Follow Us On

28

December

2024

Saturday

ഉദ്യമങ്ങള്‍ പരാജയപ്പെടുന്നത് എന്തുകൊണ്ട്..?

ഉദ്യമങ്ങള്‍  പരാജയപ്പെടുന്നത്  എന്തുകൊണ്ട്..?

ദൈവകല്‍പ്പനകള്‍, കല്‍പ്പനകളെക്കാളുപരിയായി ജീവിതയാത്ര സുഖമമായി നയിക്കുവാന്‍ സഹായിക്കുന്ന ദൈവത്തിന്റെ വചനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചെങ്കടല്‍ കടന്ന ശേഷമാണ് ഇസ്രായേല്‍ ജനം സീനായി മലയിലെത്തുന്നത്. ആദ്യം രക്ഷിച്ചതിന് ശേഷമാണ് ഇസ്രായേലിന്റെ വിശ്വസ്തത ദൈവം ആവശ്യപ്പെടുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ദൈവത്തിന്റെ ഉദാരതയില്‍ നിന്നാണ് പത്ത് കല്‍പ്പനകളുടെ ഉദയമെന്ന് പാപ്പാ വിശദീകരിച്ചു. ആദ്യം അവിടുന്ന് രക്ഷിക്കുകയും ആവശ്യമുള്ളത് നല്‍കുകയും ചെയ്യുന്നു. പിന്നീടാണ് അവിടുന്ന് നമ്മോട് കല്‍പ്പനകള്‍ അനുസരിക്കുവാന്‍ ആവശ്യപ്പെടുന്നത്.

”പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിക്കുന്നു.”(യോഹ. 15:9) എന്നാണ് പുതിയ നിയമത്തില്‍ യേശു പറയുന്നത്. ഈശോ പിതാവിനെക്കുറിച്ചാണ് ആദ്യം പറയുന്നത്. പലപ്പോഴും ദൈവത്തോടുള്ള കൃതജ്ഞതയ്ക്ക് ഉപരിയായി നമ്മെത്തന്നെ പ്രതിഷ്ഠിക്കുന്നതുകൊണ്ടാണ് നമ്മുടെ ഉദ്യമങ്ങള്‍ പരാജയപ്പെടുന്നത്. തന്നില്‍ നിന്ന് ആരംഭിക്കുന്നവന്‍ തന്നില്‍ത്തന്നെ അവസാനിക്കുന്നു. ക്രൈസ്തവജീവിതം എല്ലാറ്റിലുമുപരിയായി പിതാവിനോടുള്ള കൃതജ്ഞതാനിര്‍ഭരമായ പ്രത്യുത്തരമാണെന്ന് പാപ്പ പറഞ്ഞു. തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന ക്രിസ്ത്യാനിക്ക് ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം ഉണ്ടാകണമെന്നില്ല. എന്താണ് ഈ ഉത്തരവാദിത്വങ്ങളുടെ അടിസ്ഥാനം? ദൈവപിതാവിനോടുള്ള സ്‌നേഹത്തില്‍ നിന്നാണ് ഈ ഉത്തരവാദിത്വം ഉണ്ടാകേണ്ടത്.

നിയമത്തെ ദൈവത്തോടുള്ള ബന്ധത്തിനുപരിയായി പ്രതിഷ്ഠിക്കുന്നത് വിശ്വാസയാത്രയില്‍ സഹായകരമായ കാര്യമല്ല. ക്രിസ്ത്യാനി ആയിരിക്കുക എന്നത് സ്വാതന്ത്ര്യത്തിന്റെ യാത്രയാണ്. ദൈവകല്‍പ്പനകള്‍ നിങ്ങളുടെ സ്വാര്‍ത്ഥതയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുന്നു. ഇച്ഛാശക്തിയെ ആശ്രയിച്ചല്ല ക്രൈസ്തവരൂപീകരണം നടക്കേണ്ടത്. രക്ഷയെ സ്വീകരിച്ചുകൊണ്ടും ദൈവസ്‌നേഹം അനുഭവിക്കാന്‍ തന്നെത്തന്നെ വിട്ടുനല്‍കിക്കൊണ്ടുമാണ് ക്രൈസ്തവ രൂപീകരണം സാധ്യമാകുന്നത്. കൃതജ്ഞത പരിശുദ്ധാത്മാവ് സന്ദര്‍ശിച്ച ഹൃദയത്തിന്റെ പ്രത്യേകതയാണെന്ന് പാപ്പ പറഞ്ഞു.
എന്നാല്‍ പലര്‍ക്കും ദൈവത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. അങ്ങനെയുള്ളവര്‍ അടിമത്വത്തില്‍ കഴിഞ്ഞ ഇസ്രായേല്‍ ജനം ദൈവത്തെ വിളിച്ചപേക്ഷിച്ചതുപോലെ ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്നും അപ്പോള്‍ സ്വാര്‍ത്ഥതയുടെയും പാപത്തിന്റെയും ചങ്ങലകളില്‍ നിന്ന് ദൈവം നമ്മെ മോചിപ്പിച്ച് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?