുരയിലേക്ക് പോയി. രാത്രിയിലാണ് അവിടെ എത്തിയത്. ഏതെങ്കിലും വീട്ടില്‍ താമസിക്കാന്‍ സൗകര്യമുണ്ടോ എന്നന്വേഷിച്ച് സഹായിക്കൊപ്പം ഞാനും മക്കളും കുറെ അലഞ്ഞു. ഞങ്ങള്‍ക്ക് അറിയാത്ത ഒരു ഭാഷയില്‍ അയാള്‍ പല വീടുകളിലും അന്വേഷിച്ചു. ഒടുവില്‍ ഒരു വീട്ടില്‍നിന്ന് അനുകൂലമായ മറുപടി കിട്ടി. ആ വീട്ടിലെ സ്ത്രീ അവരുടെ വീടിന്റെ അടുഞ്ഞുകിടന്ന ഒരു മുറി ഞങ്ങള്‍ക്കായി തുറന്നുതന്നു. ദീര്‍ഘകാലമായി അടഞ്ഞു കിടന്നിരുന്ന മുറിയില്‍ മാറാലയും പൊടിയും നിറഞ്ഞിരുന്നു. അവിടെ മടക്കിവച്ചിരുന്ന ഒരു ബെഡും ഞങ്ങള്‍ക്ക് തന്നു. തറയില്‍ വിരിച്ച കിടക്കയിലിരുന്ന് പ്രാര്‍ത്ഥനയാരംഭിച്ചതോടെ തേള്‍, പഴുതാര തുടങ്ങിയവ വന്‍തോതില്‍ മുറിയിലേക്ക് വന്നുതുടങ്ങി. ഞാന്‍ ഉടന്‍തന്നെ കൈയില്‍ കരുതിയിരുന്ന ഹന്നാന്‍വെള്ളംകൊണ്ട് കുരിശുവരച്ചു. കൂടാതെ എന്റെ കൈയിലുണ്ടായിരുന്ന അഭിഷേകതൈലവും പൂശി. പെട്ടിയിലുണ്ടായിരുന്ന കുരിശ് മുറിയില്‍ സ്ഥാപിച്ചു. അതോടെ എല്ലാം ശാന്തമായി. പിന്നെ പ്രാര്‍ത്ഥിച്ചതിനുശേഷം ഞങ്ങള്‍ കിടന്നുറങ്ങി.

രാവിലെ പുറത്ത് വലിയ കേലാഹലം കേട്ടാണ് ഉണര്‍ന്നത്. അനേകം ഗ്രാമീണര്‍ തടിച്ചുകൂടിയിരിക്കുന്നു. കതകു തുറന്ന് ഞങ്ങള്‍ പുറത്തുവന്നപ്പോള്‍ അല്പം സങ്കോചത്തോടും അത്ഭുതത്തോടുംകൂടി അവര്‍ അടുത്തുവന്ന് ഞങ്ങളെ തൊട്ടുനോക്കുകയും പലതും ഞങ്ങളോട് ചോദിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല. പിന്നീട് ഇംഗ്ലീഷ് അറിയാവുന്ന ഒരാള്‍ കാര്യങ്ങള്‍ പറഞ്ഞുതന്നു. ഞങ്ങള്‍ താമസിച്ച മുറിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. അവരുടെ പ്രേതം ഞങ്ങളെ വകവരുത്തിയിട്ടുണ്ടാകുമെന്ന് കരുതി കാണാന്‍ വന്നതാണ് അയല്‍ക്കാരെല്ലാം. പ്രേതത്തെ കീഴ്‌പ്പെടുത്തിയ അതിശക്തരും അത്ഭുത മനുഷ്യരുമെന്ന നിലയില്‍ ആരാധനയോടും ഭയത്തോടുംകൂടിയാണ് അവിടെ കൂടിയവര്‍ ഞങ്ങളെ നോക്കിയത്.”
ഗ്രാമീണരുടെ ഭാഷ വശമില്ലാതിരുന്നതുകൊണ്ട് ഇംഗ്ലീഷ് അറിയാവുന്ന ഒരു സഹായിക്കൊപ്പം ദേവസിയും മക്കളും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഈശോയെ പ്രസംഗിച്ചു. മദ്യപാനം, വ്യഭിചാരം, ഗര്‍ഭഛിദ്രം, കലഹങ്ങള്‍ എല്ലാംകൊണ്ട് വളരെ അസ്വസ്ഥരായ ആളുകള്‍ സുവിശേഷം ആവേശത്തോടെ സ്വീകരിച്ചു. എല്ലായിടത്തും വലിയ രോഗശാന്തികള്‍, വിടുതലുകള്‍, അടയാളങ്ങള്‍ എന്നിവകൊണ്ട് ദൈവം വചനത്തെ സ്ഥിരീകരിച്ചുകൊണ്ടിരുന്നു.

