Follow Us On

28

December

2024

Saturday

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി: കര്‍ഷകര്‍ക്ക് നല്‍കേണ്ട അംഗീകാരം കൊടുക്കാതെ വരുന്നതുകൊണ്ടാണ് പുതിയ തലമുറ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഇന്‍ഫാം ദേശീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ കാര്‍ഷിക ജില്ലകളിലെ 80 വയസിനു മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിക്കുന്നതിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡ് ദാന  സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ മുഖത്ത് കാണുന്ന ഐശ്വര്യം ജനങ്ങളെ തീറ്റിപ്പോറ്റിയതിന്റെയാണെന്നും കര്‍ഷകര്‍ തളര്‍ന്നാല്‍ നാട് പുറകോട്ടുപോകുമെന്നും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
മണ്ണ് ഒരിക്കലും ചതിക്കില്ലെന്നും ചതിക്കുന്നത് അധികാരികളാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപതാ ധ്യക്ഷനുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. സര്‍ക്കാരില്‍നിന്ന് സഹായം ലഭിച്ചിട്ട് കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ബഫര്‍ സോണ്‍, കാട്ടുമൃഗശല്യം ഒന്നും നമ്മളെ തളര്‍ത്തില്ല. കുടിയേറ്റ സമയങ്ങളില്‍ ഇതിലും വലിയ പ്രശ്‌നങ്ങളെ നേരിട്ടവരാണ് കര്‍ഷകരെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ഷകരെ അവഗണി ക്കുകയാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിര പ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകരെ കൂടാതെ ഒരു രാജ്യവും പുരോഗമിക്കുകയില്ല. പഞ്ചാബിലെ കര്‍ഷക സമരം വിജയിക്കാന്‍ കാരണം കര്‍ഷകര്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ടാണെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
ശത്രുവെന്നോ മിത്രമെന്നോ നോക്കാതെ ലോകത്തിലുള്ള എല്ലാവര്‍ക്കും അന്നം വിളമ്പുന്നത് ഒരു ദൈവവിളിയായി ഏറ്റെടുത്തവരാണ് ഈ കര്‍ഷകരെന്നും വെള്ളിത്തുട്ടുകളുടെ തിളക്കം നോക്കി പരിസ്ഥിതിവാദം പ്രസംഗിക്കുന്ന കപട പരിസ്ഥിതിവാദികള്‍ക്കും ഈ കര്‍ഷകര്‍ സ്‌നേഹപൂര്‍വ്വം അന്നം വിളമ്പിയെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ദേശീയ സെക്രട്ടറി സണ്ണി അരഞ്ഞാണി പുത്തന്‍പുരയില്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം ജോയി തെങ്ങുംകുടി, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ പുളിക്കക്കണ്ടം, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ചമ്പക്കുളം, സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌കറിയ നല്ലാംകുഴി എന്നിവര്‍ പ്രസംഗിച്ചു.
ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ സ്വാഗതവും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ ഇന്‍ഫാം സംസ്ഥാന ഡയറക്ടറായി നിയമിക്കപ്പെട്ട ഫാ. ജോര്‍ജ് പൊട്ടയ്ക്കലിനെയും സംസ്ഥാന കോ- ഓര്‍ഡിനേറ്ററായി നിയമിക്കപ്പെട്ട  ഫാ. ജോസ് മോനിപ്പള്ളിയെയും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആദരിച്ചു.
മണ്ണില്‍ പൊന്നുവിളയിച്ച വിവിധ കാര്‍ഷിക ജില്ലകളില്‍ നിന്നുള്ള 188 കര്‍ഷകരെയാണ് പൊടിമറ്റത്തു നടന്ന യോഗത്തില്‍ ആദരിച്ചത്. യാത്ര ചെയ്തു വരാന്‍ സാധിക്കാത്ത 80 വയസു പിന്നിട്ട മറ്റു കര്‍ഷകരെ താലൂക്കു തലത്തിലും ഗ്രാമതലത്തിലും വീടുകളിലെത്തി ആദരിക്കും. ദേശീയ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും കാര്‍ഷികജില്ല, താലൂക്ക്, ഗ്രാമസമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളും ഉള്‍പ്പെടെ 1500ല്‍പരം ആളുകള്‍ യോഗത്തില്‍ സംബന്ധിച്ചു
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?