Follow Us On

05

September

2025

Friday

മാര്‍ ഇവാനിയോസ് ആരാധനക്രമത്തെ അഭംഗുരം സംരക്ഷിച്ചു : മാര്‍ റാഫേല്‍ തട്ടില്‍

മാര്‍ ഇവാനിയോസ് ആരാധനക്രമത്തെ അഭംഗുരം സംരക്ഷിച്ചു : മാര്‍ റാഫേല്‍ തട്ടില്‍
തിരുവനന്തപുരം : പൗരസ്ത്യ ആരാധനക്രമത്തെ അഭംഗുരം കാത്തുസൂക്ഷിച്ച സഭാനേതാവായിരുന്നു ധന്യന്‍ മാര്‍ ഇവാനിയോസ് എന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ധന്യന്‍ മാര്‍ ഇവാനിയോസിന്റെ 71-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന സമൂഹബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
രാവിലെ നടന്ന സമൂഹബലിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ മുഖ്യകാര്‍മ്മി കനായിരുന്നു. ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ അന്തോണിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്. മാത്യൂസ് മാര്‍ പക്കോമിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രഹാം മാര്‍ ജൂലിയോസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മൂന്നൂറോളം വൈദികരും സമൂഹബലിയില്‍ പങ്കുചേര്‍ന്നു.
സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം ഇതിനോടനുബന്ധിച്ച് നടന്നു. സമൂഹബലിക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും മാര്‍ റാഫേല്‍ തട്ടിലിനെ കബര്‍ ചാപ്പലിലേക്ക് സ്വീകരിച്ച് ആനയിച്ചു. മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ പുനരൈക്യ പരിശ്രമങ്ങള്‍ക്ക് വലിയ പിന്‍ബലമാണ് സീറോ മലബാര്‍സഭ നല്‍കിയിട്ടുള്ളതെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.
തുടര്‍ന്ന് കബറിടത്തില്‍ അനുസ്മരണ പ്രാര്‍ത്ഥന നടന്നു. റവ. ഡോ. തോമസ് പ്രമോദ് ഒ.ഐ.സി, സാം മുതുകുളം എന്നിവര്‍ രചിച്ച പുസ്തകങ്ങള്‍ കാതോലിക്ക ബാവ പ്രകാശനം ചെയ്തു. ധന്യന്‍ മാര്‍ ഇവാനിയോസ് ഉപയോഗിച്ചിരുന്ന അംശവടിയും സ്ലീബായുമാണ് കാതോലിക്കാബാവ ഉപയോഗിച്ചത്. കനത്ത മഴയെ അവഗണിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും വിശ്വാസികളുടെ വലിയ പങ്കാളിത്തം അനുസ്മരണ ശുശ്രൂഷകളില്‍ ഉണ്ടായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?