മിഷനുവേണ്ടി ഒരു
കുടുംബ കൂട്ടായ്മ
പിന്നീട് കുടുംബങ്ങളുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് മിഷന്‍ പ്രദേശങ്ങളിലെ പ്രേഷിതപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ ദൈവം കൃപ നല്‍കി. 2017-ലായിരുന്നു ഈ കൂട്ടായ്മയുടെ ആദ്യ മിഷന്‍യാത്ര. ത്രിപുരയിലെ അഗര്‍ത്തല രൂപതയില്‍പെട്ട ബിഷറാംഗംജ് ഇടവകയിലെ ഗ്രാമങ്ങളിലായിരുന്നു 18 പേരടങ്ങുന്ന ആദ്യമിഷന്‍സംഘം സന്ദര്‍ശിച്ചത്. 2018-ല്‍ 33 പേരടങ്ങുന്ന ടീം ത്രിപുരയിലെതന്നെ മനായി, ബൈജന്‍ബാരി, നന്ദന്‍നഗര്‍ തുടങ്ങിയ ഇടവകകളില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തി. ആദ്യമിഷന്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കിയ കുടുംബങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് പ്രാര്‍ത്ഥിച്ച് ഒരു കൂട്ടായ്മയ്ക്ക് രൂപംകൊടുത്തു, മിഷനറീസ് ഓഫ് വേള്‍ഡ് ഇവാഞ്ചലൈസേഷന്‍(വി- മിഷന്‍) എന്ന പേരില്‍. ഇന്ന് ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി മിഷന്‍ ശുശ്രൂഷകള്‍ നടന്നു വരുന്നു.

കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ് മിഷന്‍ വാരിയേഴ്‌സ്. മിഷന്റെ ആവശ്യകത, സാധ്യതകള്‍, മിഷന്‍ ചെയ്യേണ്ട രീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശീലനത്തില്‍ ഉള്‍ക്കൊള്ളുന്നു. മിഷന്‍ പ്രദേശങ്ങളില്‍പോയി താമസിച്ച് ശുശ്രൂഷ ചെയ്തിട്ടുള്ള വ്യക്തികള്‍തന്നെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു. പരിശീലനം നേടിയ വ്യക്തികള്‍ ഗ്രാമങ്ങളില്‍ താമസിച്ച് പ്രേഷിതവേല ചെയ്യുന്നു. ഇതിനോടകം ആറ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച് കഴിഞ്ഞു. ഇരുന്നൂറിലധികമാളുകളാണ് ഈ പരിശീലനം നേടി വിവിധ സ്ഥലങ്ങളില്‍ ഇപ്പോള്‍ പ്രേഷിതവേല ചെയ്യുന്നത്.
പരിശീലനം നേടിയവര്‍ മിഷന്‍പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളിലേക്ക് കുടുംബമായി കടന്നുചെല്ലുന്നു. പത്തുദിവസം നീണ്ടുനില്‍ക്കുന്നതാണ് അവരുടെ ശുശ്രൂഷ. ടീമംഗങ്ങള്‍ ഗ്രാമങ്ങളില്‍ താമസിച്ച് വീടുകള്‍തോറും സുവിശേഷം പങ്കുവയ്ക്കുന്നു. ഈ ശുശ്രൂഷ ഏഴുദിവസം നീണ്ടുനില്‍ക്കും. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ദൈവാലയത്തില്‍ മൂന്നുദിവസത്തെ ധ്യാനം നടക്കും. ത്രിപുര, ആസാം, മേഘാലയ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ ശുശ്രൂഷ തുടരുന്നു.

