ഷാര്‍ജാ സിറ്റി: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും പ്രഥമ തിരുവനന്തപുരം ആര്‍ച്ചുബിഷപ്പുമായിരുന്ന ധന്യന്‍ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 71-ാ മത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലില്‍ ജൂലൈ 15ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിക്കുന്നത് യുഎഇയില്‍ നിന്നുള്ള 22 കുട്ടികള്‍.
ഇങ്ങനെയൊരു അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കുട്ടികള്‍. അതിനവര്‍ നന്ദിയോടെ ഓര്‍ക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയെയും കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയേയുമാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പ 2019 ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിച്ചിരുന്നു. അതിനു മുന്നോടിയായി പാപ്പയെ സ്വാഗതം ചെയ്തുകൊണ്ട് മലങ്കര ആരാധനക്രമത്തില്‍ പിതാക്കന്മാരെ സ്വീകരിക്കുന്ന ഗാനം ആലപിച്ചുകൊണ്ടുള്ള കുട്ടികളുടെ വീഡിയോ ഇറക്കിയിരുന്നു.
തുടര്‍ന്ന് ദുബായ് സെന്റ് മേരീസ് ദൈവാലയത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ എത്തിയപ്പോള്‍ കുട്ടികളോടൊപ്പം ഗാനം ആലപിക്കുകയും ചെയ്തു.
അവരുടെ പാട്ട് ഇഷ്ടപ്പെട്ട കാതോലിക്ക ബാവ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപെരുന്നാള്‍ വിശുദ്ധ കുര്‍ബാനക്ക് കുട്ടികളെ ഒരുക്കാന്‍ ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ് കറ്റാനത്തോട് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, കോവിഡ് വന്നതിനാല്‍ അതു നീണ്ടുപോയി. എന്നാല്‍ ദൈവാനുഗ്രഹംപോലെ ഈ വര്‍ഷം അതിനുള്ള അവസരം അവരെത്തേടി എത്തുകയായിരുന്നു.
യുഎഇ മലങ്കര സുറിയാനി കത്തോലിക്ക സഭ കോ- ഓര്‍ഡിനേറ്റര്‍ ഫാ. റെജി മനക്കലേട്ട്, ഫാ. മാത്യൂസ് ആലുംമൂട്ടില്‍, സുബിന്‍ പണിക്കര്‍ (കീബോര്‍ഡ്), ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ് കറ്റാനം എന്നിവരുടെ നേതൃത്വത്തില്‍ തയാറെടുപ്പുകള്‍ നടത്തിവരുകയാണ്. കുട്ടികള്‍ 14ന് രാവിലെ 11ന് മാര്‍ ഇവാനിയോസ് പിതാവിന്റെ കബറിടത്തില്‍ എത്തിച്ചേരും.
Leave a Comment
Your email address will not be published. Required fields are marked with *