ശിഷ്യത്വപരിശീലനം
തദ്ദേശീയരായ ഗ്രാമീണര്‍ക്കും ഗോത്രജനവിഭാഗങ്ങള്‍ക്കും പരസ്പരം സുവിശേഷം പങ്കുവയ്ക്കുന്നതിനായി അവരില്‍പെട്ടവരെതന്നെ പരിശീലിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയാണിത്. അടിസ്ഥാന സുവിശേഷമൂല്യങ്ങളും കൂദാശകളും സുവിശേഷപ്രഘോഷണരീതികളും ഇതിലൂടെ പരിചയപ്പെടുത്തുന്നു. ഇതിനോടകം ത്രിപുര, ഒഡീഷ, ആസാം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനപരിപാടി നടത്തിക്കഴിഞ്ഞു. നൂറുകണക്കിനാളുകള്‍ ഇതിലൂടെ സുവിശേഷപ്രഘോഷകരും മിഷനറിമാരുമായി ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നു.

മിഷനറീസ് ഓഫ് വേള്‍ഡ് ഇവാഞ്ചലൈസേഷനില്‍ സഹിക്കുന്നവരുടെ ഒരു കൂട്ടായ്മയുണ്ട്. രോഗം തളര്‍ത്തിയ ശരീരങ്ങളെ ലോകത്തിന് കൃപയുടെ ഉറവിടങ്ങളായി മാറ്റാനുള്ള പരിശ്രമത്തിലൂടെ പ്രേഷിതത്വം സ്വീകരിച്ച ഇരുപതിലേറെപ്പേര്‍ അടങ്ങിയതാണ് ഈ കൂട്ടായ്മ. തങ്ങളുടെ സഹനങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ച് രാവിലെ നാലുമുതല്‍ രാത്രി പത്തുവരെ ഇവര്‍ മിഷനുവേണ്ടിയും മിഷനറിമാര്‍ക്കുവേണ്ടിയും മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നു.

അതിരുകള്‍ ഭേദിച്ച്
വിദേശത്തേക്ക്
ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് വിജയകരമായ മിഷന്‍യാത്രകള്‍ നടത്തിക്കഴിഞ്ഞു. നേപ്പാള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് മിഷനറിമാര്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു.
ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവരുടെ പിന്തുണയും അനുഗ്രഹവും വി-മിഷനെ ശക്തിപ്പെടുത്തുന്നു. ഫാ. ഡേവിസ് അരിക്കാട്ട് ആയിരുന്നു ആദ്യ ആത്മീയ ഉപേദഷ്ടാവ്. ഇപ്പോള്‍ ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട് ആണ് ആത്മീയ ഉപദേഷ്ടാവ്. പിഎംസി, എസ്‌കെഡി, സിഎസ്എന്‍, വിന്‍സെന്‍ഷ്യന്‍ തുടങ്ങിയ സന്യാസ സമൂഹങ്ങളും സലേഷ്യന്‍ വൈദികരും വി-മിഷനൊപ്പംനിന്ന് സഹായിക്കുന്നു. കൂടാതെ നൂറുകണക്കിനാളുകളാണ് ജപമാലകള്‍ ചൊല്ലി ഈ മിഷനു വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നത്. പ്രതിമാസം പതിനായിരത്തോളം ജപമാലകള്‍ ഇപ്രകാരം വി-മിഷന് ലഭിക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തതുപോലെ സ്വന്തം സുരക്ഷിതവലയത്തില്‍ നിന്ന് പുറത്തുകടന്ന് അന്ധകാരം നിറഞ്ഞ ലോകത്തിലേക്ക് സുവിശേഷത്തിന്റെ പ്രകാശവുമായി മിഷനറീസ് ഓഫ് വേള്‍ഡ് ഇവാഞ്ചലൈസേഷന്‍ യാത്ര തുടരുകയാണ്. ചുറ്റുമുള്ള ലോകത്തില്‍ യേശുക്രിസ്തുവിന്റെ സൗഹൃദവും ശക്തിയും പ്രകാശവും ലഭ്യമാക്കുക എന്ന ഏക ലക്ഷ്യത്തോടെ…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?